Tuesday, February 12, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.41 AM

ചെല്‍സിയെ കരയിപ്പിച്ച്‌ അഗ്യൂറോ

uploads/news/2019/02/287356/s4.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കടിക്കുന്ന താരമെന്ന റെക്കോഡ്‌ ഇനി അലന്‍ ഷിയറര്‍ക്കു മാത്രം സ്വന്തമല്ല. അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോയും ഷിയററുടെ റെക്കോഡിനൊപ്പമായി.
മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മുന്‍നിര താരമായ അഗ്യൂറോ ചെല്‍സിക്കെതിരേ ഞായറാഴ്‌ച നടന്ന മത്സരത്തില്‍ ഹാട്രിക്കടിച്ചതോടെയാണു റെക്കോഡിന്റെ ഭാഗമായത്‌. ലീഗിലെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കോടെയാണ്‌ അഗ്യൂറോയുടെ മുന്നേറ്റം. സിറ്റി കഴിഞ്ഞ ആഴ്‌ച ആഴ്‌സണലിനെ 3-0 ത്തിനു തോല്‍പ്പിച്ചത്‌ അഗ്യൂറോയുടെ ഹാട്രിക്‌ മികവിലായിരുന്നു. അഗ്യൂറോയും ഷിയററും 11 ഹാട്രിക്കുകള്‍ വീതമടിച്ചു. ഒന്‍പത്‌ ഹാട്രിക്കുകള്‍ സ്വന്തമാക്കിയ റോബി ഫ്‌ളവര്‍, എട്ട്‌ വീതം ഹാട്രിക്കുകളുള്ള ഹാരി കെയ്‌ന്‍, മൈക്കിള്‍ ഓവന്‍, തിയറി ഹെന്റി എന്നിവരും റെക്കോഡ്‌ പുസ്‌തകത്തിലുണ്ട്‌.
തുടര്‍ച്ചയായ രണ്ട്‌ പ്രീമിയര്‍ ലീഗ്‌ മത്സരങ്ങളില്‍ ഹാട്രിക്ക്‌ നേടുന്ന അഞ്ചാമത്തെ താരവുമാണ്‌ അഗ്യൂറോ. ചെല്‍സിയുടെ താരമായിരുന്ന ദിദിയര്‍ ദ്രോഗ്‌ബയാണ്‌ ഏറ്റവും ഒടുവില്‍ ഈ നേട്ടം സ്വന്തമാക്കിയത്‌്.
ചെല്‍സിയെ സ്വന്തം തട്ടകമായ എതിഹാദ്‌ സ്‌റ്റേഡിയത്തില്‍ 6-0 ത്തിനാണു സിറ്റി കശാപ്പ്‌ ചെയ്‌തത്‌. സിറ്റിക്കു വേണ്ടി റഹിം സ്‌റ്റെര്‍ലിങ്‌ രണ്ട്‌ ഗോളും ഇകെ ഗുണ്‍ഡോഗന്‍ ഒരു ഗോളുമടിച്ചു. 1991 ഏപ്രിലിനു ശേഷം ആദ്യമായാണു ചെല്‍സി ലീഗില്‍ വമ്പന്‍ തോല്‍വി നേരിടുന്നത്‌. അന്ന്‌ നോട്ടിങാം ഫോറസ്‌റ്റ് 7-0 ത്തിനാണു ചെല്‍സിയെ തോല്‍പ്പിച്ചത്‌.
ഈ വര്‍ഷം തുടങ്ങിയ ശേഷം അഗ്യൂറോ സിറ്റിക്കു വേണ്ടി എട്ട്‌ ഗോളുകളടിച്ചു. 1990 ഡിസംബറിനു ശേഷം ആദ്യമായാണു ചെല്‍സി തുടര്‍ച്ചയായി രണ്ട്‌ മത്സരങ്ങളില്‍ നാല്‌ ഗോളുകളില്‍ കൂടുതല്‍ വഴങ്ങുന്നത്‌. ചെല്‍സിയുടെ കോച്ച്‌ മൗറീസിയോ സാരിയുടെ കരിയറിലെ ഏറ്റവും വലിയ തോല്‍വിയാണ്‌ ഇന്നലെ നേരിട്ടത്‌.
കളിയുടെ നാലാം മിനിറ്റില്‍ റഹിം സ്‌റ്റെര്‍ലിങ്‌ ചെല്‍സി വലയില്‍ പന്തെത്തിച്ചു. ബെര്‍നാഡോ സില്‍വയുടെ ഫ്രീകിക്കാണു ഗോളില്‍ കലാശിച്ചത്‌. സില്‍വയുടെ കിക്ക്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചത്‌ സ്‌റ്റെര്‍ലിങ്ങിന്റെ കാലിനു പാകത്തിനായിരുന്നു. ഗോള്‍ കീപ്പര്‍ കെപയ്‌ക്കു പഴുതു നല്‍കാതെ പന്ത്‌ വലയില്‍ കയറി. 13-ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ ആദ്യ ഗോള്‍.
ഷിന്‍ചെങ്കോ നീട്ടിനല്‍കിയ പന്ത്‌ 30 വാര അകലെനിന്ന്‌ അഗ്യൂറോ വലയിലാക്കി. 19-ാം മിനിറ്റില്‍ അഗ്യൂറോ ചെല്‍സിയെ വീണ്ടും ഞെട്ടിച്ചു. ഷിന്‍ചെങ്കോ ഗോള്‍മുഖത്തേക്കു നീട്ടിയടിച്ച പന്ത്‌ ചെല്‍സി പ്രതിരോധത്തിലുണ്ടാക്കിയ അങ്കലാപ്പ്‌ അഗ്യൂറോ മുതലാക്കി. ചെല്‍സിയുടെ ബാര്‍ക്‌ലെയുടെ ഹെഡര്‍ വഴിമാറി അഗ്യൂറോക്കു പാകത്തിനായി. 25-ാം മിനിറ്റില്‍ ഗുണ്‍ഡോഗനും പട്ടിക തുറന്നു. അഗ്യൂറോയുടെ തകര്‍പ്പന്‍ പാസ്‌ പെഡ്രോ ഗുണ്‍ഡോഗനു മറിച്ചു നല്‍കി. ചെല്‍സി താരങ്ങള്‍ പ്രതികരിക്കും മുമ്പ്‌ പന്ത്‌ ഗോള്‍ ലൈന്‍ കടന്നു. 56-ാം മിനിറ്റിലാണ്‌ അഗ്യൂറോ ഹാട്രിക്ക്‌ തികച്ചത്‌. 80-ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ്‌ രണ്ടാം ഗോളടിച്ചു.
27 കളികളില്‍നിന്ന്‌ 65 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ സിറ്റി ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി. ലിവര്‍പൂളിനും 65 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതിനാല്‍ രണ്ടാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

Ads by Google
Tuesday 12 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW