തെക്കെ അമേരിക്കക്കാരനായ കാര്‍ലോസ് ഓട്ടീസ് പറഞ്ഞ കഥയാണിത്. ഒരു മനുഷ്യന് വിലയേറിയ മുത്തു വാങ്ങുവാനായി കച്ചവടക്കാരന്റെ അടുത്തു ചെന്നു. 'ഈ മുത്തിനു എന്തു വിലയാകും? 'ആഗതന് ചോദിച്ചു.
'വളരെ വിലപ്പെട്ട ഒരു മുത്താണിത്. സാരമായ വില ഇതിനു നല്‍കണം.' കച്ചവടക്കാരന് പറഞ്ഞു.
'എനിക്കിതു വാങ്ങാമോ?'
'ആര്‍ക്കും വാങ്ങാം, അതിനാണല്ലോ ഞാനിത് ഇവിടെ വച്ചിരിക്കുന്നത്.'
'എത്ര രൂപയാണിതിന്റെ വില?'
'നിന്റെ സ്വത്തു മുഴുവന്‍ ഇതിനു വേണ്ടി കൊടുക്കേണ്ടി വരും.' കച്ചവടക്കാരന് പറഞ്ഞു.
'എന്നാലും വേണ്ടില്ല, എനിക്കിതു വേണം.'
'ബാങ്കില്‍ നിനക്ക് എത്ര രൂപ നിക്ഷേപമുണ്ട്?' കച്ചവടക്കാരന് ചോദിച്ചു.
'ഒരു ലക്ഷം രൂപയുണ്ട്.'
'ഓ, അേത്ര ഉള്ളോ?'
'അല്ല. പോക്കറ്റില്‍ അല്പം ചില്ലറ കൂടിയുണ്ട്.'
'അതും തരണം.' വീണ്ടും കച്ചവടക്കാരന് ചോദിച്ചു: 'നിങ്ങള്‍ക്കു സ്വന്തമായി വീടു ണ്ടോ? '
'ഉണ്ട്.'
'അതും എനിക്കു തരണം.'
'നിങ്ങള്‍ക്ക് വാഹനം വല്ലതുമുണ്ടോ? '
'ഒരു പഴയ കാറുണ്ട്.'
'അതും വിലയായി തരണം.'
വീണ്ടും കച്ചവടക്കാരന് ചോദിച്ചു: 'നിനക്കു ഭാര്യയും കുഞ്ഞുങ്ങളുമില്ലേ? അവരും എന്റേതാകണം.'
'അയ്യോ! എന്റെ ആകെയുള്ള സ്വത്ത് എന്റെ ഭാര്യയും കുഞ്ഞുങ്ങളുമാണ്. അവരെയും തരണമെന്നോ...!'
കച്ചവടക്കാരന് പറഞ്ഞു: 'നീയും ഇപ്പോള്‍ എന്റെ വകയാണ്.'
പിന്നെ അദ്ദേഹം മുത്തെടുത്ത്് ഈ മനുഷ്യനു കൊടുത്തിട്ടു പറഞ്ഞു: 'ഈ മുത്ത് ഇപ്പോള്‍ നിന്റേതാണ്. മാത്രമല്ല, ഇതിന്റെ വിലയായി എനിക്കു തന്ന സകലതും ഞാന്‍ തിരികെത്തരികയാണ്. നിനക്കിതെല്ലാം ഉപയോഗിക്കാം. എന്നാല്‍ ഞാന്‍ എപ്പോള്‍ ചോദിച്ചാലും ഇതെല്ലാം എനിക്കു തിരികെത്തരണം.'
കാര്‍ലോസ് ഓട്ടീസ് പറഞ്ഞു: 'ഒരാള്‍ യേശുക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിക്കുമ്പോള്‍ 10 ശതമാനമോ 20 ശതമാനമോ അല്ല, പൂര്‍ണ്ണമായി, അതായത് 100 ശതമാനവും അവന്റെ ജീവിതം യേശുവിന് സമര്‍പ്പിക്കണം. ഇനി ഞാന്‍ ജീവിക്കുന്നില്ല, യേശു എന്നിലൂടെ ജീവിക്കണം എന്നു തീരുമാനിക്കുക.' കര്‍ത്താവായ യേശുക്രിസ്തു തന്നെ അനുഗമിക്കുന്ന ശിഷ്യന്മാരോടു പറയുന്നു: 'നിങ്ങളുടെ ജീവിതം ലോകത്തിലെ സമ്പാദനത്തിനായിട്ടു നിങ്ങള്‍ ചെലവഴിക്കരുത്. നിങ്ങളുടെ സ്വത്ത്, നിങ്ങളുടെ സമ്പാദ്യം, ഈ ലോകത്തില്‍ നിങ്ങള്‍ സ്വരൂപിക്കരുത്. നിത്യതയ്ക്കുവേണ്ടി നിങ്ങള്‍ ചെലവഴിക്കുക; സ്വര്‍ഗത്തില്‍ സ്വരൂപിക്കുക. ധനവാനാകേണ്ടതിനു പണിപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളയുക. നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നതു എന്തിന്? അത് ഇല്ലാതെയായി പോകുമല്ലോ.'
കഴുകന് ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നു കളയും എന്നു സദൃശവാക്യങ്ങളില്‍ കാണാം. ഇത് ഇംഗ്ലീഷില്‍ വായിച്ചാല്‍ വളരെ ഗൗരവമായ ചില വാക്യങ്ങളാണ്. പക്ഷിയെപ്പോലെ ചിറകു വിടര്‍ത്തി നീ നോക്കിയിരിക്കെ ഇതു പറന്നുപോകും!
ഒരു ചിന്തകന്‍ ഇപ്രകാരം പറഞ്ഞു. പണത്തിനു സംസാരിക്കാന്‍ നാവുണ്ടായിരുെന്നങ്കില് അതെപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ പോകയാണ്, ഞാന്‍ പോകയാണ്. ഇതിന്റെ അര്‍ത്ഥം പണം ഒരിക്കലും ശാശ്വതമായി നിങ്ങളുടെ കൂടെ ഇരിക്കില്ല. അതു നിങ്ങളെ ഇട്ടിട്ടു പോകും. അതുകൊണ്ട് ഇതുമാത്രമേ പണത്തിനു നിങ്ങളോടു പറയുവാനുള്ളൂ. ഇയ്യോബ് ദേശത്തിലെ പ്രമാണിയും ധനവാനുമായിരുന്നു. ഇവരെല്ലാം ദൈവത്തോടു കൂടെ നടന്നു. പുതിയനിയമത്തില്‍ കാണുന്ന ബര്‍ന്നബാസ് ദൈവമനുഷ്യനും സമ്പന്നനുമായിരുന്നു. എന്നാല്‍ ഇവരാരും ധനത്തിനുവേണ്ടി ജീവിച്ചില്ല. ധനവാന്മാര് കൊള്ളരുതാത്തവര്‍ എന്നോ ദോഷികളെന്നോ അല്ല ദൈവം പറയുന്നത്. ധനവാനാകാന്‍ ആഗ്രഹിക്കുന്നവര്‍, അതിനുവേണ്ടി ബദ്ധപ്പെടുന്നവര്‍ അനേക കുടുക്കിലും പരീക്ഷകളിലുംപെട്ട് അവരുടെ ജീവിതം തകര്‍ക്കുന്നു എന്നാണ് വേദപുസ്തകം പറയുന്നത്.
ജോണ്‍ വെസ്ലി എന്ന ദൈവദാസന്റെ മരണസമയത്ത്, കയ്യിലുണ്ടായിരുന്നത് കണ്ണാടിയും ചില പുസ്തകങ്ങളും ചുരുക്കം ചില്ലറ നാണയങ്ങളും മാത്രമായിരുന്നു. ലക്ഷോപലക്ഷങ്ങള്‍ക്ക് ഉടമയായിരുന്ന വെസ്ലി, ജീവിതകാലം മുഴുവനും ലഭിച്ചതായ ഭാരിച്ച തുക തുടരെ കര്‍ത്താവിന്റെ വേലയ്ക്കുവേണ്ടി ചെലവഴിച്ചു കൊണ്ടിരുന്നു.
ജീവിതത്തിന്റെ അവസാനത്തില്‍ അവന്റെ കയ്യില്‍ ഒരു പൈസ പോലും ശേഷിപ്പിച്ചില്ല. ജനലക്ഷങ്ങള്‍ യേശുക്രിസ്തുവിന്റെ സുവിശേഷമറിയാന്‍, കര്‍ത്താവിനെ അംഗീകരിക്കാന്‍, നിത്യതയില്‍ കാണപ്പെടാന്‍, ജോണ്‍ വെസ്ലി തന്റെ ജീവിതവും ധനവും ചെലവഴിച്ചു. നിങ്ങളുടെ ധനം ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചതില്‍ ഒട്ടും ദുഃഖമില്ല എന്ന് ആത്മാര്‍ത്ഥമായി പറയുവാന്‍ സാധിക്കുമോ?