Wednesday, March 06, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 01.45 PM

രത്‌ന പ്രഭയില്‍ നായിക; ഇറാനില്‍നിന്ന് മലയാളിയുടെ ഹൃദയം കീഴടക്കാനെത്തിയ റീം കാദം

''ആദ്യമായി അഭിനയിച്ച മലയാള സിനിമയിലൂടെ പ്രേക്ഷകരുടെയും സിനിമ നിരൂപകരുടെയും ശ്രദ്ധ നേടിയെടുത്ത ഇറാനിയന്‍ അഭിനേത്രി റീം കാദം പുരസ്‌കാര നിറവില്‍ ശോഭിക്കുകയാണ്...''
uploads/news/2019/02/288463/ciniINWrimkadaham160219.jpg

ജനിച്ചത് ഇറാനില്‍, അഭിനയകലയോടുള്ള ഇഷ്ടം എത്തിച്ചത് തീയേറ്റര്‍ വേദികളിലേക്ക്, അഭിനയിച്ചത് ഒരേയൊരു മലയാള സിനിമയില്‍... റീം കാദം എന്ന അഭിനേത്രിയുടെ ജീവിതം ഒരു സിനിമ പോലെ തന്നെ വിസ്മയമാണ്. നവല്‍ എന്ന ജുവല്‍ എന്ന ഒരു സിനിമ കൊണ്ട് മാത്രം പ്രേക്ഷക ഹൃദയം കീഴടക്കിയ റീമിന്റെ വിശേഷങ്ങളിലേക്ക്...

പുരസ്‌കാര നിറവിലാണല്ലോ ?


അതെ, സിനിമ ഇറങ്ങിയപ്പോള്‍ സത്യത്തില്‍ ഇത്രേം അംഗീകാരങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ നാട്ടില്‍ മാത്രമല്ല അന്താരാഷ്ര്ട തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാന്‍ ഈ സിനിമയൊരു കാരണമായി. വളരെ സന്തോഷമുണ്ട്. ആംസ്റ്റര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിംമേക്കര്‍ ഫെസ്റ്റിവലില്‍ ബെസ്റ്റ് ലീഡ് ആക്ട്രസ്, കല്‍ക്കട്ട ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കേരള സ്‌റ്റേറ്റ് ഫിലിം ക്രിട്ടിക് അവാര്‍ഡ് എന്നിവയൊക്കെ കിട്ടി. അമേരിക്ക, ഇറ്റലി, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നൊക്കെ നല്ല ഫീഡ്ബാക്കാണ്.

ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇറ്റലിയിലെ മിലന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഡല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലടക്കം പലതിലും നോമിനേഷന്‍ വന്നു.

അതിലൊക്കെയുപരി മലയാളിയല്ലാത്ത ഞാന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയിലെ കഥാപാത്രത്തിന് അന്തര്‍ദേശീയ തലത്തില്‍, പ്രത്യേകിച്ച് എെന്റ നാട്ടില്‍ അംഗീകാരം കിട്ടുന്നു എന്നതില്‍ കവിഞ്ഞൊരു സന്തോഷമുണ്ടോ.

uploads/news/2019/02/288463/ciniINWrimkadaham160219a.jpg

നവലിനെ കുറിച്ച് ?


അന്തര്‍ദേശിയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാന്‍ ഈ സിനിമ കാരണമായി. ഇന്ത്യയില്‍ നിന്ന് കിട്ടിയ റെക്കഗ്‌നീഷന്‍ എന്റെ കരിയറിനെ അത്രയും സഹായിച്ചു. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല വൈകാരിക തലത്തില്‍ കൂടിയും ഈ കഥാപാത്രം കടന്നു പോകുന്നു.

ലൈഫ് ഓഫ് പൈയിലൂടെ ഹോളിവുഡിലടക്കം ശ്രദ്ധിക്കപ്പെട്ട ആദില്‍ ഹുസൈന്‍, മലയാളത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ശ്വേതാ മേനോന്‍, കേരള സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ അഞ്ജലി, മികച്ച അഭിനേതാവായ സുധീര്‍ കരമന എന്നിവരടങ്ങുന്ന വലിയ ടീം എന്നിലെ അഭിനേത്രിയുടെ വളര്‍ച്ചക്ക് ഒരുപാടു സഹായിച്ചു. അഭിനേത്രിയെന്ന നിലയില്‍ ഒരു കഥാപാത്രത്തിന്റെ ആത്മാവ് തൊട്ടറിയാന്‍ ഈ കഥാപാത്രം സഹായിച്ചു.

വെള്ളിത്തിരയെ പണ്ട് മുതലേ സ്‌നേഹിച്ചിരുന്നോ ?


വെള്ളിത്തിര എന്നുമെനിക്കൊരു പാഷനാണ്. നാലു വയസ്സുള്ളപ്പോള്‍ എന്നിലെ കലാകാരിക്ക് ജീവന്‍ വച്ചു. നാലാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ സിന്‍ഡ്രല്ലയായി വേദിയിലെത്തി. എട്ടാം ഗ്രേഡില്‍ അതായത് 14 വയസുള്ളപ്പോള്‍ ഞാനത് സീരിയസ്സാക്കി. പക്ഷേ ഒരു പരമ്പരാഗത മിഡില്‍ ഈസ്‌റ്റേണ്‍ കുടുംബത്തില്‍ വളര്‍ന്ന എന്നെ ഡോക്ടര്‍, വക്കീല്‍ എന്നീ പ്രൊഫഷനിലേക്ക് തിരിച്ചു വിടാനായിരുന്നു വീട്ടുകാര്‍ക്ക് ഇഷ്ടം.

എങ്കിലും എനിക്ക് പഠനത്തെക്കാള്‍ താല്പര്യം. അഭിനയകലയായിരുന്നു. അങ്ങനെ ഞങ്ങളുടെ സ്‌കൂളിലെ ഡ്രാമ ടീച്ചര്‍ വഴി അഭിനയം പഠിച്ചു. പല വേദികളിലും നിറഞ്ഞു നിന്നു.

അതിനു ശേഷം അമേരിക്കന്‍ അഭിനേത്രിയും പല ഹോളിവുഡ് അഭിനേതാക്കളുടെയും പരിശീലകയുമായ സ്‌റ്റെല്ല അഡ്‌ലറിെന്റ ശിഷ്യന്‍ ക്യാരി സ്‌കോട്ടിനൊപ്പം പക്വതയുള്ള തലങ്ങള്‍ പഠിച്ചു. അവിടെ വച്ച് ഇന്നത്തെ ഹോളിവുഡ് അഭിനേതാക്കളില്‍ പലരും സുഹൃത്തുക്കളായി.

uploads/news/2019/02/288463/ciniINWrimkadaham160219b.jpg

എനിക്ക് കരിയര്‍ ബ്രേക്കിന് കാരണവും അവിടുത്തെ പഠനമാണ്. 18 വയസ്സില്‍ ആദ്യ ടി.വി ഷോ ചെയ്തു. എങ്കിലും കരിയറിന്റെ തുടക്കത്തില്‍ ശരിക്കും സ്ട്രഗിള്‍ ചെയ്തു. മാതാപിതാക്കളോടുള്ള സ്‌നേഹവും എനിക്ക് മുന്നില്‍ പലതവണ കൊട്ടിയടച്ച സിനിമ വാതിലുകളുമൊക്കെ പലപ്പോഴും തളര്‍ത്തിയിട്ടുണ്ട്.

അപ്പോഴൊക്കെ ആക്ടിംഗിനോടുള്ള പാഷനാണ് ശക്തി നല്‍കിയത്. നന്നായി കഷ്ടപ്പെട്ടാണ് ഒരു മുന്‍ഗാമികളുമില്ലാത്ത ഞാന്‍ ഈ ഫീല്‍ഡില്‍ പിടിച്ചു നിന്നത്. അത് അവസാനം വിജയത്തില്‍ എത്തി.

സ്‌ക്രീന്‍ റൈറ്റായി അവാര്‍ഡ് നേടിയതും ബി.എഫ്.എ ബിരുദം നേടിയതും മികച്ച സിനിമകളുടെ ഭാഗമായതുമൊക്കെ വലിയ അനുഗ്രഹങ്ങളാണ്. മാതാപിതാക്കള്‍ എന്നെക്കുറിച്ചോര്‍ത്ത് ഇപ്പോള്‍ അഭിമാനിക്കുന്നുണ്ട്. ഞാന്‍ തെരഞ്ഞെടുത്ത വഴി ശരിയായിരുന്നു എന്നവര്‍ സന്തോഷത്തോടെ പലരോടും പറയുന്നു.

എന്റെ വലം കൈയായി, ഒരു വലിയ ശക്തിയായി ഒപ്പം നില്‍ക്കുന്ന എന്റെ മാനേജറും സുഹൃത്തുമൊക്കെയായ വലേറി മാക്കഫ്‌റേയടക്കമുള്ളവരും ഇപ്പോഴെെന്റ ഉയര്‍ച്ചയില്‍ ഏറെ അഭിമാനിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയാണ് ഏറ്റവും വലിയ ഭാഗ്യങ്ങള്‍. അവരുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതിനുള്ള കാരണങ്ങള്‍.

ജീവിതത്തില്‍ അഭിമാനം തോന്നിയ നിമിഷം ?


ഈ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയ നിമിഷം. ഭാഷ കൊണ്ടും അഭിനയതലം കൊണ്ടും എന്നെ കൂടുതല്‍ വളര്‍ത്താന്‍ ഈ കഥാപാത്രത്തിന് കഴിഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി ഒരു ദിവസത്തിലെ 12 മണിക്കൂര്‍ വരെ മലയാളം പഠിക്കാന്‍ മാറ്റി വച്ചു, അവധിദിവസങ്ങള്‍ ആസ്വദിക്കാതെ കഥാപാത്രത്തിനായി തയ്യാറെടുത്തു...അതൊക്കെ പൂര്‍ണ്ണതയിലെത്തിയത് ഈ അവാര്‍ഡ് കിട്ടിയപ്പോഴാണ്.
uploads/news/2019/02/288463/ciniINWrimkadaham160219c.jpg

ഞാന്‍ നവല്‍ എന്ന ജുവലില്‍ ചെയ്ത കഥാപാത്രമായ റെയ്‌നഹ് ജബ്ബാരി എന്ന യഥാര്‍ത്ഥ വ്യക്തിക്ക് അവാര്‍ഡ് സമര്‍പ്പിക്കാനാണ് എനിക്കിഷ്ടം. ഇറാനില്‍ തന്നെ റേപ്പ് ചെയ്ത ഓഫീസറുമായുള്ള മല്‍പിടുത്തതില്‍ ജീവന്‍ ബലി നല്‍കിയ അവര്‍ക്കാണ് എന്റെ ആ അവാര്‍ഡ്. കൊല്ലപ്പെടും മുന്‍പ് തന്റെ അമ്മയ്ക്ക് വേണ്ടി റെയ്‌നഹ് പാടുന്ന പാട്ടാണ് എന്നെ ആ സിനിമയില്‍ കൂടുതല്‍ ടച്ച് ചെയ്തത്.

ആ പാട്ടിന്റെ വരികള്‍ക്കും അവാര്‍ഡ് കിട്ടിയിരുന്നു. ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുന്നത് കൊണ്ട് സാധാരണ ജനങ്ങളിലേക്ക് ഈ സിനിമ ഇതുവരെ എത്തിയിട്ടില്ല. അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ കണ്ട ശേഷം ഒരുപാട് നല്ല ഓഫറുകള്‍ എനിക്ക് വരുന്നുണ്ട്.

കേരളത്തെക്കുറിച്ചും മലയാളസിനിമയെക്കുറിച്ചും ?


കേരളം നൊസ്റ്റാള്‍ജിയ തന്നെയാണ്. സിനിമ പ്രൊമോഷനു വേണ്ടി വന്നപ്പോഴും ഞാന്‍ കുറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആലപ്പുഴയിലെ കായല്‍സവാരി, കപ്പയും മീന്‍കറിയുമടക്കമുള്ള സ്‌പൈസി ഫ്‌ളേവറുള്ള ഭക്ഷണം, അതിരപ്പള്ളി വെള്ളച്ചാട്ടം ഒക്കെ ശരിക്കും വിസ്മയങ്ങളാണ്.

നവല്‍ എന്ന ജുവല്‍ എന്ന സിനിമയുടെ ഭാഗമായപ്പോള്‍ ശ്വേതാ മേനോനടക്കമുള്ള നല്ല മലയാള സുഹൃത്തുക്കളെയും കിട്ടി. ന്യൂ ഡല്‍ഹിയിലെ ആദില്‍ ഹുസൈെന്റ വീട്ടിലും പോയപ്പോള്‍ കിട്ടിയ സ്‌നേഹസ്വീകരണവും മറക്കാനാവില്ല.

കേരളത്തില്‍ എന്റെ മുഖം പതിഞ്ഞ പല ഹോര്‍ഡിംഗുകള്‍ കണ്ടതും പ്രെസ്സ് മീറ്റുകളും ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടവും അഭിമുഖങ്ങളുമൊക്കെ ശരിക്കും ആസ്വദിച്ചു. നല്ല ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ചിട്ടുണ്ട് കേരളം. ഒരിക്കലും പ്രതീക്ഷിക്കാതെ എത്തിയ മലയാള സിനിമ ഒരേ സമയം അംഗീകാരവും പ്രചോദനവും ഉത്തരവാദിത്തവുമാണ്.

വേര്‍സ്റ്റാലിറ്റിയുള്ള നല്ല സിനിമകളുടെ ഭാഗമാകാനാണ് എനിക്കിഷ്ടം. മലയാളം കുറച്ചൊക്കെ ബുദ്ധിമുട്ടി പഠിച്ചു. നവല്‍ എന്ന കഥാപാത്രത്തെ മനസിലാക്കാന്‍ അതെന്നെ ഒരുപാട് സഹായിച്ചു.

uploads/news/2019/02/288463/ciniINWrimkadaham160219d.jpg

മലയാള സിനിമകള്‍ കാണാറുണ്ടോ ?


ചിലതൊക്കെ കണ്ടു. മോഹന്‍ലാല്‍ അഭിനയിച്ച മണിച്ചിത്രത്താഴാണ് എനിക്കതില്‍ ഏറെ ഇഷ്ടപെട്ടത്. നല്ല കഥയും മോഹന്‍ലാലടക്കമുള്ളവരുടെ മികച്ച അഭിനയവുമാണതില്‍. മലയാളസിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പലരും എന്നോട് ആ സിനിമ കാണുന്നത് അഭിനേത്രിയെന്ന നിലയില്‍ ഉചിതമാകുമെന്നു പറഞ്ഞിരുന്നു.

ഞാന്‍ ഭാഗമായ ഒരു ഭാഷയിലെ കൂടുതല്‍ സിനിമകള്‍ കാണണമെന്നുണ്ട്. ഹിന്ദി സിനിമകളും കാണാന്‍ ശ്രമിക്കുന്നു. ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കെ ആണതില്‍ ഏറ്റവും ഇഷ്ടപെട്ടത്.

കാത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ?


വോഹ് ലംഹേ യാദ് ആയേ എന്ന ബോളിവുഡ് മ്യൂസിക് ആല്‍ബം ഇപ്പോള്‍ ചെയ്തു. നല്ല സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, ആഴത്തിലുള്ള കഥാപാത്രം എല്ലാം ചെയ്യണം.

ഹോളിവുഡില്‍ എന്റെ റോള്‍ മോഡലായ മെറില്‍ സ്ട്രീപ്പിെന്റയൊപ്പമൊരു കഥാപാത്രം, എന്റെ അമ്മയെയും എന്നെയും ഒരുപോലെ സ്വാധീനിച്ച ഒരു കഥ ഞാന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന രീതിയില്‍ ചെയ്യണം, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യണം... അങ്ങനെ സിനിമ സ്വപ്‌നങ്ങള്‍ പലതുമുണ്ട്.

ലക്ഷ്മി ബിനീഷ്
ജി. വിപിന്‍കുമാര്‍

Ads by Google
Saturday 16 Feb 2019 01.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW