തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണ്ണായകമായി മാറുന്ന ശബരിമല വിഷയം നില്ക്കുന്ന പത്തനംതിട്ടയ്ക്ക് വേണ്ടി സിപിഎമ്മില്‍ അവകാശവാദം മുറുകുന്നു. ശബരിമല കൂടി ഉള്‍പ്പെടുന്ന ഈ സീറ്റിനായി എംപി വീരേന്ദ്രകുമാറിന്റെ എല്‍ജെഡിയ്ക്ക് പിന്നാലെ തോമസ് ചാണ്ടിയുമായി എന്‍സിപി കൂടി എത്തുന്നതോടെ പത്തനംതിട്ടയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കേണ്ട സ്ഥിതിയാണ് സിപിഎമ്മിന്.
എല്‍ഡിഎഫ് വിപുലീകരണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ കക്ഷികളെ പിണക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നേതൃത്വത്തിന്. ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജിന് വേണ്ടിയാണ് എല്‍ജെഡി പത്തനംതിട്ട ചോദിക്കുന്നത്. തിരുവല്ലക്കാരനാണെന്നതും ക്രിസ്ത്യാനി ആണെന്നതും ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജിന് കഴിയുമെന്നതാണ് ലോക് താന്ത്രിക് ജനതാദള്‍ മുമ്പോട്ട് വെയ്ക്കുന്ന ആശയം. മറുവശത്ത് കായല്‍ കയ്യേറ്റ പ്രശ്നത്തിലൂടെ മന്ത്രിസ്ഥാനം കൈവിട്ട തോമസ് ചാണ്ടിക്ക് വേണ്ടിയാണ് എന്‍സിപിയുടെ നീക്കം.
അതേസമയം ലോക്സഭാ സീറ്റിന് വേണ്ടി രണ്ടു പാര്‍ട്ടികളും ആവശ്യം ഉന്നയിക്കില്ല എന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2009 ല്‍ കോഴിക്കോട് സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തിയായിരുന്നു ജനതാദള്‍ മുന്നണി വിട്ടു പോയതെന്ന ചിന്ത സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്. ഇത്തവണ മടങ്ങിയെത്തിയപ്പോഴും അതേ പ്രശ്നം ഉണ്ടാകാതെ അവര്‍ സൂക്ഷിക്കുമെങ്കില്‍ എല്‍ജെഡിയ്ക്ക് സീറ്റുണ്ടാകും. വീരേന്ദ്ര കുമാറിന്റെ മകനും എം.എല്‍.എയുമായ ശ്രേയാംസ് കുമാറിനു പാര്‍ട്ടിയില്‍ വലിയ പ്രാധാന്യം നല്കുന്നതില് വര്‍ഗീസ് ജോര്‍ജ് അതൃപ്തനാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനു വേണ്ടി പത്തനംതിട്ട സീറ്റ് നേടാന്‍ വീരേന്ദ്രകുമാര്‍ ശ്രമിക്കുന്നത്.
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നുള്ള ഒരു മാറ്റമാണ് തോമസ് ചാണ്ടി ആഗ്രഹിക്കുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയ്ക്ക് നല്ല സ്വാധീനമുള്ള മേഖലയിലെ ഒരു സീറ്റ് പകരം നല്‍കാമെന്നാതാണ് തീരുമാനം. ക്രിസ്ത്യാനികള്‍ക്ക് മേല്‍ക്കോയ്മ ഉള്ള മണ്ഡലത്തില്‍ ഒരു ക്രിസ്ത്യാനി മത്സരിക്കാന്‍ എത്തുന്നത് പത്തനംതിട്ടയില്‍ എല്‍ഡിഎഫിന് മേല്‍ക്കോയ്മ നല്‍കുമെന്നത് എല്‍ഡിഎഫിനെ ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്നാണ് എന്‍സിപിയുടെ പ്രതീക്ഷ. അതേസമയം ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരമാനം എടുക്കും.