Wednesday, February 13, 2019 Last Updated 27 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.34 AM

ദേശീയ സ്‌കൂള്‍ സീനിയര്‍ ഗേള്‍സ്‌ അത്‌ലറ്റിക്‌ മീറ്റ്‌ , കേരളം ചാമ്പ്യന്മാര്‍

uploads/news/2019/02/287606/s1.jpg

നദിയാദ്‌: പെണ്‍കുട്ടികളുടെ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളത്തിന്‌ ഇക്കുറിയും എതിരില്ല. ഗുജറാത്തിലെ നദിയാദില്‍ നടന്ന മീറ്റില്‍ എതിരാളികളെ വ്യക്‌തമായ ആധിപത്യത്തോടെ പിന്തള്ളി കേരളം കിരീടം ചൂടി.
ഇന്നലെ സമാപിച്ച മീറ്റില്‍ ആറു സ്വര്‍ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമടക്കം 104 പോയിന്റുകള്‍ നേടിയാണ്‌ കേരളം കിരീടം നിലനിര്‍ത്തിയത്‌. രണ്ടാം സ്‌ഥാനത്തെത്തിയ തമിഴ്‌നാടിന്‌ വെറും 54 പോയിന്റുകാള്‍ മാത്രമേ സ്വന്തമാക്കാനായുള്ളു.ആദ്യ ദിനങ്ങളില്‍ മുന്നിട്ടുനിന്ന ഹരിയാനയെയും (36), മഹാരാഷ്ര്‌ടയെയും (40) പിന്തള്ളി ഡല്‍ഹി (41) മൂന്നാം സ്‌ഥാനത്തെത്തി.
അവസാന ദിവസമായ ഇന്നലെ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയുമാണ്‌ കേരളത്തിന്റെ അക്കൗണ്ടില്‍ എത്തിയത്‌. ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്രാ ബാബുവാണ്‌ ആദ്യം സ്വര്‍ണം നേടിയത്‌.
12.54 മീറ്റര്‍ ചാടിയാണ സാന്ദ്ര സ്വര്‍ണമണിഞ്ഞത്‌. നേരത്തെ ലോങ്‌ജമ്പിലും സ്വര്‍ണം നേടിയ സാന്ദ്ര ഇതോടെ ഡബിള്‍ നേട്ടവും കുറിച്ചു. ഈയിനത്തില്‍ വെള്ളിയും കേരളത്തിനായിരുന്നു. ട്രിപ്പിള്‍ ജമ്പിലെ രണ്ടാംസ്‌ഥാനവും കേരളത്തിനായിരുന്നു. 12.02 മീറ്റര്‍ ചാടി മെറിന്‍ ബിജുവാണ്‌ ട്രിപ്പിളില്‍ വെള്ളി നേടിയത്‌.
4-400 മീറ്റര്‍ റിലേയിലായിരുന്നു മറ്റൊരു സ്വര്‍ണം. ടി. സൂര്യമോള്‍, ജി. രേഷ്‌മ, ജി. റിയാ മോള്‍, ട്രീസാ മാത്യു എന്നിവരടങ്ങിയ ടീം മൂന്ന്‌ മിനിട്ട്‌ 55.45 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌തതാണ്‌ പൊന്നണിഞ്ഞത്‌. പഞ്ചാബിനാണ്‌ വെള്ളി.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി ഡെല്‍ന ഫിലിപ്പ്‌ വെള്ളി നേടി.
ഡെല്‍ന ഒരു മിനിട്ട്‌ 04.10 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌തപ്പോള്‍ ഒരു മിനിട്ട്‌ 02-77 സെക്കന്‍ഡില്‍ ഓടിയെത്തിയ കര്‍ണാടകയുടെ പ്രജ്‌നയ്‌ക്കാണ്‌ സ്വര്‍ണം.
200 മീറ്ററില്‍ ആന്‍സിസോജനും വെള്ളി ലഭിച്ചു. ഈയിനത്തില്‍ ഡല്‍ഹിയുടെ ഋതിക മീറ്റ്‌ റെക്കാഡോടെ സ്വര്‍ണം നേടിയപ്പോള്‍ ആന്‍സി മീറ്റ്‌ റെക്കാഡ്‌ മെച്ചപ്പെടുത്തി. ഋതിക 24.14 സെക്കന്‍ഡിലും ആന്‍സി 24.50 സെക്കന്‍ഡിലുമാണ്‌ ഫിനിഷ്‌ ചെയ്‌തിരുന്നത്‌. 24.68 സെക്കന്‍ഡായിരുന്നു ഈയിനത്തിലെ റെക്കാഡ്‌. ആന്‍സിക്കൊപ്പം മത്സരിച്ച അപര്‍ണാറോയ്‌ നാലാമതായി.
കിരീടം നേടിയ കേരളാ ടീമിനെ കായിക മന്ത്രി ഇ.പി ജയരാജന്‍ അഭിനന്ദിച്ചു. അടുത്ത ദിവസം ആരംഭിക്കുന്ന സീനിയര്‍ ആണ്‍കുട്ടികളുടെ മീറ്റില്‍ ഈ വിജയം കേരളത്തിന്‌ പ്രചോദനമാകുമെന്ന്‌ മന്ത്രി പറഞ്ഞു. നേട്ടത്തിനായി പ്രയത്നിച്ച മുഴുവന്‍ താരങ്ങളെയും പരിശീലകരെയും മന്ത്രി നേരിട്ട്‌ വിളിച്ച്‌ അഭിനന്ദനം അറിയിച്ചു.

Ads by Google
Wednesday 13 Feb 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW