Saturday, June 15, 2019 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.46 AM

രണ്ടാം ട്വന്റി20 യില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

uploads/news/2019/02/286752/2.jpg

ഓക്ലന്‍ഡ്‌: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വെല്ലിങ്‌ടണില്‍ നടന്ന ഒന്നാം ട്വന്റി20 യില്‍ കൂറ്റന്‍ തോല്‍വി നേരിട്ടതിനുള്ള എല്ലാ പ്രായശ്‌ചിത്തവും ഇന്നലെ നടന്നു. ടോസ്‌ നേടിയ ന്യൂസിലന്‍ഡ്‌ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ രണ്ടാമത്‌ ആലോചിക്കാതെ ബാറ്റിങ്‌ തെരഞ്ഞെടുത്തു.
വെല്ലിങ്‌ടണില്‍ തല്ലു വാങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്നലെ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. കോളിന്‍ ഡി ഗ്രാനോമെ (28 പന്തില്‍ നാല്‌ സിക്‌സറും ഒരു ഫോറുമടക്കം 50), റോസ്‌ ടെയ്‌ലര്‍ (36 പന്തില്‍ മൂന്ന്‌ ഫോറുകളടക്കം 42) എന്നിവരുടെ മികവില്‍ അവര്‍ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 158 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ ഏഴ്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മ (29 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുകളുമടക്കം 50), ഋഷഭ്‌ പന്ത്‌ (28 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുകളുമടക്കം പുറത്താകാതെ 40), എം.എസ്‌. ധോണി (17 പന്തില്‍ പുറത്താകാതെ 20), ശിഖര്‍ ധവാന്‍ (31 പന്തില്‍ 30) എന്നിവരുടെ മികവ്‌ ഇന്ത്യക്ക്‌ അനായാസ ജയം നേടിക്കൊടുത്തു.
ഇതോടെ മൂന്ന്‌ ട്വന്റി20 കളുടെ പരമ്പര 1-1 ന്‌ ഒപ്പത്തിനൊപ്പമായി. ഞായറാഴ്‌ച നടക്കുന്ന മൂന്നാമത്തെ മത്സരത്തിലെ ജേതാവ്‌ പരമ്പര സ്വന്തമാക്കും. ഓപ്പണിങ്‌ വിക്കറ്റില്‍ രോഹിത്‌ ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന്‌ 79 റണ്ണിന്റെ കൂട്ടുകെട്ടാണ്‌ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌. 50 റണ്ണെടുത്ത രോഹിതിനെ പുറത്താക്കി ഇഷ്‌ സോധി കൂട്ടുകെട്ട്‌ പൊളിച്ചു. പിന്നാലെ ധവാനും ക്രീസ്‌ വിട്ടു. എട്ടു പന്തില്‍ 14 റണ്ണെടുത്ത വിജയ്‌ ശങ്കറിന്‌ അല്‍പായുസായിരുന്നു. ഡാരല്‍ മിച്ചലിന്റെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച വിജയ്‌ ശങ്കറിനെ ടിം സൗത്തി പിടികൂടി. തുടര്‍ന്ന്‌ ഒത്തുചേര്‍ന്ന ഋഷഭ്‌ പന്ത്‌- ധോണി കൂട്ടുകെട്ട്‌ ഇന്ത്യയുടെ ഇന്നിങ്‌സിനു വേഗം നല്‍കി. നാലാം വിക്കറ്റില്‍ ഇരുവരും 44 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.
ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡിനു മൂന്നാം ഓവറില്‍ ഓപ്പണര്‍ ടിം സീഫര്‍ട്ടിനെ നഷ്‌ടമായി. സീഫര്‍ട്ടിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ധോണി പിടികൂടി. കഴിഞ്ഞ മത്സരത്തില്‍ അടിച്ചു തകര്‍ത്ത സീഫര്‍ട്ട്‌ ഇന്നലെ 12 പന്തില്‍ 12 റണ്ണെടുത്തു. സഹ ഓപ്പണര്‍ കോളിന്‍ മുണ്‍റോയെ ക്രുണാല്‍ പാണ്ഡ പുറത്താക്കി. 12 റണ്ണെടുത്ത നില്‍ക്കെ മുണ്‍റോയെ രോഹിത്‌ ശര്‍മ പിടിച്ചു. 17 പന്തില്‍ 20 റണ്ണെടുത്ത വില്ല്യംസണേയും ക്രുണാല്‍ പാണ്ഡ്യ സമാനമായി പുറത്താക്കി. രണ്ട്‌ പന്തില്‍ ഒരു റണ്ണെടുത്ത മിച്ചലിനെ ക്രുണാല്‍ പാണ്ഡ്യ വിക്കറ്റിന്‌ മുന്നില്‍ കുരുക്കി. 50 റണ്ണെടുക്കുന്നതിനിടെ ന്യൂസിലന്‍ഡിനു നാലു വിക്കറ്റ്‌ നഷ്‌ടപ്പെട്ടു. അഞ്ചാം വിക്കറ്റില്‍ ഗ്രാനോമെയും റോസ്‌ ടെയ്‌ലറും ചേര്‍ന്ന്‌ 77 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ 50 റണ്ണെടുത്ത ഗ്രാനോമെയെ പുറത്താക്കി ഹാര്‍ദിക്‌ പാണ്ഡ്യ കൂട്ടുകെട്ട്‌ പൊളിച്ചു. 36 പന്തില്‍ 42 റണ്ണെടുത്ത ടെയ്‌ലറിനെ വിജയ്‌ ശങ്കര്‍ റണ്‍ഔട്ടാക്കി. അവസാന ഓവറുകളില്‍ ന്യൂസിലന്‍ഡിന്‌ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടു. അഞ്ച്‌ റണ്ണെടുക്കുന്നതിനിടെ അവര്‍ മൂന്ന്‌ വിക്കറ്റുകള്‍ കളഞ്ഞു. നാല്‌ ഓവറില്‍ 28 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയാണു മത്സരത്തിലെ താരം. ഖലീല്‍ അഹമ്മദ്‌ രണ്ടും ഹാര്‍ദിക്‌ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
സ്‌കോര്‍ബോര്‍ഡ്‌:

ന്യൂസിലന്‍ഡ്‌ - ടിം സീഫര്‍ട്ട്‌ സി ധോണി ബി ഭുവനേശ്വര്‍ കുമാര്‍ 12, കോളിന്‍ മുണ്‍റോ സി രോഹിത്‌ ശര്‍മ ബി കൃണാല്‍ പാണ്ഡ്യ 12, കെയ്‌ന്‍ വില്യംസണ്‍ എല്‍.ബി. കൃണാല്‍ പാണ്ഡ്യ 20, ഡാരില്‍ മിച്ചല്‍ എല്‍.ബി. കൃണാല്‍ പാണ്ഡ്യ 1, റോസ്‌ ടെയ്‌ലര്‍ റണ്ണൗട്ട്‌ 42, കോളിന്‍ ഡി ഗ്രാനോമെ സി രോഹിത്‌ ശര്‍മ ബി ഹാര്‍ദിക്‌ പാണ്ഡ്യ 50, മിച്ചല്‍ സാന്റ്‌നര്‍ ബി ഖലീല്‍ അഹമ്മദ്‌ 7, സ്‌കോട്ട്‌ കുഗെലെജിന്‍ നോട്ടൗട്ട്‌ 2, ടിം സൗത്തി ബി ഖലീല്‍ അഹമ്മദ്‌ 3. എക്‌സ്ട്രാസ്‌: 9. ആകെ (20 ഓവറില്‍) എട്ടിന്‌ 158. വിക്കറ്റ്‌വീഴ്‌ച: 1-15, 2-41, 3-43, 4-50, 5-127, 6-153, 7-154, 8-158. ബൗളിങ്‌: ഭുവനേശ്വര്‍ കുമാര്‍ 4-0-29-1, ഖലീല്‍ അഹമ്മദ്‌ 4-0-27-2, ഹാര്‍ദിക്‌ പാണ്ഡ്യ 4-0-36-1, കൃണാല്‍ പാണ്ഡ്യ 4-0-28-3, യുസ്‌വേന്ദ്ര ചാഹാല്‍ 4-0-37-0.
ഇന്ത്യ- രോഹിത്‌ ശര്‍മ സി ടിം സൗത്തി ബി ഇഷ്‌ സോധി 50, ശിഖര്‍ ധവാന്‍ സി ഗ്രാനോമെ ബി ലൂകി ഫെര്‍ഗുസണ്‍ 30, ഋഷഭ്‌ പന്ത്‌ നോട്ടൗട്ട്‌ 40, വിജയ്‌ ശങ്കര്‍ സി സൗത്തി ബി ഡാരില്‍ മിച്ചല്‍ 14, എം.എസ്‌. ധോണി നോട്ടൗട്ട്‌ 20. എക്‌സ്ട്രാസ്‌: 8. ആകെ (18.5 ഓവറില്‍) മൂന്നിന്‌ 163. വിക്കറ്റ്‌ വീഴ്‌ച: 1-79, 2-88, 3-118. ബൗളിങ്‌: ടിം സൗത്തി 4-0-34-0, സ്‌കോട്ട്‌ കുഗെലെജിന്‍ 3.5-0-32-0, ലൂകി ഫെര്‍ഗുസണ്‍ 4-0-31-1, മിച്ചല്‍ സാന്റ്‌നര്‍ 2-0-16-0, ഇഷ്‌ സോധി 4-0-31-1, ഡാരില്‍ മിച്ചല്‍ 1-0-15-1.

Ads by Google
Saturday 09 Feb 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW