Saturday, May 18, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 01.22 PM

പ്രണയം: ന്യൂജനറേഷന് പറയാനുള്ളതെന്ത് ?

''കാലമെത്ര മാറിയാലും ഈ ലോകമുള്ളിടത്തോലം പ്രണയവുമുണ്ടാകും. കാലത്തിനൊത്ത ചില മാറ്റങ്ങളുണ്ടാകുമെന്ന് മാത്രം. ഇന്നത്തെ തലമുറയുടെ പ്രണയസങ്കല്‍പ്പങ്ങളെന്താണെന്നോ? ''
uploads/news/2019/02/287960/valentinesdaysurvey-2019.jpg

പ്രണയദിനം മുതല്‍ അടുത്ത പ്രണയദിനം വരെപോലും ആയുസില്ലാത്ത പ്രണയങ്ങളാണിന്നേറെയും. ഫെബ്രുവരി 14 വാലന്റൈന്‍ ദിനത്തില്‍ സമ്മാനിക്കുന്ന പനിനീര്‍ പുഷ്പത്തിന്റെ ഇതളുകള്‍ കൊഴിയും മുമ്പേ കൊഴിയുന്ന പ്രണയങ്ങളുണ്ടത്രേ, ഇത്തരം സാഹസങ്ങളെ പ്രണയമെന്ന് വിളിക്കാനാകുമോ? എങ്കിലും പ്രണയ ദിനമടുക്കുമ്പോള്‍ സമ്മാനങ്ങള്‍ക്കും ആശംസകള്‍ക്കും യാതൊരു കുറവുമില്ല. ന്യൂജനറേഷന്റെ പ്രണയം വെറും പ്രഹസനം മാത്രമാണെന്നാണ് പൊതുവെയുള്ള വിശ്വാസം.

ന്യൂജനറേഷന്‍ പ്രണയങ്ങളുടെ പ്രധാന ഇടനിലക്കാരനാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെ പൂവിടുന്ന ഒട്ടുമിക്ക പ്രണയങ്ങളും ശുഭകരമായല്ല അവസാനിക്കുന്നത് എന്നുമാത്രം. ഇന്നത്തെ തലമുറയുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചുവോ? യുവഹൃദയങ്ങളില്‍ നിന്ന് അനശ്വര പ്രണയം മരിച്ചുവോ? കന്യക നടത്തിയ അന്വേഷണത്തിലൂടെ...

ന്യൂജന്‍ പ്രണയ സങ്കല്‍പ്പങ്ങള്‍


ന്യൂജന്‍ പ്രണയത്തിലെ സത്യസന്ധതയെക്കുറിച്ചായിരുന്നു കൂത്താട്ടുകുളം പുതുവേലി മാര്‍ കുര്യാക്കോസ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ആര്യ എസ് നായര്‍ക്ക് പറയാനുണ്ടായിരുന്നത്.

ഇന്ന് പ്രണയമെന്നത് വെറും നേരമ്പോക്ക് മാത്രമാണ്. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും പരിചയപ്പെടുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു. ദിവസങ്ങള്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ആ ബന്ധം ബ്രേക്കപ്പാകുന്നു. അത്ര ആയുസേയുള്ളൂ ഇന്നത്തെ പ്രണയങ്ങള്‍ക്ക്. ഇന്നത്തെ തലമുറ സ്നേഹബന്ധത്തില്‍ പ്രത്യേകിച്ച് പ്രണയത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ആത്മാര്‍ത്ഥമായ ഒരു റിലേഷന്‍ഷിപ്പുമിന്നില്ല. ന്യൂജന്‍ പ്രണയം വെറും നേരംപോക്കാണ്.

uploads/news/2019/02/287960/valentinesdaysurvey-2019a.jpg

സോഷ്യല്‍ മീഡിയയിലൂടെ പുതിയ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കുകയും ശിഥിലമാവുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്കടക്കമുള്ള നവമാധ്യമങ്ങളിലൂടെ ഒരേ സമയം ഒന്നിലേറെ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. ഫേസ്ബുക്ക് പ്രണയത്തോട് എനിക്കും യോജിക്കാനാവില്ല. അതിനെത്രമാത്രം ആയുസ്സും ആത്മാര്‍ത്ഥതയുമുണ്ടാകും? വെറും ചാറ്റിംഗിലൂടെ മാത്രം പരിചയപ്പെട്ടവര്‍ക്കിടയിലുള്ള പ്രണയത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. ഏതെങ്കിലും ഫേസ്ബുക്ക് പ്രണയം വിവാഹത്തിലെത്തിയതായി കേട്ടിട്ടുണ്ടോ?

പ്രണയത്തില്‍ ആണ്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കുന്നതെന്ന് കൃത്യമായി പറയാനാവില്ല. അത് ഓരോ വ്യക്തികളുടേയും സ്വഭാവത്തേയും സാഹചര്യത്തേയും ആശ്രയിച്ചിരിക്കും. ഇന്ന് കേള്‍ക്കുന്ന ബ്രേക്കപ്പ് കഥകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉത്തരവാദികളാണ്..

ദ ആര്‍ട്ട് ഓഫ് തേപ്പ്


പെണ്‍കുട്ടികളെ മാത്രം തേപ്പുകാരായി കാണേണ്ടതില്ലെന്ന അഭിപ്രായമാണ് ബംഗലൂരു സെന്റ് ജോസഫ് കോളജിലെ ഒന്നാം വര്‍ഷ എം.എ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥി അലിഷ നിഷ അലക്സിന്റെ അഭിപ്രായം.

എന്റെ അഭിപ്രായത്തില്‍ പരസ്പര വിശ്വാസവും കെയറും ആത്മാര്‍ത്ഥതയും വേണ്ട ഒന്നാണ് പ്രണയം. സ്നേഹവും കെയറുമെല്ലാം പരസ്പരം കിട്ടുന്നിടത്തേ മനോഹരമായൊരു പ്രണയമുണ്ടാകൂ.

പ്രണയത്തില്‍ ആണ്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കുന്നതെന്ന് പറയാനാവില്ല. ചില സാഹചര്യങ്ങളില്‍ പ്രണയം ഉപേക്ഷിക്കേണ്ടതായി വരും. എല്ലാ വശങ്ങളും ചിന്തിച്ചശേഷമാണ് ഇന്നത്തെ തലമുറ റിലേഷന്‍ഷിപ്പിലാകുന്നത്. അവരൊന്നും പ്രണയം വെറും ടൈംപാസായി കാണുമെന്നും തോന്നുന്നില്ല.

സോഷ്യല്‍ മീഡിയ പ്രണയത്തോടു യോജിക്കാനാവില്ല. ഒരാളെ കാണാതെ, മനസിലാക്കാതെ അയാള്‍ പറയുന്ന കാര്യങ്ങള്‍ മാത്രം വിശ്വസിച്ച് പ്രണയിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നേ ഞാന്‍ പറയൂ. നേരിട്ടറിയാവുന്ന പ്രണയിതാക്കളില്‍ പോലും ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാവാറുണ്ട്. പിന്നെങ്ങനെ ഒരു പരിചയമില്ലാത്തൊരാളെ കണ്ണുംപൂട്ടി വിശ്വസിക്കും? അവര്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ പ്രശ്നങ്ങളുണ്ടാകുമെന്ന് ഉറപ്പല്ലേ?

പ്രണയത്തേക്കാള്‍ ആഘോഷമാക്കുന്ന മറ്റൊരു വാക്കാണ് തേപ്പ്. പ്രണയം വേണ്ടെന്ന് വച്ചാല്‍ ഉടനെ കേള്‍ക്കാം അവള്‍ തേച്ചെന്ന്. സത്യത്തില്‍ പെണ്‍കുട്ടികള്‍ മാത്രമാണോ പ്രണയത്തില്‍ നിന്ന് പിന്മാറുന്നത്. അല്ലെന്നാണ് എന്റെ അഭിപ്രായം. എന്റെ സുഹൃത്തുക്കളില്‍ ആണും പെ ണ്ണും പ്രണയം വേണ്ടെന്ന് വച്ചിട്ടുണ്ട്. പെ ണ്‍കുട്ടികള്‍ പിന്മാറുമ്പോള്‍ ആണ്‍കുട്ടികളത് കൊട്ടിഘോഷിക്കുന്നു.

uploads/news/2019/02/287960/valentinesdaysurvey-2019c.jpg

അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് തേപ്പുകാരിക ള്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയത്. പെണ്‍കുട്ടികളാകട്ടെ, സങ്കടമെല്ലാം മനസിലൊതുക്കി വീട്ടുകാരെ അനുസരിച്ച് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്നു. കൂടുതല്‍ കരിയര്‍ ഓറിയന്റഡായി ചിന്തിക്കുന്നതുകൊണ്ടാണ് പ്രണയത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് എനിക്ക് തോന്നുന്നത്..

പ്രണയമെന്നും അനശ്വരം


കാലമെത്ര മാറിയാലും അനശ്വരമായ പ്രണയം എന്നുമുണ്ടാകുമെന്നാണ് അഞ്ചല്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ബി.എഡ് വിദ്യാര്‍ത്ഥിനിയായ ശ്രീപ്രിയ പറയുന്നത്.

പ്രണയിക്കപ്പെടുമ്പോഴാണ് ആണും പെണ്ണും ഏറ്റവുമധികം പരസ്പരം സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും. അവര്‍ക്കിടയില്‍ ചെറിയൊരു പ്രശ്നമുണ്ടായാല്‍പ്പോലും അതവര്‍ക്ക് ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. പ്രണയ ബന്ധങ്ങള്‍ കൂടുതല്‍ നാള്‍ നിലനില്‍ക്കാത്തതിന്റെ പ്രധാന കാരണവും ഇതു തന്നെ.

നവ മാധ്യമങ്ങളുടെ സ്വാധീനവും എടുത്തുപറയേണ്ട ഒന്നാണ്, ടി.വിയുടെയും ഇന്റര്‍നെറ്റിന്റെയുമൊക്കെ ആരാധകരായതുകൊണ്ടുതന്നെ ഇന്നത്തെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വന്തം വ്യൂ പോയിന്റുണ്ട്. കാമുകിയുമായി ബൈക്കില്‍ ചുറ്റി നടക്കണമെന്നാണ് ഒട്ടുമിക്കവരുടെയും ചിന്ത. പഠിച്ച് ജോലി വാങ്ങി പ്രണയിനിയെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടണമെന്ന് ചിന്തിക്കുന്നവര്‍ കുറവാണ്.

പൊതുവെ സത്യസന്ധമായ പ്രണയത്തെ സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. കാലമെത്ര മാറിയാലും എന്തൊക്കെ ടെക്നോളജികള്‍ വന്നാലും അനശ്വരമായ പ്രണയം നിലനില്‍ക്കും..

വേഗതയേറിയ പ്രണയം


പഴയ കാല പ്രണയത്തിനും ന്യൂെജന്‍ പ്രണയത്തിനും രസകരമായൊരു ഉപമ നല്‍കിയത് സീ കേരള ചാനലിലെ സീനിയര്‍ പ്രൊഡക്ഷന്‍ മാനേജരായ എസ്. ഉണ്ണിലാലാണ്. പണ്ടത്തെ പ്രണയങ്ങള്‍ ആനവണ്ടി പോലെയും ഇന്നത്തെ പ്രണയം സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പോലെയുമാണ്. ഇന്നേറെയും ഇന്‍സ്റ്റന്റ് പ്രണയങ്ങളാണ്. ചെറിയ കാര്യങ്ങളില്‍ ഇഷ്ടവും പിണക്കവും തോന്നും. അതുകൊണ്ട് തന്നെ ശക്തമായൊരു പ്രണയമായിരിക്കില്ല. പ്രണയം നീര്‍ക്കുമിള പോലാണ്.

ഏപ്പോള്‍ വേണമെങ്കിലും ഇല്ലാതാകാം. ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി കഷ്ടപ്പെടാനോ കാത്തിരിക്കാനോ ഉള്ള മനസ്ഥിതി ഇന്നില്ല. പണ്ടത്തെ പ്രണയങ്ങള്‍ മനോഹരമായ അനുഭവമാണെന്ന് പറയാം, പ്രണയമെന്നതിലുപരി അവര്‍ക്കിടയില്‍ വളരെ വലിയൊരു ബോണ്ടിങ്ങുണ്ട്. വളരെ ആഴത്തിലുള്ള ബന്ധമായിരിക്കുമത്.

uploads/news/2019/02/287960/valentinesdaysurvey-2019d.jpg

ഇന്നത്തെ പ്രണയങ്ങള്‍ വിശുദ്ധമാണെന്ന് പറയാനാവില്ല. ന്യൂജനറേഷനില്‍പ്പെട്ടവരെല്ലാം തന്നെ സെല്‍ഫി പ്രേമികളാകുന്നതിന്റെ കാരണമെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? എല്ലാവരും അവനവനെ തന്നെ കൂടുതല്‍ സ്നേഹിക്കുന്നതാണ് കാരണം. ഇന്നെല്ലാവരും ജീവിതം ആസ്വദിക്കണമെന്നാഗ്രഹിക്കുന്നവരാണ്. അതിനിടയില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാനൊന്നും സമയമില്ല. പണ്ടങ്ങനെയല്ല കാമുകിയുടെ/കാമുകന്റെ കത്തിനുവേണ്ടി ദിവസങ്ങളോളം കാത്തിരിക്കും. ഒന്നു കാണാന്‍ മാസങ്ങളോളം നീണ്ട കാത്തിരിപ്പ് വേണ്ടി വരും.

എന്നാലിന്നോ വീഡിയോ കോളടക്കമുള്ള സൗകര്യങ്ങളുടെ സഹായത്താല്‍ പരസ്പരം കണ്ട് സംസാരിക്കും. എന്നിട്ടുപോലും ബന്ധങ്ങളുടെ ദൃഢത കുറഞ്ഞു വരികയാണെന്നാണ് എന്റെ അഭിപ്രായം.

ഫീല്‍ ഫ്രീ ടു കമ്മ്യൂണിക്കേറ്റ്, ഇന്നത്തെ തലമുറ പ്രണയത്തില്‍ ആഗ്രഹിക്കുന്നതിതാണ്. പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള സ്പേസ് അവര്‍ക്കിടയിലുണ്ടാകണം. പ്രണയിക്കുന്നവര്‍ പരസ്പരം ഏറ്റവും നല്ല സുഹൃത്തുക്കളായിരിക്കണം. ചങ്ക് ബ്രോസ് എന്നു പറയുന്ന ആളായിരിക്കണം എന്റെ പാട്ണര്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഇന്നത്തെ പ്രണയത്തിന്റെ ഗുണമെന്താണെന്നുവച്ചാല്‍ ഒരുമിച്ചൊരു ജീവിതമാണെങ്കിലും ബ്രേക്കപ്പാണെങ്കിലും പെട്ടന്നുതന്നെ തീരുമാനമാകുമെന്നതാണ്. പണ്ടൊക്കെ പ്രണയത്തിന് വേണ്ടി ഒരുപാട് നാളുകള്‍ കാത്തിരിക്കണമായിരുന്നു. അങ്ങനെ വര്‍ഷങ്ങളോളം കാത്തിരുന്ന് പ്രണയിച്ചവരെ എനിക്കറിയാം. ഒരു ദിവസത്തെ ചാറ്റിംഗില്‍ പരിചയപ്പെട്ട് പിറ്റേ ദിവസം പ്രണയത്തിലായി അടുത്ത ദിവസം ഒരുമിച്ച് സിനിമ കണ്ട് തൊട്ടടുത്ത ആഴ്ച വിവാഹം കഴിച്ചവരേയും ഞാന്‍ കണ്ടിട്ടുണ്ട്.

മാംസനിബദ്ധമല്ല അനുരാഗം എന്ന രീതിയും മാറിയിട്ടുണ്ട്. പ്രണയത്തില്‍ എല്ലാ വികാരങ്ങളും കടന്നുവരാറുണ്ട്. നമ്മളെല്ലാവരും യൂറോപ്യന്‍ സംസ്‌ക്കാരത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ, അപ്പോള്‍ എല്ലാ കാര്യത്തിലും മാറ്റങ്ങളുണ്ടാകും. പക്ഷേ എല്ലാവരുമങ്ങനെയല്ല, സൈമണ്‍ ബ്രിട്ടോയുടെ ജീവിതത്തില്‍ പ്രണയത്തിന് മാത്രമേ സ്ഥാനമുള്ളൂ. ഇന്നാണെങ്കില്‍ മായാനദിയില്‍ പറഞ്ഞപോലെ സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്്എന്ന ചിന്താഗതിയാണ് പലര്‍ക്കും. പിന്നെ തേപ്പ്. പ്രണയം തുടങ്ങിയ കാലംമുതല്‍ ചതിയുമുണ്ടായിട്ടുണ്ട്. ഉണ്ണിയാര്‍ച്ചയുടെ കാര്യം തന്നെ നോക്കൂ.

സ്നേഹം വിശുദ്ധമാണെന്നും പാവനമാണെന്നുമുള്ള അടിയുറച്ച ചിന്തകള്‍ക്ക് മാറ്റം വരുത്തേണ്ടതില്ല. എന്നാല്‍ എന്നെങ്കിലും എപ്പോഴെങ്കിലും ആരെങ്കിലുമൊക്കെ ഈ സ്നേഹത്തില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുമ്പോള്‍ അവര്‍ വെറുക്കപ്പെട്ടവരാകുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ നിലവിലെ പ്രണയനിയമങ്ങള്‍ മാറ്റിയെഴുതേണ്ടിയിരിക്കുന്നു.

നിയമാവലികള്‍ പാലിക്കേണ്ട ഒന്നല്ല പ്രണയമെന്ന്, സ്നേഹവും കാമവും അതില്‍ അലിഞ്ഞു ചേരുമെന്ന്, ജീവിതത്തിന്റെ നേരാണ് പ്രണയമെന്ന് ഉറക്കെ വിളിച്ചു പറയണം. പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും വേണം. പിരിഞ്ഞു പോകാന്‍ തോന്നുന്ന പ്രണയത്തെ പോകാന്‍ അനുവദിക്കണം. നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്നൊരാളെ കണ്ടുമുട്ടും വരെ തേടുക തന്നെ വേണം.

uploads/news/2019/02/287960/valentinesdaysurvey-2019e.jpg

അവസാനിക്കാത്ത പ്രണയം


തിരുവനന്തപുരത്ത് വി.ആര്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയ നടത്തുന്ന വിഷ്ണുവിന് പ്രണയത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.

എന്റേത് പ്രണയ വിവാഹമായിരുന്നു. അന്നുമിന്നും പ്രണയത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അന്നത്തെ പ്രണയവും ഇന്നത്തേതും തമ്മില്‍ ടെക്‌നിക്കലി ഒരുപാട് വ്യത്യാസമുണ്ട്. ഞങ്ങള്‍ പ്രണയിക്കുന്ന സമയത്തൊക്കെ പെണ്‍കുട്ടികള്‍ മൈബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്ന കാഴ്ചപ്പാടാണുണ്ടായിരുന്നത്. ഇന്നാ അവസ്ഥ മാറി, ആശയ വിനിമയം കുറേക്കൂടി എളുപ്പമായെങ്കില്‍പ്പോലും പ്രണയത്തിന് തീവ്രത കുറവാണ്. എന്നാല്‍ ഇന്റിമസി കൂടുതലാണ്. ഇന്നത്തെ കുട്ടികളൊക്കെ വെളുപ്പിന് രണ്ട്, മൂന്ന് മണിവരെയൊക്കെ പെയറിനോട് സംസാരിച്ചുകൊണ്ടിരിക്കും. അതിന്റെയൊരു പോസിറ്റീവ് വശമെന്താണെന്ന് വച്ചാല്‍ അവര്‍ക്ക് പരസ്പരം മനസിലാക്കാമെന്നതാണ്.

എനിക്ക് അഭിപ്രായവ്യത്യാസമുള്ള കാര്യമെന്താണെന്നുവച്ചാല്‍ പെണ്‍കുട്ടികളെ തേപ്പുകാരായി ചിത്രീകരിക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ മാനസിക വളര്‍ച്ച കൂടുതലാണ്. അവര്‍ ഇന്റലക്ച്വലായിട്ടാണ് ചിന്തിക്കുന്നത്. വീട്ടുകാരേയും സഹോദരങ്ങളുടെ ഭാവിയെക്കുറിച്ചുമെല്ലാം ഓര്‍ക്കുമ്പോള്‍ അവര്‍ ചിലപ്പോഴെങ്കിലും പ്രണയത്തില്‍ നിന്ന് പിന്മാറും. അവര്‍ ആഴത്തില്‍ ചിന്തിച്ചിട്ടായിരിക്കും അങ്ങനൊരു തീരുമാനമെടുക്കുന്നത്. സ്‌നേഹിക്കുന്ന പെണ്‍കുട്ടി തന്റേത് മാത്രമായിരിക്കണമെന്നും തനിക്കൊപ്പം ഇറങ്ങി വരണമെന്നുമാണ് ആണ്‍കുട്ടികള്‍ ചിന്തിക്കുന്നത്.

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയാല്‍ അവളെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. പണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ ആ ണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തേക്കാം. ഇന്നോ അവരത് ആഘോഷമാക്കുന്നു. മാക്‌സിമം പബ്ലിസിറ്റി കൊടുക്കുന്നു. ഇത് പെണ്‍കുട്ടികളെ നെഗറ്റീവായി ബാധിക്കുമെന്നതില്‍ സംശയമില്ല. കാരണം അവര്‍ മറ്റൊരു വീട്ടില്‍ മറ്റൊരാളോടൊപ്പം പുതിയൊരു ജീവിതം തുടങ്ങുകയായിരിക്കും.

പ്രണയിക്കുന്നവര്‍ക്കിടയില്‍ നല്ലൊരു ബന്ധമാണുള്ളതെങ്കില്‍ അവന് ഒരിക്കലുമവളെ ദ്രോഹിക്കാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്..
സ്നേഹിക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ ആത്മാര്‍ത്ഥതയും കാണിക്കുക. അവനവനെ തന്നെ വഞ്ചിച്ചുകൊണ്ട് ആരുമാരെയും സ്നേഹിക്കാതിരിക്കുക.

ഒടുവില്‍ പരാജയപ്പെട്ടാല്‍, അഭിനയിക്കേണ്ടി വരുമെന്ന് തോന്നുന്നതിനും ഒരു നിമിഷം മുമ്പേ വിട പറഞ്ഞേക്കുക. കാരണം ഒരുപാടുനാള്‍ കണ്ടും സംസാരിച്ചും ചേര്‍ന്നിരുന്നും തന്നെയാണ് ഒരാളെയറിയുക. ഇഷ്ടമില്ലായ്മകള്‍ പെരുകുമ്പോള്‍ അവ മനസ്സിലൊതുക്കി രണ്ടു പേരുടെയും ജീവിതം നരകതുല്യമാക്കുന്നതിനേക്കാള്‍ നല്ലത് പിരിയുന്നതല്ലേ? അതില്‍ പരസ്പരം കുറ്റപ്പെടുത്തേണ്ടതില്ല.

പ്രണയം ആണിനും പെണ്ണിനും


ഒറ്റ നോട്ടത്തിലോ, കൗതുകത്തിന്റെ പുറത്തോ, സ്ത്രീയിലുള്ള എന്തെങ്കിലും ഒരു ആകര്‍ഷക ഘടകത്തിന്റെ പുറത്തോ പുരുഷന് പ്രണയം തോന്നി തുടങ്ങാമെങ്കിലും, സ്ത്രീക്ക് അത്ര വേഗം പ്രണയം തോന്നി തുടങ്ങില്ലെന്നാണ് കണ്ടു വരുന്നത്.

ചില സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് തന്നെ സ്ത്രീക്ക് തിരിച്ചും പ്രണയം തോന്നുമെങ്കിലും മിക്കപ്പോഴും പുരുഷന്റെ സാമീപ്യവും കരുതലും ആസ്വദിച്ച് തന്നോട് ശരിക്കും പ്രണയമാണെന്ന് ബോധ്യപ്പെടുന്ന തലത്തിലെവിടെയോ ആണ് അവള്‍ തിരികെ പ്രണയിച്ച് തുടങ്ങുന്നത്. സ്വയമറിയാതെ തന്നെ എവിടെയോ വച്ച് അയാളെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു എന്ന് അവള്‍ തിരിച്ചറിയുകയാണ് ചെയ്യുക.

uploads/news/2019/02/287960/valentinesdaysurvey-2019b.jpg

പുരുഷന്റെ പ്രണയം സ്വാഭാവികമായി വളരുന്ന ഒരു ചെടി പോലെയാണ്. പതിയെ വളര്‍ന്ന് ഒരില വന്ന് അല്‍പ്പം പൊക്കം വച്ച് സാവകാശത്തില്‍ വീണ്ടും ഇലകള്‍ വന്നു പൂക്കളും കായ്കളും വരുന്ന പ്രണയം. പ്രണയ മീറ്ററില്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങി സ്റ്റെഡിയായി മുമ്പോട്ട് പോകുന്ന അവസ്ഥ. സ്പീഡും തീവ്രതയും കൂടുന്നതും പതിയെ ആയിരിക്കും. പക്ഷെ അപ്പോഴേക്കും അങ്ങേയറ്റം തീവ്രതയിലെത്തി നില്‍ക്കുന്ന സ്ത്രീയെ മനസ്സിലാക്കാന്‍ തന്നെ ചിലപ്പോള്‍ അവന്‍ പാടുപെടും.

ഇവള്‍ക്ക് പെട്ടന്ന് എന്ത് പറ്റി, ഇവളെന്താണിങ്ങനെ എന്ന് ചിന്തിച്ച് തുടങ്ങുന്നിടത്ത് പൊരുത്തക്കേടുകളും തുടങ്ങുകയായി. അത്ര പ്രണയമാണെന്ന് പറഞ്ഞിട്ട് തന്നെ ഒന്ന് വിളിച്ചില്ല, കാണണമെന്ന് പറഞ്ഞില്ല തുടങ്ങിയ പരിഭവങ്ങള്‍ കാമുകിയുടെ ഭാഗത്ത് നിന്നും ആരംഭിക്കുകയായി. അവനോടുള്ള അദമ്യമായ പ്രണയത്തില്‍ നിന്നാണ് ഇങ്ങനെ പറയുകയും പെരുമാറുകയും ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ അവനു കഴിയില്ല; അവന്‍ നില്‍ക്കുന്ന ലെവല്‍ മനസ്സിലാക്കാന്‍ സ്ത്രീക്കും കഴിയാറില്ല.

പ്രണയം പകയാകുമ്പോള്‍


കഴിഞ്ഞ വര്‍ഷം കേരളത്തില്‍ അരങ്ങേറിയ ര ണ്ട് പ്രണയ പ്രതികാര പ്രകടനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. കോട്ടയത്ത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ചു കത്തിച്ച ശേഷം ആത്മഹത്യ ചെയ്ത യുവാവ്, കൊച്ചിയില്‍ യുവതിയെ വെട്ടിയ മറ്റൊരു യുവാവ്.

ഓര്‍മ്മവച്ച കാലം മുതല്‍ എന്റെ പെണ്ണ് എന്റെ പെണ്ണിനെ തൊട്ടാല്‍ എന്ന് ആക്രോശിച്ച് ആവേശം പൂണ്ടു നില്‍ക്കുന്ന നായകന്മാരെ കണ്ടാണ് നമുക്ക് ശീലം. പിറകെ നടന്നു വളെച്ചാടിക്കലും അവകാശം സ്ഥാപിക്കലും ഒക്കെ അതിന്റെ ഭാഗം മാത്രം. അവിടെയും പെണ്‍കുട്ടിയുടെ അഭിപ്രായത്തെക്കാള്‍ വളച്ചൊടിക്കാന്‍ വന്ന നായകന്റെ മഹത്വത്തില്‍ തളര്‍ന്ന് ഒടിഞ്ഞ നായികമാരാണ് കൂടുതലും. ഈ എന്റെ പെണ്ണില്‍ല്‍ നിറഞ്ഞു നില്‍ക്കുന്ന ആണ്‍ ഈഗോ, അതാണ് പ്രശ്‌നം

ഇവിടെവിടെയാണ് പെണ്ണിന്റെ അഭിപ്രായങ്ങള്‍ക്ക്, യോജിപ്പുകള്‍ക്ക്, വിയോജിപ്പുകള്‍ക്കു സ്ഥാനം? പെണ്ണൊരു നോ പറഞ്ഞാല്‍, സത്യസന്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ എരിയുന്നതും ഈ മെയില്‍ ഈഗോ തന്നെയാണ്. ഈ ഈഗോയാണ് പെട്രോളായും കത്തിയായും രൂപന്തരപ്പെട്ടത്.ആത്മഹത്യ, ഭീഷണി തുടങ്ങി വാര്‍ത്തയാവാത്ത മറ്റു കലാപരിപാടികള്‍ വേറെയും.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW