Tuesday, April 23, 2019 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 04.06 PM

ഓക്‌ലന്‍ഡില്‍ ഹിറ്റ്മാനു മുന്നില്‍ കടപുഴകിയത് റെക്കോര്‍ഡുകള്‍: സിക്‌സ് പറത്തി 'സെഞ്ചുറി', ഇനി റണ്‍ രാജാവും രോഹിത് തന്നെ!

Rohit Sharma

വമ്പനടികളുടെ കളിത്തോഴനാണ് ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മ്മ. ഹിറ്റ്മാന്‍ എന്ന വിളിപ്പേരിന് കളങ്കമേല്‍പ്പിക്കാത്ത 'രോഹിത് പ്രകടന'ത്തിനു മുന്നില്‍ ഓക്‌ലന്‍ഡില്‍ കടപുഴകിയത് ഒരു പിടി റെക്കോര്‍ഡുകളാണ്. കിവീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ മികച്ച തുടക്കം നല്‍കിയ ഓപ്പണറും നായകനുമായ രോഹിത് കുട്ടിപ്പൂരത്തില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവുമായാണ് തിരികെ കയറിയത്. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാനായ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ 2,272 റണ്‍സ് റെക്കോര്‍ഡ് മറികടന്നാണ് രോഹിത് 2,288 റണ്‍മലയുടെ റെക്കോര്‍ഡ് എഴുതിച്ചേര്‍ത്തത്. 92 മത്സരങ്ങളിലായി 84 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. 76 മത്സരങ്ങളിലെ 74 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗപ്റ്റലിന്റെ സമ്പാദ്യം.

60 ഇന്നിങ്‌സുകളില്‍ നിന്ന് 2167 റണ്‍സുമായി നാലാം സ്ഥാനത്താണ് കോഹ്‌ലി. മത്സരത്തില്‍ നാലു സിക്‌സ് നേടിയ രോഹിത് രാജ്യാന്തര ട്വന്റി20 യില്‍ സിക്‌സുകളുടെ എണ്ണം 100 കടത്തി. 102 സിക്‌സ് തികച്ച രോഹിത്, ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. 103 സിക്‌സ് വീതം നേടിയ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരാണ് മുന്നില്‍.

ഓക്‌ലന്‍ഡില്‍ 16-ാം അര്‍ധ സെഞ്ചുറി കുറിച്ച രോഹിത് ഏറ്റവും കൂടുതല്‍ തവണ 50 നു മുകളില്‍ റണ്‍സ് നേടുന്ന താരവുമായി. 16 അര്‍ധ സെഞ്ചുറിയും നാലു സെഞ്ചുറികളും ഉള്‍പ്പെടെ 20 തവണയാണ് രോഹിത് 50 പിന്നിട്ടത്. 19 തവണ 50 കടന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ തിരുത്തിയത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍(16), ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കെല്ലം( 15 വീതം) എന്നിവരാണ് പിന്നില്‍. ക്യാപ്റ്റനെന്ന നിലയില്‍ 13-ാം ഇന്നിങ്‌സ് കളിച്ച രോഹിത് 500 റണ്‍സും പിന്നിട്ടു. 19 ഇന്നിങ്‌സുകളില്‍ നിന്ന് ക്യാപ്റ്റനെന്ന നിലയില്‍ 500 റണ്‍സ് പിന്നിട്ട വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് രോഹിത് തിരുത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW