തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന് എംഎല്‍എയുടെ കുരുക്ക് മുറുകുന്നു. വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കളക്ടറെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയത് എംഎല്‍എയുടെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്.
മൂന്നാര്‍ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സബ്കളക്ടര്‍ സ്വന്തം ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ല. നിയമാനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാകകിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. എസ്.രാജേന്ദ്രശന്റ പരാമര്‍ശം അദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ സബ് കളക്ടര്‍ രേണു രാജിനു പൂര്‍ണ പിന്തുണയുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. സബ് കളക്ടറുടെ നടപടി നുറുശതമാനം ശരിയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുന്നാറിലെ അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചാണ് എസ്.രാജേന്ദ്രന് എംഎല്‍എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവള് ാണെന്നും വെറും ഐഎസ് കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ഇതിനിടെ മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ് കളക്ടര്‍ എ.ജി.ക്ക് കൈമാറി. എന്നാല്‍ വ്യക്തിപരമായി അധിഷേപിച്ച കാര്യം സബ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല.