Saturday, February 09, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.46 AM

ഗോളടിക്കാന്‍ മറന്ന കേരളം മടങ്ങി

uploads/news/2019/02/286751/1.jpg

നെയ്‌വേലി: സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യനായ കേരളം ഫൈനല്‍ റൗണ്ട്‌ കാണാതെ പുറത്ത്‌.
ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ സര്‍വീസസിനോട്‌ ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റതോടെയാണു കേരളം പുറത്തായത്‌. രണ്ടു ഗോളിനു ജയിച്ചാല്‍ ഫൈനല്‍ റൗണ്ട്‌ എന്ന സാധ്യതയുമായാണു കേരളം സര്‍വീസസിനെ നേരിട്ടത്‌. 62-ാം മിനിറ്റില്‍ വികാസ്‌ ഥാപ്പ നേടിയ ഗോളാണു കേരളത്തിന്റെ വിധിയെഴുതിയത്‌്. ഥാപ്പയുടെ ഗോളിനു പിന്നാലെ കേരളത്തിന്റെ അലക്‌സ് സജി ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായതു സമനിലയ്‌ക്കുള്ള സാധ്യതയും ഇല്ലാതാക്കി.
ഒന്‍പത്‌ പുതുമുഖങ്ങളാണു കേരളത്തിനു വേണ്ടി കളിച്ചത്‌. പക്ഷേ മികച്‌ സ്‌ട്രൈക്കറുടെ അഭാവം ടീമിനെ വിടാതെ പിന്തുടര്‍ന്നു. ആറു പോയിന്റോടെ സര്‍വീസസ്‌ ബി ഗ്രൂപ്പില്‍നിന്ന്‌ ഒന്നാമനായി ഫൈനല്‍ റൗണ്ടില്‍ കടന്നു. അഞ്ച്‌ പോയന്റുമായി തെലങ്കാന രണ്ടാമതുമെത്തി. പോണ്ടിച്ചേരിക്കും കേരളത്തിനും രണ്ട്‌ പോയിന്റാണു നേട്ടം. എ ഗ്രൂപ്പില്‍നിന്ന്‌ കര്‍ണാടകയും മുന്നേറി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനെ സമനിലയില്‍ പിടിച്ചാണ്‌ കര്‍ണാടകയുടെ മുന്നേറ്റം. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം എ.എസ്‌. ആഷിഖ്‌ കര്‍ണാടകയ്‌ക്കായും (39-ാം മിനിറ്റ്‌ ) ഷോലെമലൈ (74 -ാം മിനിറ്റ്‌ ) തമിഴ്‌നാടിനായും ഗോളടിച്ചു. ആദ്യമത്സരത്തില്‍ ആന്ധ്രാപ്രദേശിനെ കര്‍ണാടക എതിരില്ലാത്ത അഞ്ചു ഗോളിന്‌ തോല്‍പ്പിച്ചിരുന്നു. മലയാളികളായ ലിയോണ്‍ അഗസ്‌റ്റിനും ഷെഫീലും മത്സരത്തില്‍ ഗോളടിച്ചിരുന്നു. ഗ്രൂപ്പില്‍ നാല്‌ പോയന്റുമായാണ്‌ കര്‍ണാടക ഗ്രൂപ്പ്‌ ജേതാക്കളായത്‌. രണ്ടു സമനില വഴങ്ങിയ തമിഴ്‌നാടിന്‌ രണ്ടു പോയന്റോടെ രണ്ടാം സ്‌ഥാനത്തായി. മൂന്നു മത്സരങ്ങളില്‍നിന്ന്‌ ഒരു ഗോള്‍ പോലും നേടാതെയാണു കേരളത്തിന്റെ മടക്കം. ഇന്നലെ രാവിലെ നടന്ന ആദ്യ മത്സരത്തില്‍ തെലങ്കാനയെ പുതുച്ചേരി സമനിലയില്‍ തളച്ചതോടെയാണു കേരളത്തിനു സാധ്യത തെളിഞ്ഞത്‌്. സര്‍വീസസിനെ രണ്ടു ഗോളിനു തോല്‍പ്പിച്ചാല്‍ കേരളം ഫൈനല്‍സില്‍ കളിക്കുമായിരുന്നു. മത്സരം തെലങ്കാന ജയിച്ചിരുന്നെങ്കില്‍ കേരളം നേരത്തേ തന്നെ പുറത്താകുമായിരുന്നു.
സമനിലയായതോടെ കണക്കിലെ ആനുകൂല്യങ്ങള്‍ക്കൊത്തു കളിക്കാനായിരുന്നു വി.പി. ഷാജിയുടെ ശിഷ്യന്‍മാരുടെ ശ്രമം. ആദ്യ രണ്ട്‌ മത്സരങ്ങളില്‍ പുതുച്ചേരിയോടും തെലങ്കാനയോടും ഗോള്‍രഹിത സമനില വഴങ്ങിയതാണു കേരളത്തിനു തിരിച്ചടിയായത്‌. കേരളത്തെ കൂടാതെ ബംഗാളിനും ഫൈനല്‍സിലേക്കു യോഗ്യത നേടാനായില്ല. സന്തോഷ്‌ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ മുത്തമിട്ട (32 തവണ) ബംഗാളിന്‌ യോഗ്യത നേടാനാകാത്തതു രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളെ തന്നെ അമ്പരപ്പിച്ചു. കിഴക്കന്‍ മേഖലയില്‍നിന്ന്‌ മികച്ച ഗോള്‍ ശരാശരിയില്‍ സിക്കിം ബംഗാളിനെ മറികടക്കുകയായിരുന്നു.

Ads by Google
Saturday 09 Feb 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW