ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) പ്രസിഡന്റുമായ എന്‍. ചന്ദ്രബാബു നായിഡു ഇന്നു ഡല്‍ഹിയില്‍ ഏകദിന നിരാഹാര സത്യഗ്രഹം നടത്തും.
തെലങ്കാന രൂപീകരണവേളയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കണമെന്ന ആവശ്യവും നായിഡു ഉന്നയിക്കുന്നുണ്ട്. നീതിക്കുവേണ്ടിയുള്ള ഏകദിന പ്രക്ഷോഭമെന്ന പേരില്‍ ഡല്‍ഹിയിലെ ആന്ധ്രാപ്രദേശ് ഭവനു മുന്നില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു സത്യഗ്രഹം. നായിഡുവിനു പുറമേ ആന്ധ്രാമന്ത്രിമാരും ടി.ഡി.പി. എം.എല്‍.എമാരും എം.എല്‍.സിമാരും എം.പിമാരും പ്രക്ഷോഭത്തില്‍ പങ്കാളികളാകും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നാളെ നിവേദനവും സമര്‍പ്പിക്കും.