Tuesday, June 25, 2019 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.46 AM

ഇന്ത്യ എ - ഇംഗ്ലണ്ട്‌ ലയണ്‍സ്‌ ചതുര്‍ദിന ക്രിക്കറ്റ്‌ ടെസ്‌റ്റ് ഇന്ത്യയുടെ തിരിച്ചടി

uploads/news/2019/02/286754/4.jpg

കൃഷ്‌ണഗിരി: ഓക്ലന്‍ഡില്‍ സീനിയര്‍ ടീം പിഴവുകള്‍ തിരുത്തി തിരിച്ചടിച്ചപ്പോള്‍ ഇങ്ങു വയനാട്ടില്‍ തിരിച്ചടി എ ടീം വക. ഇംഗ്ലണ്ട്‌ ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഒന്നാം ദിവസത്തെ പിഴവുകള്‍ ഇന്ത്യ എ തിരുത്തി. ലയണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് 340 റണ്ണില്‍ ഒതുക്കിയ ഇന്ത്യ എ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 219 റണ്‍ നേടി. ഒമ്പതു വിക്കറ്റും രണ്ടു ദിനവും ബാക്കിനില്‍ക്കെ ഇംഗ്ലീഷ്‌ സ്‌കോറിന്‌ 121 റണ്‍ മാത്രം പിന്നിലാണ്‌ ഇന്ത്യ. സെഞ്ചുറിയിലേക്കു കുതിക്കുന്ന ലോകേഷ്‌ രാഹുലും (88) പ്രിയങ്ക്‌ പഞ്ചലുമാണ്‌ (89) ക്രീസില്‍. 31 റണ്‍ നേടിയ അഭിമന്യു ഈശ്വരനാണ്‌ പുറത്തായത്‌.
ഒന്നാം ദിവസം അഞ്ചു വിക്കറ്റിന്‌ 303 റണ്‍ നേടി കൂറ്റന്‍ സ്‌കോറിലേക്കു കുതിച്ച ഇംഗ്ലണ്ടിനെ മിന്നുന്ന ഓള്‍റൗണ്ട്‌ പ്രകടനത്തിലൂടെയാണ്‌ ഇന്ത്യന്‍ യുവനിര തളച്ചത്‌. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു മുമ്പു തന്നെ ഇംഗ്ലീഷ്‌ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ബൗളര്‍മാര്‍ക്കായി. 37 റണ്‍ എടുക്കുന്നതിനിടെയാണ്‌ ഇംഗ്ലണ്ടിന്‌ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ നഷ്‌ടമായത്‌. അഞ്ചു വിക്കറ്റെടുത്ത പേസര്‍ നവ്‌ദീപ്‌ സൈനിയാണ്‌ ഇംഗ്ലീഷുകാരെ തകര്‍ത്തത്‌. രണ്ടു വിക്കറ്റുമായി ശാര്‍ദൂല്‍ ഠാക്കൂര്‍ മികച്ച പിന്തുണ നല്‍കിയപ്പോള്‍ ജലജ്‌ സക്‌സേന, ആവേശ്‌ ഖാന്‍, ഷഹബാസ്‌ നദീം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇന്നലെ എറിഞ്ഞ അഞ്ചാം ഓവറില്‍ തന്നെ സ്‌റ്റീവന്‍ മുല്ലനിയെ (42)പുറത്താക്കി സൈനിയാണ്‌ തിരിച്ചുവരവിനു തുടക്കമിട്ടത്‌. അഞ്ചാം വിക്കറ്റില്‍ വില്‍ ജാക്‌സിനൊപ്പം 72 റണ്‍ കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ്‌ സൈനി മടങ്ങിയത്‌.
പിന്നീടെത്തിയ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. മൂന്നോവറിനു ശേഷം ലൂയിസ്‌ ഗ്രിഗറിയെ(മൂന്ന്‌ ) ശാര്‍ദൂല്‍ മടക്കി. ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും ജാക്‌സില്‍ മാത്രമായി. 114 പന്തുകളില്‍ 10 ഫോറുകളടക്കം 63 റണ്ണെടുത്ത നേടിയ ജാക്‌സ് നദീമിന്റെ പന്തില്‍ ഒമ്പതാമനായി പുറത്തായതോടെ ഇംഗ്ലീഷ്‌ പ്രതീക്ഷകള്‍ അസ്‌ഥാനത്തായി. ഇതിനിടെ ഡാനി ബ്രിഗ്‌സിനെ(ഒന്ന്‌) വീഴ്‌ത്തിയ സൈനി തൊട്ടടുത്ത ഓവറില്‍ വാലറ്റക്കാരനായ സാക്‌ ചാപ്പലിനെയും മടക്കിയതോടെ ഇന്നിങ്‌സിനു തിരശീല വീണു. മറുപടി ബാറ്റിങ്‌ ആരംഭിച്ച ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായ രാഹുലും അഭിമന്യുവും ചേര്‍ന്നു ക്ഷമാപൂര്‍വം പിടിച്ചുനിന്നു കളിച്ചു. രാഹുല്‍ ഒരറ്റത്ത്‌ അമിതാവേശത്തിനു മുതിരാതെ പ്രതിരോധിച്ചു കളിച്ചപ്പോള്‍ അഭിമന്യുവാണ്‌ തുടക്കത്തില്‍ സ്‌കോര്‍ ചലിപ്പിച്ചത്‌. ഒന്നാം വിക്കറ്റില്‍ 48 റണ്ണാണ്‌ ഇവര്‍ കൂട്ടിച്ചേര്‍ത്തത്‌. അതില്‍ 31 റണ്ണും പിറന്നത്‌ അഭിമന്യുവിന്റെ ബാറ്റില്‍ നിന്നാണ്‌. ഉച്ചഭക്ഷണത്തിനു ശേഷം വൈകാതെ അഭിമന്യുവിനെ മടക്കി ചാപ്പല്‍ ഇംഗ്ലണ്ടിനു ബ്രേക്ക്‌ത്രൂ സമ്മാനിച്ചു. രാഹുലിനു കൂട്ടായി പഞ്ചല്‍ എത്തിയതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലായി. ഏകദിന ശൈലിയില്‍ പഞ്ചല്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ രാഹുലും ഇന്ത്യ ടോപ്‌ ഗിയറിലായി. ഇരുവരുടെയും അപരാജിത കൂട്ടുകെട്ട്‌ ഇതുവരെ 171 റണ്‍ നേടി. 182 പന്തില്‍നിന്ന്‌ 11 ഫോറുകളോടെയാണ്‌ രാഹുല്‍ 88 റണ്‍്‌ നേടിയത്‌. 141 പന്തുകള്‍ നേരിട്ട പഞ്ചല്‍ 16 ഫോറുകളോടെയാണ്‌ 89 റണ്ണെടുത്തത്‌.

Ads by Google
Saturday 09 Feb 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW