Saturday, June 29, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.52 AM

പ്രധാനമന്ത്രി ഇടപെട്ടെന്നു വാര്‍ത്ത റാഫേലില്‍ വീണ്ടും പോര്‌

uploads/news/2019/02/286776/2.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടല്‍ ഔദ്യോഗിക ചര്‍ച്ചകളെ ദുര്‍ബലമാക്കുമെന്ന മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്‌ പുറത്തുവന്നതോടെ റാഫേല്‍ വിമാന ഇടപാടിനെച്ചൊല്ലി വീണ്ടും പൊട്ടിത്തെറി. രാജ്യതാല്‍പ്പര്യം ഹനിക്കുന്ന ഇടപാട്‌ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശബ്‌ദമുയര്‍ത്തി.
ഫ്രഞ്ച്‌ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി കരാറിന്റെ പുരോഗതി വിലയിരുത്തുകയാകാം പ്രധാനമന്ത്രിയുടെ ഓഫീസ്‌ ചെയ്‌തതെന്നും പ്രതിരോധ സെക്രട്ടറി ഉന്നയിച്ച ആശങ്ക അതിരുകടന്നതാണെന്നും അന്നു പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അതേ ഫയലില്‍ കുറിച്ചതു മറച്ചുവച്ചാണു പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.
നിര്‍മലയുടെ വിശദീകരണത്തിലും അടങ്ങാതെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്‌തംഭിച്ചു.
ഡെപ്യൂട്ടി സെക്രട്ടറി എസ്‌.കെ. ശര്‍മ തയാറാക്കിയ ഫയലിനു ചുവടെ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുമായി ഇന്നലെ ഒരു പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണു റാഫേലില്‍ വീണ്ടും കൊടുങ്കാറ്റുയര്‍ത്തിയത്‌. ദേശവിരുദ്ധമായ സര്‍ക്കാരാണു ഭരണത്തിലിരിക്കുന്നതെന്നും മോഷ്‌ടിച്ചിട്ട്‌ പ്രതിപക്ഷത്തിനു മേല്‍ കുറ്റമാരോപിക്കുകയാണു ചെയ്യുന്നതെന്നും കോണ്‍ഗ്രസ്‌ കക്ഷിനേതാവ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ ആരോപിച്ചു. എല്ലാ ഫയലും നല്‍കേണ്ടിവരുമെന്നതിനാലാണ്‌ സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തിനു സര്‍ക്കാര്‍ വിസമ്മതിക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.
"കുപ്രസിദ്ധനായ" ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന്റെ ഇടപെടല്‍ ദുരൂഹമാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌ ആരോപിച്ചു. അതോടെയാണു സ്വമേധയാ വിശദീകരണവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എത്തിയത്‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപാടുകളുടെ പുരോഗതി ആരായുന്നതിനെ എങ്ങനെയാണ്‌ ഇടപെടലായി വ്യാഖ്യാനിക്കുക?
എല്ലാ വിശദീകരണവും നല്‍കിയ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്ന പ്രതിപക്ഷം "ചത്ത കുതിരയെ പായിക്കാന്‍" ശ്രമിക്കുകയാണ്‌. സ്‌ഥാപിത താല്‍പ്പര്യക്കാരും രാജ്യാന്തര കമ്പനികളുമാണു കോണ്‍ഗ്രസിനു പിന്നില്‍ കളിക്കുന്നത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നത്‌ ബാഹ്യ ഇടപെടലായിരുന്നില്ലേ എന്നും നിര്‍മല സീതാരാമന്‍ തിരിച്ചടിച്ചു.
അതിനിടെ, ശര്‍മയുടെ കുറിപ്പിന്റെ സാംഗത്യം റാഫേല്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ സമിതിയെ നയിച്ച എയര്‍മാര്‍ഷല്‍ എസ്‌.ബി.പി. സിന്‍ഹ ചോദ്യംചെയ്‌തു. ശര്‍മ ഒരിക്കല്‍പ്പോലും ചര്‍ച്ചയുടെ ഭാഗമായിരുന്നില്ല. ഫയലിന്റെ ഒരു ഭാഗം മാത്രം പുറത്തുവിടുകയും മന്ത്രിയുടെ വിശദീകരണം ഒഴിവാക്കുകയും ചെയ്‌തത്‌ ഇടപാടിനെയാകെ കളങ്കപ്പെടുത്താനാണെന്നു സിന്‍ഹ പറഞ്ഞു.

Ads by Google
Saturday 09 Feb 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW