Wednesday, July 17, 2019 Last Updated 30 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 05.19 PM

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വിഷാദത്തിനു കാരണമാകുന്നു

''ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വിഷാദത്തിനു കാരണമാകുന്നത് കൂടുതലായും സ്ത്രീകളിലാണ്. ആര്‍ത്തവവിരാമത്തോടൊപ്പം ചില മധ്യവയസ്‌കരില്‍ വിഷാദം ഒരു വ്രണമായിത്തീരുന്നു''
uploads/news/2019/02/288493/vishadham160219.jpg

പാരമ്പര്യമായി ജീനുകളിലൂടെ പകര്‍ന്നു കിട്ടിയ സവിശേഷതകളാണ് ചിലരെ നിരന്തരം വിഷാദരോഗിയാക്കുന്നത്. മറ്റുള്ളവരെ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ സദാ ശോകഗ്രസ്ഥരായി കാണുന്നവരും കുറവല്ല.

ഭാവിയെ അര്‍ഥശൂന്യമായി കാണുക, പരാജയങ്ങളെ പെരുപ്പിച്ചു കാണുക തുടങ്ങി മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും ഉപയോഗംവരെ വ്യക്തിയെ വിഷാദത്തിലേക്ക് അടുപ്പിക്കുന്നു.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വിഷാദത്തിനു കാരണമാകുന്നത് കൂടുതലായും സ്ത്രീകളിലാണ്. ആര്‍ത്തവവിരാമത്തോടൊപ്പം ചില മധ്യവയസ്‌കരില്‍ വിഷാദം ഒരു വ്രണമായിത്തീരുന്നു. മസ്തിഷ്‌ക രോഗങ്ങളും വിരളമായി വിഷാദ രൂപത്തില്‍ പ്രകടമാകാറുണ്ട്.

രോഗി അറിഞ്ഞിരിക്കേണ്ടത്


വിഷാദത്തോടെ കാര്യങ്ങളെ സമീപിച്ചാല്‍ അത് ശരിയായി നടപ്പിലാക്കാന്‍ കഴിയില്ല. അപ്പോള്‍ മനസിനെ ശാന്തമാക്കണം. അതിന് പലവഴികളുണ്ട്. ഓരോ വ്യക്തിയും വ്യത്യസ്തനാണ്.

സ്വന്തം പ്രശ്‌നങ്ങള്‍ മനസിലാക്കാനും നേരിടാനുമുള്ള കഴിവ് വ്യത്യസ്തമാണ്. അതിനാല്‍ വ്യക്തിയുടെ ഇപ്പോഴുള്ള മാനസികാവസ്ഥ മനസിലാക്കി അതിനനുസരിച്ച് വ്യക്തിഗതമായ
ചികിത്സാ രീതികള്‍ നടപ്പില്‍ വരുത്തണം. വിഷാദരോഗിയോട് സംസാരിക്കുമ്പോള്‍ കുടുംബാഗങ്ങള്‍ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മനസ് കാണിക്കണം.

സ്വയം ഉള്‍വലിഞ്ഞിരിക്കുന്നവരാണ് വിഷാദരോഗികള്‍. അതിനാല്‍ അവരോട് സംസാരിക്കാന്‍ വിമുഖത കാണിക്കരുത്. രോഗിയെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍
ശ്രമിക്കുകയും വേണം.

ആത്മഹത്യാ ഭീഷണി പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത് അവഗണിക്കാതിരിക്കുക. വിഷാദരോഗത്തിനെതിരെ വ്യക്തികള്‍ മുന്‍കരുതലുകള്‍ എടുക്കണം. വിഷാദരോഗി രോഗത്തെ എങ്ങനെ നേരിടണമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

uploads/news/2019/02/288493/vishadham160219a.jpg

1. ഒന്നാമത് ചിട്ടയായ ജീവിതരീതി ക്രമപ്പെടുത്തണം. ശാരീരികമായും മാനസികമായും അതിനായി ഒരുങ്ങണം. സ്വന്തം ശരീരത്തെ ആരോഗ്യപൂര്‍ണമാക്കുന്ന വ്യായാമങ്ങള്‍ ശീലിക്കണം.
2. മനസിനെ ശാന്തമാക്കാന്‍ ധ്യാനം, റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ ഇവ പരിശീലിക്കുക.
3. ഉറക്കം, ഭക്ഷണരീതി ഇവയ്ക്ക് ചിട്ടയായ ഒരു ക്രമം കൊണ്ടുവരുക.
4. രണ്ടാമതായി ശ്രദ്ധിക്കേണ്ടത് മാനസികാരോഗ്യമാണ്. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന മനസിനെ വിഷാദത്തിന് എളുപ്പം കീഴ്‌പ്പെടുത്താനാവില്ല.
5. പകയും അസൂയയും മുളയിലെ നുള്ളിക്കളയണം.
6. ശക്തമായ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുകയും നല്ല സൗഹൃദബന്ധങ്ങള്‍ നിലനിര്‍ത്തുകയും വേണം. അടിയുറച്ച സൗഹൃദങ്ങള്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും പകര്‍ന്നു നല്‍കും.
7. സുഹൃത്തുക്കളായാലും ബന്ധുക്കളായാലും ആത്മബന്ധമുള്ള വ്യക്തികളോട് വിഷമങ്ങള്‍ പങ്കുവയ്ക്കുകയും അവരുടെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുക.
8. സംഭവശൂന്യവും വിരസവുമായ ജീവിതം മടുപ്പും വിഷാദവും ക്ഷണിച്ചു വരുത്തും. അതിനാല്‍ ജീവിതം പരമാവധി ഉല്ലാസകരവും വൈവിധ്യ പൂര്‍ണവുമാക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്കൊപ്പം ചിരിക്കാന്‍ മടികാണിക്കരുത്.

വിഷാദം മറികടക്കാന്‍


വിഷാദം ഒരു രോഗമായിത്തീരുന്ന അവസ്ഥയില്‍ ഈ മാര്‍ഗങ്ങള്‍ ഫലപ്രദമാകണമെന്നില്ല. അപ്പോള്‍ ഒരു സൈക്കോളജിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ സഹായം വേണ്ടിവരും. ലഘുവായ വിഷാദത്തിന് മനഃശാസ്ത്രഞ്ജര്‍ ചെയ്യുന്ന കൊഗ്‌നറ്റീവ് തെറാപ്പി ഗുണകരമാണ്. കടുത്ത വിഷാദരോഗത്തില്‍ രോഗി ആത്മഹത്യ ചെയ്യാനുള്ള പ്രവണത കൂടുതലാണ്. അതിന് മരുന്നും ഷോക്ക് ചികിത്സയും ആവശ്യമായി വരുന്നു.

ശാസ്ത്രീയ രീതികളിലൂടെ പ്രശ്‌നം അപഗ്രഥിച്ച് വിഷാദത്തില്‍നിന്ന് മോചനം നല്‍കാന്‍ ശരിയായ ചികിത്സതന്നെ രോഗിക്ക് ലഭ്യമാക്കണം. ചിന്തകള്‍ പോസിറ്റീവ് ദിശയിലാകുന്നതോടെ വ്യക്തിയുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം സംഭവിക്കുന്നതാണ്.

വ്യക്തി കൂടുതല്‍ ആത്മവിശ്വാസം നേടിയെടുക്കുകയും പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാതെ അവയെ ധൈര്യത്തോടെ നേരിടാനുള്ള പ്രാപ്തി കൈവരുകയും ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW