Friday, April 26, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.43 AM

കായംകുളം താപനിലയം : ഉത്‌പാദനം നിലച്ചിട്ട്‌ 5 വര്‍ഷം; കേരളത്തിനു ബാധ്യത ആയിരം കോടി രൂപ

uploads/news/2019/02/286630/bft2.jpg

നാഷണല്‍ തെര്‍മല്‍പവര്‍ കോര്‍പറേഷ (എന്‍.ടി.പി.സി)ന്റെ കായംകുളം താപനിലയത്തില്‍ വൈദ്യുതി ഉത്‌പാദനം നിലച്ചിട്ട്‌ അഞ്ച്‌ വര്‍ഷം. വൈദ്യുതി വാങ്ങാതെതന്നെ ഫിക്‌സഡ്‌ കോസ്‌റ്റ്‌ ആയി സംസ്‌ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം നല്‍കുന്നത്‌ 200 കോടിരൂപ. കെ.എസ്‌.ഇ.ബി.യും എന്‍.ടി.പി.സിയും തമ്മിലുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ പ്രകാരം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ സാമ്പത്തിക ബാധ്യത 1000 കോടി. കടക്കെണിയിലായ കേരളത്തിന്‌ വന്‍ നഷ്‌ടമാകുകയാണ്‌ ഈ ഇടപാട്‌.
2023 വരെയാണ്‌ കേരളം എന്‍.ടി.പി.സിയുമായി കരാര്‍ ഒപ്പു വച്ചിരിക്കുന്നത്‌. എന്‍.ടി.പി.സി നാഫ്‌ത്ത ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിക്ക്‌ വിലകൂടുതലായതിനാല്‍ വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഏക സംസ്‌ഥാനമായ കേരളം വൈദ്യുതി വാങ്ങാന്‍ തയാറാകാത്തതോടെയാണ്‌ കായംകുളം താപനിലയം പ്രവര്‍ത്തനരഹിതമായത്‌. കരാര്‍പ്രകാരം വൈദ്യുതി വാങ്ങാതെ തന്നെ കഴിഞ്ഞ 52 മാസത്തിനിടെ 880 കോടിരൂപ കൈമാറി.
2014 ഒക്‌ടോബറിന്‌ ശേഷം ഏതാനും മാസം മാത്രമാണ്‌ എന്‍.ടി.പി.സിയില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ചിട്ടുള്ളത്‌. കേരളവുമായി മാത്രമാണ്‌ കരാര്‍ എന്നതിനാല്‍ എന്‍.ടി.പി.സിക്ക്‌ മറ്റു സംസ്‌ഥാനങ്ങള്‍ക്ക്‌ വൈദ്യുതി നല്‍കാനുമാകില്ല. കായംകുളം താപനിലയത്തിലെ വൈദ്യുതിയുടെ നിരക്ക്‌ കുറയ്‌ക്കാന്‍ എല്‍.എന്‍.ജി ഇന്ധനമാക്കുകയാണ്‌ വേണ്ടതെന്നാണ്‌ വിദഗ്‌്ധോപദേശം. എന്നാല്‍ എല്‍.എന്‍.ജി താപനിലയത്തിലെത്തിക്കാനുള്ള വാതകപൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുന്നതിനെതിരെ തീരവാസികളും രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയതോടെ അതിനുള്ള വഴി അടയുകയായിരുന്നു.
കായംകുളം നിലയത്തിന്റെ നിലവിലെ ശേഷി 350 മെഗാവാട്ടാണ്‌.
നാഫ്‌ത ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന നിലയത്തില്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിയ്‌ക്ക്‌ യൂണിറ്റിന്‌ 5.20 രൂപ മുതല്‍ 6.20 രൂപ വരെയാണ്‌ ഈടാക്കിയിരുന്നത്‌. ഒരു ഘട്ടത്തില്‍ ഇത്‌ ഒന്‍പത്‌ രൂപയ്‌ക്കുമേലെ ആയതോടെയാണ്‌ കെ.എസ്‌.ഇ.ബി. വൈദ്യുതി വാങ്ങുന്നത്‌ നിര്‍ത്തിയത്‌. അന്താരാഷ്‌ട്ര കമ്പോളത്തില്‍ നാഫ്‌തയുടെ വിലവ്യത്യാസം വൈദ്യുതി വിലയെയും ബാധിച്ചിരുന്നു. പൊതുവിപണയില്‍ നിന്ന്‌ ഇതിന്റെ പകുതി നിരക്കില്‍ കേരളത്തിന്‌ വൈദ്യുതി ലഭിക്കുന്നുണ്ട്‌. എന്നാല്‍ വേനല്‍ കടുത്താല്‍ മറ്റ്‌ സംസ്‌ഥാനങ്ങളില്‍ വൈദ്യതി പ്രതിസന്ധി രൂക്ഷമാകുന്നതോടെ പൊതു വിപണയില്‍ നിന്ന്‌ വേണ്ടത്ര വൈദ്യുതി ലഭിക്കണമെന്നുമില്ല.
ജി.എസ്‌.ടി. നിലവില്‍ വന്നതോടെ നാഫ്‌ത വിലയില്‍ കുറവുണ്ടായിരുന്നു. നാഫ്‌തയ്‌ക്കുള്ള ജി.എസ്‌.ടി. ഒഴിവാക്കിയാല്‍ കായംകുളം വൈദ്യുതിയുടെ വിലയും കുറയും.
കടുത്ത വേനലിനെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുന്ന കേരളം ഇത്തവണ വൈദ്യുതി പ്രതിസന്ധിയും പ്രതീക്ഷിക്കുന്നുണ്ട്‌.
1999ലാണ്‌ കായംകുളം താപവൈദ്യുതി നിലയം പ്രവര്‍ത്തനമാരംഭിക്കുന്നത്‌. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ്‌ തുടങ്ങിയത്‌. അന്യസംസ്‌ഥാനങ്ങളില്‍ നിന്ന്‌ വൈദ്യുതി വാങ്ങുന്നതിന്‌ പകരം കേരളത്തിനാവശ്യമായ വൈദ്യുതി സംസ്‌ഥാനത്തിനകത്തു തന്നെ ഉത്‌പാദിപ്പിക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. ജലവൈദ്യുതിക്കു പുറമെ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതിയും കൂടിയാകുമ്പോള്‍ വേണ്ടത്ര വൈദ്യുതി ആകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്‌. ഈ പ്രതീക്ഷയിലാണ്‌ കേരള സര്‍ക്കാര്‍ താപനിലയവുമായി കരാറില്‍ ഏര്‍പ്പെട്ടത്‌. കല്‍ക്കരി ഉപയോഗിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന കേന്ദ്രം എന്നതായിരുന്നു ആദ്യ പദ്ധതി. കായംകുളത്ത്‌ 1100 ഏക്കര്‍ ഭൂമി ഏറ്റെടുത്തതും ഈ ലക്ഷ്യത്തിലാണ്‌. എന്നാല്‍ പിന്നീട്‌ പ്രദേശവാസികളില്‍ നിന്നും രാഷ്ര്‌ടീയ പാര്‍ട്ടികളില്‍ നിന്നും നിരന്തര സമ്മര്‍ദ്ദം വന്നതോടെ കല്‍ക്കരിയില്‍ നിന്ന്‌ നാഫ്‌ത്തയിലേക്ക്‌ മാറുകയായിരുന്നു. കല്‍ക്കരി ഇന്ധനമാക്കിയാലുണ്ടാകുന്ന മലിനീകരണവും തുടര്‍ന്നുണ്ടാവുന്ന വിപത്തുകളും ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കല്‍ക്കരി ഇന്ധനമാക്കിയാല്‍ യൂണിറ്റിന്‌ 1.80 രൂപയ്‌ക്ക്‌ വൈദ്യുതി നല്‍കാമായിരുന്നു. എന്നാല്‍ നാഫ്‌ത താരതമ്യേന വില കൂടിയ ഇന്ധനമാണ്‌. ആരംഭ കാലത്ത്‌ തമിഴ്‌നാടിനും പ്രയോജനപ്പെടുന്ന തരത്തിലായിരുന്നു നിലയത്തിന്റെ പ്രവര്‍ത്തനം. തമിഴ്‌നാട്‌ സര്‍ക്കാരുമായും എന്‍.ടി.പി.സി കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ അത്‌ നീണ്ടില്ല. കേരളത്തിന്‌ മാത്രം ഉപയോഗപ്പെടുന്നതായിരിക്കണം താപനിലയത്തിലെ വൈദ്യുതി എന്ന തീരുമാനത്തില്‍ കെ.എസ്‌.ഇ.ബി എത്തിയതോടെ തമിഴ്‌നാടുമായുള്ള കരാര്‍ എന്‍.ടി.പി.സി ഉപേക്ഷിച്ചു. പിന്നീട്‌ കേരളം വൈദ്യുതി വാങ്ങാന്‍ വിസമ്മതിച്ചതോടെ എന്‍.ടി.പി.സി തൊഴിലാളികള്‍ക്ക്‌ ശമ്പളം നല്‍കാന്‍ മാത്രമുള്ള സ്‌ഥാപനമായി. ഇതിനിടെ ഫിനാന്‍സ്‌ വിഭാഗം ഡല്‍ഹിയിലേക്ക്‌ മാറ്റുകയും എന്‍.ടി.പി.സി ഓഫീസ്‌ പൂര്‍ണമായും കൊച്ചിയിലേക്ക്‌ മാറ്റാന്‍ നീക്കം നടക്കുന്നതായി മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുതി മന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിട സമുച്ചയവും വന്‍ വിലവരുന്ന യന്ത്രസംവിധാനങ്ങളും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്‌.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Friday 08 Feb 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW