Sunday, July 21, 2019 Last Updated 50 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.00 AM

കോട്ടയത്തു 'ക്ലാസിക്‌' മത്സരം വരുന്നു ജോസഫിന്റെ ഇടുക്കിമോഹം മാണി വെട്ടും; കോട്ടയത്തു ചാഴികാടന്‍ പരിഗണനയില്‍

uploads/news/2019/02/286805/5.jpg

തിരുവനന്തപുരം: ഇടുക്കി ലോക്‌സഭാ സീറ്റിനു വേണ്ടിയുള്ള പി.ജെ. ജോസഫിന്റെ മോഹം തകര്‍ക്കാനുറച്ച്‌ കെ.എം. മാണി വിഭാഗം. രണ്ടു സീറ്റ്‌ കിട്ടാന്‍ സാധ്യതയില്ലെന്നിരിക്കെ, സിറ്റിങ്‌ സീറ്റായ കോട്ടയം കൈവിടേണ്ടെന്നാണു തീരുമാനം. സിറ്റിങ്‌ എം.പിയായിരുന്ന മകന്‍ ജോസ്‌ കെ. മാണി രാജ്യസഭയിലേക്കു പോയതിനാല്‍ പുതിയൊരാളെ സ്‌ഥാനാര്‍ഥിയായി കണ്ടെത്തണം. മുന്‍ എം.എല്‍.എ. തോമസ്‌ ചാഴികാടനാണു കെ.എം. മാണിയുടെ മനസിലെന്നു സൂചന.
ഇടുക്കിക്കു വേണ്ടിയുള്ള ജോസഫിന്റെ സമ്മര്‍ദത്തിനു വഴങ്ങേണ്ടെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്‌. ഇതു കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. 12, 13 തീയതികളില്‍ നടക്കുന്ന കോണ്‍ഗ്രസ്‌-കേരളാ കോണ്‍ഗ്രസ്‌ (എം) ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യമാകും പ്രധാനവിഷയം. ജോസഫ്‌ ഇടുക്കി ആവശ്യപ്പെട്ടാല്‍ മാണിയോടൊപ്പം നില്‍ക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം, മാണി-ജോസഫ്‌ തര്‍ക്കം യു.ഡി.എഫിനെ ബാധിച്ചേക്കുമെന്ന്‌ ആശങ്ക ഇല്ലാതില്ല. സീറ്റ്‌ ആവശ്യത്തില്‍ നിന്നു പിന്മാറാതെ പിളര്‍ന്നാല്‍ ജോസഫിനെ മുന്നണിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്‌. അതിനാല്‍ ജോസഫിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകും ഉഭയകക്ഷി ചര്‍ച്ചയില്‍ ശ്രമിക്കുക.
കഴിഞ്ഞ തവണ ജനതാദള്‍ എസിലെ മാത്യു ടി. തോമസാണ്‌ ഇടതുപക്ഷത്തു നിന്ന്‌ ജോസ്‌ കെ. മാണിയെ നേരിട്ടത്‌. ഇക്കുറി ജനതാദളിനു പത്തനംതിട്ട സീറ്റ്‌ നല്‍കാനും ഇടതുമുന്നണിയിലേക്കു പുതുതായെത്തിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനു കോട്ടയം നല്‍കാനുമാണ്‌ സി.പി.എമ്മിന്റെ ആലോചന. അതു നടന്നാല്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ക്ലാസിക്‌ പോരാട്ടത്തിനാകും കോട്ടയത്തു വേദിയൊരുങ്ങുക. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ നേതാവായ കെ. ഫ്രാന്‍സിസ്‌ ജോര്‍ജാണു സി.പി.എമ്മിന്റെ മനസില്‍. പാലാ രൂപതാംഗമായ അദ്ദേഹം മത്സരിച്ചാല്‍ കോട്ടയത്തു വിജയസാധ്യതയുണ്ടെന്നാണു കണക്കുകൂട്ടല്‍.
കേരളാ കോണ്‍ഗ്രസ്‌ സ്‌ഥാപകന്‍ കെ.എം. ജോര്‍ജിന്റെ മകനാണു ഫ്രാന്‍സിസ്‌ ജോര്‍ജ്‌. എന്‍.ഡി.എ. മത്സരിപ്പിക്കുക മുന്‍ കേന്ദ്ര സഹമന്ത്രി പി.സി. തോമസിനെയാകും. കേരളാ കോണ്‍ഗ്രസിന്റെ സ്‌ഥാപക നേതാവായ പി.ടി. ചാക്കോയുടെ മകന്‍. മുമ്പു കേരളാ കോണ്‍ഗ്രസ്‌ എമ്മിലായിരിക്കെ മാണിയുമായി ഹൃദയബന്ധമുണ്ടായിരുന്നു തോമസിന്‌.
ഇവരുടെ പോരിലേക്കാകും തോമസ്‌ ചാഴികാടന്റെ വരവ്‌. മാണി ഗ്രൂപ്പിന്റെ യുവനിരയിലെ തീപ്പൊരി നേതാവും എം.എല്‍.എയുമായിരുന്ന ബാബു ചാഴികാടന്റെ സഹോദരനാണു തോമസ്‌ ചാഴികാടന്‍. ഏറ്റുമാനൂരില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു.

Ads by Google
Saturday 09 Feb 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW