Monday, April 22, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.36 AM

പുറത്തായ എമ്പാനലുകാര്‍ക്ക്‌ താല്‍ക്കാലിക നിയമനം പരിഗണനയില്‍

uploads/news/2019/02/287348/k3.jpg

തിരുവനന്തപുരം: പുറത്താക്കപ്പെട്ട എമ്പാനലുകാര്‍ക്കു കെ.എസ്‌.ആര്‍.ടി.സിയിലെ കണ്ടക്‌ടര്‍ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം സര്‍ക്കാരിന്റെ പരിഗണനയില്‍. നിയമോപദേശം അനുകൂലമെങ്കില്‍ 14-ന്‌ ആലുവയില്‍ ചേരുന്ന കെ.എസ്‌.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു.) ജനറല്‍ കൗണ്‍സിലില്‍ പ്രഖ്യാപനം നടത്തും.
താല്‍ക്കാലിക നിയമനം പോലും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന സര്‍വീസ്‌ ചട്ടങ്ങളനുസരിച്ചാകണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അവശ്യസര്‍വീസ്‌ എന്ന പരിഗണന നല്‍കിയുള്ള സാധ്യതയാണു പരിശോധിക്കുന്നത്‌. നിയമവശത്തെപ്പറ്റി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ അഭിപ്രായം തേടിയിരിക്കുകയാണ്‌.
ഇടതു മുന്നണിയുടെ മുന്‍ കണ്‍വീനറും കെ.എസ്‌.ആര്‍.ടി.ഇ.എ. പ്രസിഡന്റുമായ വൈക്കം വിശ്വന്റെ സമ്മര്‍ദത്തിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂല നിലപാട്‌ സ്വീകരിച്ചത്‌. കൂട്ടപ്പിരിച്ചുവിടലുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ലെന്നു സംഘടനയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്‌ഥാന ഭാരവാഹികരില്‍ ചിലര്‍ രാജിവയ്‌ക്കുകയും ചെയ്‌തതോടെ ഞായറാഴ്‌ച തിരുവനന്തപുരത്തു ചേര്‍ന്ന അസോസിയേഷന്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തു. തീരുമാനമായില്ലെങ്കില്‍ താനും ഭാരവാഹിത്വമൊഴിയുമെന്നു വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചു.
പി.എസ്‌.സി. വഴി നിയമനം നടത്താന്‍ കെ.എസ്‌.ആര്‍.ടി.സിക്കു ബാധ്യതയുണ്ടെന്നും സ്‌ഥിരപ്പെടുത്തണമെന്ന എമ്പാനലുകാരുടെ ആവശ്യം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി കഴിഞ്ഞ നാലിനു വ്യക്‌തമാക്കിയിരുന്നു. പി.എസ്‌.സി. നടപടിയാകുന്നതുവരെ താല്‍ക്കാലിക നിയമനം ആവശ്യമായാല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന സര്‍വീസ്‌ ചട്ടമനുസരിച്ചു നടത്താം. 180 ദിവസത്തേക്കു മാത്രം. അതുകഴിഞ്ഞ്‌ തുടരാനാകില്ല. എക്‌സ്‌ചേഞ്ച്‌ മുഖേന പുതിയ ആളെ കിട്ടിയില്ലെങ്കില്‍ പി.എസ്‌.സിയുമായി ആലോചിച്ച്‌ താല്‍ക്കാലികമായി തുടരാന്‍ അനുവദിക്കാമെന്നുമാണു ഹൈക്കോടതി ഉത്തരവ്‌.
3861 എമ്പാനല്‍ കണ്ടക്‌ടര്‍മാരെയാണു നേരത്തേ പിരിച്ചുവിട്ടത്‌. പി.എസ്‌.സി. റാങ്ക്‌ ലിസ്‌റ്റിലുള്ളവര്‍ക്കു നിയമന ഉത്തരവ്‌ നല്‍കിയിട്ടും ഏകദേശം 1600 പേരാണു ജോലിക്കെത്തിയത്‌. അവരില്‍ത്തന്നെ ചിലര്‍ ജോലി ഉപേക്ഷിച്ചുപോയി. കണ്ടക്‌ടര്‍മാരുടെ ക്ഷാമം സര്‍വീസ്‌ മുടങ്ങുന്ന അവസ്‌ഥയുണ്ടാക്കി. ഈ സാഹചര്യത്തിലാണ്‌ അവശ്യസര്‍വീസെന്നു കണക്കാക്കി താല്‍ക്കാലിക നിയമനം നടത്താനും പിരിച്ചുവിട്ട എമ്പാനലുകാര്‍ക്കു മുന്‍ഗണന നല്‍കാനുമുള്ള സാധ്യത ആലോചിക്കുന്നത്‌. കോടതിവിധിക്ക്‌ എതിരാകാത്ത തരത്തില്‍ നടപ്പാക്കുന്നതിനുള്ള പോംവഴി കണ്ടെത്തണം.

ജി. അരുണ്‍

Ads by Google
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW