Friday, February 08, 2019 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 04.30 PM

നിസാരമാക്കരുത് കുട്ടികളിലെ നടുവേദന

''നടുവേദന ഒരു രോഗമല്ല. പക്ഷേ പലപ്പോഴും നടുവേദനയ്ക്കുള്ള കാരണം കണ്ടെത്താനും കഴിയാറില്ല. നടുവേദന ചിലപ്പോള്‍ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായേക്കാം.''
uploads/news/2019/02/286713/kidsbackpain080219.jpg

കുട്ടികളില്‍ നടുവേദനയെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടലുളവാകുന്നത് സ്വാഭാവികം. കാരണം നടുവേദന മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും മാത്രം വരുന്ന അസുഖമായാണ് കരുതുന്നത്. എന്നാല്‍ ഇന്ന് കൗമാരപ്രായത്തിലുള്ള പത്ത് ശതമാനം കുട്ടികളെങ്കിലും നടുവേദനയുമായി ഡോക്ടറെ സമീപിക്കുന്നുണ്ട്.

നടുവേദന ഒരു രോഗമല്ല. പക്ഷേ പലപ്പോഴും നടുവേദനയ്ക്കുള്ള കാരണം കണ്ടെത്താനും കഴിയാറില്ല. നടുവേദന ചിലപ്പോള്‍ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായേക്കാം. അവ തുടക്കത്തില്‍ തന്നെ തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികളിലെ നടുവേദന.

നട്ടെല്ലിന്റെ ഘടന


കശേരുകളും അവയുടെ ഇടയില്‍ മാര്‍ദവമുള്ള ഡിസ്‌കുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിഗമെന്റുകളും അതിനോടനുബന്ധിച്ചുള്ള പേശികളും ചേര്‍ന്നതാണ് നടുവിന്റെ ഘടന. ഈ പേശികളാണ് നടുവിനു വഴക്കവും ബലവും നല്‍കുന്നത്.

കൗമാരപ്രായത്തിലുണ്ടാകുന്ന മിക്ക നടുവേദനയ്ക്കും കാരണം ഈ ലിഗമെന്റസിനും പേശികള്‍ക്കുമുണ്ടാകുന്ന പിരിമുറുക്കങ്ങളാണ്. അമിത വ്യായാമം, പുതിയ കായികാഭ്യാസങ്ങളിലേര്‍പ്പെടുക, നടുവിലെ പേശികളുടെ അമിത ഉപയോഗം, ഇരിപ്പിലും നടപ്പിലുമുള്ള അപാകതകള്‍ എന്നിവയൊക്കെ മൂലം ഈ പേശികള്‍ക്കും ലിഗമെന്റ്‌സിനും പിരിമുറുക്കങ്ങളുണ്ടാകാം.

ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം കൊണ്ടോ അല്ലെങ്കില്‍ തണുപ്പും ചൂടും മാറി മാറി വയ്ക്കുന്നതുകൊണ്ട്, അല്ലെങ്കില്‍ വേദനസംഹാരികളുടെ പയോഗം മൂലമോ നടുവേദന പരിഹരിക്കപ്പെട്ടേക്കാം. ഇതിനെ നോണ്‍ സ്‌പെസിഫിക് ബാക്ക് പെയിന്‍ എന്നു പറയുന്നു. സാധാരണയായി ഇത്തരം നടുവേദനയ്ക്ക് കൂടുതല്‍ പരിശോധന ആവശ്യമായി വരാറില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മാറുന്നതാണ്.

uploads/news/2019/02/286713/kidsbackpain080219a.jpg

മറ്റു കാരണങ്ങളും ലക്ഷണങ്ങളും


ജന്മനാ നടുവിനുണ്ടാകുന്ന വളര്‍ച്ചാ വൈകല്യങ്ങള്‍ മൂലം നടുവേദന ഉണ്ടാകാം. നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് മസിലുകള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദമാണ്. ചില കുട്ടികളില്‍ മാനസിക സമ്മര്‍ദം നടുവേദന ഉണ്ടാക്കും.

പഠനവൈകല്യം, ഡിപ്രഷന്‍, ഭയം എന്നിവയും നടുവേദനയ്ക്കു കാരണമാകുന്നുണ്ട്. കുട്ടികളിലെ മാനസിക പിരിമുറുക്കം വേദനയായി അനുഭവപ്പെടാം. സാമൂഹിക സാഹചര്യങ്ങള്‍ കുട്ടികളില്‍ കടുത്ത മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

മൂന്നാഴ്ചയില്‍ കൂടുതല്‍ കുട്ടികളില്‍ നടുവേദന തുടര്‍ന്നാല്‍ വിദഗ്ധ പരിശോധനയും ചികിത്സയും വേണ്ടി വന്നേക്കാം. എക്‌സറേ, രക്തപരിശോധന, വളരെ ചുരുക്കമായി എംആര്‍ഐ സ്‌കാന്‍, സി.ടി സ്‌കാന്‍, ബോണ്‍ സ്‌കാന്‍ എന്നിവ നിര്‍ദേശിക്കാറുണ്ട്.

നടുവേദനയോടൊപ്പം മറ്റു ചില ലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ വൈകരുത്. അതിനു റെഡ് ഫ്‌ളാക്‌സ് ലക്ഷണങ്ങള്‍ എന്നു പറയും. അതില്‍ ഒന്ന് നാലു വയസില്‍ താഴെയുള്ള കുട്ടികളിലെ നടുവേദന, രാത്രികാലങ്ങളിലുള്ള വേദന കുട്ടിയെ ഉറക്കത്തില്‍നിന്നും ഉണര്‍ത്തുന്ന സാഹചര്യമുണ്ടാകുക, തുടര്‍ച്ചയായി വിട്ടുമാറാതെ അനുഭവപ്പെടുന്ന വേദന അതായത് മാസങ്ങളോളം നടുവേദന നിലനില്‍ക്കുക, നടുവേദനയോടൊപ്പം സന്ധിവേദന, പെട്ടെന്നുണ്ടാകുന്ന അധിക വേദന, വേദനയോടൊപ്പം പനി, ശരീരവേദന, ശരീരഭാരം കുറയുക, നടുവേദന കാലിലേക്ക് വ്യാപിക്കുക, കാലിനു മരവിപ്പ് അനുഭവപ്പെടുക ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ തീര്‍ച്ചയായും വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്.

സ്‌കൂള്‍ ബാഗ് വില്ലനാകുമ്പോള്‍


ശരിയായ ശരീരവടിവ് നിലനിര്‍ത്തികൊണ്ടുള്ള നടപ്പും ഇരിപ്പും കുട്ടികള്‍ ശീലിക്കേണ്ടതുണ്ട്. സ്‌കൂള്‍ ബാഗ് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകുന്നുണ്ടെങ്കിലും ബാഗിനെ പഴിച്ചിട്ട് കാര്യമില്ല.

ഇന്നത്തെ പാഠ്യപദ്ധതി അനുസരിച്ച് ടൈംടേബിളില്‍ പറയുന്ന എല്ലാ ബുക്കുകളും കൊണ്ടുപോകേണ്ടതായി വരും. അത് സ്‌കൂള്‍ബാഗിന്റെ ഭാരം കൂട്ടുകയും നടുവിന് സമ്മര്‍ദം കൂടാനും കാരണമാകുന്നു. സ്‌കൂള്‍ ബാഗിന്റെ സമ്മര്‍ദം കുറയ്ക്കാനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് ബാഗ് തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

uploads/news/2019/02/286713/kidsbackpain080219c.jpg

1. ഭാരം തോന്നിക്കാത്ത തരത്തിലുള്ള സ്‌കൂള്‍ ബാഗുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് അതു സഹായകമാകും.
2. വീതിയേറിയ ഷോള്‍ഡര്‍ സ്ട്രാപ്പുകളുള്ള ബാഗുകള്‍ തിരഞ്ഞെടുക്കുക.
3. രണ്ടു ചുമലുകളിലും ഒരുപോലെ ഭാരം വരുന്ന തരത്തിലുള്ള ബാഗുകള്‍ ഉപയോഗിക്കണം.
4. തോള്‍ സഞ്ചികള്‍ ഒഴിവാക്കുക.
5. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കൊണ്ടുപോകാന്‍ ബാക്ക്പാക്കുകള്‍ തന്നെ തിരഞ്ഞെടുക്കണം.

ശാസ്ത്രിയമായ കണക്കനുസരിച്ച് സ്‌കൂള്‍ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ പതിനഞ്ച് ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ല. കുട്ടികള്‍ക്ക് പുസ്തകള്‍ വയ്ക്കാന്‍ സ്‌കൂള്‍ ലോക്കറുകള്‍ ലഭ്യമായാല്‍ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ കഴിയും. സ്മാര്‍ട് ക്ലാസുകള്‍ സ്‌കൂള്‍ ബുക്കുകളുടെ ഉപയോഗം കുറയ്ക്കുകയും ഇതിലൂടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


കുട്ടി സ്‌കൂള്‍ ബാഗുമായി മുന്നോട്ട് ആഞ്ഞാണ് നടക്കുന്നതെങ്കില്‍ ബാഗിന്റെ ഭാരം കൂടുതലാണെന്നു മനസിലാക്കാം. ദിവസത്തിലെ കൂടുതല്‍ സമയവും കുട്ടികള്‍ സ്‌കൂളിലായിരിക്കും. അതുകൊണ്ട് സ്‌കൂളില്‍ എങ്ങനെ ഇരിക്കുന്നു, നടക്കുന്ന രീതി, ഇവയൊക്കെ അധ്യാപകര്‍ ശ്രദ്ധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കണം.

സ്‌കൂള്‍ ബാഗില്‍ ശ്രദ്ധ നല്‍കുന്നതുപോലെ കുട്ടികളുടെ പോസ്റ്ററല്‍ കറക്ഷനിലും (നില്‍പ്പ് ഇരിപ്പ് രീതികള്‍) വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നടുവേദനയുടെ മറ്റൊരു പ്രധാന പ്രശ്‌നം കായിക വിനോദങ്ങളുടെയും വ്യായാമങ്ങളുടെയും അഭാവമാണ്. കുട്ടികളുടെ വളര്‍ച്ച ഘട്ടത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന് വളരെ പ്രാധാന്യമുണ്ട്.

വീട്ടിലും സ്്കൂളിലും കുട്ടികള്‍ക്ക് ഇടയ്ക്കിടെ ആക്ടിവിറ്റികള്‍ നല്‍കുക. ശരിയായ രീതിയില്‍ ഭാരം ഉയര്‍ത്താന്‍ പരിശീലിപ്പിക്കണം. പലപ്പോഴും കാല്‍മുട്ട് മടക്കാതെ നടുവ് വളച്ച് ഭാരമുയര്‍ത്തുന്നതു കൊണ്ടാണ് കുട്ടികള്‍ക്ക് നടുവേദന ഉണ്ടാകുന്നത്. അതുകൊണ്ട് കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ ഭാരം ഉയര്‍ത്തുന്നതിനുള്ള പരിശീലനം നല്‍കണം. മിക്കവാറും സ്‌കൂളുകളില്‍ കായിക വിനോദങ്ങള്‍ക്ക് മുന്‍കൂട്ടി പരിശീലനം നല്‍കാറില്ല. മത്സരങ്ങള്‍ തുടങ്ങുന്നതിനു ഒരാഴ്ച മുന്‍പായിരിക്കും പരിശീലനങ്ങള്‍ ആരംഭിക്കുന്നത്.

ക്രമാനുഗതമായ രീതിയിലുള്ള ശാസ്ത്രീയമായ കായികപരിശീലനം കുട്ടികള്‍ക്ക് ഉറപ്പാക്കണം. ഒരു പരിശീലകന്റെ നേതൃത്വത്തില്‍ ആവശ്യമായ ട്രെയ്‌നിങ് നല്‍കിയാല്‍ പല സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റിയില്‍ നിന്നുള്ള നടുവേദനയും പരിക്കുകളും ഒഴിവാക്കാം. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വാം അപ്പ് വ്യായാമങ്ങള്‍ പരിശീലിപ്പിക്കണം. നല്ല ആരോഗ്യശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക.

uploads/news/2019/02/286713/kidsbackpain080219b.jpg

സ്‌ക്രീന്‍ ടൈം കുറയ്ക്കാം


കുട്ടികള്‍ പെട്ടെന്ന് ഉയരം വയ്ക്കുന്നത് കൗമാരപ്രായത്തിലാണ്. ഉയരക്കൂടുതലും കുട്ടികളില്‍ ചിലപ്പോള്‍ നടുവേദന ഉണ്ടാകാന്‍ ഇടയാക്കും. ഡിസ്‌കിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ടിബി അണുബാധ, കിഡ്‌നി സ്‌റ്റോണ്‍ എന്നിവ നടുവേദന ഉണ്ടാക്കും.

ടി.വി, വിഡിയോ ഗെയിം, ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ അമിത ഉപയോഗം തീര്‍ച്ചയായും നടുവേദനയ്ക്ക് കാരണമാകും. കൂടുതല്‍ സമയം ഇരുന്ന് ഫോണും കംപ്യൂട്ടറും മറ്റും ഉപയോഗിക്കുന്നത് ഡിസ്‌കിന്റെ സമ്മര്‍ദം കൂട്ടുകയും അതു പേശികളുടെ ബലക്കുറവിനും ഇടയാക്കും. അതിനാല്‍ സ്‌ക്രീന്‍ ടൈം പരമാവധി കുറയ്ക്കുക. അമിതവണ്ണവും നടുവേദന ഉളവാക്കും. ശരിയായ നില്‍പ്പ്, ഇരിപ്പ്, നടപ്പ് എന്നിവ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പരിശീലിപ്പിക്കുക.

കുട്ടികള്‍ നടുവേദനയെക്കുറിച്ച് പറയുമ്പോള്‍ അവ അവഗണിക്കാതെ കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി ചികിത്സ ആവശ്യമെങ്കില്‍ ലഭ്യമാക്കണം. നടുവിനുണ്ടാകുന്ന പരിക്കുകള്‍ക്ക് സ്‌കൂളുകളില്‍ പോലും പ്രഥമശുശ്രൂഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW