Monday, February 11, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.36 AM

അവസാനം കൈവിട്ടു : ന്യൂസിലന്‍ഡിന്‌ ട്വന്റി20 പരമ്പര

uploads/news/2019/02/287125/s1.jpg

ഹാമില്‍ട്ടന്‍: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ന്യൂസിലന്‍ഡിന്‌. അവസാന പന്ത്‌ വരെ ആവേശം നിറഞ്ഞ മൂന്നാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡ്‌ നാല്‌ റണ്ണിനു ജയിച്ചതോടെയാണ്‌ അവര്‍ പരമ്പര നേടിയത്‌. 2-1 നാണു പരമ്പര നേട്ടം.
ഹാമില്‍ട്ടണിന്റെ സെഡന്‍ പാര്‍ക്കില്‍ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 212 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 208 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ടിം സൗത്തി എറിഞ്ഞ അവസാന ഓവര്‍ മത്സരത്തില്‍ നിര്‍ണായകമായി. ഇന്ത്യക്കു ജയിക്കാന്‍ ആറ്‌ പന്തില്‍ 16 റണ്‍ വേണമെന്ന അവസ്‌ഥയിലാണു സൗത്തി എറിയാനെത്തിയത്‌. ക്രീസില്‍ ദിനേഷ്‌ കാര്‍ത്തിക്കും കൃനാല്‍ പാണ്ഡ്യയുമായിരുന്നു. ആദ്യ പന്തില്‍ രണ്ട്‌ റണ്ണെടുത്ത കാര്‍ത്തിക്ക്‌ തൊട്ടടുത്ത പന്ത്‌ വിട്ടുകളഞ്ഞു. മൂന്നാമത്തെ പന്തില്‍ കാര്‍ത്തിക്ക്‌ ലോങ്‌ ഓണിലേക്കു പായിച്ചെങ്കിലും റണ്ണിനായി ഓടിയില്ല. പകുതി ദൂരം ഓടിയെത്തിയ കൃനാലിനെ കാര്‍ത്തിക്ക്‌ തിരിച്ചയയ്‌ക്കുകയായിരുന്നു. അടുത്ത പന്തില്‍ കാര്‍ത്തിക്ക്‌ സിംഗിള്‍ നേടി. അഞ്ചാമത്തെ പന്ത്‌ നേരിട്ട കൃനാല്‍ സിംഗിളെടുത്തു. അവസാന പന്ത്‌ വൈഡായതോടെ ഇന്ത്യക്ക്‌ ഒരു അധിക റണ്ണും പന്തും ലഭിച്ചു. അവസാന പന്ത്‌ കാര്‍ത്തിക്ക്‌ സിക്‌സര്‍ പറത്തിയെങ്കിലും ജയത്തിനു പര്യാപ്‌തമായില്ല. കാര്‍ത്തിക്കും (16 പന്തില്‍ നാല്‌ സിക്‌സറുകളടക്കം 33) കൃനാല്‍ പാണ്ഡ്യയും (13 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 26) പുറത്താകാതെനിന്നു. വിജയ്‌ ശങ്കര്‍ (28 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 43), ഋഷഭ്‌ പന്ത്‌ (12 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 28), നായകന്‍ രോഹിത്‌ ശര്‍മ (32 പന്തില്‍ 38) എന്നിവരുടെ വെടിക്കെട്ടുകളും സൗത്തിയുടെ അവസാന ഓവറിലെ ബൗളിങ്‌ മികവില്‍ പാഴായി.
നാല്‌ ഓവര്‍ എറിഞ്ഞ സൗത്തി 47 റണ്‍ വഴങ്ങിയെന്നതു രസകരമായ വസ്‌തുതയുമാണ്‌. ടോസ്‌ നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ കോളിന്‍ മുണ്‍റോയുടെ വെടിക്കെട്ടാണു ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്‌.
40 പന്തില്‍ അഞ്ച്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 72 റണ്ണുമായി അടിച്ചു തകര്‍ത്ത മുണ്‍റോയാണു മത്സരത്തിലെ താരം. ടിം സീഫര്‍ട്ടുമായി ഓപ്പണിങ്‌ വിക്കറ്റില്‍ 80 റണ്ണെടുക്കാന്‍ മുണ്‍റോയ്‌ക്കായി. കുല്‍ദീപ്‌ യാദവ്‌ എറിഞ്ഞ മത്സരത്തിന്റെ എട്ടാം ഓവറിലാണു കൂട്ടുകെട്ട്‌ പൊളിഞ്ഞത്‌. 25 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 43 റണ്ണെടുത്ത സീഫര്‍ട്ടിനെ എം.എസ്‌. ധോണി സ്‌റ്റമ്പ്‌ ചെയ്‌തു. നായകന്‍ കെയ്‌ന്‍ വില്യംസണും (21 പന്തില്‍ 27) മുണ്‍റോയും ചേര്‍ന്നാണു തുടര്‍ന്നു ബൗളര്‍മാരെ കശാപ്പ്‌ ചെയ്‌തത്‌.
28 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ മുണ്‍റോയായിരുന്നു കൂടുതല്‍ അപകടകാരി. ടീം സ്‌കോര്‍ 135 ല്‍ നില്‍ക്കേ മുണ്‍റോ കുല്‍ദീപ്‌ യാദവിന്റെ പന്തില്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ ക്യാച്ച്‌ നല്‍കി. കോളിന്‍ ഡി ഗ്രാനോമെയും (16 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 30) ആഞ്ഞടിച്ചതോടെ ബൗളര്‍മാര്‍ തളര്‍ന്നു. വില്യംസണിനെ ഖലീല്‍ അഹമ്മദ്‌ കുല്‍ദീപിന്റെ കൈയിലെത്തിച്ചതോടെയാണു കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ധോണി പിടിച്ചാണു ഗ്രാനോമെ മടങ്ങിയത്‌. 213 റണ്ണെടുക്കാനിറങ്ങിയ ഇന്ത്യക്ക്‌ മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തിരിച്ചടി കിട്ടി. നാല്‌ പന്തില്‍ അഞ്ച്‌ റണ്ണെടുത്ത ശിഖര്‍ ധവാനെ ഡാരില്‍ മിച്ചല്‍ പിടികൂടി. രോഹിത്‌ ശര്‍മ- വിജയ്‌ ശങ്കര്‍ കൂട്ടുകെട്ട്‌ അടിച്ചു തകര്‍ത്തെങ്കിലും സാന്റ്‌നര്‍ വീണ്ടും വില്ലനായി. സ്‌കോര്‍ 81 ല്‍ നില്‍ക്കേ വിജയിനെ ഗ്രാനോമെ പിടികൂടി. ന്യൂസിലന്‍ഡിനു വേണ്ടി സാന്റ്‌നറും ഡാരില്‍ മിച്ചലും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. സ്‌കോട്ട്‌ കുഗെലെജിന്‍, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. മൂന്ന്‌ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സീഫര്‍ട്ടാണു പരമ്പരയിലെ താരം.

സ്‌കോര്‍ബോര്‍ഡ്‌:

ന്യൂസിലന്‍ഡ്‌- ടിം സീഫര്‍ട്ട്‌ സ്‌റ്റമ്പ്‌ഡ് ധോണി ബി കുല്‍ദീപ്‌ യാദവ്‌ 43, കോളിന്‍ മുണ്‍റോ സി ഹാര്‍ദിക്‌ പാണ്ഡ്യ ബി കുല്‍ദീപ്‌ യാദവ്‌ 72, കെയ്‌ന്‍ വില്യംസണ്‍ സി കുല്‍ദീപ്‌ യാദവ്‌ ബി ഖലീല്‍ അഹമ്മദ്‌ 27, കോളിന്‍ ഡി ഗ്രാനോമെ സി ധോണി ബി ഭുവനേശ്വര്‍ കുമാര്‍ 30, ഡാരില്‍ മിച്ചല്‍ നോട്ടൗട്ട്‌ 19, റോസ്‌ ടെയ്‌ലര്‍ നോട്ടൗട്ട്‌ 14. എക്‌സ്ട്രാസ്‌: 7. ആകെ (20 ഓവറില്‍) നാലിന്‌ 212. വിക്കറ്റ്‌ വീഴ്‌ച: 1-80, 2-135, 3-150, 4-193. ബൗളിങ്‌: ഭുവനേശ്വര്‍ കുമാര്‍ 4-0-37-1, ഖലീല്‍ അഹമ്മദ്‌ 4-0-47-1, ഹാര്‍ദിക്‌ പാണ്ഡ്യ 4-0-44-0, കൃനാല്‍ പാണ്ഡ്യ 4-0-54-0, കുല്‍ദീപ്‌ യാദവ്‌ 4-0-26-2.
ഇന്ത്യ- ശിഖര്‍ ധവാന്‍ സി ഡാരില്‍ മിച്ചല്‍ ബി സാന്റ്‌നര്‍ 5, രോഹിത്‌ ശര്‍മ സി സീഫര്‍ട്ട്‌ ബി ഡാരില്‍ മിച്ചല്‍ 38, വിജയ്‌ ശങ്കര്‍ സി ഗ്രാനോമെ ബി സാന്റ്‌നര്‍ 43, ഋഷഭ്‌ പന്ത്‌ സി കെയ്‌ന്‍ വില്യംസണ്‍ ബി ടിക്‌നര്‍ 28, ഹാര്‍ദിക്‌ പാണ്ഡ്യ സി വില്യംസണ്‍ ബി സ്‌കോട്ട്‌ കുഗെലെജിന്‍ 21, ധോണി സി സൗത്തി ബി മിച്ചല്‍ 2, ദിനേഷ്‌ കാര്‍ത്തിക്ക്‌ നോട്ടൗട്ട്‌ 33, കൃനാല്‍ പാണ്ഡ്യ നോട്ടൗട്ട്‌ 26. എക്‌സ്ട്രാസ്‌: 12. ആകെ (20 ഓവറില്‍) ആറിന്‌ 208. വിക്കറ്റ്‌ വീഴ്‌ച: 1-6, 2-81, 3-121, 4-141, 5-145, 6-145. ബൗളിങ്‌: മിച്ചല്‍ സാന്റ്‌നര്‍ 3-0-32-2, ടിം സൗത്തി 4-0-47-0, സ്‌കോട്ട്‌ കുഗെലെജിന്‍ 4-0-37-1, ബ്ലയര്‍ ടിക്‌നര്‍ 4-0-34-1, ഇഷ്‌ സോധി 2-0-30-0, ഡാരില്‍ മിച്ചല്‍ 3-0-27-2.

Ads by Google
Monday 11 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW