Sunday, June 16, 2019 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 09.45 AM

ആദ്യ സിനിമയും ഗാനവും പുറത്തെത്താന്‍ കാത്തിരുന്നത് 15 വര്‍ഷം: സംഗീതം ജീവാംശമായി കൈലാസ് മേനോന്‍

''സിനിമയില്‍ കൈലാസ് മേനോന്‍ നവാഗതനാണെങ്കിലും സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് പിന്നില്‍ ഒരുപാടു വര്‍ഷങ്ങളുടെ കാത്തിരിപ്പുണ്ട്. '''
uploads/news/2019/02/287713/kailasmenon130219.jpg

ജീവാംശമായി താനേ.. 2018 ല്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റു പാടിയ ഈ ഗാനം കൈലാസ് മേനോന്‍ എന്ന സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയൊരു കാത്തിരിപ്പിന്റെ സമ്മാനമാണ്.

സംഗീത സംവിധാനരംഗത്തു 15 വര്‍ഷത്തോളം അനുഭവസമ്പത്തുണ്ടായിരുന്നിട്ടും ആദ്യ സിനിമയും ഗാനവും പുറത്തെത്താന്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്.

കൈയ്യെത്തും ദൂരത്ത് സിനിമ എന്ന സ്വപ്നം പലതവണ വഴുതിമാറിയപ്പോഴും കൈലാസ് ക്ഷമയോടെ കാത്തു. അതു വെറുതെയായില്ല, മലയാളികള്‍ക്കെന്നും മൂളിനടക്കാന്‍ ഒരു പ്രണയഗാനം സമ്മാനിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് കൈലാസ്.

വൈകിയെത്തിയ വസന്തം


സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി മ്യൂസിക്കല്‍ ആല്‍ബം ചെയ്യുന്നത്. അന്നുമുതലുള്ള ആഗ്രഹമാണ് സിനിമ. പക്ഷേ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. 10 വര്‍ഷമായി പരസ്യചിത്രങ്ങള്‍ക്ക് സംഗീതം ചെയ്യുകയായിരുന്നു. ഇതിനിടെ ചില സിനിമകള്‍ക്കുവേണ്ടി സംഗീതം ചെയ്തു.

പക്ഷേ പല കാരണങ്ങളാല്‍ ആ സിനിമകള്‍ ഇറങ്ങിയില്ല, ഇറങ്ങിയ പാട്ടുകളാകട്ടെ ശ്രദ്ധിക്കപ്പെട്ടുമില്ല. ജയരാജ് സാറിന്റെ പകര്‍ന്നാട്ടമെന്ന സിനിമയ്ക്കു പശ്ചാത്തലസംഗീതം ചെയ്തിരുന്നു. പിന്നീട് 2013 ല്‍ സ്റ്റാറിംഗ് പൗര്‍ണ്ണമി എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്തെങ്കിലും ആ സിനിമയും നടന്നില്ല.

പിന്നീടാണ് 2013 ല്‍ ഫെല്ലിനി ഒരു പരസ്യം ചെയ്യാന്‍ സമീപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെല്ലിനി എന്നെ വിളിച്ചു. സിനിമ ചെയ്യുകയാണെന്നും ഞാനാണ് സംഗീത സംവിധായകനെന്നും പറഞ്ഞു. അങ്ങനെയാണ് തീവണ്ടി യുടെ ഭാഗമാകുന്നത്.

ജീവാംശമായി...


നാലു പാട്ടുകളാണ് തീവണ്ടിയിലുള്ളത്. ആദ്യ ചര്‍ച്ചയില്‍ തന്നെ പാട്ടുകളുടെ സന്ദര്‍ഭങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഒരു ലൗ സോങ്ങുള്ളത് വളരെക്കാലം പ്രേക്ഷകരുടെ മനസില്‍ നിലനില്‍ക്കുന്ന, എപ്പോള്‍ കേട്ടാലും ഇഷ്ടപ്പെടുന്നതായിരിക്കണമെന്നും ബാക്കി മൂന്ന് പാട്ടകള്‍ ഇഷ്ടമുള്ളതുപോലെ ചെയ്തോളൂ എന്നുമാണ് പറഞ്ഞത്.
uploads/news/2019/02/287713/kailasmenon130219a.jpg

ഇപ്പോഴത്തെ പാട്ടുകള്‍ വെസ്‌റ്റേണ്‍ രീതിയിലുള്ളതാണ്. 90-2000 കാലഘട്ടത്തിനുശേഷം രാഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന വളരെ കുറച്ചു പാട്ടുകള്‍ മാത്രമേ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ. അത്തരം പാട്ടുകള്‍ക്ക് വലിയൊരു സ്പേസ് ഉള്ളതായി തോന്നി.

മലയാളികള്‍ക്കിന്നുമിഷ്ടം തൊണ്ണൂറുകളിലെ പാട്ടുകളൊക്കെയാണ്. പുതിയ പാട്ടുകള്‍ ദിവസങ്ങള്‍ മാത്രമാണ് ആളുകളുടെ മനസില്‍ തങ്ങി നില്‍ക്കുന്നത്. മലയാളിത്തമുള്ളൊരു പാട്ടാകണം എന്റേതെന്ന് തോന്നി. അങ്ങനെയാണ് ജീവാംശമായി എന്ന പാട്ടിന്റെ തുടക്കം.

സിനിമയില്‍ ഉപയോഗിച്ച ട്രാക്കായിരുന്നില്ല ആദ്യം. അത് നിര്‍മാതാവിനൊഴികെ എല്ലാവര്‍ക്കും ഇഷ്ടമായി. ഒരു തുടക്കക്കാരനെന്ന രീതിയില്‍ പ്രൊഡ്യൂസറുടെ ഇഷ്ടവും നോക്കണമല്ലോ. അങ്ങനെ മറ്റൊരു ട്രാക്ക് ചെയ്തു. പക്ഷേ ക്രൂവില്‍ പലര്‍ക്കും അതിഷ്ടമായില്ല. ഫെല്ലിനിയുടെ കോണ്‍ഫിഡന്‍സിലാണ് ആ ട്രാക്ക് സിനിമയില്‍ ഉപയോഗിച്ചത്.

പിന്നിട്ട വഴികള്‍


സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ സംഗീതം പഠിക്കാന്‍ ചേര്‍ത്തെങ്കിലും ഒരുപ്രായംവരെ സംഗീതം എനിക്കത്ര താല്‍പര്യമായിരുന്നില്ല. പിന്നീട് സംഗീതമാണെന്റെ മേഖലയെന്ന് തോന്നി, കര്‍ണ്ണാടക സംഗീതം പഠിക്കാന്‍ തുടങ്ങി.

ഞാനൊരു ട്രെയിന്‍ഡ് കീബോര്‍ഡിസ്റ്റല്ലെങ്കിലും പഠിക്കുന്ന സമയത്ത് തന്നെ കീബോര്‍ഡില്‍ സിനിമാപാട്ടുകളും സ്വന്തമായി ചെയ്ത ട്യൂണുകളുമൊക്കെ വായിക്കുമായിരുന്നു.

സിനിമയുമായി സംഗീതത്തിന് ബന്ധമുള്ളതുകൊണ്ടാണ് പിന്നീട് ഉപരിപഠനത്തിന് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ തെരഞ്ഞെടുത്തത്. സിനിമയില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കാനെത്തുന്നവരിലധികവും. അങ്ങനെയും സിനിമയുമായി ഒരു ബന്ധമുണ്ടാക്കാമെന്നോര്‍ത്തു.

uploads/news/2019/02/287713/kailasmenon130219c.jpg
കൈലാസ് മേനോന്‍ ഭാര്യ അന്നപൂര്‍ണ്ണയ്‌ക്കൊപ്പം

സംഗീതത്തില്‍ കൂടുതല്‍ അറിവ് ലഭിക്കുമെന്നതുകൊണ്ടാണ് സൗണ്ട് എന്‍ജിനീയറിംഗ് പഠിച്ചത്. വീട്ടുകാരാരും സംഗീതവുമായി ബന്ധമുള്ളവരായിരുന്നില്ല.

അതുകൊണ്ട് തന്നെ സംഗീതത്തെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുമറിയാന്‍ എനിക്ക് മുമ്പില്‍ മറ്റ് വഴികളുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ സംഗീതവുമായി ബന്ധമുള്ള മേഖലയിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കുന്നുണ്ട്.

ഇതാണ് സമയം


സിനിമയിലെത്താന്‍ വൈകിയെന്ന തോന്നലൊന്നും എനിക്കില്ല. പരസ്യചിത്രങ്ങള്‍ക്ക് സംഗീതം ചെയ്തുതുടങ്ങിയതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. 2007ല്‍ ചെയ്ത ഭീമയുടെ പരസ്യം ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ വര്‍ക്കായി. ആയിരത്തോളം പരസ്യങ്ങള്‍ക്ക് സംഗീതം നല്‍കി. കരിയറില്‍ ഒരുപാട് നേട്ടങ്ങളുണ്ടായി.

ഇതിനിടെ എന്നാണ് സിനിമ ചെയ്യുന്നതെന്ന് സുഹൃത്തുക്കളടക്കം പലരും ചോദിച്ചു. സിനിമ വലിയൊരു ഭാഗ്യം തന്നെയാണ്. ആഗ്രഹിക്കുന്ന സമയത്ത് കിട്ടിയെന്ന് വരില്ല. എനിക്കൊരു സമയമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു.

എനിക്കൊപ്പവും ശേഷവും വന്ന പുതുമുഖങ്ങള്‍ പോലും ശ്രദ്ധിക്കപ്പെട്ടു. ഒപ്പം പഠിച്ചവര്‍ പോലും നടനും സംവിധായകനും സംഗീത സംവിധായകരുമാവുന്നു. ഇനി എനിക്ക് സിനിമയില്‍ ഒരു അവസരം കിട്ടില്ലേ എന്നുപോലും തോന്നി.

ഇത്രയും വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞെന്ന നിരാശ തോന്നി. പക്ഷേ അപ്പോഴും പരസ്യ ചിത്രങ്ങള്‍ ചെയ്യുന്നതുകൊണ്ട് സംഗീതബന്ധം നിലനിന്നു പോന്നു. പരസ്യങ്ങള്‍ ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നിലനില്‍പ്പിന്റെ ഭാഗമായി ഒരവസരത്തിന് വേണ്ടി സംവിധായകരെ ആരെയെങ്കിലും സമീപിച്ചേനെ. എന്റെ വര്‍ക്ക് കണ്ടിഷ്ടപ്പെട്ട് വിളിക്കുമ്പോഴാണല്ലോ ഒരു ആത്മവിശ്വാസം തോന്നുന്നത്. ആ അപ്രോച്ച് ശരിയായിരുന്നില്ല എന്നിപ്പോള്‍ തോന്നുന്നുണ്ട്.

പത്തുവര്‍ഷം മുമ്പ് ഇന്നത്തേതുപോലെ ന്യൂജെന്‍ പരീക്ഷണങ്ങളൊന്നും സിനിമയിലില്ലല്ലോ. മുമ്പ് ഞാന്‍ സിനിമയില്‍ വന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ പാട്ടു ചെയ്ത് ഒന്നുമാകാതെ പോയേനെ. ഇപ്പോള്‍ കുറച്ചൊക്കെ എക്സ്പീരിയന്‍സായി. ഒരു സിനിമ കഴിഞ്ഞ് അടുത്തത് വരുമ്പോള്‍ കൈയിലൊന്നും ഇല്ലാത്ത അവസ്ഥ വരില്ല.

uploads/news/2019/02/287713/kailasmenon130219b.jpg
കൈലാസ് മേനോന്‍ കുടുംബത്തോടൊപ്പം

കുടുംബം


എല്ലാവരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമൊക്കെ ആകുന്ന കാലത്താണ് ഞാന്‍ ഈ ഫീല്‍ഡിലേക്ക് വരുന്നത്. എന്റെ പാഷന്‍ സംഗീതമാണെന്ന് മനസിലാക്കി എല്ലാവരും എനിക്കൊപ്പം നിന്നു. കുടുംബത്തിന്റെ സപ്പോര്‍ട്ട് ഒന്നുകൊണ്ടാണ് ഇത്രയും നാള്‍ ക്ഷമയോടെ എന്റെ ദിവസങ്ങള്‍ക്കായി കാത്തിരിക്കാന്‍ കഴിഞ്ഞത്.

അച്ഛന്‍ രാമചന്ദ്ര മേനോന്‍ ശാസ്ത്രജ്ഞനാണ്. അമ്മ ഗിരിജാ ദേവി കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ ആയിരുന്നു. ചേട്ടന്‍ എന്‍ജിനീയറാണ്. ഭാര്യ അന്നപൂര്‍ണ്ണ. അന്നപൂര്‍ണ്ണ ഇപ്പോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്.

ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ അവതാരകയുമാണ്. അവാര്‍ഡ് നൈറ്റുകളടക്കമുള്ള പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ട്. സുഹൃത്തായിരുന്ന അന്നപൂര്‍ണ്ണയ്ക്ക് എന്റെ പാട്ടുകള്‍ ഒരുപാടിഷ്ടമായിരുന്നു. എന്റെ ജീവിതസഖിയായപ്പോഴും അവള്‍ തരുന്ന സപ്പോര്‍ട്ടും മോട്ടിവേഷനുമൊക്കെ വളരെ വലുതാണ്.

പുതിയ പ്രോജക്ടുകള്‍


സുഹൃത്തുക്കള്‍ക്കൊപ്പം തന്നെയുള്ള സിനിമകളുടെ വര്‍ക്കിലാണിപ്പോള്‍. അടുത്ത പാട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നുള്ള മെസേജുകളൊക്കെ കിട്ടുന്നുണ്ട്. ആദ്യ ഗാനം എല്ലാവര്‍ക്കും ഇഷ്ടമായതുകൊണ്ട് ഇനിയൊരു പാട്ട് ചെയ്യുമ്പോള്‍ ഉത്തരവാദിത്തം കൂടുതലാണ്.

അശ്വതി അശോക്

Ads by Google
Wednesday 13 Feb 2019 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW