Tuesday, April 23, 2019 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.30 AM

കരിമണല്‍ കള്ളക്കടത്തിനു തിരിച്ചടി: ഖനനത്തിനു ഭരണ, പ്രതിപക്ഷ പിന്തുണ

uploads/news/2019/02/287116/k3.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ കരിമണല്‍ ഖനനത്തിനു ഭരണ, പ്രതിപക്ഷ കക്ഷികളുടെ സമ്പൂര്‍ണപിന്തുണ. കരിമണല്‍ കള്ളക്കടത്തുകാര്‍ക്കു കനത്ത തിരിച്ചടി. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കരിമണല്‍ ഖനനം സാധ്യമാകണമെന്ന മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ സ്വപ്‌നത്തിന്‌ ചിറകുമുളയ്‌ക്കുന്നു. കരിമണല്‍ ഖനനത്തിനു കേരളത്തെ ഗള്‍ഫിനേക്കാള്‍ മുന്നിലെത്തിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം കണക്കുകൂട്ടിയിരുന്നു.
സംസ്‌ഥാനത്തിന്റെ ദക്ഷിണ തീരത്ത്‌ പൊതുവെയും ആലപ്പാട്‌ പോലെയുള്ള പഞ്ചായത്തുകളില്‍ പ്രത്യേകിച്ചും കരിമണല്‍ കള്ളക്കടത്ത്‌ വ്യാപകമായിരുന്നു. തൂത്തുക്കുടി കേന്ദ്രമായുളള വന്‍കിട സംഘങ്ങളാണ്‌ ധാതുസമ്പുഷ്‌ടമായ കരിമണല്‍ കടത്തിക്കൊണ്ടുപോയിരുന്നത്‌. ഇതു വമ്പിച്ച പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ക്കു കാരണമായിരുന്നു. കരിമണല്‍ ഇവിടെത്തന്നെ സംഭരിച്ച്‌ ധാതുക്കള്‍ വേര്‍തിരിച്ചതിനു ശേഷമുള്ള മണല്‍ എടുത്ത സ്‌ഥലത്തു തിരിച്ചുനിക്ഷേപിക്കുകയാണ്‌ ഇതിനു പരിഹാരമായി വിദഗ്‌ധര്‍ നിര്‍ദേശിച്ചത്‌. എന്നാല്‍ ചില സ്‌ഥാപിത താല്‍പ്പര്യക്കാരുടെയും കള്ളക്കടത്ത്‌ ലോബിയുടെ പിന്തുണയുള്ള രാഷ്‌ട്രീയക്കാരുടെയും ഇടപെടല്‍ മൂലം ഒന്നും നടന്നില്ല.
സംസ്‌ഥാനത്തു പൊതുമേഖലയില്‍ ചവറയിലെ കെ.എം.എം.എലും സ്വകാര്യമേഖലയില്‍ കൊച്ചിയിലെ സി.എം.എം.ആര്‍.എലുമാണു കരിമണല്‍ സംസ്‌കരിക്കുന്ന വ്യവസായ സ്‌ഥാപനങ്ങള്‍. ഇവ ആയിരക്കണക്കിനു ജനങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയാണ്‌. പൊതുമേഖലാ സ്‌ഥാപനമായ ചവറയിലെ ഐ.ആര്‍.ഇയാണ്‌ കരിമണല്‍ സംഭരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള ഏക ഏജന്‍സി.
അടിസ്‌ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌ സംസ്‌ഥാനത്തിനകത്ത്‌ കരിമണല്‍ ഖനനം ചെയ്യുന്നതിനുളള ശ്രമങ്ങളെ തുരങ്കം വയ്‌ക്കാന്‍ കള്ളക്കടത്തു ലോബി നിരന്തരം ശ്രമിക്കുന്നുണ്ട്‌.
സുനാമിയില്‍ തകര്‍ന്ന ആലപ്പാട്‌ ഗ്രാമം നശിക്കുന്നത്‌ കരിമണല്‍ ഖനനത്തിലൂടെയാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കള്ളക്കടത്ത്‌ ലോബി ശ്രമിക്കുന്നു. സമരം ഒത്തുതീര്‍പ്പാക്കാനായി സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ച്‌ ശ്രമമാരംഭിച്ചതും കള്ളക്കടത്ത്‌ ലോബിക്കു തിരിച്ചടിയായി. നിയമസഭയില്‍ പ്രശ്‌നമുന്നയിച്ച പി.ടി. തോമസിനുള്ള മറുപടിയില്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ കരിമണല്‍ ഖനനത്തെ അനുകൂലിച്ചതും ശ്രദ്ധേയമായി. ഖനനം നിര്‍ത്താനാകില്ലെന്നു വ്യവസായമന്ത്രി ഇ.പി. ജയരാജനും ഖനനം നിര്‍ത്തണമെന്ന നിലപാടില്ലെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും നിയസഭയില്‍ വ്യക്‌തമാക്കിയിരുന്നു.
ഇരുകൂട്ടരും ഖനനത്തെ അനുകൂലിച്ചതു സ്‌പീക്കര്‍ പ്രത്യേകമായി പരാമര്‍ശിക്കുകയും ചെയ്‌തു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന പ്രതിപക്ഷ നിലപാട്‌ കണക്കിലെടുത്താണ്‌ സര്‍ക്കാര്‍ അനുരഞ്‌ജനസമിതിയെ നിയോഗിച്ചത്‌.

Ads by Google
Monday 11 Feb 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW