Saturday, June 22, 2019 Last Updated 14 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 02.12 PM

കരുതലൊരുക്കേണ്ടവര്‍ കെണിയൊരുക്കുമ്പോള്‍...

''സാക്ഷരതയുടെ പേരിലും സദാചാരത്തിന്റെ പേരിലും തലയുയര്‍ത്തി നില്‍ക്കുന്ന കേരളം ഞെട്ടലോടെ കാണേണ്ട ഒരന്വേഷണം... രക്ഷകര്‍ത്താക്കള്‍ ആകേണ്ടവര്‍ രാക്ഷസ വേഷമണിയുമ്പോള്‍ സ്വന്തം വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ല എന്ന സത്യം ഓരോ മലയാളിയുടെയും ഉറക്കം കെടുത്തുകയാണ്...'''
uploads/news/2019/02/290679/SHOCKINGREPORT260219a.jpg

സദാചാരമൂല്യങ്ങളുടെ പേരിലും സാക്ഷരതയുടെ കാര്യത്തിലും അഭിമാനംകൊള്ളുന്ന കേരളത്തിലെ ഓരോരുത്തരും ഞെട്ടലോടെ തിരിച്ചറിയേണ്ടതും ലജ്ജയോടെ തലകുനിക്കേണ്ടതുമായ സാഹചര്യമാണ് നിലവിലുള്ളത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിലും പീഡിപ്പിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തിലും ഏറെ ആശങ്കപ്പെട്ടിരുന്ന, മലയാളികളുടെ ഉറക്കം കെടുത്തുന്ന ചില സത്യങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നു.

സ്വന്തം വീടുകള്‍ക്കുള്ളില്‍ പോലും നമ്മുടെ കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ല എന്നും, അവരുടെ കുഞ്ഞു ശരീരത്തിനുമേല്‍ ലൈംഗിക ആസക്തിയുടെ കഴുകന്‍ കണ്ണുകള്‍ ഓരോ നിമിഷവും വീടിനുള്ളില്‍ നിന്ന് തന്നെ പതിയുന്നു എന്നുമുള്ള സത്യം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം കോട്ടയം അരീപ്പറമ്പി ല്‍ 15 വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊന്ന്കുഴിച്ചുമൂടിയത് പിതാവിന്റെ സുഹൃത്താണെന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.

സുരക്ഷയൊരുക്കി സ്വന്തം കുട്ടികളുടെ കാവലാള്‍ ആകേണ്ടവര്‍ തന്നെ തങ്ങളുടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നു. വീടിനുള്ളിലെ പീഡനങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിന് മുന്‍പ് പോക്‌സോ നിയമപ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും പ്രതികളുടെയും കാര്യം നമുക്കൊന്ന് പരിശോധിക്കാം.

ഞെട്ടിക്കുന്ന കണക്കുകള്‍


നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും ദിനംപ്രതി കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പെരുകുകയാണെന്ന് അടിവരയിടുന്ന കണക്കുകളാണ് പോലീസിന്റെ കൈവശമുള്ളത്. 2018 നവംബര്‍ വരെ 2900 കേസുകളാണ് ബാലപീഡനത്തിനു പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിസംബറിലെ കണക്ക് കൂടി ഉള്‍പ്പെടുമ്പോള്‍ അത് 3000 പിന്നിടും.

കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 3000 ആണെങ്കില്‍, രജിസ്റ്റര്‍ ചെയ്യാതെ ഒത്തു തീര്‍പ്പാക്കുന്നതും വീട്ടുകാര്‍ തന്നെ ഒതുക്കി വയ്ക്കുന്നതുമായ സംഭവങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇരട്ടിയിലധികമാവും. 2017 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 1101 കേസുകള്‍ ആണ്. 2016 ല്‍ 958, 2015 ല്‍ 720, 2014 ല്‍ 754, 2013 ല്‍ 637, 2012 ല്‍ 455, 2011 ല്‍ 423 എന്നിങ്ങനെയാണു കണക്കുകള്‍.

ഇതിനുപുറമേ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ 150 തോളമുണ്ട്. ഏറെ ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടിയുണ്ട്. 2016 മെയ് മുതല്‍ 2018 ഒക്‌ടോബര്‍ വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ നിന്ന് 4421 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതില്‍ 2218 പേരും പെണ്‍കുട്ടികളാണ്. കുട്ടികളെ കാണാനില്ലെന്ന പേരില്‍ 3274 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 3201 പേെര തിരികെ ലഭിച്ചു എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതു സത്യമാണെങ്കിലും 1200 ല്‍ അധികം കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു.

കാണാതാകുന്ന കുട്ടികള്‍ എവിടേക്കാണ് പോകുന്നത്? ഭിക്ഷാടനം, ബാലവേല, സെക്‌സ് റാക്കറ്റ്, അവയവ കച്ചവടമാഫിയ തുടങ്ങിയ സംഘങ്ങളാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.

uploads/news/2019/02/290679/SHOCKINGREPORT260219b.jpg

വീട്ടിനുള്ളിലെ വേട്ടക്കാര്‍


18 വയസ്സില്‍ താഴെയുള്ള എഴുപതോളം പെണ്‍കുട്ടികളാണ് മഹിളാ സമഖ്യ സൊസൈറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പ്രസവിച്ചത്. രഹസ്യമായി ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന പെണ്‍കുട്ടികളുടെ ഗര്‍ഭത്തിന് ഉത്തരവാദികളാര് എന്നു കണ്ടെത്തുമ്പോഴാണ് കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു മനസ്സിലാകുന്നത്.

സ്വന്തം പിതാവ്, സ്വന്തം മുത്തച്ഛന്‍, രണ്ടാനച്ഛന്‍, സഹോദരന്‍, രക്ത ബന്ധമുള്ള മറ്റ് ബന്ധുക്കള്‍, മാതാപിതാക്കളുടെ ഉറ്റ സുഹൃത്തുക്കള്‍, സഹപാഠികള്‍, അമ്മയുടെ കാമുകന്‍, സ്വന്തം കാമുകന്‍, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകന്‍. പീഡന കേസുകളിലെ പ്രതിപ്പട്ടിക ഇതൊക്കെയാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന ആണ്‍കുട്ടികളും ഒട്ടേറെ.

മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം പിതാവിനൊപ്പം കഴിയേണ്ടി വന്ന പെണ്‍കുട്ടികളും ശാരീരികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഭര്‍ത്താവിനൊപ്പം കഴിഞ്ഞ കുട്ടിയുടെ സംരക്ഷണം നിയമ പോരാട്ടത്തിലൂടെ ഏറ്റെടുത്ത ഒരു അമ്മ തന്റെ കുട്ടിയില്‍ നിന്നറിഞ്ഞ കാര്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ പൊതുസമൂഹം ഞെട്ടലോടെയാണ് വായിച്ചത്.

12 നും 15 നും ഇടയിലുള്ള കുട്ടികള്‍ ഇപ്പോഴും സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും പ്രസവത്തിനായി എത്തുന്നുണ്ട്. ആദിവാസി മേഖലകളില്‍ സ്വന്തം പിതാവില്‍ നിന്ന് ഉള്‍പ്പെടെ ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളുടെ നീണ്ടനിരതന്നെയുണ്ട്. കുട്ടിയുടെ അച്ഛനാര് എന്നറിയാത്ത അമ്മമാരുടെ എണ്ണം ആദിവാസി ഊരുകളില്‍ ഏറെയാണ്.

പീഡിപ്പിക്കപ്പെടുന്നതില്‍ 25% പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ്. 22% പട്ടിക വിഭാഗത്തില്‍പ്പെട്ടവരും 44% പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും. മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങളും കാരണമായി പറയപ്പെടുന്നു. തൊഴില്‍ രീതിയില്‍ വന്ന മാറ്റങ്ങളും കുട്ടികള്‍ക്കെതിരായ പീഡനത്തിന് ഒരു കാരണമായി കണക്കാക്കപ്പെടുന്നു.

കാര്‍ഷികമേഖലയില്‍ ജോലി എടുത്തിരുന്ന വീട്ടമ്മമാര്‍ കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്പോഴേക്കും വീട്ടിലെത്തിയിരുന്നു. എന്നാല്‍ കാര്‍ഷിക ജോലി ഉപേക്ഷിച്ച് മറ്റ് തൊഴില്‍ മേഖലകളിലേക്ക് വീട്ടമ്മമാര്‍ കടന്നതോടെ പലപ്പോഴും രാത്രി വൈകിയാണ് അമ്മമാരുടെ മടങ്ങിവരവ്.

വീട്ടില്‍ തനിച്ചായ കുട്ടികള്‍ക്ക് നേരേ ലൈംഗിക അതിക്രമം നടക്കാനുള്ള സാഹചര്യം വീട്ടില്‍ തന്നെ ഒരുങ്ങും. മൊബൈല്‍ഫോണുകളുടെ തെറ്റായ ഉപയോഗവും ഇത്തരം ജീവിതസാഹചര്യങ്ങളും പീഡന കണക്കുകള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്.

അച്ഛനുമമ്മയും രാത്രി വൈകിയാലും വീട്ടില്‍ എത്താതെ വരുമ്പോള്‍ ഫോണ്‍ സൗഹൃദങ്ങളിലൂടെ വഴിതെറ്റിപ്പോകുന്ന പെണ്‍കുട്ടികളും പീഡനത്തിന്റെ ചതിക്കുഴിയില്‍ പെടുന്നു. ആറുമാസം പ്രായമായ പിഞ്ചുകുട്ടി മുതല്‍ എ ണ്‍പതുകാരി വരെ പീഡിപ്പിക്കപ്പെടുന്നു എന്ന വാര്‍ത്തയ്ക്ക് പുറമേ സ്വന്തം മകളെ കാമുകന് കാഴ്ചവച്ച അമ്മമാരും നമ്മുടെ സമൂഹത്തിലുണ്ട്.

ഇരകളുടെ ഭാവി


സ്വന്തം വീടുകള്‍ക്കുള്ളില്‍ പോലും സുരക്ഷിതരല്ലാത്ത കുട്ടികളുടെ ഭാവിയാണ് ഏറെ ആശങ്കാജനകം. ഓരോ കുട്ടിയും എപ്പോള്‍ വേണമെങ്കിലും ഏതെങ്കിലും തരത്തില്‍ പീഡനത്തിനിരയാകാം എന്ന സാഹചര്യം നമ്മുടെ മനസമാധാനം കെടുത്തുന്നു. കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ല എന്ന ആരോപണം ഉണ്ട്.

അടുത്തിടെ പത്തനംതിട്ടയില്‍ നടന്ന പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ കേസുതന്നെ ഉദാഹരണം. സ്വന്തം വീട്ടില്‍നിന്ന് നേരിട്ട പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ അവളുടെ കേസ് പരിഗണിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചു.

ഒടുവില്‍ ആ പെണ്‍കുട്ടി എത്തിപ്പെട്ടത് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. പീഡനത്തിന് ഇരയായ കുട്ടിയെ സംഭവം നടന്ന സ്ഥലത്തേക്കോ പീഡനം നടത്തിയ വ്യക്തികളുടെ അടുക്കലേക്കോ മടക്കി അയയ്ക്കുന്നത് അപകടം ക്ഷണിച്ചു വരുത്തലാണ്.

uploads/news/2019/02/290679/SHOCKINGREPORT260219c.jpg

മലപ്പുറത്ത് ഒരു ഒപ്പന ടീച്ചറുടെ മകള്‍ സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും അവളെ വീട്ടിലേക്ക് തന്നെ മടക്കി അയയ്ക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ സമാന കേസില്‍ സ്വന്തം വീട്ടുകാര്‍ തന്നെ വ്യാജ രേഖകള്‍ കാണിച്ച് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോയപ്പോഴും നിയമം നോക്കുകുത്തിയായി. സ്വന്തം വീടിനുള്ളില്‍ നിന്നുതന്നെയാണ് പീഡനം ഉണ്ടായത് എന്ന് വ്യക്തമായിരുന്നു എങ്കിലും തുടര്‍ അന്വേഷണങ്ങളൊന്നും ഉണ്ടായില്ല.

കൊല്ലത്ത് അച്ഛനും അമ്മയും ഇല്ലാത്ത രണ്ടു പെണ്‍കുട്ടികളെ ദോഷം മാറാന്‍ എന്നപേരില്‍ മുത്തശ്ശി മന്ത്രവാദിയുടെ അടുക്കലെത്തിക്കുകയും ഇതേ മന്ത്രവാദിയാല്‍ ആ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഈ കുട്ടികളെയും മുത്തശ്ശിക്കൊപ്പം തിരികെ അയക്കുകയാണ് ചെയ്തത്.

അഞ്ചുതെങ്ങില്‍ സ്വന്തം വീട്ടിനുള്ളില്‍ തന്നെ പീഡനത്തിനിരയായ പെണ്‍കുട്ടിയേയും, കിളിമാനൂരില്‍ ചേച്ചിയുടെ ഭര്‍ത്താവിനാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും വീട്ടിലേക്ക് തന്നെ മടക്കി അയയ്ക്കുകയായിരുന്നു. സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരിയെ വീട്ടിലേക്ക് മടക്കി അയയ്ക്കുകയും വീണ്ടും അവള്‍ പിതാവിനാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായതോടെ ഒത്തുതീര്‍പ്പാക്കിയ കേസുകളും കുറവല്ല. പെണ്‍കുട്ടി പ്രസവിച്ചശേഷം അവള്‍ക്ക് പ്രായപൂര്‍ത്തി ആകുമ്പോള്‍ വിവാഹത്തെപ്പറ്റി ആലോചിക്കാം എന്ന നിലപാടാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്ന് കൈക്കൊണ്ടത്.

പീഡനക്കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷണ വിധേയമാക്കാതെ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുകയോ പണംവാങ്ങി പക്ഷം ചേരലിലേക്ക് എത്തുകയോ ഒക്കെയാണ് നടക്കുന്നത്. അതേസമയം കേസുകള്‍ രേഖപ്പെടുത്തിയാല്‍ തന്നെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിയമനടപടികളും ചോദ്യംചെയ്യലും കുട്ടികളുടെ മാനസിക അവസ്ഥയെയും ജീവിതത്തെയും താറുമാറാക്കും.

പല സ്ഥലങ്ങളില്‍ വച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ എല്ലാ സ്ഥലങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകുന്നതും വിവിധ ഏജന്‍സികളുടെ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കപ്പെടുന്നതും കുട്ടിയുടെ ഭാവി ജീവിതം ഇല്ലാതാക്കുമെന്നും ചിലരെങ്കിലും അഭിപ്രായപ്പെടുന്നുണ്ട്. കുടുംബത്തിന്റെ അഭിമാനം മാത്രം മുന്നില്‍കണ്ട് പീഡന കാര്യങ്ങള്‍ മൂടിവയ്ക്കുന്നവരും കുറവല്ല.

ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ പിന്നീട് എവിടേക്ക് പോകുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരം ആര്‍ക്കും തന്നെയില്ല എന്നതാണ് സത്യം. പ്രസവിക്കുന്ന കുട്ടികളെ തങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്ന പെണ്‍കുട്ടികളും കുടുംബങ്ങളും ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങളില്‍ മറ്റു ചില തട്ടിപ്പുകള്‍ നടക്കാറുണ്ട്. പ്രസവിച്ചപ്പോള്‍ തന്നെ കുട്ടികള്‍ മരിച്ചു എന്നറിയിച്ച ശേഷം നവജാതശിശുക്കളെ വിദേശത്തേക്ക് ഉള്‍പ്പെടെ കടത്തുന്നതായും അനധികൃതമായി ദത്ത് നല്‍കുന്നതായും ഒക്കെ പലപ്പോഴും വാര്‍ത്ത വന്നിട്ടുണ്ട്.

അഡോപ്ഷന്‍ സെന്ററുകള്‍ ഇന്ന് ലക്ഷങ്ങളുടെ വ്യാപാര കേന്ദ്രമായി മാറി എന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പല വിവരങ്ങളും പുറത്ത് വരുന്നത്. സര്‍ക്കാര്‍ അഡോപ്ഷന്‍ സെന്ററില്‍ ഒരു ഉദ്യോഗസ്ഥന്‍ അനധികൃതമായി പണം വാങ്ങി കുഞ്ഞിനെ ദത്തു നല്‍കിയതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ടതും നാം കണ്ടതാണ്.

uploads/news/2019/02/290679/SHOCKINGREPORT260219d.jpg

പണം കായ്ക്കുന്ന പോക്‌സോ കേസുകള്‍


പോക്‌സോ നിയമം ശക്തമായതോടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പണം കൊടുത്ത് ഒത്തു തീര്‍പ്പാക്കുന്ന പ്രവണതയും പെരുകുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി കേസ് വശത്താക്കുന്നവരും, സ്വന്തം ഭര്‍ത്താവിനെയോ ബന്ധുക്കളെയോ സ്വന്തം കുടുംബത്തിന്റെ മാനത്തെയോ സംരക്ഷിക്കാന്‍ പണം നല്‍കി പോക്‌സോയില്‍നിന്ന് ഒഴിവാക്കുന്നതും പതിവാണ്.

കുടുംബത്തിനുള്ളില്‍ നിന്ന് ഉണ്ടാകുന്ന പീഡന കേസുകള്‍ക്ക് ഇത്തരത്തില്‍ ചരമ കുറിപ്പ് എഴുതുമ്പോള്‍ മറ്റ് പീഡന കേസുകള്‍ പണക്കൊഴുപ്പിന് മുന്നില്‍ നിഷ്പ്രഭം ആവുകയാണ് പതിവ്.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട, സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരുടെ ജീവിത സാഹചര്യം മുതലെടുത്ത് ഭീഷണിപ്പെടുത്തുകയോ പണം നല്‍കി കേസ് പിന്‍വലിപ്പിക്കുകയോ ചെയ്യാറാണ് പതിവ്. ഇത്തരത്തില്‍ ഭീഷണിയുടെ പുറത്തും പണത്തിന്റെ പിന്‍ബലത്തിലും പല പീഡനങ്ങളും ആരുമറിയാതെ പോകുന്നുണ്ട്. കൊട്ടിയൂര്‍ കേസ് പോലെ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി പല തിരിമറികളും ഇത്തരം കേസുകളില്‍ നടക്കാറുണ്ട്.

ആലപ്പുഴ ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്. പോക്‌സോ നിയമപ്രകാരം എടുത്ത കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി. എത്ര പണം ആര്‍ക്കൊക്കെ ലഭിച്ചു എന്ന് ഇന്നും അവ്യക്തം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തുക എഴുതാത്ത ചെക്ക് ബന്ധുകള്‍ക്ക് നല്‍കിയ ഒരു സംഭവം കാസര്‍കോട്ടും നടന്നിരുന്നു. പോക്‌സോ നിയമപ്രകാരം രേഖപ്പെടുത്തുന്നതില്‍ 70% കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നുണ്ട് എന്നതാണ് പരസ്യമായ രഹസ്യം.

നിയമ നടപടികള്‍ക്ക് വിധേയമായ ശേഷം വെറും ഏഴ് ശതമാനം പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. നിയമ സംവിധാനം നോക്കുകുത്തിയാകുമ്പോള്‍ ഇത്തരം പീഡന കണക്കുകള്‍ പെരുകുന്നത് സ്വാഭാവികമാണ്.

നിയമവും നിയമപാലകരും കുട്ടികളുടെ സംരക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള വിവിധ കമ്മിറ്റികളും കണക്കുകളില്‍ കണ്ണും നട്ടിരിക്കാതെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഓരോ കുട്ടിയുടെയും ഭാവി കൂടുതല്‍ സങ്കീര്‍ണമാകും. ഒപ്പം സദാചാരത്തെയും സാക്ഷരതയുടെയും പേരില്‍ അഹങ്കരിക്കുന്ന മലയാളികളും മാറി ചിന്തിക്കാന്‍ തയ്യാറാകണം.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പെരുകുന്നതും ഇത്തരം പീഡനങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നു. സ്വബോധവും സദാചാരമൂല്യങ്ങളും മറക്കുന്ന മലയാളികളെക്കുറിച്ചുള്ള പീഡന വാര്‍ത്തകള്‍ ഇനിയും ഉണ്ടാകാന്‍ പാടില്ല.

സ്വന്തം പിതാവിന്റെ ലൈംഗിക ചൂഷണം കാരണം മാനസികനില തെറ്റിയ പെണ്‍കുട്ടിക്കൊപ്പം സൈക്കോളജിസ്റ്റിനെ കാണാനെത്തിയ ഒരു അമ്മയുടെ വാക്കുകള്‍ നമുക്കെല്ലാം ഒരു ഓര്‍മ്മപ്പെടുത്തലാണ്.... സംഭവിച്ചതെല്ലാം സംഭവിച്ചു. ഇനി അതിന്റെ പേരില്‍ കുടുംബത്തിന്റെ മാനം കളയാന്‍ വയ്യ. വിതച്ചത് അയാളല്ലേ അയാള്‍ തന്നെ കൊയ്തു. ഇനി ഞാനെന്തു ചെയ്യണം അയാളെ കൊല്ലണോ, അതോ ഇവളെയും കൊന്ന് ഞാനും ചാകണോ.....??ഉത്തരം പറയേണ്ടത് നമ്മളോരോരുത്തരും ഉള്‍പ്പെടുന്ന ഈ സമൂഹം ആണ്.

ദീപു ചന്ദ്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW