Monday, July 15, 2019 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 03.15 PM

മാനസിക പ്രശ്‌നങ്ങളില്‍ തളരുമ്പോള്‍

''മാനസിക പ്രശ്നങ്ങളാല്‍ വലയുന്ന വീട്ടമ്മമാരാണോ നിങ്ങള്‍? എങ്കില്‍ ഈ പ്രശ്നങ്ങള്‍ തളര്‍ത്താതിരിക്കാന്‍ എന്തൊക്കെ ചെയ്യാം.''
uploads/news/2019/02/286893/lifestyle090219.jpg

ജോലി സമ്മര്‍ദ്ദവും നൂതന ജീവിത ശൈലികളും വീട്ടമ്മമാരുടെ ശാരീരിക മാനസിക തലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുറത്തിറങ്ങുമ്പോള്‍ നിനിക്കിതെന്തുപറ്റി ആകെ മൂഡോഫാണല്ലോ? ഒന്നു ചിരിച്ചുകൂടെ? ക്ഷീണമാണല്ലോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നിങ്ങളോട് ആരെങ്കിലുമൊക്കെ ചോദിക്കാറുണ്ടോ.

മുഖം മനസിന്റെ കണ്ണാടിയെന്നു പറയും പോലെ, ഈ ചോദ്യങ്ങളൊക്കെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ മാറ്റാനുള്ള സമയമായി എന്നു കരുതിക്കൊള്ളൂ....

വിഷാദം, സ്ട്രെസ്, ഉറക്കക്കുറവ്, ഫാസ്റ്റ്ഫുഡ് സംസ്‌കാരം നല്‍കുന്ന ആരോഗ്യപ്രശ്നങ്ങള്‍, വ്യായാമക്കുറവ്, രാത്രി ജോലി, മദ്യപാനം, അമിത ജോലിഭാരം, കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയം ഇല്ലാതാവുക ഇങ്ങനെ പലതരം ശാരീരിക, മാനസിക പ്രശ്നങ്ങള്‍ സ്ത്രീകളെ അലട്ടിക്കൊണ്ടിരിക്കുന്നു.

സ്ത്രീകള്‍ തങ്ങളുടെ വിഷമങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിനെ നിസാരമായിക്കാണാതെ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കുക. ചില മാനസിക പ്രശ്നങ്ങള്‍ക്ക് മാനസിക രോഗ വിദഗ്ധന്റെയോ കൗണ്‍സിലറുടേയോ സേവനം ആവശ്യമായി വന്നേക്കാം. വിഷാദം പോലെയുള്ള രോഗങ്ങള്‍ മരുന്നുകൊണ്ടും കുടുംബത്തിലുള്ളവരുടെ സ്നേഹവും പരിഗണനയുംകൊണ്ടും മാറ്റിയെടുക്കാവുന്നതാണ്.

ടെന്‍ഷന്‍ ഭരിക്കുമ്പോള്‍


ടെന്‍ഷനുണ്ടാകുമ്പോള്‍ ശരീരം ഉയര്‍ന്ന അളവില്‍ അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ കോര്‍ട്ടിക്കോ സ്റ്റിറോയിഡ് തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

ഈ ഹോര്‍മോണുകളുടെ വര്‍ധനവ് ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പേടി, അമിതമായ ദേഷ്യം, സങ്കടം, വെറുപ്പ്, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിശപ്പ് കൂടുകയോ കുറയുകയോ ചെയ്യുക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ കണ്ടുവരുന്ന ചില അവസ്ഥകളാണ്.

വിഷാദം കീഴ്പ്പെടുത്തുമ്പോള്‍


പല സ്ത്രീകളിലും കണ്ടുവരുന്നതും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടകരവുമായ മാനസിക പ്രശ്നമാണ് വിഷാദം. ഇത്തരക്കാരില്‍ ആത്മഹത്യാ പ്രവണതയും കൂടും. ഉറക്കമില്ലായ്മയും ചിലപ്പോള്‍ അമിതമായ ഉറക്കവും, ശരീരം തളരുന്നതുപോലെയുള്ള തോന്നലുമെല്ലാം വിഷാദത്തിന്റെ ലക്ഷണങ്ങളാണ്.

എന്നെ ആര്‍ക്കും വേണ്ട, ആരും എന്നെ ശ്രദ്ധിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്നുതുടങ്ങി കാടുകയറിയുള്ള ചിന്തകളാണിവര്‍ക്ക്. പ്രിയപ്പെട്ടവരുടെ ആകസ്മികമായ മരണമോ മറ്റോ സംഭവിക്കുമ്പോഴുണ്ടാകുന്ന മൗനാവസ്ഥ, ഇത് രണ്ടാഴ്ചയില്‍ക്കൂടുതല്‍ നീണ്ടുനിന്നാല്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ നിസ്സഹായരും ഒറ്റപ്പെട്ടവരുമായി തീര്‍ന്നിട്ടുണ്ട്. ഇതുമൂലമാണ് അവര്‍ക്കിടയില്‍ മാനസിക പ്രശ്നങ്ങള്‍ വര്‍ധിക്കുന്നത്.

uploads/news/2019/02/286893/lifestyle090219a.jpg

ആത്മഹത്യയുടെ വക്കില്‍


കുടുംബത്തില്‍ ബന്ധങ്ങളുടെ ആഴം കുറഞ്ഞപ്പോള്‍ മനസിന്റെ ബലവും കുറഞ്ഞു തുടങ്ങി. ഒറ്റപ്പെടലില്‍ പലര്‍ക്കും സഹനശക്തിയും കുറഞ്ഞു. ചെറിയ കാര്യങ്ങള്‍ മതി മനസ് തളര്‍ത്തിക്കളയാന്‍.

പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാനായാണ് പലരും ആത്മഹത്യയില്‍ അഭയം തേടുന്നത്. കുടുംബത്തില്‍നിന്നുള്ള സ്നേഹക്കുറവ്, ദാമ്പത്യ കലഹം, വിഷാദം ഇവയെല്ലാം ആത്മഹത്യയ്ക്ക് കാരണമായ ഘടകങ്ങളാണ്.

എങ്ങനെ നിയന്ത്രിക്കാം? വ്യയാമവും യോഗയും


മാനസിക പിരിമുറുക്കം അകറ്റാന്‍ ഏറ്റവും നല്ല ഉപാധിയാണ് വ്യായാമം. ദിവസവും അല്‍പസമയം വ്യായാമത്തിനായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കുക. നടത്തമാണ് ഏറ്റവും നല്ല വ്യായാമ രീതി. കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കണം. ഓട്ടം, നീന്തല്‍, നടത്തം തുടങ്ങിയ വ്യായാമങ്ങളും പരീക്ഷിക്കാവുന്നതാണ്.

യോഗ ചെയ്യുന്നത് മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം നല്‍കാനും സഹായിക്കുന്നു. ഇനി എന്നും യോഗാസെന്ററില്‍ പോകാന്‍ സമയമില്ലാത്തവരാണെങ്കില്‍ അതിനുമുണ്ട് പ്രധിവിധി.

യോഗ ചെയ്യാന്‍ സമയമില്ലെങ്കില്‍ എന്നും അല്‍പസമയം കണ്ണുകളടച്ച് മനസിനെ ഏകാഗ്രമാക്കിയിരിക്കുന്നതും അതുപോലെ കണ്ണുകളടച്ചിരുന്ന് അല്‍പസമയം സാവധാനം ശ്വാസോഛ്വാസം ചെയ്യുന്നതും പിരിമുറുക്കത്തിന് അയവ് വരുത്തും.

ഇഷ്ട വിനോദമാകാം


വെറുതെ കിട്ടുന്ന സമയം ടെന്‍ഷനടിക്കാന്‍ മാറ്റിവയ്ക്കാതെ പകരം ഇഷ്ടപ്പെട്ട വിനോദങ്ങള്‍ക്കായി മാറ്റി വയ്ക്കാം. എഴുത്ത്, വായന, സംഗീതം, പൂന്തോട്ടനിര്‍മ്മാണം അങ്ങനെ നിങ്ങള്‍ക്കിഷ്ടപ്പെട്ട എന്ത് വിനോദത്തിലുമേര്‍പ്പെടാം. ഇത് നിങ്ങളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നു.

മാനസിക പിരിമുറുക്കമകറ്റാന്‍ സംഗീതത്തിനുളള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇഷ്ടപ്പെട്ട സംഗീതം ആസ്വദിക്കുന്നത് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കുന്നു.

ചിരിക്കുക


ചിരി ടെന്‍ഷനുള്ള മരുന്നാണ്. ചിരിക്കുന്നയാളിലും അത് കാണുന്നയാളിലും പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കാന്‍ ചിരിക്ക് കഴിയും. എത്ര വിഷമങ്ങള്‍ നേരിട്ടാലും സന്തോഷത്തോടെ ചിരിച്ചുകൊണ്ട് കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ജീവിക്കാന്‍ ശ്രമിക്കുക.

കൃത്യമായ ഉറക്കം


ഉറക്കം ഇല്ലാതിരിക്കുന്നത് മാനസിക പിരിമുറുക്കം കൂട്ടാനേ സഹായിക്കൂ. ശരിയായ ഉറക്കം മനസിനും ശരീരത്തിനും അത്യാവശ്യമാണ്. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങിയാല്‍ മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാന്‍ കഴിയും.

പി. കല്യാണി

Ads by Google
Saturday 09 Feb 2019 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW