മഞ്ഞനിക്കര: ദയറായില്‍ കബറടങ്ങിയിരിക്കുന്ന മോര് ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീര്‍ഥാടക സംഗമം ഇന്ന്.
ഇരിട്ടി, മാനന്തവാടി, വയനാട്, കോഴിക്കോട്, തൃശൂര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളില്‍ നിന്നുമുള്ള വടക്കന്‍ മേഖലാ തീര്‍ഥാടകര്‍ കോട്ടയം, തിരുവല്ല വഴിയാണ് എത്തുന്നത്. ഇന്നലെ വൈകിട്ട് ആറന്മുള പമ്പാനദിക്കരയില്‍ വിശ്രമിച്ച സംഘം ഇന്നു രാവിലെ സത്രക്കടവിലെ കുരിശടിയില്‍ കുര്‍ബാന നടത്തും.
മൂന്നാര്‍, അടിമാലി ഭാഗത്തു നിന്നുള്ള ഹൈറേഞ്ച് മേഖലാ തീര്‍ത്ഥാടകരും, കട്ടപ്പന, മുണ്ടക്കയം ഭാഗത്തു നിന്നുള്ള വരും റാന്നിയില്‍ എത്തി വിശ്രമിച്ച ശേഷം ഇന്നു രാവിലെ പരിശുദ്ധന്റെ കബറിടം ലക്ഷ്യമാക്കി നീങ്ങും. കൊല്ലം, കുണ്ടറ, കട്ടച്ചിറ, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തെക്കന്‍ മേഖലാ തീര്‍ഥ യാത്രയും വകയാര്‍, കോന്നി, വള്ളിക്കോട്, വാഴമുട്ടം ഭാഗത്തുനിന്നുള്ള കിഴക്കന്‍ മേഖലാ പദയാത്രയും ഓമല്ലൂരില്‍ സ്വീകരിക്കും.
ഓമല്ലൂര്‍ കുരിശടിയില്‍ വൈകിട്ട് മൂന്നിന് പദയാത്രാ സംഘത്തെ ദയറായുടെയും സ്തേഫാനോസ് പള്ളിയുടെയും നേതൃത്വത്തില്‍ സ്വീകരിച്ച് ആനയിക്കും. നാലിന് ദയറായിലും സ്വീകരണം നല്‍കും. തുടര്‍ന്നു കബറിങ്കല്‍ ധൂപ പ്രാര്‍ഥന, സന്ധ്യാപ്രാര്‍ഥന. വൈകിട്ട് ആറിന് നടക്കുന്ന തീര്‍ഥാടക സംഗമം പാത്രിയര്‍ക്കാ പ്രതിനിധി ആര്‍ച്ച്ബിഷപ് മാര്‍ ദിയസ്കോറസ് ബെന്യാമിന് ഉദ്ഘാടനം ചെയ്യും.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. ദയറാ തലവന്‍ ഗീവര്‍ഗീസ് മോര് അത്താനാസിയോസ് ആമുഖ പ്രസംഗം നടത്തും. ജോസഫ് മോര് ഗ്രിഗോറിയോസ്, യൂഹാനോന്‍ മോര് മിലിത്തിയോസ്, കുര്യാക്കോസ് മോര് ദിയസ്കോറസ് എന്നിവര്‍ അവാര്‍ഡ് വിതരണം നടത്തും. തുടര്‍ന്ന് അഖണ്ഡ പ്രാര്‍ഥന. നാളെ പുലര്‍ച്ചെ മൂന്നിനു മോര് സ്തേഫാനോസ് പള്ളിയിലും ദയറായിലും മൂന്നിന്മേല് കുര്‍ബാന നടത്തും. പെരുന്നാള്‍ പ്രമാണിച്ച് കോട്ടയം, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി. പ്രത്യേക സര്‍വീസ് നടത്തും.