Tuesday, July 09, 2019 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 12.58 PM

ആള്‍ക്കൂട്ടം നോക്കി നില്‍ക്കേ അവര്‍ ഷുക്കൂറിന്റെ വധം നടപ്പാക്കി ; കാല്‍മുട്ടിന് അടിച്ചുവീഴ്ത്തി അതിന് ശേഷം വെട്ടി ; വയല്‍വരമ്പില്‍ കിടന്ന് അയാള്‍ രക്തം വാര്‍ന്നു മരിച്ചു

uploads/news/2019/02/287483/shukkoor.jpg

നേരത്തേ മുസ്ലിം ലീഗ്- സിപിഐ.(എം) സംഘർഷം നടന്നിരുന്ന പ്രദേശത്ത് സന്ദർശനം നടത്തവേ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും എംഎ‍ൽഎയായ ടി. വി രാജേഷും സഞ്ചരിച്ച വാഹനം അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടത് പട്ടുവത്തെ അരിയിൽ എന്ന സ്ഥലത്തു വച്ച് ആയിരുന്നു. ഇരുവരും തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സ തേടി മണിക്കൂറുകള്‍ക്കകം ​പ്രതികാര വാഞ്ജ മൂര്‍ച്ഛിച്ച സഖാക്കന്മാര്‍ പ്രതികളെ പിടികൂടി. ബന്ദിയാക്കലും തടഞ്ഞു വെയ്ക്കലിനും ശേഷം ആള്‍ക്കൂട്ട വിചാരണയ്ക്കൊടുവില്‍ അടിച്ചും വെട്ടിയും കൊലപാതകം നടത്തി.

കേരളത്തെ നടുക്കിയ താലിബാൻ മോഡൽ കൊലപാതകമായിരുന്നു തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ അബ്ദുൾ ഷുക്കൂറിന്റേത്. സിപിഎം നേതാക്കള്‍ സഞ്ചരിച്ച കാര്‍ ആക്രമിക്കപ്പെട്ടതിന് ശേഷം രണ്ടു രണ്ടരമണിക്കൂർ സമയമെടുത്താണ് ഷൂക്കൂറിനെ കൊലപ്പെടുത്തിയത്. ആക്രമിച്ചത് ഷുക്കൂറാണെന്ന ധാരണയില്‍ അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിച്ചു കയറ്റി, അവിടെ രണ്ടുമണിക്കൂർ ബന്ദിയാക്കി തുടർന്ന് അതിനുള്ളിൽ വിചാരണ ചെയ്തു. പിന്നീട് ഓരോരുത്തരെയായി വിളിച്ചിറക്കി പാടത്തു കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ഒടുവിൽ ഷുക്കൂറിന്റെ കൊലപാതകം.

ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന സിപിഎം നേതാക്കളുടെ അറിവോടെയായിരുന്നു തിരിച്ചടി ആസൂത്രണം. സംഭവം നടന്ന് മിനുട്ടുകൾക്കകം തന്നെ മൊബൈൽ വഴി അക്രമിച്ചവരുടെ ചിത്രം പാർട്ടി പ്രവർത്തകർ പരസ്പരം കൈമാറി. നൂറോളം പാർട്ടി പ്രവർത്തകർ അക്രമികള്‍ക്കായി അരിയിൽ പ്രദേശം അരിച്ചു പെറുക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് ഷുക്കൂറും കൂട്ടുകാരും സംഘത്തിന്റെ പിടിയില്‍ പെടുന്നത്. അബ്ദുൾ ഷുക്കൂറിനേയും മറ്റു നാലു പേരേയും കണ്ടെത്തിയപ്പോള്‍ തന്നെ ഷുക്കൂറാണ് അക്രമിസംഘത്തിലെ നായകനെന്ന് അക്രമികള്‍ തീരുമാനിച്ചു. അയാളേയും കൂട്ടുകാരേയും പിൻതുടർന്നു. തിരഞ്ഞുകൊണ്ടിരിക്കെ അരിയിൽ വച്ചാണ് ഷുക്കൂറിനെയും കൂട്ടുകാരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

തങ്ങളെ പിടികൂടാനാണ് സംഘം വരുന്നതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇവർക്ക് ഭയമുണ്ടായിരുന്നില്ല. എന്നാൽ ലക്ഷ്യം തങ്ങളാണെന്ന് മനസ്സിലാക്കിയതോടെ സംഘം അടുത്തള്ള വീട്ടിലേക്ക് ഓടിക്കയറി. മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലായിരുന്നു ഇവര്‍ രക്ഷതേടി ഓടിക്കയറിയത്. കയ്യില്‍ മാരകായുധങ്ങളുമായി അറുപതോളം പേര്‍ വീട് വളഞ്ഞു. വീട്ടുടമ ഭയന്നു. തുടക്കത്തില്‍ വീടിന്റെ വാതില്‍ തുറക്കാതിരുന്ന ഗൃഹനാഥന്‍ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഗ്രിൽ വാതിൽ തുറന്നു. അതോടെ സംഘവുമായെത്തിയ ഒരാൾ അകത്ത് കടന്ന് വാതിലടച്ചു.

അകത്തേക്ക് കടന്നയാള്‍ ആദ്യം മൊബൈലിൽ വന്ന ഫോട്ടോ ഒത്തു നോക്കി. പിന്നെ ആഹ്വാനം നൽകുന്ന ആരോടോ സംസാരിച്ചു. അതിനിടെ ഷുക്കൂർ സഹോദരൻ മുഖേന പ്രാദേശിക സിപിഐ.(എം). നേതാക്കളോട് തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചിരുന്നു. അക്രമമൊഴിവാക്കാൻ പലരും ഇടപെട്ടു. ഷുക്കൂറിന്റെ സഹോദരനുൾപ്പെടെ പലരും സിപിഐ(എം) നേതാക്കളെ വിളിച്ചു കരഞ്ഞു കാലു പിടിച്ചു. യുഡിഎഫ് നേതാക്കൾ വരെ ഇടപെട്ടു. യുവാക്കളെ രക്ഷപ്പെടുത്താന്‍ പൊലീസിനെ അറിയിച്ചു. അപ്പോഴൊക്കെ പാർട്ടി പ്രവർത്തകർ ഷുക്കൂർ ഉൾപ്പെടെയുള്ള ഇരകളുടെ ഫോട്ടോകൾ മൊബൈലിൽ കൈമാറി കൊല്ലാനുള്ളയാളെ ഉറപ്പുവരുത്തുകയായിരുന്നു.

സംഘത്തില്‍ ഓരോരുത്തരെയായി വിട്ടു. ഒടുവില്‍ വീടിനുള്ളില്‍ അവശേഷിച്ചത് സക്കറിയയും ഷുക്കൂറും. സക്കറിയെ ആദ്യം പിടികൂടി പിന്നെ ഷുക്കൂറിനേയും. മൂന്ന് പേര്‍ പിടിച്ചാണ് ഷുക്കൂറിനെയും സക്കറിയയെയും മരണശിക്ഷ ഉറപ്പാക്കാന്‍ വയലിലേക്ക് കൊണ്ടുപോയത്. കൈകളം തലയും മൂന്ന് പേര്‍ ചേര്‍ന്ന് പിടിച്ചിരുന്നു. വയലില്‍ വെച്ച് ആദ്യം ഇരുമ്പു വടി കൊണ്ട് അടി കിട്ടിയത് സക്കറിയയ്ക്കായിരുന്നു. അയാളുടെ കാല്‍മുട്ടില്‍ അടിച്ചു. പിന്നീട് വെട്ടി. ഈ സമയം ഷുക്കൂർ ഓടാൻ ശ്രമിച്ചെങ്കിലും അയാളെ ബലമായി പിടിച്ച് നീയല്ലെടാ സഖാവിന്റെ കാർ തടഞ്ഞത് എന്ന് ആക്രോശിച്ചു. രക്ഷപ്പെടാനുള്ള ശ്രമം ഷുക്കൂർ തുടരുമ്പോള്‍ രണ്ടു മൂന്നു പേർ ഷൂക്കൂറിനെ വാൾ കൊണ്ട് വെട്ടി.

ആദ്യം വെട്ടേറ്റ സക്കറിയ സര്‍വ്വശക്തിയും എടുത്ത് ഓടാന്‍ ശ്രമിച്ചെങ്കിലൂം കഴിഞ്ഞില്ല. വയല്‍ വരമ്പില്‍ വീണുകിടന്നു. പിന്നീട് പോലീസാണ് സക്കറിയയെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയത്. ഈ സമയം രക്തം വാര്‍ന്ന് വരമ്പില്‍ കിടന്ന് ഷുക്കൂര്‍ മരണത്തിന് കീഴടങ്ങി.

ഈ അക്രമം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. പോലീസും അക്രമവും കൊലപാതകവും കണ്ടില്ലെന്ന് നടിച്ചു. മണിക്കൂറുകൾക്കു മുമ്പ് മാത്രം. എം.എസ്. എഫ്. മണ്ഡലം ട്രഷററായി സ്ഥാനമേറ്റ ഷുക്കൂർ തന്നെയാണു വാഹനം തടഞ്ഞതെന്ന് കൊലക്ക് ശേഷം പി.ജയരാജൻ വെളിപ്പെടുത്തുകയായിരുന്നു. അതേസമയം വാർത്താസമ്മേളനത്തിൽ ഷുക്കൂറിന്റേതെന്നു പറഞ്ഞു കാട്ടിയ ഫോട്ടോ അയാളുടേതായിരുന്നില്ല. അതോടെയായിരുന്നു ഷുക്കൂർ വധം വീണ്ടും വിവാദമായത്. ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിക്കേറ്റ കൂട്ടുകാരനെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് ഷുക്കൂറിനെയും സംഘത്തെയം സിപിഎം പിടികൂടിയതെന്നായിരുന്നു പിന്നീട് പുറത്തുവന്ന വിവരങ്ങള്‍.

കൊലപാതകം ആളുമാറിയാണോ നടന്നതെന്ന വിവാദം പിന്നീട് വളരെകാലം കത്തി നിന്നു. അക്രമം നടത്തിയവരാണ് തങ്ങളെങ്കില്‍ പാര്‍ട്ടി ഗ്രാമത്തില്‍ ധൈര്യത്തോടെ എത്തുമോ എന്നാണ് ബന്ദിയാക്കപ്പെട്ടവര്‍ പിന്നീട് ചോദിച്ചത്. അക്രമം തടയാനും ഒരു പക്ഷേ ഷുക്കൂറിനെ രക്ഷപ്പെടുത്താനും രണ്ടര മണിക്കൂര്‍ മുന്നിലുണ്ടായിരുന്നിട്ടും പോലീസ് നിഷ്ക്രിയമായി നിന്നതേയുള്ളൂ. യുഡിഎഫ് നേതാക്കളുൾപ്പെടെയുള്ളവർ വിവരം വിളിച്ച് അറിയിച്ചെങ്കിലും പൊലീസ് അവിടെ പോകാനോ ബന്ദിയാക്കിയവരെ രക്ഷപ്പെടുത്താനോ ഒന്നും ചെയ്തില്ല.

കേസിൽ ആകെ മുപ്പത്തിമൂന്ന് പ്രതികളാണുള്ളത്. ആസൂത്രിത കൊലപാതകം എന്ന് കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. 2013 ഒക്ടോബർ 10 ന് പൊലീസ് കേസ് അട്ടിമറിച്ചെന്നും അതിനാൽ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 2014 ജനുവരി 2 ന് ഷുക്കൂർ വധക്കേസ് സിബിഐ.ക്ക് വിടാൻ സർക്കാർ ശുപാർശ ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW