കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ദക്ഷിണ ഹെല്‍മന്ദ് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.
ഭീകര സംഘടനയായ താലിബാനെതിരേ നാറ്റോയുടെ പിന്തുണയോടെ അഫ്ഗാന് സേന വെള്ളിയാഴ്ച നടത്തിയ ആക്രമണമാണ് ആള്‍നാശത്തിനു വഴിവച്ചതെന്ന് ആക്ഷേപമുണ്ട്. രണ്ടുഘട്ടങ്ങളിലായി നടന്ന ആക്രമണത്തില്‍ നിരപരാധികളാണു കൊല്ലപ്പെട്ടതെന്നു പ്രദേശത്തെ ജനപ്രതിനിധി പറഞ്ഞു. ജനവാസ മേഖലയില്‍നിന്ന് അഫ്ഗാന് സേനയ്ക്കു നേരേ ഭീകരര്‍ നടത്തിയ വെടിവയ്പ്പാണ് വ്യോമാക്രമണത്തിന് ആധാരമായതെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു.