Monday, July 01, 2019 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 21 Feb 2019 10.14 AM

പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിക്കും; ശ്രുതിയ്ക്ക് ബാദുഷയുടെ വാക്ക്- കട്ടയ്ക്ക് നിന്ന് പരസ്പരം സ്‌നേഹിച്ചു തോല്‍പ്പിക്കുന്ന പ്രണയികള്‍

''കാന്‍സറിനെ പൊരുതി തോല്‍പ്പിക്കാന്‍ ശ്രുതിയ്ക്ക് കരുത്തായി തന്റെ പ്രണയമുണ്ട്. തല മൊട്ടയടിക്കാനും ചെമ്പരത്തിപ്പൂ ചൂടാനും പരസ്പരം കൂടെയുണ്ടെന്ന ധൈര്യത്തിലാണ് ബാദുഷയുടെയും ശ്രുതിയുടെയും പ്രണയം. ''
uploads/news/2019/02/289538/bathushasurthilovers210219.jpg

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നു തുടങ്ങുന്നത്. കോളജ് ലൈഫ് തുടങ്ങുമ്പോള്‍ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെണ്‍കുട്ടി. ചെമ്പരത്തിപ്പൂവും ചെവിയില്‍ വച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യില്‍ ചേര്‍ത്ത് പിടിക്കാന്‍ ഒരു പെണ്ണുണ്ടെങ്കില്‍ നടക്കാം എന്ന് ഞാനും പറഞ്ഞു. അന്നുമുതല്‍ എന്റെ ജീവിതത്തില്‍ ശ്രുതി ചെമ്പു ആവുകയായിരുന്നു.

പിറകെ നടന്നു ശല്യം ചെയ്ത ചെക്കന്‍മാരെ കണ്ട് പേടിച്ച അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഞാന്‍ അവരോട് പറഞ്ഞു....നോക്കണ്ട എന്റെ പെണ്ണാ.. മനസ്സില്‍ ഒരുപാട് സന്തോഷം ഒളിപ്പിച്ച് മുഖവും വീര്‍പ്പിച്ച് അവള്‍ പോയി.

ശ്രുതി ചെമ്പുവായി, ചെമ്പു കൂട്ടുകാരി ആയി, പ്രണയമായി, പ്രണയിനി ജീവനായി. പ്രണയം ജീവിതമാക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ക്ക് കൂടെ കട്ടയ്ക്ക് നിന്ന് എന്നെ സ്‌നേഹിച്ചു തോല്‍പ്പിച്ചു. ആ സ്‌നേഹത്തിന് സമ്മാനമായി കഴുത്തിലൊരു മിന്നിട്ട് കൂടെ കൂട്ടി. പ്രണയിനി അങ്ങനെ ജീവിത സഖി ആയി..

ബാദുഷ ബാബു എന്ന ചെറുപ്പക്കാരന്‍ വിവാഹവാര്‍ഷികത്തില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വാചകങ്ങളാണിത്. പക്ഷേ അവരുടെ ജീവിതത്തില്‍ അര്‍ബുദ ത്തിന്റെ രൂപത്തില്‍ വിധി വില്ലനായി. കാന്‍സര്‍ എന്ന നീരാളിയുടെ കൈകളിലേക്ക് തന്റെ പ്രിയതമയെ വിട്ടുകൊടുക്കാന്‍ ബാദുഷ തയാറായില്ല.

അവര്‍ പരസ്പരം പ്രണയിച്ച് കാന്‍സറിനെ പൊരുതിത്തോല്‍പ്പിക്കാനൊരുങ്ങുകയാണ്. ബാദുഷയുടെ മനസിലും വാക്കുകളിലും ശ്രുതി മാത്രമാണ്. തന്റെ ചെമ്പുവായ ശ്രുതിയെക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചും ബാദുഷയുടെ വാക്കുകളിലൂടെ.

ചെമ്പരത്തി ചൂടിയ പ്രണയം


തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് കോളജിന്റെ വരാന്തയില്‍ നിന്നാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. ഡിഗ്രി ക്ലാസുകള്‍ തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുശേഷമാണ് ഞാന്‍ ജോയ്ന്‍ ചെയ്യുന്നത്. ക്ലാസിലെല്ലാവരേയും പോലെ ശ്രുതിയും എന്നോട് സംസാരിക്കാന്‍ തുടങ്ങി.

ഒരു ഓണക്കാലത്ത് ഞാനും ശ്രുതിയും മറ്റു ചില സുഹൃത്തുക്കളും കൂടി വരാന്തയില്‍ നിന്ന് സംസാരിക്കുന്നതിനിടയിലാണ് ചെമ്പരത്തിപ്പൂവ് ചൂടി വരാന്തയിലൂടെ നടക്കാമോ എന്ന് ശ്രുതി ചോദിക്കുന്നത്. കൂടെ നടക്കാന്‍ ഒരു പെണ്ണുണ്ടെങ്കില്‍ നടക്കാമെന്നും നീ തന്നെ കൂടെ നടക്കാമോ എന്നും ഞാന്‍ ചോദിച്ചു. അതിനുശേഷം ചെമ്പു എന്നാണ് ഞാനവളെ വിളിക്കുന്നത്.

uploads/news/2019/02/289538/bathushasurthilovers210219a.jpg

വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പഠനത്തിനിടയ്ക്ക് ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ആര്‍മി സെലക്ഷന്‍ പരീക്ഷ വന്നപ്പോള്‍ അപ്ലേ ചെയ്യാന്‍ തീരുമാനിച്ചു.

ഈ പ്രശ്നങ്ങള്‍ക്കിടയില്‍ എനിക്ക് സാന്ത്വനവും സപ്പോര്‍ട്ടും നല്‍കാന്‍ കൂട്ടിനൊരു പെണ്ണ് വേണമെന്ന് തോന്നി. ഞാനത് ശ്രുതിയടക്കമുള്ള കൂട്ടുകാരോട് പറഞ്ഞു.

നമ്മളൊക്കെ ഇവിടെയുണ്ടെന്നായിരുന്നു ശ്രുതിയുടെ മറുപടി. അതുകേട്ടതും ചെമ്പൂ... ഐ ലവ് യൂൂ എന്ന് ഞാനവളോട് പറഞ്ഞു. പിന്നീടവളെ കാണുമ്പോഴെല്ലാം ഐ ലവ് യൂൂ പറയുന്നത് പതിവായി.

ആ സംഭവത്തോടെ ഞങ്ങള്‍ കൂടുതല്‍ സംസാരിക്കാനും പരസ്പരം അറിയാനും ശ്രമിച്ചു തുടങ്ങി. എന്നെ ഇഷ്ടമാണെന്ന് ശ്രുതിയും പറഞ്ഞതോടെ ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചു.

കല്യാണക്കുറിമാനം


2014 ല്‍ ആയിരുന്നു എന്റെ സഹോദരിയുടെ വിവാഹം. അവള്‍ക്കായി വിവാഹക്ഷണക്കത്തടിച്ചപ്പോള്‍ എന്റേയും ശ്രുതിയുടേയും പേരില്‍ 2020 ലേക്കായി ഒരു ക്ഷണക്കത്ത് കൂടി ഞാന്‍ എടുത്തു.

ആ സമയത്ത് ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് ഉമ്മയോടൊക്കെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രുതിയുടെ വീട്ടുകാര്‍ക്ക് ഞങ്ങളുടെ ബന്ധത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.

പിന്നീടങ്ങോട്ട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഞാന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പെയിന്റിംഗ് പണിക്കിറങ്ങി. ഇടയ്ക്ക് അവധി കിട്ടുമ്പോള്‍ ഞാനെന്റെ ചെമ്പുവിനെ കാണാന്‍ ഓടിയെത്തും. അങ്ങനെയിരിക്കെ ആര്‍മിയിലേക്കുള്ള ടെസ്റ്റ് വന്നു. അതെന്റെ ലാസ്റ്റ് ചാന്‍സായിരുന്നു.

ആ സമയത്താണ് ഞങ്ങളുടെ പ്രണയം ശ്രുതിയുടെ വീട്ടുകാരറിയുന്നത്. അവിടെ വലിയ പ്രശ്നങ്ങളായി. ശ്രുതിയെ കോളജിലയക്കാതെയായി. അവളെ വിളിക്കാനോ കാണാനോ പറ്റാതെ വന്നപ്പോള്‍ ആകെ ടെന്‍ഷനായി. എനിക്കാണെങ്കില്‍ ടെസ്റ്റിന് മുമ്പായി കൊല്ലത്ത് കോച്ചിങ് ക്ലാസിന് ചേരുകയും വേണം.

uploads/news/2019/02/289538/bathushasurthilovers210219d.jpg

ഞാനെന്നും കൂടെയുണ്ടാകുമെന്ന് ശ്രുതിയ്ക്ക് ഉറപ്പ് നല്‍കി 23 ദിവസത്തെ ക്ലാസിനായി കൊല്ലത്തേക്ക് പോയി. ആര്‍മി ടെസ്റ്റ് പാസായശേഷം ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഉപ്പയോട് പറഞ്ഞു. മൂന്ന് വര്‍ഷം കഴിയട്ടെ ശ്രുതിയുടെ വീട്ടുകാരോട് സംസാരിക്കാമെന്ന് ഉപ്പയും പറഞ്ഞു.

ഇതിനിടെ ഒരു രക്തദാന ക്യാമ്പില്‍ വച്ച് പരിചയപ്പെട്ട റിട്ട. ആര്‍മി ഉദ്യോഗസ്ഥനായ ഒരു പരിചയക്കാരനോട് ഞാന്‍ ശ്രുതിയുടെ വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞു.

ട്രെയിനിങ്ങിന് പോകും മുമ്പ് ശ്രുതിയുടെ വീട്ടില്‍ പോയി സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ശ്രുതിയുടെ വീട്ടില്‍ പോയി സംസാരിച്ചു.

ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയും സമ്മതത്തോടെയും വിവാഹം കഴിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും പറഞ്ഞു. അതോടെ തല്‍ക്കാലത്തേക്ക് പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമായി. സമാധാനത്തോടെ ഞാന്‍ ട്രെയിനിങ്ങിനായി ഹൈദരാബാദിലേക്ക് പോയി.

നെയ്തെടുത്ത സ്വപ്നങ്ങള്‍


ആറ് മാസത്തെ ട്രെയിനിങ്ങിന് ശേഷം ഞാന്‍ നാട്ടിലെത്തി ശ്രുതിയെ കണ്ടു. പിന്നീട് വന്നപ്പോഴേക്കും ശ്രുതിയുടെ വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയിരുന്നു. മറ്റൊരു വിവാഹത്തെ ശ്രുതി എതിര്‍ത്തതോടെ പ്രശ്നം രൂക്ഷമായി. ശ്രുതിയുടെ വീട്ടുകാര്‍ എനിക്കെതിരെ കേസ് കൊടുത്തു.

പോലീസുകാര്‍ക്ക് ഞാനും ശ്രുതിയും ഇഷ്ടത്തിലാണെന്ന് മനസിലായതോടെ മറ്റൊരു വിവാഹത്തിന് ശ്രുതിയെ നിര്‍ബന്ധിക്കരുതെന്ന് പറഞ്ഞ് അവളെ വീട്ടിലേക്കയച്ചു. അവളുടെ അച്ഛന്‍ എന്നെ വിളിച്ച് ശ്രുതിയെ കൂട്ടിക്കൊണ്ട് പൊയ്‌ക്കോളാന്‍ ആവശ്യപ്പെട്ടു.

വിവാഹരജിസ്‌ട്രേഷന് അവരുടെ ബന്ധുക്കളാരെങ്കിലും വരണമെന്ന എന്റെ ആവശ്യം അവര്‍ അംഗീകരിച്ചു. വിവാഹാപേക്ഷ നല്‍കി ശ്രുതിയെ ഹോസ്റ്റലിലാക്കി ഞാന്‍ ഹൈദരാബാദിലേക്ക് പോയി. ക്വാര്‍ട്ടേഴ്സൊക്കെ റെഡിയാക്കി ഒരു മാസത്തിനുശേഷം തിരിച്ചെത്തി.

uploads/news/2019/02/289538/bathushasurthilovers210219b.jpg

ഞങ്ങളൊരുമിച്ച് കണ്ട സ്വപ്നജീവിതത്തിലേക്ക് കടക്കാനൊരുങ്ങവെയാണ് ശ്രുതിയെ മതംമാറ്റണമെന്ന് എന്റെ വീട്ടുകാര്‍ പറയുന്നത്. എനിക്ക് ആ തീരുമാനത്തോട് യോജിക്കാനായില്ല. മതം മാറണ്ട ആവശ്യമില്ലെന്നും അല്ലാതെ ശ്രുതിയെ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ അവളെ വീട്ടിലേക്ക് സ്വീകരിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു.

2017 നവംബര്‍ ഒന്നിന് ഞാനെന്റെ ചെമ്പുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി ജീവിതസഖിയാക്കി. പിന്നീടങ്ങോട്ട് ഞങ്ങള്‍ക്ക് സന്തോഷത്തിന്റെ നാളുകളായിരുന്നു. ചെറിയ യാത്രകളൊക്കെയായി മധുവിധു നാളുകള്‍ കടന്നുപോയി. അതിനുശേഷം ഞങ്ങളൊരുമിച്ച് ഹൈദരാബാദിലെ വീട്ടില്‍ പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാന്‍ തുടങ്ങി. അതോടെ എന്റെ വീട്ടുകാരുടെ പിണക്കം കുറഞ്ഞു വന്നു, അവര്‍ ശ്രുതിയോട് ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി.

വേദനയുടെ നീരാളിപ്പിടുത്തം


സന്തോഷത്തോടെയുള്ള ഞങ്ങളുടെ ജീവിതത്തിനിടയില്‍ അപശകുനമെന്നോണം ശ്രുതിയുടെ കഴുത്തില്‍ ഒരു മുഴ വന്നു. ഹൈദരാബാദിലെ ആശുപത്രിയിലെ പരിശോധനകള്‍ക്കൊടുവില്‍ ടി.ബിയാണെന്ന് സ്ഥിതീകരിച്ചു. ട്രീറ്റ്മെന്റ് ആരംഭിച്ചു. ഡോസ് കൂടിയ മരുന്നു കഴിച്ചു തുടങ്ങിയതോടെ ശ്രുതി അവശയായി. മൂന്ന് മാസത്തെ ട്രീറ്റ്മെന്റിനിടയില്‍ സംശയം തോന്നി ഞങ്ങള്‍ നാട്ടിലേക്ക് വന്നു.

തൃശ്ശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ 45 ദിവസത്തെ ഇന്‍ജക്ഷന്‍ എടുത്തു. ഇതിനിടയില്‍ ശ്രുതിയുടെ വീട്ടുകാര്‍ അവളെ കാണാനെത്തി. ലീവ് തീര്‍ന്നതിനെത്തുടര്‍ന്ന് ഞങ്ങള്‍ക്ക് ഹൈദരാബാദിലേക്ക് പോകേണ്ടി വന്നു. വീണ്ടും ശുതിയ്ക്ക് തീരെ വയ്യാതെയായി. ഞാനവളെ നാട്ടിലെത്തിച്ചു. വിവാഹശേഷം ഞങ്ങളാദ്യമായി പിരിഞ്ഞ് താമസിച്ചതപ്പോഴാണ്.

നാട്ടിലെത്തിയപ്പോഴേക്കും കഴുത്തിലെ മുഴ പഴുക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ബയോപ്സി ചെയ്തു. ജൂണ്‍ 15 ന് റിസല്‍ട്ട് വന്നു. ലിംഫോമ നാലാം സ്റ്റേജിലായിരുന്നു! രോഗത്തെക്കുറിച്ച് ശ്രുതിയോട് പറയണമെന്നും എന്നാല്‍ നാലാംസ്‌റ്റേജിലെത്തിയെന്ന കാര്യം അറിയിക്കരുതെന്നും ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു.

uploads/news/2019/02/289538/bathushasurthilovers210219c.jpg

ഒപ്പം എമര്‍ജന്‍സി ലീവില്‍ ഞാന്‍ നാട്ടില്‍ വരുന്നുണ്ടെന്നു അറിയിക്കണമെന്നും പറഞ്ഞു. ഞാന്‍ ലീവിന് വരുമെന്നറിഞ്ഞാല്‍ രോഗത്തിന്റെ വേദനയ്ക്കിടയിലും അവള്‍ രോഗം മറന്ന് ഹാപ്പിയാകുമെന്ന് എനിക്കറിയാമായിരുന്നു. വേദനയ്ക്കിടയിലും ഞാന്‍ ഒപ്പമുണ്ടെങ്കില്‍ ചികിത്സയിലൂടെ രോഗം മാറുമെന്ന് അവള്‍ക്ക് പ്രതീക്ഷയുണ്ടായി.

നാട്ടിലെത്തിയതോടെ ജൂബിലി ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ട്രീറ്റ്മെന്റ് ആരംഭിച്ചു. ലിംഫോമയെക്കുറിച്ചറിയാന്‍ ഞാന്‍ ആര്‍.സി.സിയടക്കമുള്ള പല ഹോസ്പിറ്റലുകളിലെ ഡോക്ടര്‍മാരുമായി സംസാരിച്ചു.

ശ്രുതിയുടെ രോഗവിവരം അവളുടെ ബന്ധുവായ രാമകൃഷ്ണന്‍ അങ്കിളിനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് അമൃത ഹോസ്പിറ്റലിലെ പവിത്രന്‍ ഡോക്ടറെ കുറിച്ച് പറയുന്നത്. അങ്ങനെ ട്രീറ്റ്മെന്റ് അമൃതയിലേക്ക് മാറ്റി.

ശ്രുതിയുടെ മാതാപിതാക്കളും ഞങ്ങള്‍ക്കൊപ്പം എറണാകുളത്തേക്ക് വന്നു. ആശുപത്രിയില്‍ അവള്‍ക്കൊപ്പം തുണയായി ഞാന്‍ നിന്നു. ആ സമയത്തൊക്കെ കുട്ടികളുടെ സ്വഭാവമായിരുന്നു അവള്‍ക്ക്. അവളുടെ വാശികളറിഞ്ഞ് അവളെ പരിചരിക്കാന്‍ എനിക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ.

15 ദിവസത്തെ ട്രീറ്റ്മെന്റിനൊടുവില്‍ ആദ്യത്തെ കീമോ കഴിഞ്ഞ് ഞങ്ങള്‍ ശ്രുതിയുടെ വീട്ടിലേക്ക് പോയി. കീമോ തെറാപ്പി ചെയ്യുമ്പോള്‍ തലമുടി പോകുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.

രണ്ടാമത്തെ കീമോയോടെ ശ്രുതിയുടെ തലമുടി വലിയ തോതില്‍ കൊഴിയാന്‍ തുടങ്ങി. ആദ്യമൊക്കെ വിഷമമില്ലെന്ന് പറഞ്ഞെങ്കിലും അത് കള്ളമാണെന്ന് എനിക്ക് മനസിലായി. ശ്രുതിയുടെ തലമുടി ട്രിം ചെയ്തപ്പോള്‍ അവള്‍ക്ക് വിഷമമാകാതിരിക്കാന്‍ ഞാനും തലമുടി ട്രിം ചെയ്തു.

നിറമുള്ള കാന്‍വാസ്


ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്കായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഞങ്ങളുടെ യാത്ര. അര്‍ബുദം ക്ഷയരോഗമാണെന്ന് വിധിയെഴുതിയ ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിവരെ ഒരുപാട് പടികളാണ് കയറിയത്.
uploads/news/2019/02/289538/bathushasurthilovers210219e.jpg

ഇതിനിടയില്‍ പണത്തിന് ആവശ്യമേറെയായിരുന്നു. കൂട്ടുകാര്‍ക്കായി മാത്രം വരച്ചിരുന്ന ഞാന്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വരക്കാന്‍ തുടങ്ങി. ചിത്രകല പഠിച്ചിട്ടില്ലെങ്കിലും പോര്‍ട്രെയിറ്റുകള്‍ നോക്കി വരയ്ക്കും.

പ്രതീക്ഷയുടെ നാളുകള്‍


മരുന്നുകളും കീമോയുമായി നാളുകള്‍ പിന്നിട്ടു. രോഗം ഭേദമായി വരുന്നു. ഒന്‍പതാമത്തെ കീമോ കഴിഞ്ഞപ്പോള്‍ ശ്വാസകോശത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായി.

ഇപ്പോള്‍ 12 കീമോകള്‍ കഴിഞ്ഞു. ഇനി കീമോ ചെയ്യാന്‍ പറ്റില്ല. ഒരു ടെസ്റ്റ് കൂടി ചെയ്യാനുണ്ട്. അതുകഴിഞ്ഞാണ് ബാക്കി ട്രീറ്റ്മെന്റുകള്‍ തീരുമാനിക്കുക. ഇതിനിടയില്‍ എനിക്ക് ജോലിയില്‍ ജോയിന്‍ ചെയ്യേണ്ടി വന്നു. ഇനി ടെസ്റ്റ് ചെയ്യണം.

പറഞ്ഞു നിര്‍ത്തി ബാദുഷ ശ്രുതിയെ നോക്കി. ആ പ്രണയം പൂത്തുലയുന്നുണ്ടായിരുന്നു. പ്രിയതമയുടെ പിറന്നാള്‍ ആഘോഷിക്കാനെത്തിയതാണ് ബാദുഷ.

പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച് ശ്രുതിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ബാദുഷയുണ്ടാകും. ആ ഉറപ്പാണ് ശ്രുതിയുടെ ധൈര്യം..

അശ്വതി അശോക്

Ads by Google
Thursday 21 Feb 2019 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW