ശബരിമല: കുംഭമാസ പൂജകള്‍ക്കായി ധര്‍മ ശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.
തുടര്‍ന്ന് തന്ത്രി,അയ്യപ്പ ഭക്തര്‍ക്ക് അഭിഷേക ഭസ്മം പ്രസാദമായി നല്‍കും. നട തുറക്കുന്ന ദിവസം ക്ഷേത്രത്തില്‍ പൂജകള്‍ ഒന്നും ഉണ്ടാവില്ല. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും നെയ്യഭിഷേകം നടക്കും. 5.30 ന് ഗണപതി ഹോമം.
ശേഷം പതിവ് പൂജകള്‍ ഉണ്ടാകും. നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവയും കുംഭമാസ പൂജകള്‍ക്കായി നട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളില്‍ നടക്കും. 17 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഉത്സവത്തിനായി അടുത്ത മാസം 11 ന് നട തുറക്കും. 12 മുതല്‍ 21 വരെയാണ് ഉത്സവം.