Friday, April 26, 2019 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.52 AM

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; സംഭാഷണം പുറത്തുവിട്ട്‌ കുമാരസ്വാമി

uploads/news/2019/02/286778/5.jpg

ബംഗളുരു: ബജറ്റ്‌ അവതരണത്തിനു മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കര്‍ണാടകയില്‍ നാടകീയ രാഷ്‌ട്രീയനീക്കങ്ങള്‍. ജനതാദള്‍(എസ്‌) എം.എല്‍.എമാരിലൊരാളെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ ബി.എസ്‌. യെദിയൂരപ്പ ശ്രമിച്ചെന്നു കാട്ടി ഓഡിയോ സംഭാഷണങ്ങള്‍ മുഖ്യമന്ത്രി കുമാരസ്വാമി പറുത്തുവിട്ടു. ഓഡിയോ വ്യാജമെന്നും കെട്ടിച്ചമച്ച തിരക്കഥയുടെ സൃഷ്‌ടിയെന്നും യെദിയൂരപ്പ. അതിനിടെ, കോണ്‍ഗ്രസും വിമതനീക്കം നടത്തിയ എം.എല്‍.എമാര്‍ക്കെതിരേ നടപടി തുടങ്ങി. ഇവര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ക്കാണു കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചിരിക്കുന്നത്‌. സ്‌പീക്കര്‍ രമേശ്‌ കുമാറിനെ കണ്ട്‌ എം.എല്‍.എമാരായ രമേശ്‌ ഝാര്‍ക്കോളി, ഉമേഷ്‌ ജാദവ്‌, മഹേഷ്‌ കുമതലി ബി. നാഗേന്ദ്ര എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെടുമെന്ന്‌ നിയമസഭാ കക്ഷി നേതാവ്‌ സിദ്ധരാമയ്യ പറഞ്ഞു. ഈ നാല്‌ എം.എല്‍.എമാരും മറ്റൊരു എം.എല്‍.എയായ ജെ.എന്‍. ഗണേഷും നിയമസഭാ കക്ഷിയോഗത്തിന്‌ എത്തിയില്ല. എന്നാല്‍, റോഷന്‍ ബെയ്‌ഗ്‌, ബി.സി. പാട്ടീല്‍ എന്നീ എം.എല്‍.എമാര്‍ എത്താതിരുന്നത്‌ മുന്‍കൂര്‍ അനുമതിയോടെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. റിസോര്‍ട്ടില്‍ സഹ എം.എല്‍.എയുമായി വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെ ഗണേഷിനെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബജറ്റ്‌ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നു നാലു വിമത എം.എല്‍.എമാരും കത്തു നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബി.ജെ.പി. അട്ടിമറിക്കു ശ്രമിച്ചെന്ന തന്റെ ആരോപണത്തിനു തെളിവായി മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ്‌ ഓഡിയോ സംഭാഷണം പുറത്തുവിട്ടത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത്‌ ഷായുടെയും അറിവില്ലാതെ ഇത്തരമൊരു അട്ടിമറിനീക്കം നടക്കില്ലെന്നും കുമാരസ്വാമി ആരോപിച്ചു. രാജ്യത്തെ ഏക രക്ഷകനെന്ന്‌ അവകാശപ്പെടുന്ന പ്രധാനമന്ത്രിക്ക്‌ ടേപ്പിന്റെ പകര്‍പ്പ്‌ അയച്ചുകൊടുക്കും. താങ്കളുടെ യഥാര്‍ഥ മുഖം പുറത്തുവരട്ടെ- മോഡിയെ ഉന്നമിട്ട്‌ കുമാരസ്വാമിയുടെ വാക്ക്‌ശരങ്ങള്‍ ഇങ്ങനെ.
യെദിയൂരപ്പയും ജെ.ഡി.എസ്‌. എം.എല്‍.എയായ നഗനഗൗഡയുടെ മകന്‍ ശരണ്‍ ഗൗഡയുമായുള്ള ഫോണ്‍സംഭാഷണങ്ങളുടെ രണ്ടു വീഡിയോ കൈയിലുണ്ടെന്നാണ്‌ കുമാരസ്വാമിയുടെ അവകാശവാദം. പണവും മറ്റു വാഗ്‌ദാനങ്ങളും നല്‍കി സ്വാധീനിക്കാനായിരുന്നു ശ്രമം. എങ്ങനെയാണു യെദിയൂരപ്പ തന്നെ സ്വാധീനിച്ചതെന്നും ദേവദുര്‍ഗയില്‍ എത്തി പിതാവിനെ പാട്ടിലാക്കാന്‍ ആവശ്യപ്പെട്ടതെന്നും ശരണ്‍ ഗൗഡ മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചു.
എന്നാല്‍, അത്ര വ്യക്‌തമല്ലാത്ത ഓഡിയോയുടെ ഒരു ഭാഗം മാത്രമാണ്‌ മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചത്‌.ദേവദുര്‍ഗയില്‍ താന്‍ പോയതു ക്ഷേത്രദര്‍ശനത്തിനാണെന്നും അതു കഴിഞ്ഞപ്പോഴേ മടങ്ങിയെന്നും യെദിയൂരപ്പ പ്രതികരിച്ചു. ബാക്കിയെല്ലാം സ്വന്തം പരാജയങ്ങള്‍ മറച്ചുവയ്‌ക്കാനുള്ള മുഖ്യമന്ത്രിയുടെ സൃഷ്‌ടിയാണെന്നും യെദിയൂരപ്പ പറഞ്ഞു.

Ads by Google
Saturday 09 Feb 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW