Monday, April 22, 2019 Last Updated 48 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 04.07 PM

മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ, വിവരിക്കുന്നു
uploads/news/2019/02/286703/FitnessPlus080219a.jpg

പുതുവര്‍ഷം പിറന്ന് ദിവസങ്ങള്‍ പിന്നിട്ടു. പലരും പുതിയ തീരുമാനങ്ങളും പ്രതീക്ഷകളും ദൃഢ പ്രതിജ്ഞയുമൊക്കെയായിട്ടായിരിക്കും പുതിയ വര്‍ഷത്തെ വരവേറ്റത്. എന്നാല്‍ എത്ര പേരുടെ തീരുമാനം ഒരുമാസംകൊണ്ട് മാറിമറിഞ്ഞിട്ടുണ്ടാവാം. പലപ്പോഴും മനസിന്റെ ചഞ്ചലത കൊണ്ട് അതെല്ലാം തകിടം മറിയുന്നതാണ് കാണാറുള്ളത്.

പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ അത് ജീവിതത്തില്‍ ഉടനീളം എങ്ങനെ കാത്തുസൂക്ഷിക്കാമെന്ന് നോക്കാം. മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം നല്‍കുന്ന യോഗയുടെ മാര്‍ഗ്ഗത്തിലൂടെ എങ്ങനെയാണ് ആത്മനിയന്ത്രണം സാധ്യമാകുന്നതെന്ന് നോക്കാം.

നമ്മുടെ വികാരവിക്ഷോഭങ്ങളും ചിന്തകളും നിയന്ത്രിക്കുന്നത് നമ്മുടെ മനസ് എന്ന് നാം വിശേഷിപ്പിക്കുന്ന നമ്മുടെ തലച്ചോറാണ്. തലച്ചോറില്‍ നടക്കുന്ന പലതരം രാസ പ്രവര്‍ത്തനങ്ങളുടേയും ചില രാസ പദാര്‍ഥങ്ങളുടേയും ഏറ്റക്കുറച്ചിലുകള്‍ കൊണ്ടാണ് നാം സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നത്. യോഗ സഹായിക്കുന്നത് ഇത്തരത്തിലുളള അവസ്ഥയിലെ അസ്ഥിരങ്ങള്‍ പരിഹരിക്കാനാണ്.

തീരുമാനങ്ങള്‍ ദൃഡമാക്കാം


ഒരു കാര്യം മലയോളം ആഗ്രഹിച്ചാലേ കുന്നോളമെങ്കിലും ലഭിക്കൂ എന്ന് പറഞ്ഞുകേട്ടിട്ടില്ലേ. നമ്മുടെ ആഗ്രഹം എത്രത്തോളം കഠിനമാണോ അത് നടപ്പിലാക്കാനുള്ള മാര്‍ഗ്ഗം തലച്ചോറുതന്നെ. അല്ലെങ്കില്‍ നിരന്തരമായ പ്രേരണകൊണ്ട് ഉപബോധമനസുതന്നെ കണ്ടുപിടിക്കും എന്നതാണ്.

ഉദാ : പരീക്ഷയെ അമിതമായി ഭയപ്പെടുന്ന കുട്ടി ഒന്നോ രണ്ടോ മാസം മുന്‍പ് തന്നെ മനസുകൊണ്ട് പരീക്ഷയ്ക്ക് തയാറാവും. ഉറങ്ങുന്നതിന് മുന്‍പ് മനസ് അല്‍പ്പസമയം ശാന്തമാക്കിയ ശേഷം പരീക്ഷ എഴുതാന്‍ വളരെ സന്തോഷത്തോടെ പരീക്ഷാഹാളിലേക്ക് കയറുന്നതായി മനസില്‍ സങ്കല്‍പ്പിക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും നന്നായി ഉത്തരം എഴുതിയ ശേഷം സന്തോഷത്തോടെ പരീക്ഷാഹാളില്‍നിന്ന് ഇറങ്ങിവരുന്നതായും സങ്കല്‍പ്പിക്കുക.

ഇങ്ങനെ നിരന്തരം ചെയ്യുന്നതിലൂടെ അമിതമായി പരീക്ഷയെ പേടിക്കുന്നതിനെ നല്ല രീതിയില്‍ ചെറുത്തുനിര്‍ത്താന്‍ സാധിക്കും. സംസ്‌കൃതത്തില്‍ സങ്കല്‍പ്പ എന്ന പദം മലയാളത്തില്‍ സങ്കല്‍പ്പിക്കുക എന്നതാണ് ഈ ചിട്ടയിലൂടെ അനുഷ്ഠിക്കുന്നത്.

പലരേയും അലട്ടുന്ന മറ്റ് പ്രശ്നങ്ങളാണ് ഉത്കണ്ഠ, ദേഷ്യം, വിഷാദം ഇവയൊക്കെ. യോഗയിലെ ശ്വസന വ്യായാമങ്ങള്‍കൊണ്ട് ഇത്തരം അവസ്ഥകള്‍ മാറ്റാന്‍ ഒരു പരിധിവരെ സഹായകരമാണ്.

ചെയ്യേണ്ട വിധം


ഇതിനായി മനസ് ശാന്തവും സ്വസ്ഥവുമാക്കിവയ്ക്കാന്‍ കഴിയുന്ന, വായൂ സഞ്ചാരമുളള നിശബ്ദമായ ഒരിടം തെരഞ്ഞെടുക്കുക. ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. കണ്ണുകള്‍ സാവകാശം അടച്ചശേഷം മൂക്കിലൂടെ ശ്വാസം സാവകാശം അകത്തേക്കും സാവകാശം പുറത്തേക്കും വിടുക. മനസിന്റെ ശ്രദ്ധ രണ്ട് പുരികങ്ങളുടേയും മധ്യത്തില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക.

ഇത് അല്‍പ്പസമയം തുടര്‍ന്ന ശേഷം ശ്വാസ്വോഛ്വാസത്തിന്റെ ഗതി ശ്രദ്ധിക്കുക. ശേഷം മനസുകൊണ്ട് ശരീരത്തിലെ തലമുതല്‍ കാല്‍ വരെയുള്ള അവയവങ്ങളേയും, പേശികളേയും നാഡീഞരമ്പുകളേയും മനസില്‍ സങ്കല്‍പ്പിക്കുക. ഒപ്പം ചെറിയ രീതിയില്‍ ഓരോ ഭാഗങ്ങളായി തലമുതല്‍ കാല്‍ വരെ ദൃഡമാക്കുക.

ശേഷം സാവകാശം ഓരോരോ ഭാഗങ്ങളായി അയച്ചിടുക. ഇത് ഏഴ്, എട്ട് തവണ തുടരുക. ഇങ്ങനെ ദിവസം 10 20 മിനിറ്റ് ചെയ്യുകയാണെങ്കില്‍ മാനസികമായി നാം അനുഭവിക്കുന്ന പലതരം അസ്വസ്ഥതകള്‍ അകറ്റാന്‍ സാധിക്കും.

യോഗയുടെ പല പാഠങ്ങളും നമുക്ക് സമ്മാനിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതശൈലിതന്നെയാണ്. തീര്‍ച്ചയായും ഈ വര്‍ഷം എല്ലാവര്‍ക്കും എല്ലാകാര്യങ്ങളും മികച്ചതാക്കി മാറ്റാന്‍ സാധിക്കട്ടെ എന്നുകൂടി ആശംസിക്കുന്നു.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം 695003
0471 6066222, 8593056222

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW