Monday, June 24, 2019 Last Updated 54 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 12.01 PM

ഞാനൊരു സംസാരപ്രിയയാണ്; പക്ഷേ വായാടിയല്ല... ഭക്ഷണം കഴിക്കുക എന്നത് ഒരുപാട് ഇഷ്ടമുള്ള കാര്യം

''മോഡലും കോറിയോഗ്രാഫറും നടിയുമായ രമ്യ എസ്.പണിക്കരുമായി ചിറ്റ് ചാറ്റ്'''
uploads/news/2019/02/286668/CiniINWRemyaspaniker080219.jpg

മൂത്തമകള്‍ക്കുശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന രണ്ടാമത്തെ കണ്‍മണി കുറുമ്പിയായിരുന്നു. പിച്ചവച്ചുതുടങ്ങിയപ്പോള്‍ അവളുടെ കുറുമ്പുകളും ഏറി. തൊട്ടാല്‍ കരയുന്ന തൊട്ടാവാടിയല്ല, മറിച്ച് സംസാരിച്ച് തുടങ്ങിയാല്‍ എല്ലാവരുമായും പെട്ടെന്ന് ചങ്ങാത്തത്തിലാകുന്ന പ്രകൃതമാണ് രമ്യയുടേത്. എന്നുകരുതി എല്ലായ്‌പ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന ഒരുറേഡിയോയാണെന്ന് കരുതരുത് കേട്ടോ.

നല്ലത് കണ്ടാല്‍ നല്ലതാണെന്നും മറിച്ച് തെറ്റിനെ സധൈര്യം എതിര്‍ക്കുകയും ചെയ്യുന്ന ഈ പെണ്‍കുട്ടിയെ അച്ഛനമ്മമാര്‍ ഒരാണ്‍കുട്ടിയെപ്പോലെയാണ് വളര്‍ത്തിക്കൊണ്ടുവന്നത്. ഒരുപരിധിവരെ തനിക്കത് ഗുണംചെയ്‌തെന്നും രമ്യ പറയുന്നു.

I Love Acting


ചെറുപ്പം മുതല്‍ക്കേ സിനിമ കാണുമ്പോള്‍ മനസ്സില്‍ കൂടുക്കൂട്ടിയതായിരുന്നു അഭിനയമോഹം. വളര്‍ന്നുവരുന്തോറും അഭിനയത്തോടുള്ള ഇഷ്ടവും കൂടിക്കൊണ്ടേയിരുന്നു. എന്നാല്‍ ചാന്‍സുചോദിച്ച് എവിടെയും പോയിട്ടില്ല. എന്നെങ്കിലും ഒരു ചാന്‍സ് തേടിവരും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയിരുന്നപ്പോഴാണ് സജിത് ജഗന്നാഥന്‍ സാര്‍ സംവിധാനം ചെയ്യുന്ന ഒരേമുഖത്തിലേക്ക് ക്ഷണം കിട്ടുന്നത്.

ഈ ചിത്രത്തിനുശേഷം ഒരുപാട് ഓഫറുകള്‍ എന്നെത്തേടിയെത്തി. അതില്‍ ഏറെ സന്തോഷിപ്പിച്ച കഥാപാത്രമായിരുന്നു ചങ്ക്‌സിലെ ജോളി മിസ്സ്. ഈ സിനിമ തിയേറ്ററില്‍ കണ്ടിറങ്ങിയ നിമിഷം മുതല്‍ ഒരുപാട് ന്യൂജനറേഷന്‍ കുട്ടികള്‍ക്ക് ഞാന്‍ പ്രിയപ്പെട്ടവളായി. രമ്യ എന്ന എന്റെ പേരിേനക്കാള്‍ ഞാനറിയപ്പെട്ടത് ജോളിമിസ്സിലൂടെയായിരുന്നു. എവിടെപോകുമ്പോഴും

ജോളിമിസ്സേ... എന്ന വിളിയും ഓടിവന്ന് സെല്‍ഫിയെടുക്കുന്നതുമൊക്കെ ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇതിനുശേഷം ഹാപ്പിഹോളിഡേ, ഹദിയാ, ഇര, നീലി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചൂവെങ്കിലും ചങ്കസിലെ ജോളി മിസ്സാണ് മുന്നില്‍.

Dance is My Passion


നൃത്തം എന്റെ ജീവവായുവാണ്. കേരള കലാമണ്ഡലത്തിലായിരുന്നു പഠനം. മോഡലിംഗിലേക്കും അഭിനയത്തിലേക്കും ശ്രദ്ധതിരിഞ്ഞപ്പോഴും നൃത്തമായിരുന്നു എനിക്ക് വലുത്.
uploads/news/2019/02/286668/CiniINWRemyaspaniker080219a.jpg

ഞാനൊരു കോറിയോഗ്രാഫര്‍ കൂടിയാണ്. ഒരുപാട് വേദികളില്‍ നൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞു. നൃത്തത്തെ വിഷയമാക്കി ഒരു സിനിമ വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചിരുന്നു. എന്നാല്‍ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരുകാര്യം ഉണ്ടായി. ഇക്കഴിഞ്ഞ ഇന്ത്യന്‍ ഫിലിം അവാര്‍ഡ് ഷോയില്‍ ഇത്തവണ ഞാനുമുണ്ടായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ അണിനിരക്കുന്ന ആ വേദിയില്‍ പെര്‍ഫോം ചെയ്യാനും ഭാഗ്യം ലഭിച്ചു., അതും ലൈവ് പെര്‍ഫോമന്‍സ്. മലയാളക്കരയുടെ ലാലേട്ടന്റെ മുന്നില്‍, എന്റെ ജന്മനാടായ അനന്തപത്മനാഭന്റെ മണ്ണില്‍ പെര്‍ഫോം ചെയ്തപ്പോള്‍ എന്റെയുള്ളിലെ സന്തോഷത്തിന്റെ മാറ്റ് കൂടി.

I am a Foodie


ഭക്ഷണം കഴിക്കുക എന്നത് എനിക്കൊരുപാട് ഇഷ്ടമുള്ള കാര്യമാണ്. കപ്പ പുഴുങ്ങിയതും നാടന്‍ ചിക്കന്‍ കറിയും എന്റെ മുന്നില്‍ കൊണ്ടുവച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല. അതും എന്റെ അമ്മയുണ്ടാക്കുന്നതുകൂടിയായല്‍ പിന്നെ മറ്റൊന്നും വേണ്ട. ഷൂട്ടിംഗുള്ള സമയത്ത് മാത്രമാണ് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക.

വീട്ടില്‍ അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണത്തോളം വരില്ലല്ലോ മറ്റൊന്നും. അമ്മ ഓരോ ഭക്ഷണം ഉണ്ടാക്കുമ്പോഴും അതിന്റെ ചേരുവകള്‍ക്കൊപ്പം സ്‌നേഹവും കൂടി ചേര്‍ക്കും. അങ്ങനെയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് ലോകത്ത് മറ്റെവിടെയും കിട്ടില്ല. ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ ഭക്ഷണം കഴിക്കുന്നതിനോടാണ് എനിക്കിഷ്ടം.

എന്നുകരുതി ഏതുസമയവും ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയല്ലാട്ടോ, അത്യാവശ്യം അമ്മയെ സഹായിക്കുന്ന കൂട്ടത്തിലാണ്. ഞാനും പാചകമൊക്കെ ചെയ്യുമെങ്കിലും പൂര്‍ണ്ണമായി ആ മേഖലയിലേക്ക് കടന്നിട്ടില്ല. അത്യാവശ്യം വന്നാല്‍ പാചകം ചെയ്യും. അതിനുള്ളതൊക്കെ പഠിച്ചുവെച്ചിട്ടുണ്ട്.

I am an Extrovert


എന്നെ സംബന്ധിച്ച് ആരുമായും ഞാന്‍ പെട്ടെന്ന് കൂട്ടാകും. പക്ഷേ ഒരൊറ്റകാര്യം, സംസാരിച്ചുതുടങ്ങാന്‍ ചെറിയൊരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ കാണും. അതുകഴിഞ്ഞ് നോണ്‍സ്‌റ്റോപ്പായി സംസാരിച്ചുകൊണ്ടേയിരിക്കും. ഞാനൊരു വായാടിയാണോയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.

പക്ഷേ എന്റെയടുത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നവരെ ബോറടിപ്പിക്കില്ല. അച്ഛനമ്മമാര്‍ക്ക് ഞങ്ങള്‍ രണ്ട് പെണ്‍മക്കളാണ്. മൂത്തയാള്‍ സൗമ്യ, പേരുപോലെ ആള്‍ സൗമ്യവതിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കുന്നത് ഞാനും ചേച്ചിയുമാണ്.

നിസ്സാരകാര്യങ്ങള്‍ക്കുപോലും വഴക്ക്കൂടും. എന്നാല്‍ ഞങ്ങളുടെ വഴക്ക് ഒത്തുത്തീര്‍പ്പിലെത്തിക്കാന്‍ അച്ഛനോ അമ്മയോ വരില്ല. വഴക്കു മാറി കൂട്ടായാല്‍ ഒത്തുതീര്‍പ്പാക്കാന്‍ വരുന്നവരായിരിക്കും കുറ്റക്കാര്‍. അതുകൊണ്ട് അച്ഛനും അമ്മയും ആ ഭാഗത്തേക്ക് ശ്രദ്ധിക്കില്ല.

uploads/news/2019/02/286668/CiniINWRemyaspaniker080219b.jpg

ഞങ്ങളുടെ പിണക്കത്തിന് ഒരു നീര്‍ക്കുമിളയുടെ ആയുസ്സ്‌പോലുമില്ല. വഴക്ക് കൂടിയിട്ട് ചേച്ചി മിണ്ടിയില്ലെങ്കില്‍ ഞാന്‍ കരയും. അതുകാണുമ്പോള്‍ ചേച്ചി വന്ന് മിണ്ടും. ചേച്ചിയുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ കുടുംബസമേതം വിദേശത്താണ്. വിവാഹശേഷം ചേച്ചി വീട്ടില്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ വഴക്കുകൂടും. ആദ്യസമയത്ത് ഞങ്ങള്‍ക്കിടയിലേക്ക് വഴക്കുമാറ്റാന്‍ ചേട്ടന്‍ വരുമായിരുന്നു.

പിന്നെപ്പിന്നെ വാദി പ്രതിയാകുമെന്ന് മനസ്സിലായപ്പോള്‍ അതങ്ങ് നിര്‍ത്തി. ഇപ്പോള്‍ ഞാന്‍ വഴക്ക് കൂടുമ്പോള്‍ ആരുഷ്(ചേച്ചിയുടെ മോന്‍)എന്റെയൊപ്പം നില്‍ക്കും. അവനിപ്പോള്‍ ഒരുവയസ്സ് കഴിഞ്ഞു.

Unexpected Loss


വിഷ്ണുമായ എന്റെ ചങ്ങാതിക്കൂട്ടത്തില്‍ ഒന്നാംസ്ഥാനക്കാരിയായിരുന്നു. എന്നാല്‍ മരണം അവളെ എന്നില്‍ നിന്നും തട്ടിയെടുത്തു. അവളുടെ മരണം എനിക്ക് വല്ലാത്ത ഒരു ഷോക്കായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ അച്ഛനും മരിച്ചു. അത് എന്നെ ആകെ തളര്‍ത്തി.

രണ്ട് മരണങ്ങള്‍ക്കുശേഷം മൂന്നാഴ്ചയോളം ഞാന്‍ ആരോടും മിണ്ടാതെ റൂമില്‍ ഒറ്റയ്ക്കിരുന്നു. അവളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും തിരിച്ചുവരാന്‍ കുറെ സമയമെടുത്തു. എങ്കിലും ചിലപ്പോഴൊക്കെ അവള്‍ എന്നോടൊപ്പമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഒരുപക്ഷേ എന്റെ വിജയങ്ങളില്‍ സന്തോഷിക്കുന്ന സുഹൃത്തായതുകൊണ്ടാകാം, എന്റെ സന്തോഷങ്ങളില്‍ അവളുണ്ടെന്ന തോന്നല്‍ എന്നില്‍ ജനിപ്പിക്കുന്നത്.

ദേവിന റെജി
ജി.വിപിന്‍കുമാര്‍

Ads by Google
Friday 08 Feb 2019 12.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW