Sunday, April 21, 2019 Last Updated 23 Min 53 Sec ago English Edition
Todays E paper
Saturday 09 Feb 2019 12.50 AM

പ്രധാനമന്ത്രിയാകാന്‍ രാജകുമാരിയും തായ്‌ലന്‍ഡ്‌ തെരഞ്ഞെടുപ്പില്‍ 'തീപാറും

uploads/news/2019/02/286757/1.jpg

ബാങ്കോക്ക്‌: തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രി സ്‌ഥാനത്തേക്കു മത്സരിക്കാന്‍ രാജകുമാരിയും. തായ്‌ രാജാവ്‌ മഹാ വജ്രലോങ്ങ്‌കോണിന്റെ സഹോദരി ഉബോല്‍രത്ന(67)യാണ്‌ മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട്‌ കച്ചമുറുക്കുന്നത്‌. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണു രാജകുടുംബാംഗം സജീവ രാഷ്‌ട്രീയത്തിലിറങ്ങുന്നത്‌.
ഇതോടെ, നിലവിലെ പട്ടാള ഭരണകൂടത്തിന്റെ തലവനും പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയുമായ പ്രത്യുത്‌ ചാന്‍ ഒ ചയുടെ രാഷ്‌ട്രീയ മോഹങ്ങള്‍ക്ക്‌ മേല്‍ കരിനിഴല്‍ പരന്നു. 2014 ലെ പട്ടാള അട്ടിമറി മുതല്‍ പ്രതിഛായ മെച്ചപ്പെടുത്താനുള്ള കഠിന പരിശ്രമിത്തിലായിരുന്നു പ്രത്യുത്‌. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കാനും ഭരണത്തിന്റെ കടിഞ്ഞാണ്‍ ആത്യന്തികമായി സൈന്യത്തിന്റെ പക്കല്‍ നിലനിര്‍ത്താനുമുള്ള തന്ത്രങ്ങളും അണിയറില്‍ തയാറാക്കിയിരുന്നു.
തായ്‌ രക്ഷാ ചാര്‍ട്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായാണ്‌ ഉബോല്‍രത്ന തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്‌. മുന്‍ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ താക്‌സിന്‍ ഷിനാവത്രയുടെ രക്ഷാകര്‍തൃത്വത്തിലാണ്‌ തായ്‌ രക്ഷാ ചാര്‍ട്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ഇതോടെ വര്‍ഷങ്ങളായി വിദേശത്തു കഴിയുന്ന ഷിനാവത്ര ചെറിയ ഇടവേളയ്‌ക്കു ശേഷം വീണ്ടും തായ്‌ രാഷ്‌ട്രീയത്തിലെ കിങ്‌ മേക്കറാകുകയാണ്‌.
സൈന്യത്തിന്റെയും അതിസമ്പന്നരുടെയും കണ്ണിലെ കരടായ ഷിനാവത്ര, തായ്‌ലന്‍ഡിലെ സാധാരണക്കാരുടെയും ദരിദ്രരുടെയും കണ്ണിലുണ്ണിയാണ്‌. 2006 ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം നഷ്‌ടപ്പെട്ട ഷിനാവത്ര സഹോദരി യിങ്‌ലക്കിനെ പ്രധാനമന്ത്രി സ്‌ഥാനത്ത്‌ എത്തിച്ച്‌ വീണ്ടും അധികാരത്തില്‍ പിടിമുറുക്കിയിരുന്നു. എന്നാല്‍, 2014 ല്‍ മറ്റൊരട്ടിമറിയിലൂടെ സൈന്യം യങ്‌ലക്കിനെയും നാടുവിടാന്‍ നിര്‍ബന്ധിതയാക്കി. ഏറ്റവും ജനസ്വാധീനമുള്ള തായ്‌ രാജകുടുംബാംഗങ്ങളിലൊരാളാണ്‌ ഉബോല്‍രത്ന. അമേരിക്കക്കാരനായ കാമുകന്‍ പീറ്റര്‍ ജെന്‍സനെ വിവാഹം കഴിക്കാനായി 1972 ല്‍ രാജകീയ ബഹുമതികള്‍ ഉപേക്ഷിച്ചു. വിവാഹമോചിതയായ ശേഷം വീണ്ടും തായ്‌ലന്‍ഡിലേക്കു മടങ്ങി. മസാച്യുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(എം.ഐ.ടി.)യില്‍നിന്നടക്കം വിദ്യാഭ്യാസം നേടിയിട്ടുള്ള ഉബോല്‍രത്ന തായ്‌ലന്‍ഡിലെ ഫാഷന്‍ ഐക്കണായും വിശേഷിപ്പിക്കപ്പെടുന്നു. സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള രാജകുമാരി അറിയപ്പെടുന്ന ഗായികയുമാണ്‌.

Saturday 09 Feb 2019 12.50 AM
YOU MAY BE INTERESTED
Loading...
TRENDING NOW