Thursday, July 11, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 03.00 PM

സൂര്യ-ചന്ദ്രഗ്രഹണങ്ങള്‍ ദുരന്ത സൂചനകള്‍

" കൂട്ടത്തില്‍ പറയട്ടെ, മച്ചോള്‍സ് (പച്ചനിറമുള്ള എന്ന വാല്‍നക്ഷത്രം) ഈ കഴിഞ്ഞ ജൂണ്‍ മാസത്തിലും കുറച്ചു ദിവസത്തേക്ക് ഉദിച്ചിരുന്നു. ഇതെല്ലാം സര്‍വ്വവിനാശത്തിന്റെ സൂചനയാണ്. 2018 ഒരു വര്‍ഷക്കാലം അതായത് 2019 മെയ് വരെ കാലം കേരളീയര്‍ക്ക് അത്യന്തം ദോഷകരംതന്നെയാണ്. ഇതിനെത്തുടര്‍ന്ന് ഇനിയും നമുക്ക് സൂക്ഷിക്കാനുള്ളത് വരള്‍ച്ച, അഗ്നിബാധ, ഭൂതലങ്ങള്‍ വിണ്ടുകീറി മരുപ്രദേശങ്ങള്‍ പോലെയാവുക, പല ജീവജാലങ്ങള്‍ക്കും വംശനാശം വരുക തുടങ്ങിയവയാണ്. ''
uploads/news/2019/02/287491/joythi120219.jpg

ലോകാവസാനത്തിന്റെ നാന്ദിയാണോയെന്ന് തോന്നിക്കുമാറുള്ള അവസ്ഥ. എവിടെയും മരണത്തിന്റെ മണിമുഴക്കം. ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള തത്രപ്പാടുകള്‍. ആത്മരക്ഷയ്ക്കുവേണ്ടിയുള്ള നിലവിളി, തേങ്ങലുകള്‍, നെടുവീര്‍പ്പുകള്‍. എന്തുകൊണ്ടും മനുഷ്യമനഃസാക്ഷി മരവിച്ചുപോകുന്ന അന്തരീക്ഷം. എന്താണിതിന് കാരണം? പ്രളയം സംഹാരമൂര്‍ത്തിയെപ്പോലെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിച്ചതച്ചും തച്ചുടച്ചും എടുത്തെറിഞ്ഞുപായുന്ന മലവെള്ളപ്പാച്ചില്‍. പ്രാണനാളം ഊരി കൈയില്‍പ്പിടിച്ചുകൊണ്ട് വട്ടത്തിലോടുന്ന കുറേ മനുഷ്യരും.

പെട്ടെന്ന് ഓര്‍മ്മവന്നത് പെരുമഴയത്ത് ഒഴുകിപ്പോകുന്ന കച്ചിത്തുരുമ്പിന്‍വക്കില്‍ ഓടുന്ന ഉറുമ്പുകളെയാണ്. അതേ; പ്രകൃതിയുടെ മുന്നില്‍ മനുഷ്യനും ഉറുമ്പും തമ്മിലെന്ത് വ്യത്യാസം. പക്ഷേ, അത് മനസ്സിലാക്കാന്‍ സംസ്‌കാര സമ്പന്നര്‍ എന്നഭിമാനിക്കുന്ന മനുഷ്യന് മാത്രം ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്ന് മാത്രം. ഇതിനെല്ലാം അവരവരുടെ ബുദ്ധിക്കും യുക്തിക്കും അനുസരണമായി ഓരോരുത്തരും ഓരോ കാരണം ഉന്നയിക്കും.

പക്ഷേ, മനുഷ്യന്‍ പ്രകൃതിക്കു മുന്നില്‍ എത്ര നിസ്സാരന്‍ എന്ന തത്വം എത്രപേര്‍ മനസ്സിലാക്കുന്നു. അതില്ലാതെ അതിരുകടന്ന് പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിച്ച് മലീമസമാക്കി, പരസ്പരം വൈരം വച്ചുപുലര്‍ത്തി ആക്രോശങ്ങളും പോര്‍വിളികളും നടത്തി കൊല്ലും കൊലയും കൊണ്ട് പകപോക്കല്‍ നടത്തി വീരശൃംഖല നേടിയ മനുഷ്യന്‍ എന്തേ പ്രകൃതിയുടെ ഭാവപ്പകര്‍ച്ചയ്ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നു. തങ്ങളുടെ വീരശൂരപരാക്രമങ്ങള്‍ക്ക് പ്രകൃതിയുടെ മുന്നില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കി പെരുമാറിയാല്‍ അടുത്ത തലമുറയ്‌ക്കെങ്കിലും പ്രയോജനപ്പെട്ടേക്കും.

പ്രകൃതി എന്ന ശബ്ദംപോലും വേദോപനിഷദ്ബന്ധിയാണ്. 'പ്ര' എന്ന സംസ്‌കൃത ധാതുവിന്റെ അര്‍ത്ഥം തന്നെ പ്രാഥമികം. ആദ്യത്തേത് എന്നൊക്കെയാണ്. 'കൃതി' എന്നാല്‍ സൃഷ്ടി എന്നാണര്‍ത്ഥം. അപ്പോള്‍ പ്രകൃതി എന്നു പറഞ്ഞാല്‍ ആദ്യ സൃഷ്ടിയെന്നോ സൃഷ്ടിയില്‍ ആദ്യത്തേത് എന്നോ യുക്ത്യാനുസരണം വിളിക്കാം. പ്രപഞ്ചത്തിന്റെ, അണ്ഡകടാഹത്തിന്റെ തന്നെ സമതുലിതസ്ഥിതി നിലനിര്‍ത്തിക്കൊണ്ടാണ് സൃഷ്ടി നടത്തപ്പെട്ടിട്ടുള്ളത്. അതിന് മാറ്റങ്ങള്‍ വരുത്തിയാല്‍ സമതുലിതാവസ്ഥയ്ക്ക് അത് ബാധകമാവും. അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകൃതിയില്‍നിന്നുണ്ടാകും. അതുതന്നെയാണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതും.

അസ്‌ട്രോണമിക്കലായും അസ്‌ട്രോളജിക്കലായും ഈ ദുരന്തത്തിന് വളരെ കാരണങ്ങള്‍ പറയുന്നുണ്ട്. മാര്‍ക്കണ്‌ഡേയ പുരണത്തില്‍ കലിയുഗ വര്‍ണ്ണനയുണ്ട്. കലിയുഗത്തില്‍ മനുഷ്യന്‍ ധര്‍മ്മികമായി അധഃപതിക്കും. പുരോഹിതന്മാര്‍ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യും. ജനനേതാക്കന്മാര്‍ തീവെട്ടിക്കൊള്ള, പിടിച്ചുപറി ഇവ നടത്തി പാവപ്പെട്ട പൊതുജനത്തെ കൊള്ളയടിക്കും. പുരോഹിതര്‍ വേദംവിറ്റു കീശവീര്‍പ്പിക്കും എന്നുവേണ്ട വളരെ കാര്യങ്ങള്‍ പറയുന്നു. ഒട്ടുമുക്കാലും ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണല്ലോ സത്യം. ജനനായകന്മാരെ ഭയന്ന് പൊതുജനം കാട്ടില്‍ കയറി ഒളിക്കേണ്ട അവസ്ഥവരെ ഉണ്ടാകും. ഏതാണ്ട് അതും സത്യമായി വരുന്നുണ്ട്.

വേദിക് ജ്യോതിഷത്തിലും, ജ്യോതിഷഗ്രന്ഥമായ സൂര്യസിദ്ധാന്തത്തിലും അസ്‌ട്രോണമിയിലും കാണുന്നതനുസരിച്ച് കഴിഞ്ഞ പ്രളയത്തെ നമുക്ക് വിലയിരുത്താം. പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് അതിന്റെ ചൈതന്യം ഇവ കേന്ദ്രബിന്ദുവായ സൗര്യനെയും അതിനെ ചുറ്റിസഞ്ചരിക്കുന്ന ഗ്രഹസഞ്ചയങ്ങളെയും ആസ്പദമാക്കിയാണിരിക്കുന്നത്; എന്നത് പൊതുവില്‍ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. അതായത് പ്രപഞ്ചത്തെ മുഴുവന്‍ സ്വാധീനവലയത്തില്‍ ഒതുക്കിയിരിക്കുന്നത് സൂര്യന്റെ കാന്തികമണ്ഡലമാണ് (മാഗ്‌നെറ്റിക് ഫീല്‍ഡ്).

ഗ്രഹഭ്രമണ സമാനമായ അവസ്ഥയാണ് ഈ മാഗ്‌നെറ്റിക് ഫീല്‍ഡിനുമുള്ളത്. ഒരു വര്‍ഷംകൊണ്ട് 3.75 ഡിഗ്രി ചലിക്കും. (ഭ്രമണാവസ്ഥ). വ്യാഴം സൂര്യനെ ഒന്നു ചുറ്റുന്നതിന് ഏകദേശം 12 വര്‍ഷവും കാന്തികമണ്ഡലം ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതിന് 96 വര്‍ഷവുമെടുക്കും. അത് വ്യാഴത്തിന്റെ 8-ാമത്തെ പ്രദക്ഷിണവും ആയിരിക്കും. ഈ സമയത്ത് ഉണ്ടാകുന്ന (8-ാമത്തെ പ്രദക്ഷിണം പൂര്‍ത്തീകരിക്കുന്ന സമയത്ത്) ഗ്രഹണങ്ങള്‍ അത്യാപത്തുകള്‍ വിളിച്ചറിയിക്കുന്നവയാണ്. എങ്ങനെ എന്നാല്‍ ചന്ദ്രഗ്രഹണം പ്രത്യേകിച്ച് പൂര്‍ണ്ണചന്ദ്രഗ്രഹണം- പ്രളയത്തിന്റെ മുന്നോടിയായിരിക്കും.

സൗരകാന്തികമണ്ഡലത്തില്‍ ധ്രുവങ്ങള്‍ തമ്മില്‍ പരസ്പര മാറ്റം ഭവിക്കുകയും അതു കാരണമായി സംഭവിക്കുന്ന പ്രത്യേക ഗ്രഹദൃഷ്ടികളും കൂടിച്ചേര്‍ന്ന് വസുന്ധരായോഗം പോലെയുള്ള യോഗങ്ങളുണ്ടാകും. ഭൂഘടനയില്‍ അധോതല പാളികളില്‍ വരുന്ന മാറ്റങ്ങള്‍ കാലാവസ്ഥയെപ്പോലും തകിടംമറിക്കും. സസ്യശ്യാമളമായ ഭൂമി മരുഭൂമിയായി മാറും.

കോടിക്കണക്കിന് ജഡങ്ങള്‍ ഭൂമിയില്‍ വീഴും. പ്രകൃതിക്ഷോഭങ്ങള്‍, ഭൂചലനം, കൊടുങ്കാറ്റ് ഇവ ഉണ്ടാകും. ഇങ്ങനെ വളരെ ദോഷകരമായ അവസ്ഥയുണ്ടാകാനുള്ള സാധ്യതകള്‍ കാണുന്നു. അപ്പോള്‍ ഒരു സംശയം ഉണ്ടാകും. എങ്കില്‍ എന്തുകൊണ്ട് ലോകത്ത് എല്ലായിടത്തും ഒരുപോലെ അനുഭവിക്കുന്നില്ലെന്ന്? തികച്ചും അര്‍ത്ഥവത്തായ ഒരു ചോദ്യം തന്നെയാണിത്.

അതിന് കാരണം: മനുഷ്യര്‍ക്കുള്ളതുപോലെ നക്ഷത്രങ്ങളും ജന്മരാശികളും മുന്‍ഡയിന്‍ അസ്‌ട്രോളജി പ്രകാരം രാജ്യങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഒക്കെയുണ്ട്. ഇതിനെ വി.ഐ.പി. സൈന്‍ എന്ന് അസ്‌ട്രോളജിക്കലായി പറയും. ഈ വി.ഐ.പി. രാശിയുടെ 6, 8, 12, 2-4 എന്നീ ഭാവങ്ങളില്‍ ഗ്രഹണം വന്നാല്‍ ആ ഭൂവിഭാഗത്തില്‍ വസുന്ധരാദോഷം ഭവിക്കും. അതുകൊണ്ടാണ് എല്ലാ ഭാഗത്തിനും ദുരന്തങ്ങള്‍ ബാധകമാകാതിരിക്കുന്നത്.

കൂട്ടത്തില്‍ പറയട്ടെ, മച്ചോള്‍സ് (പച്ചനിറമുള്ള വാല്‍നക്ഷത്രം) ഈ കഴിഞ്ഞ ജൂണ്‍ മാസത്തിലും കുറച്ചു ദിവസത്തേക്ക് ഉദിച്ചിരുന്നു. ഇതെല്ലാം സര്‍വ്വവിനാശത്തിന്റെ സൂചനയാണ്. 2018 ഒരു വര്‍ഷക്കാലം അതായത് 2019 മെയ് വരെ കാലം കേരളീയര്‍ക്ക് അത്യന്തം ദോഷകരംതന്നെയാണ്. ഇതിനെത്തുടര്‍ന്ന് ഇനിയും നമുക്ക് സൂക്ഷിക്കാനുള്ളത് വരള്‍ച്ച, അഗ്നിബാധ, ഭൂതലങ്ങള്‍ വിണ്ടുകീറി മരുപ്രദേശങ്ങള്‍ പോലെയാവുക, പല ജീവജാലങ്ങള്‍ക്കും വംശനാശം വരുക തുടങ്ങിയവയാണ്. ഇതിന്റെയെല്ലാം കാരണം എന്താണ്? കാരണമുണ്ട്. ഉപനിഷദ്ബന്ധിയായ ചില വസ്തുതകള്‍കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇത് അവസാനിപ്പിക്കാം.

ദൈവം പഞ്ചീകരിക്കപ്പെട്ട പ്രകര്‍ഷതയില്‍നിന്നും പ്രപഞ്ചം സൃഷ്ടിച്ചു. അസംഖ്യം ജീവജാലങ്ങള്‍ അങ്ങനെ പ്രപഞ്ചത്തിലുണ്ടായി. അക്കൂട്ടത്തില്‍ ചില പ്രത്യേക സവിശേഷതകളോടുകൂടി മനുഷ്യനെയും സൃഷ്ടിച്ചു. വിവേചനശക്തിയും മുന്‍കൂട്ടി ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ശേഷിയും-ജീവിതം നയിക്കുന്നതിനുള്ള കഴിവുമായിരുന്നു അവ.

uploads/news/2019/02/287491/joythi120219a.jpg

പ്രകൃതിയെ സൃഷ്ടിച്ച ദൈവം പിന്നീട് അന്നത്തെ സൃഷ്ടിച്ചു. അന്നത്തോട് നീ മനുഷ്യന് ആഹാരമായിരിക്കുക, അവന്റെ ഒരുചാണ്‍ വയര്‍ നിറയ്ക്കാനുള്ള ശക്തി നിനക്കുണ്ടാകട്ടെയെന്നും ദൈവം കല്‍പ്പിച്ചു.

അന്നം പറഞ്ഞു: ദൈവമേ ചെയ്തതെല്ലാം നല്ലതുതന്നെ. പക്ഷേ, ഈ മനുഷ്യന്റെ ഒരുചാണ്‍ വയര്‍ നിറയ്ക്കുന്നതിനുള്ള ഉത്തരവാദിത്വം എനിക്കാവില്ല. ദൈവം അത്ഭുതത്തോടെ കാര്യം തിരക്കി. അന്നം പറയുന്നത്- വിശേഷവിധിയായി ഇവന് നല്‍കിയിരിക്കുന്ന കഴിവുകള്‍ ഇവര്‍ ദുരുപയോഗം ചെയ്യും.

ഒരു ചാണ്‍ വയറിനെന്ന് പറഞ്ഞ് ഇവര്‍ എന്നെയും വിഴുങ്ങും- എനിക്ക് നിലനില്‍പ്പു നല്‍കുന്ന പ്രകൃതിയെയും വിഴുങ്ങും. പിന്നെ ഇതിനെയെല്ലാം സൃഷ്ടിച്ച ദൈവത്തെയും അവന്‍ വിഴുങ്ങും. അല്ലെങ്കില്‍ അവനുകൊടുത്ത വിശേഷവിധിയായ സിദ്ധികള്‍ തിരിച്ചു വാങ്ങണം. സംഗതി ഇത്രയും ആയപ്പോള്‍ പ്രകൃതിയും പഞ്ചഭൂതങ്ങളും അന്നത്തെ പിന്‍താങ്ങി.
വായു പറഞ്ഞു: ഇവന്റെ ദുഷ്പ്രവണതകള്‍ എന്നെ മലീമസമാക്കും. അത് മറ്റുപ്രാണികള്‍ക്കുകൂടി ദോഷം ചെയ്യും.

ജലം പറഞ്ഞു: എന്റെ നിര്‍മ്മലമായ ഉറവകള്‍ ഇവര്‍ മലീമസമാക്കും. അത് മറ്റു ജന്തുവര്‍ഗ്ഗത്തിന്റെ കൂടി വെള്ളംകുടി മുട്ടിക്കും. ദുഷ്ട ദഹനങ്ങള്‍ നടത്തി ഇവര്‍ എന്നെ അശുദ്ധമാക്കി പരസ്പര പകപോക്കലിന് ഉപയോഗിക്കുമെന്ന് അഗ്നിയും, എന്നെ വിഷലിപ്തമാക്കുമെന്ന് ആകാശവും-പ്രകൃതി നശിപ്പിച്ച് ശവപ്പറമ്പാക്കുമെന്ന് ഭൂമിയും പറഞ്ഞു. എല്ലാം കേട്ടശേഷം ദൈവം പറഞ്ഞു: നിങ്ങള്‍ വിഷമിക്കേണ്ട, ഇവര്‍ ഒരു ചാണ്‍ വയറിനുവേണ്ടി എന്നഭിനയിച്ച് ഈ ചതി ചെയ്താല്‍ ഞാന്‍ അന്ന്- വിശ്വപ്രകൃതി ദുരന്തമായി ആഞ്ഞടിച്ച് ഇവനെ ശിക്ഷിക്കും.

നീ ഇവന് ആഹാരമായി കൊള്ളുക. അപ്പോള്‍ പ്രകൃതിക്ക് ഒരു സംശയം. മനുഷ്യരില്‍ നല്ലവരും ഉണ്ടാകുമല്ലോ. അപ്പോള്‍ അവരും ശിക്ഷിക്കപ്പെടുന്നത് ശരിയാണോ? ദൈവം പറഞ്ഞു: എന്റെ മുന്നില്‍ മനുഷ്യര്‍ ഇല്ല മനുഷ്യനേയുള്ളൂ. അതായത് അവന്‍ സമൂഹജീവിയായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഒരുത്തന്‍ തെറ്റു ചെയ്താല്‍ എല്ലാവരും അതിന്റെ ശിക്ഷ അനുഭവിക്കും.

അതുകാരണം പ്രകൃതിദുരന്തത്തില്‍ നല്ലവരും മോശപ്പെട്ടവരും എന്ന വേര്‍തിരിവില്ല. ചുരുക്കത്തില്‍ സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി പ്രകൃതി നശിപ്പിക്കാതെ ധാര്‍മ്മികതയോടുകൂടി ജീവിക്കണമെന്ന മഹത്തായ പാഠമാണിത്. ഏതായാലും ഇനിയെങ്കിലും പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം. അല്ലെങ്കില്‍ അത് മനുഷ്യവംശത്തിനുതന്നെ ഇടിവാളായിത്തീരും.

കൊല്ലവര്‍ഷം 1099 കര്‍ക്കടകത്തില്‍ ഉണ്ടായ പ്രളയംതന്നെ കണക്കിലെടുക്കാം. അതിനുശേഷം 95 വര്‍ഷം കഴിഞ്ഞ് 96-ാമത്തെ വര്‍ഷമാണിത്. ഈ കഴിഞ്ഞ ജനുവരി, ജൂലൈ മാസങ്ങളിലുണ്ടായ രണ്ടു പൂര്‍ണ്ണ ചന്ദ്രഗ്രഹണങ്ങളും ഈ ദുരന്തത്തിന്റെ മുന്നോടിയായിരുന്നു. സൂര്യഗ്രഹണം ഉണ്ടായാലും ഫലം ഇതുതന്നെ. കുറേക്കൂടി ദുഷ്‌കരമായിരിക്കും.

ഗ്രഹണസമയത്തുണ്ടാകുന്ന നെഗന്‍ട്രോഫിക് ട്രാന്‍സിഡന്റല്‍ കോസ്മിക് റേഡിയേഷന് ഭൂഖണ്ഡാന്തര പ്ലേറ്റുകളെ നിഷ്പ്രയാസം ചലിപ്പിക്കുവാന്‍ കഴിയും. അത് ഭൂകമ്പം അടക്കം സുനാമി, ചുഴലിക്കാറ്റ്് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമായിത്തീരും. ജ്യോതിഷവശാല്‍ കാണുന്ന നിമിത്തങ്ങള്‍കൊണ്ട് ജ്യോതിശാസ്ത്രപ്രകാരം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കാണുവാന്‍ കഴിയും.

2004-ലുണ്ടായ സുനാമിതന്നെ ഉദാഹരണം. 2004 ഫെബ്രുവരിയില്‍ രണ്ടുവാലുള്ള ഒരു പച്ചനക്ഷത്രം 'മച്ചോള്‍സ്' ഉദിച്ചതായും സൂര്യനില്‍ രണ്ടു ബ്ലാക്ക് സ്‌പോട്ടുകള്‍ കാണുന്നതായും സൂര്യനുചുറ്റും മഞ്ഞ ഹാലോ- വലയമുള്ളതായും സൂറിച്ച് ഒബ്‌സര്‍വേറ്ററിയും നാസയും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ശരിയാണ്. ഈ അവസ്ഥകള്‍ ജ്യോതിഷപരമായും പ്രത്യേകിച്ചും സൂര്യസിദ്ധാന്തത്തിലും പ്രതിപാദ്യങ്ങളാണ്. അതനുസരിച്ച് സൂര്യനില്‍ 50000 സ്‌ക്വയര്‍ കി.മീ. ഏരിയയിലുള്ള ഗുഹാഗഹ്വരങ്ങളുണ്ട്. ഇതില്‍ വെള്ളം കട്ടപിടിച്ച് ഐസ് രൂപേണയായിരിക്കുന്നു. ഈ ഭാഗം ഭൂമിക്കുനേരെ വരുന്നത് ആപത്തിന്റെ സൂചനയാണ്. അതുപോലെ മഞ്ഞവലയം കാണുന്നത് ഭൂചലനം ഉണ്ടാകുന്നതിന്റെ മുന്നറിയിപ്പാണ്.

കൂടാതെ പ്രത്യക്ഷപ്പെട്ട മച്ചോള്‍സ് എന്ന പച്ച ഇരട്ടവാല്‍ നക്ഷത്രം ഭൂമിയില്‍ കോടിക്കണക്കിന് ജഡങ്ങള്‍ വീഴണം എന്നതിന്റെ സൂചനയാണ് (ജഡം എന്നതുകൊണ്ട് മനുഷ്യന്റെ മാത്രമല്ല. ജന്തുലോകം എന്ന് വിവക്ഷ).

ഡോ. കെ. തമ്പാന്‍ , ആലപ്പുഴ
മൊ: 9447455650 .

Ads by Google
Tuesday 12 Feb 2019 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW