Monday, March 04, 2019 Last Updated 25 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 04.14 PM

ആഘോഷങ്ങളില്‍ മധുരം നിറയ്ക്കാം...

uploads/news/2019/02/289130/mdmcorky190219.jpg

''റം ചേര്‍ത്ത ഭക്ഷണം ഇഷ്ടപ്പെടാത്ത പുരുഷന്‍മാരുണ്ടാവില്ല. വയറിലൂടെയാണ് പുരുഷന്റെ ഹൃദയത്തിലേക്കെത്തുന്നതെന്ന് കേട്ടിട്ടില്ലേ. ഇത്തവണത്തെ റം ചേര്‍ത്ത പുഡ്ഡിംഗും കേക്കുകളുമുണ്ടാക്കി ആഘോഷിക്കാം...''

1. റം പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 1 3/4 കപ്പ്
മില്‍ക്ക് പൗഡര്‍ - 1/2 കപ്പ്
കോണ്‍ സ്റ്റാര്‍ച്ച് - 42 ഗ്രാം
ബേക്കിംഗ് പൗഡര്‍ - 4 ടീസ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
ബട്ടര്‍ - 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1 3/4 കപ്പ്
ഒലിവ് ഓയില്‍ - 1/2 കപ്പ് + 3 ടേബിള്‍ സ്പൂണ്‍
പാല്‍ - 3/4 കപ്പ്
മുട്ട - 4 എണ്ണം
ഡാര്‍ക്ക് റം - 3/4 കപ്പ്
വാനില എസന്‍സ് - ഒരു ടേബിള്‍ സ്പൂണ്‍

റം സിറപ്പിന് ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - 1/2 കപ്പ്
വെള്ളം - 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് - 3/4 കപ്പ്
ഉപ്പ് - 1/4 ടീസ്പൂണ്‍
ഡാര്‍ക്ക് റം - 1/2 കപ്പ്

തയാറാക്കുന്ന വിധം


ഓവന്‍ 162 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ഒരു വലിയ ബൗളില്‍ മൈദ, മില്‍ക്ക് പൗഡര്‍, കോണ്‍ സ്റ്റാര്‍ച്ച്, ബേക്കിംഗ് പൗഡര്‍, ഉപ്പ് എന്നിവയെടുത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക.മറ്റൊരു ബൗളില്‍ ബട്ടറും പഞ്ചസാരയും എടുത്ത് ഒരു ഇലക്ട്രിക് ബീറ്റര്‍ കൊണ്ട് അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് മാറ്റിവച്ച മൈദക്കൂട്ട് കുറേശ്ശെയായി ചേര്‍ത്ത് ബീറ്റ് ചെയ്യുക. ഒലിവ് ഓയില്‍, പാല്‍, മുട്ട, റം, വാനില എസന്‍സ് ഇവ ഒരുമിച്ച് യോജിപ്പിച്ച് മൈദക്കൂട്ടിലേക്ക് ചേര്‍ത്ത് ഇലക്ട്രിക് മിക്‌സര്‍ കൊണ്ട് യോജിപ്പിക്കുക. ഒരു പാനില്‍ കുക്കിംഗ് സ്‌പ്രേ തളിച്ച് തയാറാക്കിവച്ച മാവ് അതിലേക്കൊഴിച്ച് 48 60 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.

ബട്ടര്‍ റം സിറപ്പ് തയാറാക്കുന്ന വിധം
ഒരു വലിയ സോസ്പാന്‍ ഇടത്തരം തീയില്‍ വച്ച് അതിലേക്ക് ബട്ടര്‍, വെളളം, പഞ്ചസാര, ഉപ്പ്, ഡാര്‍ക്ക് റം ഇവ ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കി ചൂടാക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കി ചൂടാറാന്‍ വയ്ക്കാം.ഒരു വയര്‍ റാക്കിലേക്ക് ബേക്ക് ചെയ്ത കേക്ക് വച്ച് അതില്‍ ചെറിയ ദ്വാരങ്ങളിട്ട ശേഷം തയാറാക്കിവച്ച റം സിറപ്പ് കേക്കിനു മുകളിലൊഴിച്ച് വീണ്ടും കേക്ക് പാനിലേക്ക് വയ്ക്കാം. അഞ്ച് ദിവസത്തോളം റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കാം.

2. പോംഗ്രാനറ്റ് റം മാജിക്


ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര പൊടിച്ചത് - 3 ടേബിള്‍ സ്പൂണ്‍
കോണ്‍ സ്റ്റാര്‍ച്ച് - 2 ടീസ്പൂണ്‍
മാതളനാരങ്ങ അല്ലി - 3/4 കപ്പ്
സ്ട്രോബറി - 3/4 കപ്പ് (ചെറുതായി മുറിച്ചത്)
മാതളനാരങ്ങ ജ്യൂസ് - ഒരു കപ്പ്
മുട്ടയുടെ മഞ്ഞക്കരു - 6 എണ്ണത്തിന്റേത്
പാല്‍ - 2 കപ്പ്
പഞ്ചസാര - ഒരു കപ്പ്
ജലാറ്റിന്‍ - ഒരു പായ്ക്കറ്റ് (1/4 കപ്പ് വെള്ളത്തില്‍ കലക്കി വയ്ക്കുക)
വിപ്പിംഗ് ക്രീം - ഒരു കപ്പ്
വാനില എസന്‍സ് - ഒരു ടേബിള്‍ സ്പൂണ്‍
വൈറ്റ് റം - 1/4 കപ്പ്
മാതളനാരങ്ങ അല്ലി - അലങ്കരിക്കാന്‍
uploads/news/2019/02/289130/mdmcorky190219a.jpg

തയാറാക്കുന്ന വിധം


മാതളനാരങ്ങാ ജ്യൂസിലേക്ക് കോണ്‍ സ്റ്റാര്‍ച്ച് ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിച്ച് ഒരു സോസ്പാനിലേക്കൊഴിക്കുക. പാന്‍ അടുപ്പില്‍ വച്ച് അതില്‍ പഞ്ചസാരയും സ്‌ട്രോബറിയും ചേര്‍ക്കാം. ഇത് തുടരെ ഇളക്കി സ്‌ട്രോബറി വെന്ത് തുടങ്ങുമ്പോള്‍ ഉടച്ച് ചേര്‍ക്കാം. ഇതിലേക്ക് മാതളനാരങ്ങ അല്ലി അടര്‍ത്തിയതും ചേര്‍ത്തിളക്കി മിശ്രിതം കട്ടിയായി തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം.

ഒരു ചെറിയ സോസ്പാനില്‍ മുട്ടയുടെ മഞ്ഞയും പഞ്ചസാരയും അടിച്ച് യോജിപ്പിക്കുക. ഇതൊരു ഡബിള്‍ ബോയിലറിന്റെ മുകളില്‍ വച്ച് ചൂടാക്കുക. കുറേശ്ശെയായി പാല്‍ ചേര്‍ത്തിളക്കി കൂട്ട് കട്ടിയായുന്നതുവരെ ഇളക്കുക. ഡബിള്‍ ബോയിലറില്‍നിന്ന് മാറ്റിയ ശേഷം ഇതിലേക്ക് വെള്ളത്തില്‍ കലക്കിയ ജലാറ്റിന്‍ ചേര്‍ക്കാം. ചൂടാറിയ ശേഷം ഇത് ഫ്രിഡ്ജില്‍ സെറ്റാകാന്‍ വയ്ക്കാം.

സെറ്റായ ശേഷം ഇതിലേക്ക് വിപ്പിംഗ് ക്രീം, വാനില എസന്‍സ്, റം ഇവ ചേര്‍ത്ത് ഫോള്‍ഡ്് ചെയ്തെടുത്തശേഷം വീണ്ടും ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കാം. ഒരു ഗ്ലാസിന്റെ പകുതി ഭാഗത്ത് പുഡ്ഡിംഗ് നിറച്ച് അതിനു മുകളില്‍ മാതളനാരങ്ങയും സ്‌ട്രോബറിയും ചേര്‍ത്ത് തയാറാക്കിയ കൂട്ട് വച്ച് മാതളനാരങ്ങാ അല്ലി വിതറി വിളമ്പാം.

3. ആപ്പിള്‍ റം ബ്രഡ് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ് - 5 1/3 കപ്പ്
പാല്‍ - ഒരു കപ്പ്
ബ്രൗണ്‍ ഷുഗര്‍ - 1/3 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/3 കപ്പ്
ഹെവി ക്രീം - ഒരു കപ്പ്
മുട്ട - 2 എണ്ണം
മുട്ടവെള്ള - 2 എണ്ണം
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 1 1/2 ടീസ്പൂണ്‍
റം - 2 ടേബിള്‍ സ്പൂണ്‍
ആപ്പിള്‍ - 2 എണ്ണം വലുത് (തൊലി കളഞ്ഞ് ചെറിയ ക്യൂബുകളായി മുറിച്ചത്)

തയാറാക്കുന്ന വിധം


ബ്രഡ് ടോസ്റ്റ് ചെയ്തെടുക്കുക. ശേഷം ചെറിയ ക്യൂബുകളായി മുറിച്ചു വയ്ക്കുക.
ഒരു പാനില്‍ പാലെടുത്ത് ചൂടാക്കി അതിലേക്ക് ബ്രൗണ്‍ ഷുഗറും പഞ്ചസാര പൊടിച്ചതും ചേര്‍ക്കുക. പഞ്ചസാര അലിയുന്നതുവരെ ഇളക്കി ചൂടാക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കി ചൂടാറാന്‍ വയ്ക്കാം. ഇതൊരു വലിയ ബൗളിലേക്കൊഴിച്ച് അതിലേക്ക് ഹെവി ക്രീം ചേര്‍ത്ത് യോജിപ്പിക്കുക. ഇനി ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്ത് അടിച്ചെടുക്കുക. വാനില എസന്‍സും ഒരു ടീസ്പൂണ്‍ കറുവാപ്പട്ടപ്പൊടി, റം ഇവയും ചേര്‍ക്കുക. ഒരു എഗ്ഗ് ബീറ്റര്‍ കൊണ്ട് ബീറ്റ് ചെയ്ത് മാറ്റി വയ്ക്കാം.

മറ്റൊരു ബൗളില്‍ ആപ്പിള്‍ അരിഞ്ഞതെടുത്ത് അതിനുമുകളില്‍ ബാക്കി വന്ന കറുവാപ്പട്ടപ്പൊടി വിതറി യോജിപ്പിച്ച് വയ്ക്കുക. ഒരു ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടി ടോസ്റ്റ് ചെയ്തുവച്ച ബ്രഡ് ക്യൂബുകളുടെ പകുതി ഭാഗം ഒറ്റ ലയറായി ബേക്കിംഗ് ഡിഷില്‍ നിരത്തുക. മുകളില്‍ ആപ്പിള്‍ കഷണങ്ങള്‍ നിരത്തി ബാക്കി ബ്രഡ് കഷണങ്ങള്‍ അതിനു മുകളില്‍ വയ്ക്കുക. ഇതിനു മുകളിലായി തയാറാക്കി വച്ച പാല്‍, മുട്ട കൂട്ട് ഒഴിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കാം. (ബ്രഡ് കുതിര്‍ന്നു കിട്ടാനാണിത്)ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം 350 ഡിഗ്രി സെല്‍ഷ്യസില്‍ 40 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ബട്ടര്‍ സ്‌കോച്ച് റം സോസിനൊപ്പം വിളമ്പാം.

uploads/news/2019/02/289130/mdmcorky190219b.jpg

4. ഡേറ്റ്‌സ് റം കേക്ക് വിത്ത് ക്യാരമല്‍


ആവശ്യമുള്ള സാധനങ്ങള്‍
ഈന്തപ്പഴം - ഒരു കപ്പ് (കുരു കളഞ്ഞ് അരിഞ്ഞത്)
ഉണക്കമുന്തിരി - 1/2 കപ്പ്
ചൂടുവെള്ളം - 1/4 കപ്പ്
ബേക്കിംഗ് സോഡ - 3/4 ടീസ്പൂണ്‍
മുട്ട - ഒരെണ്ണം
ഡാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍ - 200 ഗ്രാം
ബട്ടര്‍ ഉരുക്കിയത് - 200 ഗ്രാം
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
മൈദ - 3/4കപ്പ്
ബേക്കിംഗ് പൗഡര്‍ - 1 1/4 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്

റം സോസ് തയാറാക്കാന്‍
ബട്ടര്‍ - 100 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ - 1/2 കപ്പ്
ക്രീം - ഒരു കപ്പ്
റം - 1/4 കപ്പ്
തേന്‍ - 1/2 കപ്പ്

തയാറാക്കുന്ന വിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. മൈദ, ബേക്കിംഗ് പൗഡര്‍, ഉപ്പ് ഇവ ഒരുമിച്ച് യോജിപ്പിച്ച് അരിച്ചെടുക്കുക.
ഒരു ബൗളിലേക്ക് ഈന്തപ്പഴം, ഉണക്ക മുന്തിരി, വെള്ളം, ബേക്കിംഗ് സോഡ ഇവ ഒരുമിച്ചെടുത്ത് യോജിപ്പിച്ച് 15 മിനിറ്റ് കുതിരാന്‍ വയ്ക്കുക.
മറ്റൊരു ബൗളില്‍ മുട്ട, ഡാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍, ബട്ടര്‍, വാനില എസന്‍സ് ഇവയെടുത്ത് എഗ്ഗ് ബീറ്റര്‍ കൊണ്ട് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മൈദക്കൂട്ട് കുറേശ്ശെയായി ചേര്‍ത്തിളക്കി യോജിപ്പിക്കുക.

ഇനി കുതിര്‍ത്തുവച്ച ഈന്തപ്പഴവും ഉണക്ക മുന്തിരിയും ചേര്‍ത്ത് യോജിപ്പിക്കാം.മയം പുരട്ടി വച്ചിരിക്കുന്ന ഒരു ബേക്കിംഗ് ട്രേയിലേക്ക് ഈ കൂട്ട് ഒഴിച്ച് ബേക്ക് ചെയ്തെടുക്കാം.ഒരു പാനില്‍ ബട്ടര്‍, ബ്രൗണ്‍ ഷുഗര്‍, ക്രീം, തേന്‍, റം ഇവയെടുത്ത് ചൂടാക്കുക. തിളയ്ക്കുന്നതിനുമുന്‍പ് അടുപ്പില്‍നിന്ന് വാങ്ങാം. ചൂടാറിയ ശേഷം ഇത് കേക്കിന് മുകളിലൊഴിച്ച് വിളമ്പാം.

5. വൈറ്റ് ഫോറസ്റ്റ് കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 4 എണ്ണം (മഞ്ഞയും വെള്ളയും വേര്‍തിരിച്ച് വയ്ക്കുക)
മൈദ - 85 ഗ്രാം
ബേക്കിങ് പൗഡര്‍ - ഒന്നര ടീസ്പൂണ്‍
കോണ്‍ ഫ്ളവര്‍ - ഒരു ടേബിള്‍സ്പൂണ്‍
ബട്ടര്‍ ഉരുക്കിയത് - 4 ടേബിള്‍ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് - 160 ഗ്രാം
ബ്രാന്‍ഡി - ഒരു ടേബിള്‍ സ്പൂണ്‍
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
ചെറി സിറപ്പ് - 1/4 കപ്പ്
റം - ഒരു ടേബിള്‍സ്പൂണ്‍
ചെറി - 15 എണ്ണം
വിപ്പിങ് ക്രീം - 200 ഗ്രാം
പഞ്ചസാരപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
ബദാം പൊടിച്ചത് - 3 ടേബിള്‍ സ്പൂണ്‍
uploads/news/2019/02/289130/mdmcorky190219c.jpg

തയാറാക്കുന്ന വിധം


ഒരു ബൗളിലേക്ക് മൈദ, ബേക്കിംഗ് പൗഡര്‍, കോണ്‍ഫ്ളവര്‍ ഇവ ഒരുമിച്ചെടുത്ത് അരിച്ചിടുക.
മുട്ടയുടെ മഞ്ഞക്കരു, ബട്ടര്‍ ഉരുക്കിയത്, പഞ്ചസാര, ബ്രാന്‍ഡി, വാനില എസന്‍സ് ഇവ ഒരു ബൗളിലെടുത്ത് എഗ്ഗ് ബീറ്റര്‍ കൊണ്ട് അടിച്ചുയോജിപ്പിക്കുക. മറ്റൊരു ബൗളില്‍ മുട്ടയുടെ വെള്ള എടുത്ത് നന്നായി അടിച്ച് പതപ്പിച്ചെടുക്കുക.

മഞ്ഞക്കരു അടിച്ചതിലേക്ക് കുറേശ്ശെയായി മൈദയും മുട്ട വെള്ള പതപ്പിച്ചതും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് ഫോള്‍ഡ് ചെയ്ത് യോജിപ്പിക്കുക.
ഒരു ബേക്കിഗ് പാനില്‍ ബട്ടര്‍ പുരട്ടി അതിലേക്ക് തയാറാക്കി വച്ച കൂട്ട് നിരത്തി 180 ഡിഗ്രി സെല്‍ഷ്യസില്‍ 5 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. കേക്ക് തണുത്തശേഷം ഇത് ഹൊറിസോണ്ടലായി മുറിച്ചെടുക്കുക.

ചെറി സിറപ്പും റമ്മും ഒരുമിച്ച് യോജിപ്പിച്ച് ഇത് കേക്കിന്റെ എല്ലാ വശങ്ങളിലും പുരട്ടുക. ക്രീം, പഞ്ചസാര ഇവ ഒരുമിച്ച് അടിച്ചെടുക്കുക. ഇത് ഒരു കേക്ക് കഷണത്തിനു മുകളില്‍ നിരത്തി ചെറിയും നിരത്താം. മുറിച്ചുവച്ച അടുത്ത കഷണം കേക്ക് ഇതിനുമുകളില്‍ വച്ച് മുഴുവന്‍ ഭാഗവും ക്രീം തേയ്ക്കാം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പാം

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 19 Feb 2019 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW