Monday, February 11, 2019 Last Updated 53 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.56 AM

ചൈത്രയും രേണുവും നമ്മോടു പറയുന്നത്‌

uploads/news/2019/02/287204/editorial.jpg

ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പാലിക്കേണ്ട ചില സാമാന്യ മര്യാദകളും അതിര്‍വരമ്പുകളുമുണ്ട്‌. ഇവ പുലര്‍ത്തിയെങ്കിലേ ജനങ്ങള്‍ക്ക്‌ ഇരുകൂട്ടരോടും മതിപ്പും ബഹുമാനവുമുണ്ടാവുകയുള്ളൂ. അന്തസുള്ള ഭരണാധികാരികള്‍ക്കു കീഴിലേ ഉദ്യോഗസ്‌ഥര്‍ക്ക്‌ അഭിമാനത്തോടെ ജോലിചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന പ്രാഥമികപാഠം പലപ്പോഴും ഈ അന്തസിന്റെ കുറവു മൂലം ജനപ്രതിനിധികള്‍ക്കു മനസിലാക്കാന്‍ സാധിക്കാതെ പോകുന്നു. നീതിനിയമങ്ങളെ ബഹുമാനിക്കാനും മറ്റുള്ളവരെ മാനിക്കുവാനുമുള്ള ചെറിയ മര്യാദയെങ്കിലും പുലര്‍ത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജനപ്രതിനിധികളെ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തന്റെ ഉത്തരവാദിത്വം നിറവേറ്റിയതിന്റെ പേരില്‍ ഒരു ഡി.സി.പിയുടെമേല്‍ പാര്‍ട്ടിയടക്കം കുതിരകയറാന്‍ നോക്കി നാണം കെട്ടതിന്റെ ക്ഷീണം മാറുംമുമ്പേയാണ്‌ മൂന്നാറില്‍ സി.പി.എമ്മിന്റെ എം.എല്‍.എ. ഒരു സബ്‌ കലക്‌ടര്‍ക്കു നേര്‍ക്കു തന്റെ ശൗര്യം പുറത്തെടുത്തത്‌.
ദേവികുളം സബ്‌ കലക്‌ടര്‍ രേണു രാജിനെ എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. ബുദ്ധിയില്ലാത്തവളെന്നു വിളിച്ചുനടത്തിയ ആക്ഷേപപരമ്പര കേരളത്തിനുമേല്‍ വാരിയെറിഞ്ഞ ചെളിയാണ്‌. ജനങ്ങള്‍ നല്‍കിയ അധികാരമുപയോഗിച്ചു നിയമം നടപ്പാക്കുന്ന ഉദ്യോഗസ്‌ഥരെ അടിച്ചൊതുക്കുന്നത്‌ ജനാധിപത്യത്തിനു ഭൂഷണമല്ല. അധികാരകേന്ദ്രങ്ങള്‍ പറയുന്നതനുസരിച്ചു താളം തുള്ളുന്ന അടിമകളായിരിക്കരുത്‌ ഉദ്യോഗസ്‌ഥര്‍. അത്തരത്തിലുള്ള അടിമകളാണ്‌ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കുകയും അതിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത്‌.ഭരണഘടനയും നീതിനിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നതും നിലനിര്‍ത്തിയിരിക്കുന്നതും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനാണ്‌.

നീതിയും നിയമവും താനാണെന്ന ഭാവം ജനപ്രതിനിധികള്‍ക്കുണ്ടാകുന്നത്‌ നല്ലതല്ല. ആവശ്യമായ രേഖകളൊന്നുമില്ലാതെ മൂന്നാറില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ സബ്‌ കലക്‌ടര്‍ ആവശ്യപ്പെട്ടതാണ്‌ എസ്‌. രാജേന്ദ്രന്‍ എം.എല്‍.എയെ ചൊടിപ്പിച്ചത്‌. എന്‍.ഒ.സിയടക്കമുള്ള രേഖകള്‍ നേടിയശേഷമേ നിര്‍മാണപ്രവര്‍ത്തനം നടത്താവൂയെന്ന്‌ ആവശ്യപ്പെട്ടത്‌ കുറ്റകരമാകുന്നത്‌ എങ്ങനെയെന്നു ജനങ്ങളോടു വിശദീകരിക്കാനുള്ള ബാധ്യത എതിര്‍ക്കുന്നവര്‍ക്കുണ്ട്‌. അനധികൃത നിര്‍മാണം തടയാന്‍ ഒരു സബ്‌ കലക്‌ടര്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിട്ടും സമയത്തു ലഭിച്ചില്ലെന്നതു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം തന്നെയാണ്‌.

നിയമങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ ജോലി കഠിനമാകുന്നത്‌ കേരളം പലപ്പോഴും കണ്ടിട്ടുണ്ട്‌, സാക്ഷിയായിക്കൊണ്ടുമിരിക്കുന്നു. അന്തസോടെ ജോലിചെയ്‌ത പല ഉദ്യോഗസ്‌ഥരും വിട്ടുവീഴ്‌ചയില്ലാതെ തലയുയര്‍ത്തിക്കൊണ്ടു തന്നെ ഇടുക്കി വിട്ടതും കേരളം അഭിമാനത്തോടെ കണ്ടതാണ്‌. സത്യസന്ധമായി ജോലിചെയ്യുന്ന ഉദ്യോഗസ്‌ഥരെ അംഗീകരിക്കാനുള്ള ആര്‍ജവം ജനപ്രതിനിധികളും മേലധികാരികളും കാട്ടണം. എങ്കിലേ അഴിമതിക്കു കൂട്ടുനില്‍ക്കാത്ത, സത്യസന്ധരായ ഉദ്യോഗസ്‌ഥരെ നിലനിര്‍ത്താനാകൂ. ചൈത്ര തെരേസാ ജോണിന്റെ അനുഭവമറിഞ്ഞ ഏതെങ്കിലും ഉദ്യോഗസ്‌ഥന്‍ പാര്‍ട്ടി ഓഫീസ്‌ പോയിട്ട്‌ ഏതെങ്കിലും ഒരു പാര്‍ട്ടിയംഗം നടത്തുന്ന കുറ്റകൃത്യം ചോദ്യം ചെയ്യുമോയെന്നു ഭരിക്കുന്നവര്‍ ചിന്തിക്കണം. രേണു രാജിന്റെ അനുഭവമറിയുന്ന ഏതെങ്കിലുമൊരാള്‍ കൈയേറ്റമൊഴിപ്പിക്കല്‍ പോയിട്ട്‌ ഒരതിരുതര്‍ക്കത്തില്‍ പോലും സത്യസന്ധമായ നിലപാടെടുക്കുമോയെന്ന്‌ അധികാരികള്‍ നൂറുവട്ടം ആലോചിക്കണം.

Ads by Google
Monday 11 Feb 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW