കൊച്ചി : തിരുവനന്തപുരത്തും കൊച്ചിയിലും പോലീസ് കമ്മിഷണറേറ്റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഐ.പി.എസ്. ലോബി. അധികാരത്തര്‍ക്കം ഉള്‍പ്പെടെ മുന്നില്‍ക്കണ്ടാണിത്. കമ്മിഷണറേറ്റ് വന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിക്കാനുള്ള അവകാശം പോലീസിനാകും.
ഇതു തടയാനാണു ചില കേന്ദ്രങ്ങളില്‍നിന്ന് നീക്കം തുടങ്ങിയത്. ഇതുസംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥന് മുഖേന സര്‍ക്കാരിനു കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ പോലീസ് കമ്മിഷണറേറ്റ് ആക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്റെ നീക്കം. ഇതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയിരുന്നു.
അടുത്ത നിയമസഭയില്‍ ഇതുസംബന്ധിച്ച് ബില്‍ അവതരിപ്പിക്കാനായിരുന്നു ശ്രമം. കമ്മിഷണറേറ്റ് വന്നാല്‍ കലക്ടര്‍മാര്‍ക്കുള്ള നിയമപരമായ പല അധികാരങ്ങളും പോലീസിനും ലഭ്യമാകും. ഇതോടെ, നഗരങ്ങളിലെ പോലീസ് കമ്മിഷണര്‍ പദവി ഇല്ലാതാകും.
പകരം ഐ.ജിമാര്ക്കാവും ചുമതല. ഇതിനിടെയാണ് അധികാരം പങ്കുവയ്ക്കുന്നതിനെതിരേ ഐ.പി.എസ്. ലോബി രംഗത്തുവന്നിരിക്കുന്നത്. നിയമസെക്രട്ടറിയും സര്‍ക്കാരിന് വിവരം അറിയിച്ചിട്ടുണ്ടെന്നാണു വിവരം.
ചട്ടങ്ങള്‍ പാലിച്ചു മാത്രമേ പുതിയ നടപടികളെടുക്കാവുവെന്നാണ് ആഭ്യന്തരവകുപ്പിനു കൈമാറിയ വിവരം. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിനെ കെ.എസ്.ആര്.ടി.സി: എം.ഡിയാക്കി മാറ്റിയതിനുശേഷം പകരക്കാരനെ നിയമിക്കാത്തത് കമ്മിഷണറേറ്റ് മുന്നില്‍ക്കണ്ടായിരുന്നു. ജനസംഖ്യ ആനുപാതികമായി മാത്രമേ കമ്മിഷണറേറ്റ് ഉള്‍പ്പടെയുള്ളവ സ്ഥാപിക്കാന്‍ ചട്ടമുള്ളു. ചെന്നൈ, മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണറേറ്റ് മുമ്പ് സ്ഥാപിച്ചത്.
എം.എസ്. സന്ദീപ്