Monday, March 04, 2019 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Saturday 23 Feb 2019 01.31 PM

വിക്കനാണെങ്കിലും ബാലന്‍ വക്കീല്‍ ആള് വിറ്റാണ്, കൂട്ടിനൊരു വമ്പന്‍ ട്വിസ്റ്റും; കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിവ്യു

kodathi samaksham balan vakeel, Dileep

വിക്കും വിറ്റുമൊക്കെയായി ദിലീപ് ചിത്രം കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 2018ല്‍ പുറത്തിറങ്ങിയ കമ്മാര സംഭവത്തിന് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ഒരിടവേളയ്ക്ക് ശേഷം വക്കീല്‍ കുപ്പായത്തില്‍ ദിലീപ് എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബാലകൃഷ്ണന്‍ എന്ന അഭിഭാഷകന്റെ വേഷത്തില്‍ ദിലീപ് തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ജനപ്രിയ നായകന്‍ താന്‍ തന്നെയെന്ന് ബാലകൃഷ്ണനായി ദിലീപ് ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ്.

kodathi samaksham balan vakeel, Dileep

വിക്കുള്ള വക്കീലാണ് ബാലകൃഷ്ണന്‍. കുഞ്ഞിക്കൂനനിലെ കൂനനായും ചാന്തുപൊട്ടിലെ രാധാകൃഷ്ണനെയും സൗണ്ട് തോമയിലെ മുറിച്ചുണ്ടനുമായൊക്കെ വിസ്മയിപ്പിച്ച ദിലീപിന് വിക്കനാവുക അത്ര കടുത്ത വെല്ലുവിളി ആയിരുന്നില്ലെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. ബാലന്‍ വക്കീലിന്റെ സംസാര വൈകല്യവും കോടതിയിലെ കേസും വാദങ്ങളുമൊക്കെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ഒരക്ഷരം പോലും മിണ്ടാതെ ആദ്യ സ്വതന്ത്ര കേസ് ബാലന്‍ വക്കീല്‍ പുഷ്പം പോലെ വിജയിക്കുന്നു. എന്നാല്‍ സംസാര വൈകല്യം പലപ്പോഴും തന്റെ മനോബലത്തെ തകര്‍ക്കുന്നുണ്ടെന്ന് ബാലന്‍ വക്കീല്‍ തിരിച്ചറിയുന്നുണ്ട്. തുടര്‍ന്ന് അവിടെ നിന്നും ജയിച്ച് കയറുകയാണ് ബാലന്‍ വക്കീല്‍.

ട്രെയിലറും പാട്ടുകളും നല്‍കിയ സൂചന പോലെ തന്നെ ഒരു കോമഡി എന്റര്‍ടൈനര്‍ തന്നെയാണ് കോടതിസമക്ഷം ബാലന്‍വക്കീല്‍. 2015ല്‍ പുറത്തെത്തിയ ടു കണ്‍ട്രീസിന് ശേഷം ഹിറ്റ് ജോഡിയായ ദിലീപും മംമ്തയും ഒന്നിച്ച ചിത്രം കൂടിയാണിത്. ഒപ്പം അജു വര്‍ഗീസും കൂടി ചേരുന്നതോടെ ചിരിയുടെ പൊടിപൂരം തന്നെയാണ് ചിത്രം. കളിയും കാര്യവും നിറച്ചാണ് ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

കാര്യങ്ങള്‍ മനസിലാക്കാനുള്ള ശേഷിയുണ്ടെങ്കിലും വാദിക്കാനുള്ള കഴിവു കുറവും സംസാര വൈകല്യവും ബാലന്‍ വക്കീലിന് വിനയാവുകയാണ്. ഇതിനിടെയാണ് ഒരു പീഡന കേസ് ബാലന്‍ വക്കീലിന് ലഭിക്കുന്നത്. മുന്നോട്ട് പോകുമ്പോഴാണ് ഇത് വെറുമൊരു പീഡനകേസ് മാത്രമല്ലെന്ന് ബാലന്‍ വക്കീലിന് മനസിലാകുന്നത്. കേസില്‍ വക്കീലും ഒപ്പമുണ്ടായിരുന്നവരും പെട്ടുപോവുകയാണ്. വക്കീലും സംഘവും ഈ കുരുക്കഴിച്ച് പുറത്ത് വരാന്‍ ശ്രമിക്കുന്നതാണ് കഥ.

kodathi samaksham balan vakeel, Dileep

ആദ്യ പകുതി ഹാസ്യം നിറഞ്ഞതാണ്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുന്നതോടെ കംപ്ലീറ്റ് ത്രില്ലര്‍ ഗണത്തിലേക്ക് ചിത്രം മാറുകയാണ്. അജുവിനൊപ്പം ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നത് സിദ്ദിഖാണ്. ഗണേശ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മികവുറ്റതാക്കി.

അഖില്‍ ജോര്‍ജിന്റെ ഛായാഗ്രഹണം മനോഹരമായിട്ടുണ്ട്. രാഹുല്‍ രാജും ഗോപി സുന്ദറും ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനങ്ങളും സിനിമയെ ജീവനുള്ളതാക്കുന്നു. ഹരിനാരായണന്റേതാണ് വരികള്‍.

കോമഡിയില്‍ തുടങ്ങി പിന്നീട് ആക്ഷനും ത്രില്ലും ട്വിസ്റ്റും കൈകാര്യം ചെയ്യുകയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. പൊതുവെയുള്ള സംവിധാന ശൈലിയില്‍ നിന്നും ബി ഉണ്ണികൃഷ്ണന്‍ മാറി സഞ്ചരിക്കുകയാണ്. ത്രില്ലര്‍ സിനിമകളില്‍ നിന്നും കോമഡിയിലേക്കുള്ള സംവിധായകന്റെ ചുവടുമാറ്റം ആരാധകരെ മുഷിപ്പിക്കുന്നില്ല.

Ads by Google
Ads by Google
Loading...
TRENDING NOW