Sunday, June 30, 2019 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 18 Feb 2019 03.41 PM

സി.പി.എമ്മിനെ തകര്‍ക്കാന്‍ ആരാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് ?

uploads/news/2019/02/288875/colum180219.jpg

കേരളം രാഷ്ട്രീയത്തെ ഉപേക്ഷിച്ച് അരാഷ്ട്രീയവാദത്തെ വരിക്കുന്നുവെന്ന ആരോപണം ശക്തമാകുകയാണ്. കഴിഞ്ഞ രണ്ടരപതിറ്റാണ്ടിന് മുമ്പത്തെ സ്ഥിതിയല്ല ഇന്ന് കേരളത്തില്‍. രാഷ്ട്രീയത്തെ ഫാസിസവും വര്‍ഗ്ഗീയതയും വരിഞ്ഞുമുറുക്കികഴിഞ്ഞു. രാഷ്ട്രീയം എന്നാല്‍ ഇന്ന് നികൃഷ്ടമായ എന്തോ ഒന്നാണെന്ന ചിന്തയാണ് പലര്‍ക്കും. അതിന് പ്രധാനകാരണം രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയാല്‍ നമ്മുടെ ജീവിതം നമ്മുടെ പക്കലല്ലെന്നതാണ്. എപ്പോള്‍ എവിടെ വച്ചുവേണമെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ ഒരു കൊലക്കത്തിയിരയാകാം. മീശമുളയ്ക്കുന്ന പ്രായത്തില്‍പ്പോലും ജീവന്‍ കവരുന്ന തരത്തില്‍ മാറിയിരിക്കുന്ന നമ്മുടെ രാഷ്ട്രീയം. ഇതാണ് പ്രബുന്ധമായ കേരളത്തിന്റെ രാഷ്ട്രീയപാരമ്പര്യത്തെ മാറ്റിമറിച്ച ഒരു സു്രപധാനകാര്യം.

കണ്ണൂരില്‍ ഷുഹൈബ് എന്നൊരു യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടേയുള്ളു. അതിനിടയിലാണ് അരിയല്‍ ഷുക്കൂറിന്റെ കൊലപാതകം. ഇപ്പോള്‍ നാം കേള്‍ക്കുന്നു, കാസര്‍കോഡ് രണ്ടു യുവാക്കളെ വെട്ടിക്കൊന്നുവെന്ന്. അതും രാഷ്ട്രീയകൊലപാകം.

രാഷ്ട്രീയം എന്നത് പ്രതികാരവും കൊലപാതകമായി മാറുന്നു. ഈ കൊലക്കേസുകളില്ലെല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നതോ നിര്‍ത്തിയിരിക്കുന്നതോ ഭരണകക്ഷിയായ സി.പി.എമ്മിനെയാണ്. ഒരു കൂട്ടര്‍ കൊലചെയ്യുന്നു മറുകൂട്ടര്‍ അതിനെ ആഘോഷമാക്കുന്നു. അങ്ങനെ കൊലകളെ മഹത്വവല്‍ക്കരിച്ചും ന്യായീകരിച്ചും കൊലചെയ്യപ്പെട്ടവരുടെ കുടുംബത്തെ ഏറ്റെടുത്തും അവരെ പാര്‍ട്ടിയുടെ ആജീവനാന്ത അടിമകളാക്കി മാറ്റുന്നു.

എന്തിനായിരുന്നു ഈ അവസരത്തില്‍ ഇത്തരമൊരു കൊലപാതകം. ഈ കൊലപാതകം ആസൂത്രണം ചെയ്തതും നടത്തിയതും ആരായാലും അവര്‍ ശരിയായി സി.പി.എമ്മിനെ സ്‌നേഹിക്കുന്നവരെല്ലന്നത് സത്യം. കാര്യം കാണാനായി സി.പി.എം എന്ന പാര്‍ട്ടിയുടെ ഭാഗമായി നടിച്ചുകൊണ്ട് ആ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ്. ഏതൊരു പ്രസ്ഥാനത്തേയും ഒന്നുകില്‍ എതിരിട്ട് നശിപ്പിക്കാം, അല്ലെങ്കില്‍ ഒപ്പം കൂടി ഇല്ലായ്മ ചെയ്യാം എന്നത് ലോകതത്വമാണ്. പണ്ടു പയറ്റിയിരുന്ന യുദ്ധതന്ത്രങ്ങളും ഇത്തരത്തില്‍പ്പെട്ടതായിരുന്നു. എതിരാളിയുടെ കൂടാരത്തില്‍ വിശ്വസ്തരായി കടന്നുകൂടി അവരെ നശിപ്പിക്കുക. ഗ്രീക്ക് പുരാണത്തിലെ ട്രോജന്‍ കുതിര എന്ന സങ്കല്‍പ്പം പോലും അതില്‍ നിന്നുണ്ടായതാണ്.

ഇവിടെയും സംഭവിക്കുന്നത് അതാണ്. സി.പി.എമ്മിനെ ഒരു കൊലയാളിപാര്‍ട്ടിയായി ചിത്രീകരിക്കാനാണ് പൊതുവില്‍ എല്ലാവരും ശ്രമിക്കുന്നത്. അതിന് വളമിട്ടുകൊടുക്കുകയെന്ന ദൗത്യമാണ് സി.പി.എം കാരെന്നവകാശപ്പെടുന്ന ഒരുകൂട്ടം നിര്‍വഹിക്കുന്നത്. അതിനെ തടയാന്‍ കഴിയാതെ നേതൃത്വം നിസ്സഹായരായി നോക്കി നില്‍ക്കുമ്പോഴാണ് രാഷ്ട്രീയം എന്നത് കൊലക്കത്തിയെന്ന് മാറ്റി നിര്‍വചിക്കപ്പെടുന്നത്.

ഇപ്പോള്‍ ഈ രണ്ടു യുവാക്കളെ എന്തിനായിരുന്നു നിഷ്ഠൂരമായി കൊലചെയ്തത്? പ്രശ്‌നം നടന്ന പ്രദേശത്തെ ഒരുക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലയ്ക്ക് വഴിവച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്തോ ആയിക്കൊള്ളട്ടെ, തര്‍ക്കങ്ങളും വഴക്കുകളും പണ്ടുകാലത്തെപ്പോലെ അങ്കത്തട്ടില്‍ തിര്‍ക്കുമെന്ന കാട്ടുനീതി ഈ പരിഷ്‌കൃത സമൂഹത്തില്‍ സ്വീകരിക്കാന്‍ പാടില്ല. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത്, സമന്വയത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടത്.

ഒരുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കേരളവും തയാറെടുക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട നിരവധി വിഷയങ്ങളുണ്ട്. നമ്മുടെ ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഈ തെരഞ്ഞെടുപ്പ്. ഇന്ത്യ ഇനി എന്താകണമെന്നത് നിര്‍ണ്ണയിക്കപ്പെടേണ്ടത് ഈ തെരഞ്ഞെടുപ്പിലൂടെയാണ്. അതാണ് ഇവിടെ ചര്‍ച്ചചെയ്യേണ്ടത്. അതാണ് ചര്‍ച്ചചെയ്ത് തുടങ്ങിയതും. അവിടെ വലിയ ആത്മവിശ്വാസവുമായി സി.പി.എം ഉള്‍പ്പെടെ ഇടതുമുന്നണി ശക്തമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഇടിവെട്ടുപോലെ ഈ കൊലപാതകം നടന്നത്.

അതുകൊണ്ടുതന്നെ തറപ്പിച്ച് പറയാനാകും, ഇത് ചെയ്തവരും ചെയ്യിച്ചവരും സി.പി.എമ്മിനെ സ്‌നേഹിക്കുന്നവരായിരിക്കില്ല. തെരഞ്ഞെടുപ്പില്‍ മറ്റ് വിഷയങ്ങള്‍ എല്ലാം മുക്കികൊണ്ട് കൊലപാതകത്തിന്റെ രാഷ്ട്രീയം പൊതുസമൂഹത്തിന് മുന്നില്‍ ഇട്ടുകൊടുത്തിരിക്കുകയാണ് സി.പി.എം കാരെന്ന് അവകാശപ്പെടുന്ന ചിലര്‍.

ഇത് ആ പാര്‍ട്ടിക്ക് നല്ലതല്ല, രാഷ്ട്രീയമായി തിളച്ചുനിന്ന ഒരുസമൂഹത്തില്‍ ആകസ്മികമായ സാഹചര്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ പേരില്‍ ചില കൊലപാതകങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. ഒരു പാര്‍ട്ടിയും അതില്‍ പിന്നിലുമായിരുന്നില്ല. ഗാന്ധിയുടെ പിന്‍ഗാമിമാര്‍ മുതല്‍ ഗോഡ്‌സേയുടെ അനുയായികള്‍ ഉള്‍പ്പെടെ സി.പിഎമ്മും അതില്‍ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ സമുഹം പൂര്‍ണ്ണമായി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഫാസിസവും വര്‍ഗ്ഗീയതയും നമ്മുടെ മണ്ണില്‍ മറ്റെവിടെത്തേക്കാളും ശക്തമായി വേരോടുന്നുമുണ്ട്. അതിനിടയില്‍ ഉണ്ടാകുന്ന ഇത്തരം വിഷയങ്ങള്‍ സി.പി.എമ്മിനെതിരെ ശക്തമായ ആയുധമായി തന്നെ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഉന്നയിക്കും. എന്തുകൊണ്ടെന്നാല്‍ ഇന്ന് അല്‍പ്പമെങ്കിലും രാഷ്ട്രീയം പറയുന്നത് സി.പി.എമ്മാണ്, അവരെ ഇല്ലാതാക്കുകയെന്നത് അരാഷ്ട്രീയവാദത്തിന്റെ വക്താക്കളായ കുത്തകമാദ്ധ്യമങ്ങള്‍ക്ക് അനിവാര്യമാണ്. അവരുടെ പ്രീതിപിടിച്ചുപറ്റാന്‍ രാഷ്ട്രീയം പറയുന്നതുപോലും സി.പി.എം കുറച്ചിട്ടുണ്ട്. എന്നാലും അവരുടെ കണ്ണിലെ കരടാണ് ഇന്നും സി.പി.എം.

അതിനിടയില്‍ സ്വന്തം പാളയത്തില്‍ നിന്നുതന്നെ അവര്‍ക്ക് എല്ലിന്‍കഷ്ണം എറിഞ്ഞുകൊടുക്കുന്ന നടപടി തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുടെ സാമൂഹികഘടനയെ മാറ്റിയെഴുതുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച നക്‌സലിസത്തെപ്പോലും തള്ളിപ്പറഞ്ഞ ചരിത്രമാണ് ഇന്ത്യയിലെ സി.പി.എമ്മിനുള്ളത്. വര്‍ഗ്ഗസമരം പറയുന്ന പാര്‍ട്ടി തന്നെ അത് സായുധവിപ്ലവത്തിലൂടെ കഴിയില്ലെന്ന് പറഞ്ഞാണ് അവരെ തള്ളിക്കളഞ്ഞത്. ഇന്ന് രാജ്യത്തിന്റെ പലഭാഗത്തും മാവോയിസ്റ്റുകളുടെ പ്രധാന ശത്രുക്കളായി സി.പി.എം മാറിയതും അതുകൊണ്ടാണ്. ബംഗാളില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ച മമതയുടെ വളര്‍ച്ചയ്ക്ക് മാവോയിസ്റ്റുകളാണ് സഹായമായതും. അത്തരത്തിലുള്ള ഒരു പാര്‍ട്ടിയാണ് ഇവിടെ ജീവിതത്തിലേക്ക് കടന്നുതുടങ്ങുന്ന യുവാക്കളെ നിഷ്ഠൂരമായി കൊലചെയ്യുന്നത്.

മാനവികതയെക്കുറിച്ച് പറയുന്ന ഒരു പാര്‍ട്ടിക്ക് ചേര്‍ന്നതല്ല, ഈ നയം. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വയം ത്യാഗം ചെയ്തവരുടെ ചരിത്രമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അവര്‍ തന്ന ഓരോ കുടുംബത്തിന്റേയും ആശ്രയങ്ങളേയും അഭിലാഷങ്ങളേയും പിഞ്ചിലേ കവര്‍ന്നെടുക്കുന്നുവെന്ന് പറയുന്നത് വിരോധാഭാസമാണ്. ഇതിന് അറുതിവരുത്താന്‍ സി.പി.എമ്മിനായില്ലെങ്കില്‍ അത് കേരളത്തില്‍ ആ പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടലാകും.

പശ്ചിമബംഗാളില്‍ സംഭവിച്ചത് അതാണ്. സിംങ്കൂരും അതുപോലുള്ള സമരങ്ങളും അവിടെ ശക്തമായി കത്തിപ്പടര്‍ന്നുവെങ്കിലും ബംഗാളില്‍ ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഗഌസ്‌റ്റോനോസും പെരിസ്‌ട്രോയിക്കയുമായിരുന്നു വംഗദേശത്തുനിന്നും ചെങ്കൊടിയെ തൂത്തെറിഞ്ഞത്. വര്‍ഗ്ഗസമരാശയത്തിന് പകരം കൈക്കരുത്തിന്റെ നൂലുകളിലായിരുന്നു അവിടെ പാര്‍ട്ടിയെ ബന്ധിപ്പിച്ചിരുന്നത്.

സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ടായിരുന്നു. അതിനായി എന്തുംചെയ്യാന്‍ തയാറുള്ള പാര്‍ട്ടി സംവിധാനവും ഒരുക്കിയിരുന്നു, എതിര്‍ക്കുന്നവര്‍ കൊലക്കത്തിക്കിരയുമായി. ബുദ്ധദേബ് വന്നശേഷം ആ സാഹചര്യത്തിന് അയവുവന്നു. അത് ഉപയോഗിച്ചുകൊണ്ട് മമതാബാനര്‍ജി മാവോയിസ്റ്റുകളുടെ സഹായത്തോടെ നടത്തിയ പ്രത്യാക്രണ രാഷ്ട്രീയമാണ് അവിടെ സി.പി.എമ്മിനെയും ഇടതുപക്ഷത്തേയും കടപുഴക്കിയത്. അന്ന് സി.പി.എം ചെയ്തത് ഇന്ന് കുറേക്കൂടി ശക്തിയോടെയും ക്രൂരതയോടെയും മമതബാനര്‍ജി ചെയ്യുന്നുവെന്ന വ്യത്യാസം മാത്രം.

അത് ഇവിടെ നടക്കാന്‍ പാടില്ല. ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തി പാര്‍ട്ടി നിലനിര്‍ത്താമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. അവര്‍ വെള്ളവും വളവും നല്‍കുന്നത് ആത്മാര്‍ത്ഥതയില്ലാത്ത ചോരക്കൊതിയന്മാര്‍ക്കാണ്. ആത്മാര്‍ത്ഥതയുള്ള കേഡറുകള്‍ക്കായിരിക്കില്ല. ആ ചോരകൊതി നാളെ നിങ്ങളുടെ കണ്ഠങ്ങളിലും പതിച്ചേക്കും.

ചരിത്രത്തില്‍നിന്നുപോലും അത്തരക്കാര്‍ തൂത്തെറിയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കേരളത്തില്‍ നിന്നും തൂത്തെറിയുകയെന്നത് വലിയ ബുദ്ധിമുട്ടുള്ളകാര്യമല്ല. എന്നാല്‍ അത്തരത്തില്‍ ഇടതുപക്ഷം ഇവിടെ ഇല്ലാതാകുന്നത് നമ്മുടെ സമൂഹത്തിന് തന്നെയായിരിക്കും വലിയ തിരിച്ചടിയാകുക. എന്തൊക്കെ ദൂഷ്യവശങ്ങള്‍ പറഞ്ഞാലും കേരളം ഇന്നും ഇതുപോലെ നില്‍ക്കുന്നതില്‍ സുപ്രധാനമായ പങ്ക് ഇടതുപക്ഷത്തിനുണ്ട്.

അത്‌വിസ്മരിച്ചുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ കടന്നുകയറിയിരിക്കുന്ന ചില വൈറസുകളെ യഥേഷ്ടം പെരുകാന്‍ വിടുകയെന്നത് അത്ര ഗുണകരമാവില്ല. ഈ വൈറസുകളെ കണ്ടെത്തി അവയെ ഇല്ലായ്മചെയ്യാന്‍ കഴിയണം. വീണ്ടും അത്തരം വൈറസുകള്‍ കടന്നുകയറാതിരിക്കാനുള്ള പ്രതിരോധ സൂക്ഷ്മതയും പുലര്‍ത്തണം. നാല് വോട്ടിന് വേണ്ടി ഇന്ന് ഇത്തരക്കാര്‍ നടത്തുന്നതിനെല്ലാം നേതൃത്വം കണ്ണടച്ച് പിന്തുണ നല്‍കുകയാണെങ്കില്‍ പിന്നെ ചരിത്രത്തിന്റെ ഏടുകളില്‍പോലും ഈ പാര്‍ട്ടിയുണ്ടാവില്ല. മാറ്റങ്ങള്‍ക്കാണ് മാറ്റമില്ലാത്തത് എന്ന മാര്‍ക്‌സിയന്‍ വചനം ഒന്നുകൂടി ഓര്‍ക്കണം.

മാനവികതയിലേക്ക് തിരിച്ചുപോകുകയെന്നതാണ് സി.പി.എമ്മിന് കേരളത്തോട് ചെയ്യാന്‍ കഴിയുന്ന പ്രധാനപ്പെട്ട കടമ. അതിന് ചിലപ്പോള്‍ പല ത്യാഗങ്ങളും സഹിക്കേണ്ടിവരും. സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച് ഈ നാട് കെട്ടിപ്പെടുക്കാന്‍ ഇറങ്ങിതിരിച്ചവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. അതിന്റെ ആയിരത്തിലൊന്ന് ത്യാഗം സഹിച്ചാല്‍ മാനവികതയിലധിഷ്ഠിതമായ ജനാധിപത്യം മുറുകെപിടിക്കുന്ന ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാം.

വര്‍ഗ്ഗീയതയേയും ഫാസിസത്തേയും തൂത്തെറിയാന്‍ ഈ കേരളം നിങ്ങളോടൊപ്പം നിലകൊ്ള്ളുകയും ചെയ്യും. ഇല്ലാതെ വീണ്ടും കൊലക്കത്തിയുമായി ചോരയ്ക്ക് ദാഹിച്ചാണ് പടപ്പുറപ്പാടെങ്കില്‍ പിന്നെ അറബിക്കലില്‍പോലും നിങ്ങളുടെ അവശിഷ്ടം കാണാന്‍ കഴിയില്ലെന്നേ പറയാനാകൂ.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 18 Feb 2019 03.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW