Wednesday, April 24, 2019 Last Updated 39 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.36 AM

ഇന്ത്യ എ - ഇംഗ്ലണ്ട്‌ ലയണ്‍സ്‌ ചതുര്‍ദിന ക്രിക്കറ്റ്‌ ടെസ്‌റ്റ് , മത്സരം സമനിലയില്‍

uploads/news/2019/02/287126/s2.jpg

കൃഷ്‌ണഗിരി : ന്യൂസിലന്‍ഡില്‍ സീനിയര്‍ താരങ്ങള്‍ തല്ലുവാങ്ങിക്കൂട്ടിയപ്പോര്‍ ഇങ്ങു കൃഷ്‌ണഗിരിയില്‍ ഇന്ത്യന്‍ ജൂനിയര്‍ ബൗളര്‍മാരെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുകയായിരുന്നു ഇംഗ്ലീഷ്‌ യുവനിര.
ഇന്ത്യ എയും ഇംഗ്ലണ്ട്‌ ലയണ്‍സും തമ്മിലുള്ള ആദ്യ ചതുര്‍ദിന ടെസ്‌റ്റ് ക്രിക്കറ്റ്‌ മത്സരം സമനിലയില്‍ അവസാനിച്ചു. ക്ഷമയോടെ ബാറ്റു ചെയ്‌ത സിംഹങ്ങള്‍ സമനില വാങ്ങുകയായിരുന്നു. 200 റണ്‍ ലീഡ്‌ വഴങ്ങി രണ്ടാമിന്നിങ്‌സിനിറങ്ങിയ അവര്‍ അവസാന ദിനം അഞ്ചിന്‌ 214 റണ്‍ വരെയെടുത്തു. തുടര്‍ന്ന്‌ ഇരു നായകന്‍മാരും സമനിലയില്‍ പിരിയാന്‍ സമ്മതിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയുമായി ഇന്ത്യയെ കൂറ്റന്‍ ലീഡിലേക്കു നയിച്ച മധ്യനിര ബാറ്റ്‌സ്മാന്‍ പ്രിയങ്ക്‌ പഞ്ചാലാണ്‌ കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം മത്സരം 13 മുതല്‍ മൈസൂരുവില്‍ നടക്കും.
വിക്കറ്റ്‌ നഷ്‌ടമില്ലാതെ 20 റണ്‍ എന്ന നിലയിലാണ്‌ നാലാം ദിനമായ ഇന്നലെ ഇംഗ്ലണ്ട്‌ ബാറ്റിങ്‌ പുനരാരംഭിച്ചത്‌. അവസാന ദിനം സ്‌പിന്നിനെ തുണയ്‌ക്കുമെന്നു കരുതിയ പിച്ചില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശുകയായിരുന്നു ഓപ്പണര്‍മാര്‍.
15 ഓവറില്‍ ഒന്നാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ 63 റണ്ണാണ്‌ ഇംഗ്ലണ്ട്‌ അടിച്ചെടുത്തത്‌. 16-ാം ഓവറിന്റെ മൂന്നാം പന്തില്‍ ബെന്‍ ഡക്കറ്റിനെ മടക്കി ആവേശ്‌ ഖാന്‍ ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്‌ ത്രൂ സമ്മാനിച്ചു. 41 പന്തില്‍ മൂന്നു ഫോറുകളോടെ 30 റണ്‍ നേടിയാണു ഡക്കറ്റ്‌ മടങ്ങിയത്‌്. ഇതോടെ മികച്ച സ്‌കോര്‍ അടിച്ചുകൂട്ടാമെന്ന മോഹങ്ങള്‍ ഇംഗ്ലണ്ട്‌ ഉപേക്ഷിച്ചു. ക്ഷമയോടെ പിടിച്ചു നില്‍ക്കാനായിരുന്നു അവരുടെ ശ്രമം.
18 റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മറ്റൊരു ഓപ്പണര്‍ മാക്‌സ് ഹോള്‍ഡനെ കേരളാ രഞ്‌ജി താരം ജലജ്‌ സക്‌സേന മടക്കി. 26 റണ്ണായിരുന്നു ഹോള്‍ഡന്റെ സംഭാവന. അപ്പോള്‍ വെറും 17 ഓവറുകള്‍ മാത്രമേ എറിഞ്ഞിട്ടുണ്ടായിരുന്നുള്ളു.പിന്നീട്‌ ഒത്തു ചേര്‍ന്ന സാം ഹെയ്‌നും ഒലി പോപ്പും പ്രതിരോധക്കോട്ട കെട്ടിയതോടെ ഇന്ത്യയുടെ ആവേശം ആറി. മൂന്നാം വിക്കറ്റില്‍ 105 റണ്ണിന്റെ കൂട്ടുകെട്ടു മാത്രമാണു പടുത്തുയര്‍ത്തിയത്‌. പക്ഷേ അപ്പോഴേക്കും മത്സരം ചായയ്‌ക്കു തൊട്ടുമുമ്പ്‌ വരെ എത്തി. നിര്‍ണായകമായ രണ്ടാം സെഷനില്‍ ഇന്ത്യക്കു വിക്കറ്റ്‌ നല്‍കാതെ പിടിച്ചു നില്‍ക്കാന്‍ സന്ദര്‍ശകര്‍ക്കായി. ചായയ്‌ക്കു തൊട്ടുമുമ്പ്‌ പോപ്പിനെ (122 പന്തില്‍ 63) മടക്കി ഷഹബാസ്‌ നദീം പ്രതീക്ഷ നല്‍കി. ഇടവേളയ്‌ക്കു ശേഷം നായകന്‍ സാം ബില്ലിങ്‌സും (അഞ്ച്‌ ) നദീമിന്‌ ഇരയായി. അതേ സ്‌കോറില്‍ തന്നെ ഹെയ്‌നെ (178 പന്തില്‍ 57 ) ജലജ്‌ മടക്കിയെങ്കിലും ഇന്ത്യക്കു പിടിച്ചു കയറാനായില്ല. ഇതിനിടെ വെളിച്ചക്കുറവിനേത്തുടര്‍ന്ന്‌ 15 മിനിറ്റ്‌് മത്സരം നിര്‍ത്തി വച്ചു. ശേഷിച്ച 26 ഓവറുകളില്‍ ഇന്ത്യക്കു സാധ്യത നല്‍കാതെ ആറാം വിക്കറ്റില്‍ സ്‌റ്റീവന്‍ മുല്ലനിയും (മൂന്ന്‌) വില്‍ ജാക്‌സും (13) പിടിച്ചു നിന്നതോടെ മത്സരം സമനിലയായി.

ശ്യാം ശശീന്ദ്രന്‍

Ads by Google
Monday 11 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW