റിയാദ്: ഇസ്താംബുളിലെ കോണ്‍സുലേറ്റില്‍ സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പേ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ സൗദി കിരീടാവകാശി ഇടപെട്ടെന്നതിനു കൂടുതല്‍ തെളിവുകളുമായി മാധ്യമങ്ങള്‍.
"ഖഷോഗിക്കു പിന്നാലെ ഞാന്‍ വെടിയുണ്ടയുമായുണ്ട്"; എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് സ്വന്തം അംഗരക്ഷകനോടു വെളിപ്പെടുത്തിയിരുന്നെന്നു ന്യൂയോര്‍ക്ക് ടൈംസ്. യു.എസ്. രഹസ്യന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍.
വെടിയുണ്ട എന്നത് വെടിവച്ചുകൊല്ലുമെന്ന വാച്യാര്‍ത്ഥത്തില്‍ അല്ലെങ്കില്‍ക്കൂടി ഖഷോഗിയെ വധിക്കാന്‍ കിരീടാവകാശി പദ്ധതിയിട്ടിരുന്നെന്നാണു ന്യൂയോര്‍ക്ക് ടൈംസ് ലേഖനം എടുത്തുകാട്ടുന്നത്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി അടക്കമുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പതിവുപോലെ ആഗോള നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് ഈ വിവരം പുറത്തുവന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. രാജകുമാരനും ടര്‍ക്കി അല്‍ദാഖില്‍ എന്ന അംഗരക്ഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണമെന്നു ചൂണ്ടിക്കാട്ടിയാണ് വാര്‍ത്ത പരക്കുന്നത്.
നേരത്തെ, ഖഷോഗി വധത്തില്‍ ഒരുപങ്കുമില്ലെന്നു നിലപാടെടുത്ത സൗദി പക്ഷേ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരാണു കൊല നടത്തിയതെന്നു സമ്മതിച്ചിരുന്നു. അപ്പോഴും രാജകുമാരന്റെ പങ്ക് സൗദിനേതൃത്വം തള്ളിക്കളയുകയും ചെയ്തു.