നക്ഷത്രത്തിന്റെ മരണം കണ്മുന്നിലെത്തിയപ്പോള് ശാസ്ത്രജ്ഞര്‍ അമ്പരന്നു. പക്ഷേ, അതു കെപ്ലര്‍ ദൂരദര്‍ശിനിയുടെ തുടക്കം മാത്രമായിരുന്നു. സൗരയൂഥത്തിനു പുറത്ത് ഗ്രഹങ്ങളുണ്ടെന്നും അവയില്‍ ജീവനു സാധ്യതയുണ്ടെന്നും കെപ്ലര്‍ കാട്ടിത്തന്നു. ഇതരനക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനും കെപ്ലര്‍ തുടക്കമിട്ടു. ഒന്‍പത് വര്‍ഷവും ഏഴ് മാസവും നീണ്ട സേവനത്തിനൊടുവില്‍ കെപ്ലര്‍ ദൂരദര്‍ശിനി ബഹിരാകാശത്തിന്റെ ഇരുട്ടിലേക്കു മറഞ്ഞു.
അതിനു മുമ്പ് കണ്ടെത്തിയത് 2,662 ഗ്രഹങ്ങളെ. നിരീക്ഷിച്ചത് അഞ്ച് ലക്ഷത്തിലേറെ നക്ഷത്രങ്ങളെ...
2009 ഏപ്രില്‍ എട്ടിനാണു നാസയുടെ ബഹിരാകാശ ദൂരദര്‍ശിനി കെപ്ലര്‍ ബഹിരാകാശത്തുനിന്ന് ആദ്യ ചിത്രമയച്ചത്. 3.5 വര്‍ഷത്തെ സേവനമാണു നാസ പ്രതീക്ഷിച്ചത്. പക്ഷേ, കെപ്ലറിന്റെ സേവനം തുടര്‍ന്നുകൊണ്ടേയിരുന്നു...
42 ഇമേജ് സെന്‍സറുകളുടെ സഹായത്തോടെയായിരുന്നു കെപ്ലറിന്റെ വാനനിരീക്ഷണം. ഓരോന്നിനും 1,024 2,200 പിക്സല്‍ റെസലൂഷനുള്ള ക്യാമറകളും.
കെപ്ലറിനു മുമ്പ് ശാസ്ത്രലോകത്തിനു ബഹിരാകാശത്തെക്കുറിച്ചു വ്യത്യസ്ത സങ്കല്പമായിരുന്നു. ഗ്രഹങ്ങള്‍ സൂര്യനുമാത്രം. അതില്‍ അപൂര്‍വമാണു ഭൂമി. ഭൂമിക്കു പുറത്ത് ജീവനു സാധ്യത കഥകളില്‍ മാത്രം... ഇവയെയാണു കെപ്ലര്‍ തിരുത്തിക്കുറിച്ചത്.
സൗരയൂഥത്തിനു സമാനമായ ട്രാപിസ്റ്റ് -1 സംവിധാനവും കെപ്ലര്‍ കണ്ടെത്തി. ഈ നക്ഷത്രത്തിന് ഏഴ് ഗ്രഹങ്ങളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ചില ഗ്രഹങ്ങളില്‍ ജീവനു സാധ്യതയും കല്പിക്കപ്പെടുന്നു.
ജിജെ 9827 നക്ഷത്രവും ഗ്രഹങ്ങളുമാണു മറ്റൊരു പ്രതീക്ഷ. ഈ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളില്‍ അന്തരീക്ഷത്തിനു സാധ്യത കെപ്ലര്‍ കണ്ടെത്തിക്കഴിഞ്ഞു.
അന്യഗ്രഹജീവികള്‍ എന്ന സങ്കല്പം കഥകളില്‍നിന്നു യാഥാര്‍ഥ്യമാകാനുള്ള സാധ്യത തുറന്നു കാട്ടിയത് കെപ്ലറാണെന്നു നാസ സയന്‍സ് മിഷന് ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ തോമസ് സര്‍ബെചന്‍ പറഞ്ഞു. അന്യഗ്രഹങ്ങള്ക്കായുള്ള അന്വേഷണം പുതിയ ശാസ്ത്രശാഖയായി മാറി.
കെപ്ലര്‍ നല്കിയ ചിത്രങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള പല ധാരണകളും തിരുത്തി. ഭൂമി ഒരു അപൂര്‍വ പ്രതിഭാസമല്ലെന്നതാണു പ്രധാനം. പ്രപഞ്ചത്തിലെവിടെയോ ഭൂമിക്ക് അപരന്മാരുണ്ടെന്നും അവയില്‍ ജീവനു സാധ്യതയുണ്ടെന്നും കെപ്ലറിലൂടെ ശാസ്ത്രലോകം മനസിലാക്കി.
ഭൂമി 2.0
2014 ലാണു ഭൂമിയുടെ അപരനെ കെപ്ലര്‍ കണ്ടെത്തിയത്. ഇതിനു കെപ്ലര്‍ 452 ബി എന്ന പേരാണു നല്‍കിയിരിക്കുന്നത്. 1,400 പ്രകാശവര്‍ഷം(ഒരു പ്രകാശ വര്‍ഷം = പ്രകാശം ഒരു വര്‍ഷം കൊണ്ട് പിന്നിടുന്ന ദൂരം അഥവാ 9.46 1012 കിലോമീറ്റര്‍) അകലെയാണു സ്ഥാനം. ഭൂമിയുടെ അതേ വലിപ്പം. നക്ഷത്രവുമായുള്ള അകലം ഭൂമിയും സൂര്യനും തമ്മിലുള്ളഅത്രമാത്രം. ഭൂമിയിലെ ചെടികളെ അങ്ങോട്ടു പറിച്ചുനട്ടാല്‍ നശിക്കില്ലെന്നാണു ശാസ്തജ്ഞര്‍ പറയുന്നത്.
രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹം
രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹം നേരത്തെ തന്നെ ശാസ്ത്രഭാവനയില്‍ ഇടംപിടിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമാണെന്നു കെപ്ലര്‍ സ്ഥിരീകരിച്ചപ്പോള്‍ ലോകം അമ്പരന്നു. 200 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ 16ബി എന്ന ഗ്രഹമാണു രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്നത്. സ്റ്റാര്‍ വാര്‍സ്: എ ന്യൂ ഹോപ് എന്ന ചിത്രത്തിലെ കഥയില്‍ പറയുന്നതുപോലെ ആകാശത്ത് ഒരേ സമയം രണ്ട് സൂര്യനുണ്ടാകും.
ജീവനു സാധ്യത
ഭൂമിക്കു പുറത്തും ജീവിതം സാധ്യമാകുമെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചത് കെപ്ലര്‍ സഹായത്തോടെയാണ്.
ട്രാപിസ്റ്റ് എന്ന അപരന്
2017 ലാണു ട്രാപിസ്റ്റ് -1 നക്ഷത്ര സംവിധാനം കണ്ടെത്തിയത്. കുള്ളന്‍ നക്ഷത്രവും ഗ്രഹങ്ങളും അടങ്ങുന്ന ട്രാപിസ്റ്റ് -1, 39 പ്രകാശവര്‍ഷം അകലെയാണ്. ഏഴ് ഗ്രഹങ്ങളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ മൂന്ന് എണ്ണത്തില്‍ ജീവനു സാധ്യതയുണ്ടെന്നാണു കണക്കുകൂട്ടല്‍.
ഗ്രഹങ്ങളെ തിരിച്ചറിയുന്നതെങ്ങനെ
പ്രകാശ വര്‍ഷങ്ങള്‍ അകലെുള്ള ഗ്രഹങ്ങെള ദൂരദര്‍ശിനിയില്‍ കൂടെ കാണുക പ്രയാസമാണ്. നക്ഷത്രങ്ങളുടെ പ്രകാശത്തിലുണ്ടാകുന്ന വ്യതിയാനമാണു ഗ്രഹസാന്നിധ്യ സൂചന നല്‍കുന്നത്.
ഭൂമിയില്‍നിന്നു സൂര്യഗ്രഹണം കാണുന്നതുപോലെയുള്ള പ്രതിഭാസം പരിശോധിച്ചാണു ഗ്രഹത്തെ തിരിച്ചറിയുന്നത്. ഭൂമിക്കും സൂര്യനും മധ്യേ ചന്ദ്രനെത്തുമ്പോള്‍ സൂര്യന്റെ പ്രകാശം കുറയും.
അതുപോലെ നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ പ്രഭമങ്ങും. ഈ പ്രകാശ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിലാണു ഗ്രഹത്തിന്റെ വലിപ്പം, നക്ഷത്രവുമായുള്ള അകലം തുടങ്ങിയവ കണക്കാക്കുന്നത്.
കെപ്ലറിനുശേഷം
ഇനി ടെസ്(ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്) ആകും കെപ്ലറിന്റെ ദൗത്യം തുടരുക. കഴിഞ്ഞ വര്‍ഷം ഏപ്രില്‍18 നാണു ടെസ് വിക്ഷേപിച്ചത്.
സാങ്കേതികവിദ്യ പുരോഗമിച്ചതിനാല്‍ കെപ്ലറിനേക്കാള് മികവുറ്റ ദൃശ്യങ്ങള്‍ ടെസില്നിന്നു കിട്ടും. ഗ്രഹങ്ങളുടെ അന്തരീക്ഷ പഠനവും ടെസ് ദൗത്യത്തിന്റെ ഭാഗമാണ്. 2,00,000 നക്ഷത്രങ്ങളെ നിരീക്ഷിക്കുകയാണു ടെസിന്റെ ദൗത്യം. സൂര്യനോട് സാമ്യമുള്ള നക്ഷത്രങ്ങള്ക്കാകും മുന്‍ഗണന(ഇത്തരം നക്ഷത്രങ്ങളുടെ ഗ്രഹങ്ങളിലാണു ജീവനു സാധ്യതയെന്നാണു വിശ്വാസം)
ജൊഹാന്‍സ് കെപ്ലര്‍
മതവിശ്വാസത്തില്‍നിന്നു ജ്യോതിശാസ്ത്രത്തെ വേര്‍പെടുത്തി ഭൗതികശാസ്ത്രത്തോട് അടുപ്പിച്ച ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ജൊഹാന്‍സ് കെപ്ലര്‍. അദ്ദേഹത്തിന്റെ പേരാണു നാസ കെപ്ലര്‍ ദൂരദര്‍ശിനിക്കു നല്‍കിയത്.
ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണനിയമത്തിന് അടിത്തറ പാകിയ ഗ്രഹചലനനിയമങ്ങള്‍ ആവിഷ്കരിച്ചത് അദ്ദേഹമാണ്.
1571 ഡിസംബറില്‍ ജനിച്ച അദ്ദേഹം 1630 നവംബര്‍ 15 നാണ് അന്തരിച്ചത്.
കെപ്ലറിന്റെ അവസാനം ഇങ്ങനെ
ഇപ്പോള്‍ ഭൂമിയില്‍നിന്ന് 15.1 കോടി കിലോമീറ്റര്‍ അകലെയാണു കെപ്ലറുടെ സ്ഥാനം. ഭൂമിയും ശുക്രനും തമ്മിലുള്ള ഏകദേശ അകലത്തിന് ഇരട്ടിയാണിത്. (ഭൂമിയും ശുക്രനും തമ്മിലുള്ള അകലം 7.7 കോടി കിലോമീറ്ററാണ്). വൈകാതെ കെപ്ലര്‍ ഈ ദൂരത്തില്‍ തണുത്തുറഞ്ഞ ലോഹക്കഷണമായി മാറും. പിന്നെയും സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുമെന്നും നാസയുടെ എയിംസ് റിസേര്‍ച്ച് സെന്ററിലെ പ്ര?ജക്ട് സിസ്റ്റം മാനേജര്‍ ചാര്‍ലി സോബെക് പറഞ്ഞു. കെപ്ലറില്‍ ഇന്ധനം നിറഞ്ഞ് അതിനെ സജീവമാക്കുക സാധ്യമല്ലെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബര്‍ 25 നാണു കെപ്ലര്‍ അവസാന ചിത്രം ഭൂമിയിലേക്ക് അയച്ചത്. ഇതുപങ്കുവച്ചാണു കഴിഞ്ഞ ദിവസം കെപ്ലറിന്റെ വിരമിക്കല്‍ നാസ പ്രഖ്യാപിച്ചത്.
കണ്ടെത്തല്‍
5,30,506 നക്ഷത്രങ്ങള്‍,
2,946 ഗ്രഹങ്ങള്‍.
സ്ഥിരീകരിക്കാത്ത ഗ്രഹങ്ങള്‍ 5,000
ജീവനു സാധ്യതയുള്ള 30
ഗ്രഹങ്ങള്‍.
ബഹിരാകാശത്തെക്കുറിച്ച് 678 ജിഗാബൈറ്റ് ഡേറ്റ
ഇതിന്റെ അടിസ്ഥാനത്തില്‍ 2,946 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു
മാത്യൂസ് എം. ജോര്‍ജ്