Friday, June 28, 2019 Last Updated 13 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 04.14 PM

കരുണയുടെ കൈത്താങ്ങ്...

''ഒറ്റപ്പെട്ടു പോകുന്നവരുടെ അഭയകേന്ദ്രമാണ് ഹെല്‍പ്പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്‍... സേവന വഴിയില്‍ മുന്നിട്ടിറങ്ങി ആയിരങ്ങള്‍ക്ക് കരുണയുടെ കൈത്താങ്ങായി മാറുന്ന ജോളി ജോണ്‍സന്റെ ജീവിതത്തിലൂടെ... ''
uploads/news/2019/02/288241/jollyjonsion150219.jpg

തിരിച്ചറിവായ കാലം മുതല്‍ ജോളി എന്ന പെണ്‍കുട്ടിയ്ക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. വലുതാകുമ്പോള്‍ ഒരു കന്യാസ്ത്രീ ആകണം. കാരണം ചോദിച്ചാല്‍ അവള്‍ക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, മറ്റുള്ളവരെ സഹായിക്കണം. കന്യാസ്ത്രീ ആകണമെന്ന ആ പെണ്‍കുട്ടിയുടെ സ്വപ്നം പല കാരണങ്ങള്‍ കൊണ്ട് നടപ്പായില്ല. പക്ഷേ ആ കുപ്പായമണിയാതെ തന്നെ സേവനത്തിന്റെ പാതയില്‍ അവളിറങ്ങി.

സേവനം ജീവിതാഭിലാഷമായി കണ്ടിരുന്ന ആ പെണ്‍കുട്ടി വളര്‍ന്നതിനനുസരിച്ച് അവളുടെ സ്വപ്നങ്ങളും വളര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ മേനംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയിലൂടെ ഇന്ന് ആയിരങ്ങള്‍ക്ക് കരുണയുടെ കൈത്താങ്ങൊരുക്കുകയാണ് ജോളി ജോണ്‍സണ്‍.

കേരളത്തില്‍ അങ്ങോളമിങ്ങോളമായി 12000 ല്‍ അധികം വോളന്റിയ ര്‍മാര്‍ പ്രവര്‍ത്തിക്കുന്ന ണ്ണ2മ്പ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹെല്‍പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്റെ സാരഥിയാണിന്ന് ജോളി. സേവനത്തിന്റെ പാതയിലൂടെയുള്ള ജീവിതയാത്രയെക്കുറിച്ച് ചോദിച്ചാല്‍ ജോളി ആ പഴയ എട്ടാം ക്ലാസുകാരി യുടെ ഓര്‍മ്മകളിലേക്ക് മടങ്ങും.

സേവനത്തിന്റെ ആദ്യ പാഠങ്ങള്‍


കന്യാസ്ത്രീ ആകണമെന്നത് കുട്ടിക്കാലത്ത് എപ്പോഴോ മനസില്‍ കയറിക്കൂടിയ ഒരാഗ്രഹമായിരുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള ഇഷ്ടം കാരണം ആ കുപ്പായത്തോട് വല്ലാത്ത ഇഷ്ടമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് യാദൃശ്ചികമായി അമ്മയ്‌ക്കൊപ്പം അമ്മയുടെ സുഹൃത്തിന്റെ വീട്ടില്‍ പോയി. അവിടെ സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു കുട്ടിയെ കണ്ടു. എന്റെ തലയില്‍ ചൂടിയിരുന്ന ബോയിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവന്‍. അവള്‍ക്ക് അത് വേണമെന്ന് പറയാന്‍ പറ്റുന്നില്ലെങ്കിലും ആ കണ്ണുകളില്‍ ആ ഇഷ്ടം പ്രകടമായിരുന്നു.
uploads/news/2019/02/288241/jollyjonsion150219a.jpg

എന്റെ അമ്മയും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും കാണാതെ ആ ഹെയര്‍ ബോ അവള്‍ക്ക് നല്‍കി. അന്ന് അവളുടെ മുഖത്തു കണ്ട സന്തോഷം എട്ടാം ക്ലാസുകാരിയായ എന്നില്‍ ഉണ്ടാക്കിയ ആത്മസംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ആ കുട്ടിക്ക് വീല്‍ചെയര്‍ വാങ്ങിക്കൊടുക്കാനും കഴിഞ്ഞു. ഒരു ഹെയര്‍ ബോ കിട്ടിയപ്പോള്‍ ആ പെണ്‍കുട്ടിയുടെ മുഖത്തു കണ്ട സന്തോഷം തന്ന സംതൃപ്തി തന്നെയാണ് പിന്നീടുള്ള ഓരോ സേവന പ്രവര്‍ത്തനങ്ങള്‍ക്കും എന്നെ പ്രേരിപ്പിച്ചത്.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പോക്കറ്റ് മണി ലക്ഷ്യമിട്ട് ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി. ട്യൂഷന്‍ പഠിക്കാന്‍ വന്ന കുട്ടികളുടെ ജീവിതാവസ്ഥ അടുത്തറിഞ്ഞതോടെ പോക്കറ്റ് മണിയുടെ കാര്യം ഞാന്‍ മറന്നു. പിന്നീട് സൗജന്യമായി ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി. സാമ്പത്തികമായി കൈയില്‍ ഒന്നുമില്ലാത്ത പത്താം ക്ലാസുകാരിയെ സംബന്ധിച്ചെടുത്തോളം അത് നല്‍കിയ സംതൃപ്തിയും ചെറുതല്ലായിരുന്നു. പഠിക്കുന്ന കാലത്ത് സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ പറ്റുന്ന സാഹചര്യങ്ങളെല്ലാം ഞാന്‍ കണ്ടെത്തിയിരുന്നു.

ഓള്‍ സെയിന്‍സ് കോളജിലായിരുന്നു ഡിഗ്രി കാലം. ക്രിസ്മസ്്‌ന്യൂഇയര്‍ കാലഘട്ടങ്ങളില്‍ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് നടത്താറുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഒരിക്കല്‍ സാന്ത്വന എന്ന വൃദ്ധസദനത്തില്‍ പോകാനിടയായി. അവിടെയെത്തിയ എന്നെ കണ്ട മാത്രയില്‍ ഒരമ്മ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു. ആദ്യം കാരണം അറിഞ്ഞിരുന്നില്ല.

കുറെ കഴിഞ്ഞാണ് അമ്മ പറഞ്ഞത് എനിക്ക് ആ അമ്മയുടെ മകളുടെ മുഖഛായ ആണെന്ന്. ഏഴുവര്‍ഷക്കാലം അമ്മയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചശേഷം വൃദ്ധസദനത്തിലാക്കിയ സ്വന്തം മകളെക്കുറിച്ചാണ് പിന്നീട് അമ്മ സംസാരിച്ചത്. മകളോടുള്ള അമ്മയുടെ സ്‌നേഹം അപ്പോഴും കണ്ണുകളില്‍ കാണാമായിരുന്നു.

ആ സംഭവങ്ങളൊക്കെ എന്റെ ജീവിതത്തില്‍ വലിയ തിരിച്ചറിവുകള്‍ ആയി മാറുകയായിരുന്നു. പിന്നീട് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഞാന്‍ സാന്ത്വനയിലെ നിത്യസന്ദര്‍ശകയായി. അവിടുത്തെ അമ്മമാര്‍ക്കൊപ്പം സമയം ചിലവിടാനും ഭക്ഷണം കഴിക്കാനും ഒക്കെ സമയം കണ്ടെത്തി.

uploads/news/2019/02/288241/jollyjonsion150219b.jpg

വെട്ടുകാട് പള്ളിയിലെ നൂല്, പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഭസ്മം അതൊക്കെയായിരുന്നു ആ അമ്മമാരുടെ ആവശ്യവും ആഗ്രഹവും. അവര്‍ക്കൊപ്പം ചെലവിടുന്ന സമയങ്ങളില്‍ അവരില്‍നിന്ന് കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങള്‍ എന്റെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാനും അവരുടെ വേദനയറിയാനും ഞാന്‍ ശീലിച്ചു.

അച്ഛന്റെയും അമ്മയുടെയും രണ്ട് ചേട്ടന്മാരുടെയും ഒപ്പം പ്രൊട്ടക്ടീവ് ആയി വളര്‍ന്ന എനിക്ക് ആദ്യകാലത്ത് ഇഷ്ടപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനും പരിമിതികളുണ്ടായിരുന്നു. പക്ഷേ എന്റെ സ്വപ്നം നേടിയെടുക്കാന്‍ അതൊന്നും പിന്നീട് തടസമായില്ല.

സിവില്‍ സര്‍വീസ് പ്രിപ്പയര്‍ ചെയ്യണം എന്ന മോഹം പിന്നീടാണ് ഉണ്ടാകുന്നത്. അതിനിടയില്‍ റോട്ടറി യൂത്ത് വിങ്ങും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. നൂറിലധികം പ്രോജക്ടുകള്‍ അതിനൊപ്പം ചേര്‍ന്ന് നടപ്പിലാക്കാന്‍ കഴിഞ്ഞു. സംഘടനാപരമായി പ്രവര്‍ത്തിക്കുന്ന കാര്യത്തിലും നേതൃത്വം നല്‍കുന്ന കാര്യത്തിലും ആ അനുഭവങ്ങളായിരുന്നു എനിക്ക് അടിത്തറയൊരുക്കിയത്.

സ്വന്തം വീട്ടിലെ സ്വപ്ന പദ്ധതി


മറ്റുള്ളവരെ സഹായിക്കാന്‍ സ്വന്തമായി നിലനില്‍പ്പ് ഉണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. പി. ആര്‍ ഓഫിസര്‍, എച്ച്. ആര്‍ ഓഫിസര്‍, ജനറല്‍ മാനേജര്‍, ബാങ്ക് ഉദ്യോഗസ്ഥ തുടങ്ങി പല പല ജോലികള്‍ ചെയ്തു. 35 ലക്ഷം രൂപ സേവ് ചെയ്യണം, അതുകൊണ്ട് സ്വന്തമായി ഒരു കുഞ്ഞുവീട് ഉണ്ടാക്കണം, അവിടെ ആരോരുമില്ലാത്ത 15 കുട്ടികള്‍ക്ക് അഭയം കൊടുക്കണം...

അങ്ങനെയൊക്കെയായിരുന്നു എന്റെ സ്വപ്നം. 2012ല്‍ ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അമ്മയ്ക്ക് അസുഖം ആയതിനെ തുടര്‍ന്ന് ഒരുവര്‍ഷം ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ എന്റെ വിവാഹവും കഴിഞ്ഞു. വളരെ സപ്പോര്‍ട്ടീവ് ആയ വ്യക്തിയായിരുന്നു ജോ. ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ എന്തിന് വൈകിപ്പിക്കണം, അതൊക്കെ ഇപ്പോള്‍ തന്നെ ആയിക്കൂടെ എന്ന ചോദ്യം ഉണ്ടായതും അദ്ദേഹത്തില്‍ നിന്നാണ്.

മുഴുവന്‍ സമയ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയായതും ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരിക്കണം. പണ്ട് എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട കുട്ടിയുടെ സ്വാധീനം അപ്പോഴും എന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി ഒരു ഡേ കെയര്‍ എന്ന ആശയമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്നത്.

uploads/news/2019/02/288241/jollyjonsion150219c.jpg

ഗുരുക്കന്മാരായി കണ്ടിരുന്നവരുടെ ഉപദേശം തേടിയപ്പോഴാണ് അതിനൊപ്പം ഓട്ടിസം ബാധിച്ച കുട്ടികളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

എച്ച് 2 ഒ ജനിക്കുന്നത് അങ്ങനെയാണ്. ആരോരുമില്ലാത്ത അമ്മമാര്‍ക്ക് കൂടി അഭയം കൊടുക്കാന്‍ പിന്നീട് തീരുമാനിച്ചു. ഹെല്‍പിംഗ് ്ഹാന്‍ഡ് ഓര്‍ഗനൈസേഷനില്‍ നാള്‍ക്കുനാള്‍ അംഗബലം കൂടിവന്നു. അതിനനുസരിച്ച് കൈയിലുള്ള സമ്പാദ്യം കുറയാനും തുടങ്ങി.

ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീര്‍ന്നു. എച്ച് 2 ഒയുടെ പേരില്‍ ഒരു പ്രമോഷന്‍ പരിപാടികളും ഞാന്‍ നടത്തിയിരുന്നില്ല അതുകൊണ്ടുതന്നെ സ്‌പോ ണ്‍സര്‍ഷിപ്പുകളോ മറ്റു വരുമാനങ്ങളോ ലഭിക്കാറില്ലായിരുന്നു.

സമ്പാദ്യമെല്ലാം തീര്‍ന്നതോടെ എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യം പലപ്പോഴും എനിക്കുമുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ തടസ്സങ്ങള്‍ ഉണ്ടാവാതെ ഈ കാലമത്രയും പിടിച്ചുനില്‍ക്കാന്‍ സാധിച്ചു. എന്‍.ജി.ഒ എന്ന ആശയവുമായി മുന്നിട്ടിറങ്ങുന്ന എല്ലാവരെയും ആദ്യം സംശയത്തോടെ നോക്കുന്ന സമൂഹമാണ് ഇന്നുള്ളത്.

സംഘടനയിലൂടെ സ്വാര്‍ത്ഥ ലാഭം ലക്ഷ്യമിടുന്നവരും ഉണ്ടാകാം. പക്ഷേ ഞാന്‍ തുടങ്ങിവച്ച ചുവടുകളെ സംശയത്തോടെ നോക്കിയിരുന്നവരെല്ലാം ഇന്ന് സഹായവുമായി എന്നെ തേടി വരുന്നുണ്ട്. സത്യസന്ധമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാന്‍ സമൂഹത്തിന് ആറുവര്‍ഷം വേണ്ടിവന്നു എന്നതാണ് സത്യം.

uploads/news/2019/02/288241/jollyjonsion150219d.jpg

നീളുന്നു, സഹായഹസ്തം


തിരുവനന്തപുരം മേനംകുളത്ത് വാടക കെട്ടിടത്തിലാണ് എച്ച് 2 ഒ ആദ്യമായി ആരംഭിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ അംഗ ബലത്തോടെ സേവന രംഗത്തുണ്ട്. അതോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെ വഴുതക്കാട് മറ്റൊരു സ്റ്റഡി സെന്റര്‍ കൂടി ആരംഭിച്ചു. വളരെ മെച്ചപ്പെട്ട റിസള്‍ട്ടാണ് ഈ വണ്‍ ടു വണ്‍ സെന്ററില്‍ നിന്നും ലഭിക്കുന്നത്.

ഹെല്‍പിങ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്റെ ഏറ്റവും വലിയ പിന്‍ബലം ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍മാരാണ്. നിലവില്‍ 12000 ല്‍ അധികം വോളണ്ടിയര്‍മാരാണ് കേരളത്തിലങ്ങോളമിങ്ങോളം എച്ച് 2 ഒ യുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.

ഒരു സ്റ്റാഫ് പോലുമില്ലാതെയാണ് ഇത്രയും വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും. സേവന പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ മോട്ടിവേറ്റ് ചെയ്യുക എന്നതുതന്നെയാണ് ലക്ഷ്യം. നിലവില്‍ മീ ദ ചെയ്ഞ്ച് എന്ന ക്യാമ്പയിനില്‍ കേരളത്തിലുടനീളം നടക്കുകയാണ്.

നന്മയുള്ള ഒരു പ്രവര്‍ത്തി ചെയ്യുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണത്. ഞാന്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഈ ക്യാമ്പയിനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അത്രത്തോളം ആളുകള്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞു. അത്രയേറെ നന്മയുള്ള പ്രവര്‍ത്തികളും ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നു.

ഭിന്നശേഷിക്കര്‍ക്ക് ഒരു ഓര്‍മ്മദിനം സമ്മാനിക്കുന്ന സ്‌പെഷ്യല്‍ കാര്‍ണിവല്‍, പരിമിതികളില്‍ തളച്ചിടപ്പെടുന്നവരെ സ്വാതന്ത്ര്യത്തിന്റെ ലോകത്ത് പറക്കാന്‍ പ്രേരിപ്പിക്കുന്ന ബാര്യര്‍ ഫ്രീ കൈറ്റ്‌സ് ഡേ, വയോധികര്‍ക്കായി നടപ്പിലാക്കുന്ന സഞ്ജീവനി പദ്ധതി, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ഞങ്ങള്‍ നടപ്പിലാക്കിയത്.

uploads/news/2019/02/288241/jollyjonsion150219e.jpg

കുട്ടികള്‍ക്കിടയില്‍ പൗരാവകാശവും പൗരബോധവും വളര്‍ത്തുന്നതിന് വേണ്ടിയുള്ള പദ്ധതികളും ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ട്. ഭിന്നശേഷിക്കര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശിശുസൗഹാര്‍ദ്ദ പദ്ധതികളിലൂടെയും കഠിനംകുളം പഞ്ചായത്തിനെ മാതൃകാ പഞ്ചായത്ത് ആക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി പോലുള്ള രോഗം ബാധിച്ച കുട്ടികള്‍ക്ക് സ്വന്തം കാര്യം സ്വയം ചെയ്യാനുള്ള പ്രാപ്തി വരുത്തുന്നതിനു വേണ്ടിയുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും എച്ച് 2 ഒ ഏറ്റെടുത്തിട്ടുണ്ട്.

മാസങ്ങള്‍ക്കുമുന്‍പ് കേരളത്തില്‍ ഒന്നടങ്കം നാശം വിതച്ച പ്രളയത്തില്‍ നിന്ന്കരകയറാത്ത ദുരിതബാധിതര്‍ക്കായി ഇപ്പോഴും സേവനപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിലവില്‍ ഹെല്‍പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. സ്വന്തമായി ഒരു കെട്ടിടം എന്നത് ബാക്കിയുള്ള ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇവിടെ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒരു മോഡല്‍ വില്ലേജ് എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നംം.

ഹെല്‍പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുടക്കം വരാതെ മുന്നോട്ടു പോകാന്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി മാത്രമാണ് ജോളി ഇപ്പോള്‍ ജീവിതം മാറ്റിവച്ചിരിക്കുന്നത്. പ്രതിസന്ധികള്‍ എത്ര തന്നെ ഉണ്ടായാലും സേവന വഴിയിലൂടെയുള്ള തന്നെ യാത്ര തുടരുമെന്ന ദൃഢനിശ്ചയത്തോടെ ജോളി യാത്ര തുടരുകയാണ്. കരുണയുടെ കൈത്താങ്ങുമായി...!

ദീപു ചന്ദ്രന്‍

Ads by Google
Friday 15 Feb 2019 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW