Wednesday, April 24, 2019 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.41 AM

ചാമ്പ്യന്‍സ്‌ ലീഗിലും ഇനി വാര്‍ , യുണൈറ്റഡ്‌ - പി.എസ്‌.ജി. , റോമ - പോര്‍ട്ടോ മത്സരങ്ങള്‍ ഇന്ന്‌

uploads/news/2019/02/287359/s1.jpg

റോം: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നു മുതല്‍ വാറും. ഇന്നു തുടങ്ങുന്ന ഒന്നാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വീഡിയോ അസിസ്‌റ്റന്റ്‌ റഫറി (വാര്‍) ഉപയോഗിക്കുമെന്ന്‌ യുവേഫ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ കെഫെറിന്‍ പറഞ്ഞു.
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നും തമ്മില്‍ നടക്കുന്ന മത്സരത്തിലും റോമയും പോര്‍ട്ടോയും തമ്മില്‍ നടക്കുന്ന മത്സരത്തിലുമാണു വാര്‍ നടാടെ ഉപയോഗിക്കുന്നത്‌. കഴിഞ്ഞ റഷ്യ ലോകകപ്പില്‍ വാര്‍ ഉപയോഗിച്ചിരുന്നു. യൂറോപ്പിലെ പ്രമുഖ ലീഗുകളും വാര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ചാമ്പ്യന്‍സ്‌ ലീഗിലും വാര്‍ വേണമെന്ന ആവശ്യം ശക്‌തമായിരുന്നു. അടുത്ത സീസണ്‍ മുതല്‍ വാര്‍ ഉപയോഗിക്കാന്‍ യുവേഫ തീരുമാനിച്ചിരുന്നു. അപ്രതീക്ഷിതമായാണു നിലവിലെ സീസണില്‍ തന്നെ വാര്‍ ഉപയോഗിച്ചു തുടങ്ങാന്‍ യുവേഫ തീരുമാനിച്ചത്‌.
യുവേഫ മുന്‍ പ്രസിഡന്റ്‌ മിഷേല്‍ പ്ലാറ്റിനി വാറിനെതിരായിരുന്നു. വാര്‍ ഫുട്‌ബോളിന്റെ വേഗം കുറയ്‌ക്കുമെന്നായിരുന്നു പ്ലാറ്റിനിയുടെ ആരോപണം. ഇറ്റാലിയന്‍ ക്ലബ്‌ യുവന്റസിന്റെ ചെയര്‍മാനും യൂറോപ്യന്‍ ക്ലബ്‌ അസോസിയേഷന്‍ (ഇ.സി.എ.) പ്രസിഡന്റുമായ ആന്ദ്രെ അഗനെലി അടക്കമുള്ളവര്‍ വാറിനായി യുവേഫയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ യുവന്റസ്‌ റയാല്‍ മാഡ്രിഡിനോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു പുറത്തായിരുന്നു. വാര്‍ ഉണ്ടായിരുന്നെങ്കില്‍ തന്റെ ടീം തോല്‍ക്കില്ലായിരുന്നെന്നാണ്‌ അഗനെലിയുടെ വാദം. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ കോച്ച്‌ പെപ്‌ ഗാര്‍ഡിയോളയും വാറിന്റെ ചാമ്പ്യന്‍സ്‌ ലീഗ്‌ അരങ്ങേറ്റത്തെ സ്വാഗതം ചെയ്‌തു. വാര്‍ വരുന്നതോടെ ഫുട്‌ബോള്‍ കൂടുതല്‍ ഗൗരവസ്വഭാവം കൈവരിക്കുമെന്ന്‌ ജര്‍മന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കാഹ ഹീന്‍സ്‌ റുമെഗി പറഞ്ഞു. ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരങ്ങള്‍ വാറിനൊപ്പം കാണാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകില്ലെന്ന എതിര്‍പ്പ്‌ ശബ്‌ദവുമായി പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ കോച്ച്‌ മൗറീസിയോ പച്ചേറ്റിയോ രംഗത്തെത്തി.
ഇന്നു നടക്കുന്ന മത്സരങ്ങളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നെയും എ.എസ്‌. റോമ എഫ്‌.സി. പോര്‍ട്ടോയെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30 മുതല്‍ നടക്കുന്ന മത്സരങ്ങള്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്‌.ഡി., സോണി ടെന്‍ 1, സോണി ടെന്‍ 1 എച്ച്‌.ഡി. ചാനലുകളിലും ജിയോ ടിവി, സോണി ലിവ്‌ ഓണ്‍ലൈനുകളിലും തത്സമയം കാണാം.
സ്വന്തം തട്ടകമായ ഓള്‍ഡ്‌ ട്രാഫോഡില്‍ യുണൈറ്റഡ്‌ സര്‍വ സന്നാഹത്തോടെയാണു പി.എസ്‌.ജിയെ കാത്തിരിക്കുന്നത്‌. ഒലെ ഗണ്ണര്‍ സോള്‍ഷയര്‍ എന്ന കോച്ചിനു കീഴില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന 'അഹങ്കാര'വും അവര്‍ക്കുണ്ട്‌. ഒലെയ്‌ക്കു കീഴില്‍ ഗോളടി യന്ത്രമായ പോള്‍ പോഗ്‌ബയും കാത്തിരിക്കുകയാണ്‌.
ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍, യുറുഗ്വേയുടെ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കാവാനി എന്നിവരെ കൂടാതെയാണ്‌ പി.എസ്‌.ജി. കളിക്കാനിറങ്ങുന്നത്‌. ലോകകപ്പ്‌ ഹീറോ കിലിയന്‍ എംബാപ്പെയാണു കോച്ച്‌ തോമസ്‌ ടുഷെലിന്റെ ശക്‌തി. സ്വന്തം തട്ടകമായ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിലാണു റോമ പോര്‍ട്ടോയെ നേരിടുക.

Ads by Google
Tuesday 12 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW