Friday, June 21, 2019 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 03.53 PM

നല്ല മാതാപിതാക്കളാകാം

'' നല്ല അച്ഛനമ്മമാര്‍ ആകാന്‍ ഓരോ മാതാപിതാക്കളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ''
uploads/news/2019/02/288488/parenting160219a.jpg

മക്കളെ എങ്ങനെ നേര്‍വഴിക്ക് നയിക്കാമെന്നാണ് മാതാപിതാക്കളുടെയും ചിന്ത. എന്നാല്‍ തങ്ങള്‍ നല്ല മാതാപിതാക്കളാണോ എന്ന് അവര്‍ വിലയിരുത്താറില്ല. മികച്ച രക്ഷകര്‍ത്താവാകുക എന്നത് ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ്. എന്നാല്‍ ഇതിനുള്ള ശ്രമം പലപ്പോഴും മാതാപിതാക്കള്‍ക്കുതന്നെയോ അല്ലെങ്കില്‍ മക്കള്‍ക്കോ അമിത സമ്മര്‍ദ്ദത്തിന് കാരണമാകാറുണ്ട്. എന്നാല്‍ അധികാരം പ്രയോഗിക്കാതെയോ അമിതഭാരം ചുമക്കാതെയോ ഒരു നല്ല രക്ഷകര്‍ത്താവാകാന്‍ കഴിയും.

വിലക്കുകളരുതേ


അത് ചെയ്യരുത്, അവിടെപ്പോകരുത്, അങ്ങനെ ചെയ്യണം... തുടങ്ങി അനവധി വിലക്കുകളാണ് കുട്ടികള്‍ക്ക്. സ്വന്തം കുട്ടിയാണ്, അവന്റെ അല്ലെങ്കില്‍ അവളുടെ സുരക്ഷയെ ഓര്‍ത്ത് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകും, അത് സ്വാഭാവികമാണ്. എന്നാല്‍ അതിനായി എപ്പോഴും അവരുടെ പിറകേ നടക്കരുത്. ഒരു അതിര്‍ത്തി വരച്ച് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. അവരുടെ പാഷന്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക അതാണ് ഉത്തമം.

ചിറകരിയല്ലേ...


എന്തിന്റേയും അടിസ്ഥാനം സ്വാതന്ത്ര്യമാണ്. ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം പരിധിയില്ലാത്ത സ്വാതന്ത്ര്യം സ്വര്‍ഗതുല്യമാണ്. കളിപ്പാട്ടങ്ങള്‍ സ്വന്തമായി എടുക്കാനും കളികഴിഞ്ഞ് സൂക്ഷിച്ചു വയ്ക്കാനും ഭക്ഷണം സ്വയം എടുക്കാനും ചിലപ്പോള്‍ പ്ലേറ്റ് കഴുകാന്‍ വരെ തീരെ ചെറുപ്പം തൊട്ട് ചിലര്‍ താല്‍പര്യപ്പെടും. ഉത്തരവാദിത്തമുണ്ടാകാനും സ്വന്തം കാലില്‍ നില്‍ക്കാനും കുട്ടികള്‍ക്ക് എന്നും തുണയാകുന്ന കാര്യമാണിത്. ഏറ്റവും ചുരുങ്ങിയത് സ്വന്തം കാര്യമെങ്കിലും സ്വയം ചെയ്യാന്‍ അവരെ ശീലിപ്പിക്കാം. രണ്ടു വയസ്സാകുമ്പോള്‍ തന്നെ ഇതാരംഭിക്കാം. അവരാല്‍ കഴിയുന്നത് മാത്രം കുട്ടിയെക്കൊണ്ട് ശീലിപ്പിച്ചാല്‍ മതി.

അയ്യോ കുഞ്ഞല്ലേ എന്നുകരുതി അതൊന്നും തടയാന്‍ ചെല്ലരുത്. സ്വാതന്ത്ര്യബോധമുള്ള കുട്ടികളുടെ ലക്ഷണമാണ് അത്. വലുതാകുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കാനും ഉത്തരവാദിത്തം കൂടാനും ഇത്തരം ശീലങ്ങള്‍ ഉപകരിക്കും. അതിന് കുട്ടികളെ പ്രാപ്തരാക്കുക.

uploads/news/2019/02/288488/parenting160219b.jpg

എന്തിനും പരിഹാരമോതരുത്


കുട്ടി എന്തു പ്രശ്നം പറഞ്ഞാലും അതിന് ഉടന്‍ പരിഹാരവുമായി ഓടുന്നത് നല്ലതല്ല. സ്വന്തമായി പരിഹാരങ്ങള്‍ കണ്ടെത്താന്‍ കുട്ടികളെ ശീലിപ്പിക്കുക. നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വാശിപിടിച്ച് കരഞ്ഞേക്കാം. എന്നാല്‍ അമ്മയോ അച്ഛനോ മൈന്‍ഡ് ചെയ്യില്ല എന്നു കണ്ടാല്‍ ചില ചെറിയ പ്രശ്നങ്ങള്‍ക്ക് അവര്‍ തന്നെ സ്വയം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. ചെറിയ പ്രായത്തില്‍ തന്നെ കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചാല്‍ വളരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാറ്റം വലുതായിരിക്കും.

അച്ചടക്കം ശിക്ഷയല്ല


കുട്ടികളെ അച്ചടക്കത്തോടെ വളര്‍ത്തണം എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അച്ചടക്കത്തിന് ഒരു ശിക്ഷയുടെ സ്വഭാവം അരുത്. അത് നെഗറ്റീവ് ഫലമുണ്ടാകും. പല സിനിമകളിലും കടുത്ത ചിട്ടയില്‍ കുട്ടികളെ വളര്‍ത്തുന്നതു കണ്ടിട്ടില്ലേ? ശുദ്ധ മണ്ടത്തരമാണത്. ഒരു ദിവസം രാവിലെ എണീക്കാന്‍ വൈകി എന്നു പറഞ്ഞ് കുട്ടികളെ പൊതിരെ തല്ലുന്നവരുണ്ട്. ഇനിയത് ആവര്‍ത്തിക്കാതിരിക്കാനാണെന്ന ന്യായം പറഞ്ഞാണത്. അതിന്റെയെല്ലാം ദുഷ്ഫലം അവന്‍ വലുതാകുമ്പോഴാണ് ലഭിക്കുക. മറിച്ച് എങ്ങനെ പെരുമാറണം എന്ന് അവന് മാതൃക കാണിക്കുക.

കുട്ടികള്‍ക്കൊപ്പം കളിക്കാം


എന്ത് കളിയായാലും അവനോ അവളോ തെരഞ്ഞെടുക്കട്ടെ. നിങ്ങള്‍ അവരോടൊത്ത് സ്ഥിരം കളിക്കുന്ന ശീലമുണ്ടാക്കുക. അതിന് നഷ്ടപ്പെടുന്ന സമയത്തെക്കുറിച്ചൊന്നും ഒരു വേവലാതിയും വേണ്ട.

അച്ഛന്‍മാരുടെ ശ്രദ്ധയ്ക്ക്


നിര്‍ബന്ധമായും അച്ഛന്‍ കുട്ടികള്‍ക്കൊപ്പം എന്നും കുറച്ച് സമയം ചിലവഴിക്കണം, ഇത് വളരെ പ്രധാനമാണ്. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് അച്ഛനോടൊപ്പം സ്ഥിരമായി വിവിധ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ സ്‌കൂളില്‍ മികച്ച രീതിയില്‍ പെരുമാറുന്നുവെന്നാണ്. ഇതുമൂലം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടാനും ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനും അവര്‍ക്ക് കൂടുതല്‍ ആര്‍ജ്ജവം ലഭിക്കും.

ഭക്ഷണത്തിനുമേല്‍ യുദ്ധമരുത്


തീന്‍മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബം, കുട്ടികള്‍ ഭക്ഷണം മുഴുവന്‍ കഴിക്കാതെ എഴുന്നേറ്റ് പോകുമ്പോള്‍ അവരോട് മല്ലിടുന്ന മാതാപിതാക്കള്‍. സിനിമകളിലെ സ്ഥിരം സീനാണ് ഇത്. എന്നാല്‍ ഇതിന്റെ പേരില്‍ വെറുതെ അവരോട് വഴക്കിടാന്‍ പോകരുത്. പ്ലേറ്റില്‍ ഭക്ഷണം ബാക്കിവച്ച് കുട്ടികള്‍ എഴുന്നേറ്റ് പോകുമ്പോള്‍ വഴക്കുണ്ടാക്കരുത്. ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭക്ഷണം പാഴാക്കുന്ന ദുശീലത്തെക്കുറിച്ചും സാവധാനത്തില്‍ അവരെ പറഞ്ഞുമനസിലാക്കാം.
uploads/news/2019/02/288488/parenting160219c.jpg

സമ്പാദ്യശീലം വളര്‍ത്തുക


എത്ര ചെറിയ തുക ആയാലും കുട്ടികളെ അവ സൂക്ഷിച്ച് ശേഖരിച്ച് വയ്ക്കാന്‍ ശീലിപ്പിക്കുക. അല്‍പം മുതിര്‍ന്നാല്‍ ഒരു ബാങ്ക് അക്കൗണ്ട് തന്നെ തുടങ്ങാം. കുട്ടികള്‍ക്ക് സഹായകമായ ഒട്ടേറെ സമ്പാദ്യ പദ്ധതികളും പല ബാങ്കുകളും തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് പണത്തിന്റെ മൂല്യം കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ സഹായിക്കും. ഒരു പക്ഷേ നിങ്ങളുടെ കുട്ടിക്ക് ജീവിതത്തിലുടനീളം സഹായകരമാകാന്‍ നിങ്ങള്‍ തുടങ്ങിവയ്ക്കുന്ന സമ്പാദ്യ ശീലത്തിലൂടെ സാധിക്കും.

ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുക


ലക്ഷ്യബോധം കുട്ടികളില്‍ ഉണ്ടാക്കുകയാണ് ഒരു രക്ഷകര്‍ത്താവിന് ചെയ്യാവുന്ന ഏറ്റവും വലിയ കടമ. അതും സ്വന്തം ലക്ഷ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ കുട്ടിയുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ തിരിച്ചറിയുക. അതിലേക്കെത്താന്‍ എന്തെല്ലാം ചെയ്യണമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ഇതിലൂടെ കുട്ടിയെ ജീവിതത്തില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് സഹായിക്കാനാകും. ഒരിക്കല്‍ ലക്ഷ്യബോധമുണ്ടാക്കാന്‍ സഹായിച്ചാല്‍ പിന്നെയുള്ള വഴി കുട്ടിക്ക് സ്വയം കണ്ടെത്താനുമാകും.

പുസ്തകങ്ങള്‍ വായിച്ചുനല്‍കുക


ജനിച്ചു വീഴുമ്പോള്‍ത്തൊട്ട് കുട്ടികള്‍ക്ക് അച്ഛനമ്മമാരുടെ ശബ്ദം കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്. നല്ല പുസ്തകങ്ങള്‍ അവര്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ അവരോടൊപ്പം ഇരുന്ന് വായിക്കുക. അത് അവരുടെ ജീവിതരീതി തന്നെ മാറ്റിമറിക്കും. ഇതൊരു നിസ്സാര കാര്യമായി കാണരുത്. പുസ്തകം വായിച്ച് നല്‍കുന്നത് കൊണ്ട് ഗുണങ്ങള്‍ പലതാണ്. കുട്ടികളും മാതാപിതാക്കളും തമ്മില്‍ ഏറെ സമയം ചെലവഴിക്കപ്പെടുന്നു.

പുസ്തകവായന രണ്ടു പേര്‍ മാത്രം ഉള്‍ക്കൊള്ളുന്ന സമയമായതിനാല്‍ ബന്ധം ദൃഢമാകാനും സഹായിക്കുന്നു. മാത്രമല്ല പഠനത്തിലും കുട്ടികളെ ഇത് ഏറെ സഹായിക്കും. 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സ്വയം വായിക്കുന്നതിലും മനസിലാക്കാന്‍ എളുപ്പം മറ്റൊരാള്‍ വായിച്ച് നല്‍കുമ്പോഴാണ്. ഇത് കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കും.

അനഘ

Ads by Google
Saturday 16 Feb 2019 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW