പുതുച്ചേരി: ആഢംബരത്തിന്റെ അവസാന വാക്കിലാണ് ഒരാരോ വിവാഹാഘോഷവും അവസാനിക്കുന്നത്. ആടയാഭരണങ്ങള്‍ കൊണ്ടു മൂടിയ പെണ്ണും, ലക്ഷങ്ങളുടെ മിന്നുന്ന വേഷവും, നീളുന്ന സദ്യവട്ടങ്ങളും, മോടി കൂട്ടാന്‍ കാട്ടി കൂട്ടുന്ന മറ്റു അലങ്കോല പണികളും എല്ലാം കൂടെ ജഗപൊഗയാണ് നമ്മുടെ കല്യാണങ്ങള്‍. ഈ ആഘോഷവട്ടങ്ങളില് രണ്ട് പേര് ഒന്നാകുന്ന, രണ്ടു കുടുംബങ്ങള്‍ ഒരുമ്മിക്കുന്ന സ്നേഹത്തിന്റെയും സഹകരണത്തിന്റെയും അതിഥി സത്കാരത്തിന്റെയും ഒരു മഹനീയ മാതൃക പകര്‍ന്നു കൊടുക്കാന്‍ കല്യാണ ചടങ്ങുകള്‍ മറക്കുന്നതിനിടെയാണ് പുതുച്ചേരിയില്‍ നടന്ന ഒരു വ്യത്യസ്ത കല്യാണം മാതൃകയാകുന്നത്.
കല്യാണം കേമമാക്കണമെന്ന് ആഗ്രഹിച്ചതിലുപരി തങ്ങളുടെ കൂടിച്ചേരല്‍ അര്ത്ഥവത്തായിരിക്കണമെന്നായിരുന്നു പുതുച്ചേരി ദമ്പതികളുടെ മനസില്‍. ജനുവരിയില്‍ നടന്ന വിവാഹത്തില്‍ അവര്‍ ആഗ്രഹം മാതൃകാപരമായി സഫലമാക്കുകയായിരുന്നു.
കല്യാണമെന്ന ചിന്തയില്‍ ആദ്യം മനസിലേയ്ക്ക് എത്തുന്നത് ഭക്ഷണമാണ്. ലളിതമായ എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം ഒരുക്കണമെന്നതിനായിരുന്നു ആദ്യ പരിഗണന. ട്രഡീഷണലായിട്ടുള്ള ജൈവ ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കിയത്. പോളീഷ് ചെയ്തെടുക്കുന്ന വെള്ള അരി, മൈദ, ഷുഗര്‍ എന്നിങ്ങനെയുള്ള ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിച്ച്, ജൈവ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളും, മറ്റ് അരിയാഹാരങ്ങളുമാണ് സദ്യവട്ടങ്ങള്‍ക്കായി ഉപയോഗിച്ചത്.
പ്ലാസ്റ്റികും, പേപ്പറും കല്യാണ വേദിയില്‍ അടുപ്പിച്ചിട്ടേയില്ല. പകരം വാഴയിലകളും, വെള്ളം കുടിക്കാന്‍ സ്റ്റീല്‍ ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. അതിഥികള്‍ക്കായുള്ള ക്ഷണക്കത്ത് വളരെ ചുരുക്കം പേര്‍ക്കുള്ളത് മാത്രമാണ് പേപ്പറില്‍ തയാറാക്കിയത്. സുഹൃത്തുക്കളേയും മറ്റ് ക്ഷണിച്ചത് ഇ-മെയില്‍ വഴിയും മറ്റുമാണ്. ആ ക്ഷണക്കത്തില്‍ ഗ്രൗന്‍ വെഡ്ഡിങ്ങ് പരിചയപ്പെടുത്തുകയും, ആരോഗ്യകരമായ ഭക്ഷണവട്ടങ്ങളുടെ വിവരം ഉള്‍പ്പെടെ ചേര്‍ക്കുകയും ചെയ്തിരുന്നു. ഈ വിവാഹത്തിലൂടെ ചെറിയൊരു മാറ്റത്തിനു കാരണമാകുമെങ്കില്‍ അത് തന്നെയാണ് തങ്ങള്‍ പ്രതീക്ഷ വെച്ചതെന്നും നവദമ്പതികള്‍ പറയുന്നു.
നിങ്ങള്‍ ഓരോരുത്തരുടെയും സാന്നിധ്യമാണ് ഞങ്ങള്‍ക്കുള്ള സമ്മാനം. അതിനു പകരം ഫോറസ്റ്റ്ഫസ്റ്റ് സമിതി എന്ന സന്നദ്ധ സംഘടനയ്ക്ക് ചെറിയ സഹായം നല്‍കുക എന്ന ആവശ്യം നിങ്ങള്‍ക്കു മുമ്പില്‍ വെയ്ക്കുന്നു. പശ്ചിമഘട്ടത്തില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്.