Tuesday, April 23, 2019 Last Updated 14 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.55 AM

മധ്യ തിരുവിതാംകൂറിനെ മുക്കിയത്‌ ഡാമുകളുടെ സ്ലൂയിസ്‌ വാല്‍വ്‌ തുറന്നത്‌

uploads/news/2019/02/287377/bft1.jpg

കഴിഞ്ഞ ഓഗസ്‌റ്റ്‌ 14 മുതല്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ പ്രളയത്തില്‍ മുങ്ങാനുള്ള പ്രധാന കാരണം ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ, കക്കി അണക്കെട്ടുകളുടെ സ്ലൂയിസ്‌ വാല്‍വുകള്‍ തുറന്നു വിട്ടതാണെന്ന്‌ സൂചന. വൈദ്യുതി ബോര്‍ഡു തന്നെ പുറത്തുവിട്ട കണക്ക്‌ അനുസരിച്ച്‌ ഓഗസ്‌റ്റ്‌ 15 ന്‌ പമ്പാ-കക്കി അണക്കെട്ടുകള്‍ 100.68% നിറഞ്ഞു കഴിഞ്ഞതായി വ്യക്‌തമാകുന്നു. പരമാവധി സംഭരണ ശേഷിയും കഴിഞ്ഞ്‌ ഡാം നിറഞ്ഞ്‌ കവിയാനുള്ള സാധ്യത ഏറിയതോടെയാണ്‌ ആറ്‌ ഷട്ടറുകളും പൂര്‍ണമായി ഉയര്‍ത്തിയത്‌. എന്നിട്ടും അണക്കെട്ടിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സ്ലൂയിസ്‌ വാല്‍വു കൂടി തുറന്നു വിടാന്‍ ബോര്‍ഡ്‌ അധികൃതര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. 4.234 കോടി ക്യുബിക്ക്‌ മീറ്റര്‍ ജലമാണ്‌ ഒറ്റ ദിവസം കൊണ്ട്‌ അണക്കെട്ടില്‍ നിന്നും പുറന്തള്ളിയത്‌. ശക്‌തമായ ജലപ്രവാഹത്തോടൊപ്പം അണക്കെട്ടിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ചെളിയും മണ്ണും പുറത്തേക്ക്‌ പ്രവഹിച്ചതുമൂലമാണ്‌ പമ്പാ ത്രിവേണിയില്‍ നദിയുടെ ഗതിമാറാനും പമ്പയുടെ പ്രായാണവീഥികളില്‍ ഒന്നര അടിയിലേറെ ഉയരത്തില്‍ ചെളി നിറയാനും കാരണമായതെന്നാണ്‌ നിഗമനം.
ജലനിരപ്പ്‌ താഴുന്ന സമയങ്ങളില്‍ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ഒഴുക്കി കളയുന്നതിനും അണക്കെട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്ന സമയത്ത്‌ ജലം പൂര്‍ണമായും തുറന്നുവിടുന്നതിനുമാണ്‌ സ്ലൂയിസ്‌ വാല്‍വ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. ജലസംഭരണി പൂര്‍ണമായും നിറയുന്ന അവസരങ്ങളില്‍ സ്ലൂയിസ്‌ വാല്‍വ്‌ തുറക്കുകയെന്നത്‌ അതിസാഹസവും അത്യന്തം അപകടകരവുമാണ്‌. അതീവ മര്‍ദ്ദംമൂലം അണക്കെട്ട്‌ തകരാന്‍ പോലും ഇത്‌ കാരണമാകുമെന്ന്‌ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ അധികൃതര്‍ പറയുന്നു.
മഴ ശക്‌തമായതിനെ തുടര്‍ന്ന്‌ ഓഗസ്‌റ്റ്‌ ഒന്നിനു തന്നെ പമ്പാ-കക്കി അണക്കെട്ടുകള്‍ 90% നിറഞ്ഞിരുന്നതായി വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സമയം അണക്കെട്ടുകള്‍ തുറന്നുവിടാന്‍ തയ്യാറായിരുന്നെങ്കില്‍ പ്രളയത്തിന്റെ തീവ്രത ഒരു പരിധിവരെ കുറയ്‌ക്കാന്‍ കഴിയുമായിരുന്നു. ഓഗസ്‌റ്റ്‌ അഞ്ചിലെ കണക്കനുസരിച്ച്‌ കക്കി ഡാമില്‍ 96.55 % ജലമുണ്ട്‌. ഈ അവസരത്തില്‍ അണക്കെട്ട്‌ തുറന്നുവിടണമെന്ന്‌ വൈദ്യുതിബോര്‍ഡിലെ ഉന്നതര്‍ ആവശ്യപ്പെട്ടിരുന്നതാണ്‌. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഓഗസ്‌റ്റ്‌ ഒന്‍പതിന്‌ ജലനിരപ്പ്‌ 99.38 ശതമാനമായി വര്‍ദ്ധിച്ചു. 10ന്‌ ജലനിരപ്പ്‌ പരമാവധി സംഭരണശേഷിയും കവിഞ്ഞ്‌ 100.39 ശതമാനമായി ഉയര്‍ന്നതോടെയാണ്‌ 46 ലക്ഷം ക്യുബിക്ക്‌ മീറ്റര്‍ ജലം അണക്കെട്ടില്‍ നിന്നും തുറന്നുവിടാന്‍ അധികൃതര്‍ തയ്യാറായത്‌. അതിനു മുമ്പ്‌ റെഡ്‌ അലേര്‍ട്ട്‌ പ്രഖ്യാപിക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ മറന്നില്ല. 11ന്‌ ജലനിരപ്പ്‌ 98.16 ശതമാനമായി കുറഞ്ഞു. അന്ന്‌ 34.91% ജലം തുറന്നുവിട്ടെങ്കിലും ഷട്ടര്‍ വൈകാതെ താഴ്‌ത്തിയതുമൂലം പുറത്തേക്കുള്ള ജലമൊഴുക്ക്‌ 73.2 ലക്ഷം ക്യുബിക്ക്‌ മീറ്ററായി കുറഞ്ഞു.
മഴ കുറഞ്ഞതുമൂലം പമ്പയിലെ ജലനിരപ്പ്‌ ഇതിനോടകം താണുകഴിഞ്ഞിരുന്നു. എന്നാല്‍, 13 മുതല്‍ വീണ്ടും മഴ വീണ്ടും ശക്‌തമായി. ജലനിരപ്പ്‌ 99.17 ശതമാനമായി ഉയര്‍ന്നു. പക്ഷേ, തുറന്നുവിട്ടത്‌ വെറും 1.173 കോടി ക്യുബിക്ക്‌ മീറ്റര്‍ ജലം മാത്രം. 14ന്‌ ജലനിരപ്പ്‌ 97.99 ശതമാനമായി ഉയര്‍ന്നതോടെ വൈദ്യുതി ബോര്‍ഡ്‌ ആശങ്കയിലായി. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ ആറു ഷട്ടറുകളും പരമാവധി ഉയര്‍ത്തി 2.697 കോടി ക്യുബിക്ക്‌ മീറ്റര്‍ ജലം തുറന്നുവിട്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രവിധേയമായില്ല. 15ന്‌ ജലനിരപ്പ്‌ പരമാവധി സംഭരണശേഷിയും കഴിഞ്ഞ്‌ 100.68 ശതമാനമായി ഉയര്‍ന്നതോടെയാണ്‌ പുറത്തേക്കുള്ള ജലപ്രവാഹം കൂട്ടാനായി സ്ലൂയിസ്‌ വാല്‍വ്‌ തുറന്നുവിടാന്‍ ബോര്‍ഡ്‌ നിര്‍ബന്ധിതമായത്‌.
ഓഗസ്‌റ്റ്‌ 15 മുതല്‍ 17 വരെ പമ്പാ-മണിമല നദികളുടെ 2654 ചതുരശ്ര കി.മീറ്റര്‍ വരുന്ന വൃഷ്‌ടിപ്രദേശത്ത്‌ 517 മില്ലിമീറ്റര്‍ മഴയാണ്‌ പെയ്‌തതെന്ന്‌ സെന്റര്‍ വാട്ടര്‍ കമ്മീഷന്റെ പഠനം വ്യക്‌തമാക്കുന്നു. മഴയുടെ ശക്‌തമൂലം ഉദ്ദേശം 16 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയതുമൂലമുണ്ടായ ചെളിയാകാം നദിയിലൂടെ ഒഴുകി തീരത്ത്‌ അടിഞ്ഞതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ചെളിയില്‍ മണല്‍ തരികള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്‌ സ്‌ളൂയിസ്‌ വാല്‍വ്‌ തുറന്നുവിടാനുള്ള സാധ്യതകളെപ്പറ്റി കിംവദന്തികള്‍ ഉയര്‍ന്നത്‌. എന്നാല്‍, വീണ്ടുവിചാരമില്ലാതെ ബോര്‍ഡ്‌ ഇത്തരത്തിലൊരു അതിസാഹസത്തിന്‌ മുതിരില്ലെന്നാണ്‌ പലരും കണക്കുകൂട്ടിയത്‌. പ്രളയശേഷം ആഴ്‌ചകള്‍ പിന്നിട്ടതോടെ വീണ്ടും മഴ ശക്‌തമായ സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറന്നുവിടുന്നതിന്‌ മുന്നോടിയായി ബോര്‍ഡ്‌ റെഡ്‌ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്ന്‌ പമ്പാ ഡാമിലെ ജലനിരപ്പ്‌ വെറും 52 ശതമാനവും കക്കിയിലേത്‌ വെറും 70 ശതമാനവുമായിരുന്നു. എങ്ങനെ ഇത്രപെട്ടന്ന്‌ ജലനിരപ്പ്‌ കുറഞ്ഞു എന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ അടിത്തട്ട്‌ താണതാകാം കാരണമെന്ന്‌ വ്യക്‌തമായത്‌. ഡാമിന്റെ താഴെ മുതല്‍ പ്രത്യക്ഷപ്പെട്ട ചെളിനിറഞ്ഞ മണ്ണിന്റെ അളവും സംശയം ദൃഢമവാക്കി.
ഉരുള്‍പൊട്ടല്‍ മൂലമാണ്‌ മണ്ണും ചെളിയും തീരത്തടിഞ്ഞതെങ്കില്‍ പിന്നെങ്ങനെ ഡാമിന്റെ സ്ലൂയിസ്‌ വാല്‍വിന്‌ താഴെ മുതല്‍ മണ്ണ്‌ പ്രത്യക്ഷപ്പെട്ടു എന്നതാണ്‌ പ്രധാന ചോദ്യം. വൈദ്യുതി ബോര്‍ഡിലെ ചില ഉദ്യോഗസ്‌ഥര്‍ ബോര്‍ഡിന്റെ ഭാഗത്ത്‌ അനാസ്‌ഥയുണ്ടായതായി വിമര്‍ശിക്കുന്നുണ്ട്‌. ഇതു വരെ ബോര്‍ഡ്‌ ഇത്‌ സംബന്ധിച്ച്‌ പ്രതികരിക്കാനും തയാറായിട്ടില്ല.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Tuesday 12 Feb 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW