Tuesday, February 12, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

ന്യൂനപക്ഷ സമുദായം: മാനദണ്ഡം നിശ്‌ചയിക്കാന്‍ സുപ്രീം കോടതി

uploads/news/2019/02/287307/d1.jpg

ന്യൂഡല്‍ഹി : ഓരോ സംസ്‌ഥാനത്തെയും എണ്ണത്തിന്റെ അടിസ്‌ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കുന്നതിനുള്ള മാനദണ്ഡം തയാറാക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷനു സുപ്രീം കോടതിയുടെ നിര്‍ദേശം. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണുചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കമ്മിഷനു നേരത്തേ നല്‍കിയ നിവേദനം വീണ്ടും സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനു കോടതി നിര്‍ദേശം നല്‍കി.
ദേശീയ തലത്തിലെ ജനസംഖ്യാ വിവരങ്ങള്‍ അടിസ്‌ഥാനമാക്കുന്നതിനു പകരം സംസ്‌ഥാനങ്ങളിലെ എണ്ണം അടിസ്‌ഥാനമാക്കി ന്യൂനപക്ഷങ്ങളെ നിശ്‌ചയിക്കണമെന്നാണ്‌ ഉപാധ്യായയുടെ ആവശ്യം. ദേശീയ തലത്തില്‍ ഭൂരിപക്ഷമാണെങ്കിലും പല സംസ്‌ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും ന്യൂനപക്ഷത്തിനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കുന്നു.
ജമ്മു കശ്‌മീര്‍, പഞ്ചാബ്‌, മിസോറം, നാഗാലാന്‍ഡ്‌, മേഘാലയ, അരുണാചല്‍ പ്രദേശ്‌, മണിപ്പൂര്‍ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാണ്‌ ആവശ്യം. ഇവിടങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്‌. ലക്ഷദ്വീപില്‍ 96.20 ശതമാനവും ജമ്മു കശ്‌മീരില്‍ 68.30 ശതമാനവും മുസ്ലിംകളാണ്‌. അസം (34.20 ശതമാനം), ബംഗാള്‍ (27.5), കേരളം (26.6), യു.പി. (19.30), ബിഹാര്‍ (18) എന്നിവിടങ്ങളില്‍ എണ്ണത്തില്‍ കുറവല്ലെങ്കിലും മുസ്ലിംകള്‍ ന്യൂനപക്ഷ പദവിയും ആനുകൂല്യങ്ങളും അനുഭവിക്കുന്നു. മിസോറം, മേഘാലയ, നാഗാലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ക്രിസ്‌ത്യാനികളാണു ഭൂരിപക്ഷം. അരുണാചല്‍, ഗോവ, കേരളം, മണിപ്പൂര്‍, തമിഴ്‌നാട്‌, പശ്‌ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ക്രിസ്‌ത്യാനികള്‍ കുറവല്ലെങ്കിലും അവര്‍ക്ക്‌ ന്യൂനപക്ഷ പദവിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഈ ആവശ്യമുന്നയിച്ച്‌ 2017-ല്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ന്യൂനപക്ഷ കമ്മിഷനെ സമീപിക്കാനായിരുന്നു നിര്‍ദേശം. നിവേദനം നല്‍കി 15 മാസമായിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ വീണ്ടും സുപ്രീംകോടതിയിലെത്തിയത്‌. ഇക്കാര്യത്തില്‍ കമ്മിഷന്‍ തീരുമാനമെടുക്കുന്നതാകും ഉചിതമെന്നു കോടതി പറഞ്ഞു.
ന്യൂനപക്ഷം എന്നതിന്റെ കൃത്യമായ നിര്‍വചനം തയാറാക്കുന്നതിനൊപ്പം ഓരോ സമുദായത്തെയും ഇതില്‍ ഉള്‍പ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി സംസ്‌ഥാന തലങ്ങളിലെ സെന്‍സസ്‌ വിവരങ്ങളെ ആശ്രയിക്കാം. ഏതൊക്കെ വിഭാഗങ്ങളെ ഏതൊക്കെ സംസ്‌ഥാനങ്ങളില്‍ ഭൂരിപക്ഷമായും ന്യൂനപക്ഷമായും വേര്‍തിരിക്കണമെന്നതടക്കം തീരുമാനിക്കപ്പെടുക കമ്മിഷന്‍ തയാറാക്കുന്ന മാര്‍ഗരേഖ അനുസരിച്ചാകും.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW