ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരേ ടോട്ടന്‍ഹാം ഹോട്ട്സ്പറിനു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണു ടോട്ടന്‍ഹാം ജയിച്ചത്. 25 കളികളില്‍നിന്ന് 57 പോയിന്റ് നേടിയ ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്താണ്. ടോട്ടന്‍ഹാമിനു വേണ്ടി ഡേവിസണ്‍ സാഞ്ചസ്, ക്രിസ്റ്റ്യന്‍ എറിക്സണ്, സണ്‍ ഹ്യൂങ് മിന് എന്നിവര്‍ ഗോളടിച്ചു. ജാമി വാര്‍ഡിയാണ് ലീസ്റ്ററിനു വേണ്ടി ഒരു ഗോള്‍ മടക്കിയത്്. ഡേവിസണ്‍ സാഞ്ചസിന്റെ പ്രീമിയര്‍ ലീഗിലെ ആദ്യ ഗോള്‍ കൂടിയാണിത്. നിരവധി അവസരങ്ങളാണ് ലെസ്റ്റര്‍ നഷ്ടമാക്കിയത്. തുടക്കത്തില്‍ തന്നെ ബാര്‍ന്‍സിലൂടെ മുന്നില്‍ എത്താന്‍ ലെസ്റ്ററിന് അവസരം കിട്ടിയതായിരുന്നു. പക്ഷെ ഫിനിഷിങ്ങിലെ അപാകത വിനയായി. കളിയുടെ ഗതിക്ക് വിപരീതമായി സാഞ്ചേസിലൂടെ ടോട്ടന്‍ഹാം ആണ് മുന്നില്‍ എത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു പെനാട്ടിയിലൂടെ ഗോള്‍ മടക്കാന്‍ ഉള്ള അവസരം ലെസ്റ്ററിന് ലഭിച്ചു. പെനാല്‍റ്റി എടുക്കാന്‍ വേണ്ടി വാര്‍ഡിയെ പകരക്കാരനാക്കിയ ലെസ്റ്ററിനു തീരുമാനം പിഴച്ചു. കിക്കെടുത്ത വാര്‍ഡിക്ക് ലക്ഷ്യം കാണാനായില്ല. പിന്നീടും നിരവധി അവസരങ്ങള്‍ ലെസ്റ്റര്‍ സൃഷ്ടിച്ചു എങ്കിലും ഗോള്‍ വീണില്ല. 76-ാം മിനിറ്റില്‍ വാര്‍ഡിയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു.
ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. 26 കളികളില്‍നിന്ന് 51 പോയിന്റാണ് അവരുടെ നേട്ടം. പോള്‍ പോഗ്ബയുടെ ഇരട്ട ഗോളുകള്‍ ആണ് യുണൈറ്റഡിന്റെ ഇത്ര ഏകപക്ഷീയമായ ജയം നല്‍കിയത്. കോച്ച് ഒലെ ഗണ്ണാര്‍ സോള്ഷയറിനു കീഴില്‍ യുണൈറ്റഡ് ഇനിയും തോല്‍വിയറിഞ്ഞില്ല.