Friday, April 26, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.45 AM

ഭാര്യയെ കൊലപ്പെടുത്തിയ കേസ്‌: ബംഗാള്‍ സ്വദേശിക്ക്‌ ജീവപര്യന്തം കഠിനതടവ്‌

uploads/news/2019/02/286748/5.jpg

തൊടുപുഴ: വാടകവീട്ടില്‍ താമസിക്കുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തി നാടുവിട്ട ബംഗാള്‍ സ്വദേശിക്കു ജീവപര്യന്തം കഠിനതടവ്‌. പശ്‌ചിമബംഗാള്‍ മുര്‍ഷിദാബാദ്‌ ജില്ലയിലെ റാണിപുരം സ്വദേശി മിറാജുള്‍ ഇസ്‌ലാം ഷേഖിനെ(35)യാണ്‌ നാലാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി വി.ജി. ശ്രീദേവി ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചത്‌. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ്‌ അനുഭവിക്കണം. ബംഗാള്‍ മുര്‍ഷിദാബാദ്‌ സ്വദേശിനി നസീമ ബേവ(32)യാണ്‌ കൊല്ലപ്പെട്ടത്‌.
2014 നവംബര്‍ 15ന്‌ പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. പ്രതി ഭാര്യയേയും നാലുവയസുള്ള മകളെയും കൂട്ടി സംഭവത്തിനു മൂന്നു ദിവസം മുന്‍പാണ്‌ തൊഴിലന്വേഷിച്ച്‌ ബംഗാളില്‍നിന്ന്‌ തൊടുപുഴയിലെത്തിയത്‌. മങ്ങാട്ടുകവലയില്‍ എത്തിയ പ്രതിയും കുടുംബവും അവിടെ അസാം സ്വദേശികളായ അബുതാഹിര്‍, അമര്‍ജുള്‍ ഹസന്‍ എന്നിവരെ പരിചയപ്പെട്ടു. ഇവരാണ്‌ പ്രതിക്ക്‌ ഇടവെട്ടിയില്‍ വീട്‌ വാടകയ്‌ക്ക്‌ ഏര്‍പ്പാടാക്കി കൊടുത്തത്‌. ആ വീട്ടില്‍വെച്ചാണ്‌ മൂന്നാം നാള്‍ പ്രതി ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്‌. കേസില്‍ വീട്ടുടമ മുജീബ്‌ ഒന്നാം സാക്ഷിയും അസാം സ്വദേശികള്‍ 13, 15 സാക്ഷികളുമാണ്‌. വാടകവീട്ടില്‍ താമസം തുടങ്ങിയതിന്റെ പിറ്റേന്നുതൊട്ട്‌ പ്രതി ഭാര്യയുമായി കലഹം തുടങ്ങിയിരുന്നു.
ബംഗാളില്‍ പ്രതിയുടെ ഉടമസ്‌ഥതയിലുള്ള വസ്‌തു അയാള്‍ ആദ്യഭാര്യയ്‌ക്ക്‌ എഴുതിക്കൊടുക്കുന്നതിനെ കൊല്ലപ്പെട്ട നസീമ ചോദ്യം ചെയ്‌തതാണ്‌ വഴക്കിനു കാരണം. സംഭവത്തിന്റെ തലേന്നു വൈകിട്ട്‌ ഇരുവരും തമ്മിലുള്ള കലഹത്തില്‍ അയല്‍വാസികളായ അസാം സ്വദേശികള്‍ ഇടപെടുകയും പ്രശ്‌നം രമ്യതയിലാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ രാത്രി വീണ്ടും വഴക്കുണ്ടാകുകയും പ്രതി ഭാര്യയെ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
നാലു വയസുകാരിയായ മകള്‍ പിതാവിന്റെ ക്രൂരകൃത്യങ്ങള്‍ക്ക്‌ സാക്ഷിയായിരുന്നുവെങ്കിലും പ്രതികരിക്കാനാവാത്ത നിസഹായാവസ്‌ഥയിലായിരുന്നു. എന്നാല്‍, കേസിന്റെ വിസ്‌താരത്തിനിടെ 19-ാം സാക്ഷിയായ മകള്‍ താന്‍ നേരില്‍ക്കണ്ട സംഭവങ്ങള്‍ കോടതി മുന്‍പാകെ വെളിപ്പെടുത്തിയതാണ്‌ പ്രതിക്കെതിരേ നിര്‍ണായക തെളിവായത്‌. സംഭവശേഷം വീടുപൂട്ടി പ്രതി മകളുമായി ബംഗാളിലേക്കു നാടുവിടുകയായിരുന്നു. തലേന്നു വൈകിട്ട്‌ കുടുംബകലഹം രമ്യതയിലാക്കി മടങ്ങിയ അസം സ്വദേശികള്‍ രാവിലെ വിവരങ്ങള്‍ തിരക്കാന്‍ എത്തിയപ്പോള്‍ വീട്‌ പൂട്ടിക്കിടക്കുകയായിരുന്നു. സംശയം തോന്നി അയല്‍വാസിയും കേസില്‍ നാലാം സാക്ഷിയുമായ അജിമോളെ കൂട്ടി വീട്‌ തള്ളിത്തുറന്നപ്പോഴാണ്‌ തറയില്‍ നസീമയുടെ മൃതദേഹം കാണപ്പെട്ടത്‌.
ഒളിവില്‍ പോയ പ്രതിയെ മൊബൈലില്‍ പിന്തുടര്‍ന്നും സ്വദേശത്തെ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ 13 ദിവസത്തിനു ശേഷമാണ്‌ പോലീസ്‌ പിടികൂടിയത്‌. അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എബി ഡി. കോലോത്ത്‌ പ്രതിക്കെതിരേ നിരത്തിയ തെളിവുകളില്‍ നിന്ന്‌ പ്രതി കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിഞ്ഞതായി വിധിന്യായത്തില്‍ സെഷന്‍സ്‌ ജഡ്‌ജി ചൂണ്ടികാട്ടി.

Ads by Google
Saturday 09 Feb 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW