തിരുവനന്തപുരം : ശബരിമല വിവാദം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആണിക്കല്ലിളക്കുന്നു. പ്രസിഡന്റ് ഒരു ഭാഗത്തും അംഗങ്ങളും കമ്മിഷണറും മറുഭാഗത്തുമായി നിലയുറപ്പിച്ചതോടെ ബോര്‍ഡ് കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ്. കേള്ട്ടുകേള്വി പോലുമില്ലാത്ത തരത്തില്‍ സര്‍ക്കാരും സി.പി.എമ്മും ബോര്‍ഡില്‍ കൈകടത്താന്‍ തുടങ്ങിയതോടെയാണു സ്ഥിതിഗതികള്‍ രൂക്ഷമായത്.
ശബരിമല യുവതീപ്രവേശനവിധി വന്നതു മുതല്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ്. പത്മകുമാറിനെ കാഴ്ചക്കാരനാക്കി മെമ്പര്‍ കെ.പി. ശങ്കരദാസിനെയും കമ്മിഷണര്‍ എന്‍.വാസുവിനെയും മുന്നില്‍ നിര്‍ത്തി പിണറായി നേരിട്ടു കരുനീക്കുന്നുവെന്ന പ്രചരണം ശരിവയ്ക്കുന്നതാണു പുതിയ സംഭവവികാസങ്ങള്‍.
ബോര്‍ഡിലെ ദൈനംദിന കാര്യങ്ങള്‍ പോലും താന്‍ അറിയുന്നില്ലെന്നു പ്രസിഡന്റിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരുന്നു. പത്മകുമാറിനെ തള്ളിപ്പറഞ്ഞ വാസു ഇന്നലെ എ.കെ.ജി. സെന്ററിലെത്തി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നു. ദേവസ്വം കമ്മിഷണര്‍ ഭരണകക്ഷിയുടെ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കുന്നത് അത്യപൂര്‍വ സംഭവമാണ്. ബോര്‍ഡിന്റെ നിയന്ത്രണം എ.കെ.ജി. സെന്ററിനാണെന്ന സന്ദേശമാണ് ഇതിലൂടെ പുറത്തു വന്നത്.
യുവതീപ്രവേശനത്തില്‍ സ്വതന്ത്രനിലപാടു സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബോര്‍ഡിനെ അനുവദിച്ചിരുന്നില്ല. അടിക്കടി നിലപാടു മാറ്റിയ ദേവസ്വം ബോര്ഡിനെതിേര പ്രതിഷേധവും വ്യാപകമായി. വിഷയത്തില്‍ എത്രവട്ടം നിലപാടു മാറ്റിയെന്നു പത്മകുമാറിനു പോലും പറയാനാകാത്ത സ്ഥിതിയാണ്.
സുപ്രീം കോടതിയില്‍ വാദം നടത്തേണ്ടിയിരുന്നതു സാവകാശ ഹര്ജിയിലായിരുന്നുവെന്നും എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ കോടതിയില്‍ പറഞ്ഞെതന്നു തനിക്ക് അറിയില്ലെന്നുമായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. സുപ്രീം കോടതിയില്‍ ബോര്‍ഡ് സ്വീകരിക്കേണ്ട നിലപാടുപോലും പ്രസിഡന്റില്‍നിന്നു സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നും ഇതിലൂടെ വെളിപ്പെട്ടു. ബോര്‍ഡിന്റെ നിലപാട് കോടതിയില്‍ സമര്‍പ്പിച്ചത് കമ്മിഷണര്‍ വാസുവായിരുന്നു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ.രാജഗോപാലന്‍ നായര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു. കോടതിയിലെ നിലപാടു മാറ്റത്തെക്കുറിച്ച് കമ്മിഷണറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നു പത്മകുമാര്‍ അറിയിച്ചു. എന്നാല്‍, വിശദീകരണം തേടിയെന്നത് അടിസ്ഥാനരഹിതമാണെന്നു കമ്മിഷണര്‍ വാസു പ്രതികരിച്ചു.
പത്മകുമാറിനു സര്‍ക്കാര്‍ തലത്തില്‍ അല്പമെങ്കിലും പിന്തുണ ലഭിക്കുന്നത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നാണ്. പ്രസിഡന്റിനെ മാറ്റണമെന്ന സമ്മര്‍ദം ശക്തമാണെങ്കിലും അതു ഉണ്ടാകില്ലെന്നു മന്ത്രി പറഞ്ഞു. ശബരിമല പ്രശ്നത്തിലും കോടതി കാര്യത്തിലും പ്രസിഡന്റിന് ആശയക്കുഴപ്പമുണ്ടെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പത്മകുമാറിനെ നീക്കി അഡ്വ. രാജഗോപാലന്‍ നായരെ വീണ്ടും പ്രസിഡന്റാക്കാന്‍ സി.പി.എമ്മില്‍ നീക്കമുണ്ടെന്നറിയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നീക്കം കരുതലോടെയായിരിക്കും. പത്മകുമാറിനു കാലാവധി തികയ്ക്കാനായാല്‍ വാസുവിനെ പ്രസിഡന്റാക്കാനും സാധ്യതയുണ്ട്. രണ്ടാം വട്ടമാണ് എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറാകുന്നത്. പി.കെ ഗുരുദാസനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം ഇപ്പോള്‍ പിണറായിയുടെ വിശ്വസ്തനാണ്. രണ്ടു തവണ കുളക്കട പഞ്ചായത്ത് പ്രസിഡന്റായ വാസു 84 ല്‍ സ്ഥാനം രാജി വച്ച് വിജിലന്‍സ് ട്രിബ്യൂണലില്‍ ജഡ്ജിയായി. പിന്നീട് കുറേക്കാലം മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷന് നായരെ തെറിപ്പിച്ചാണ് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് വാസുവിനെ ആദ്യമായി ആ സ്ഥാനത്ത് നിയമിച്ചത്. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ വന്നതിനു പിന്നാലെ വാസുവിനെ നീക്കി ഐ.എ.എസുകാരനായിരുന്ന വേണുഗോപാലിനെ കമ്മിഷണറാക്കി. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വാസു വീണ്ടും കമ്മിഷണറായി.
**** അഭിഭാഷകനെടുത്ത നിലപാട് എന്റെ അറിവോടെയല്ല: പത്മകുമാര്‍
ശബരിമല വിഷയത്തില്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന് സ്വീകരിച്ച നിലപാട് എന്റെ അറിവോടെയല്ല. സുപ്രീംകോടതിയില്‍ വാദം നടത്തേണ്ടിയിരുന്നതു സാവകാശ ഹര്‍ജിയിലായിരുന്നു. ഹര്‍ജി പരിഗണിച്ചപ്പോള്‍ ബോര്‍ഡ് അഭിഭാഷകന് യുവതീ പ്രവേശനത്തെ അനുകൂലിച്ച് വാദം ഉന്നയിച്ചു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചാണ് ബോര്‍ഡ് അഭിഭാഷകനും വാദിച്ചത്. ബോര്‍ഡ് നേരത്തെ സ്വീകരിച്ച നിലപാടിനു കടക വിരുദ്ധമായിരുന്നു ഇത്. കോടതിയിലെ നിലപാടു മാറ്റത്തെക്കുറിച്ച് ദേവസ്വം കമ്മിഷണറോടു വിശദീകരണം ചോദിച്ചിട്ടുണ്ട്.
*** നിലപാടില്‍ മാറ്റമില്ല; അറിയിച്ചത് വിധിക്ക് അനുകൂലമെന്നു വാസു
ബോര്‍ഡ് പ്രസിഡന്റ് വിശദീകരണം തേടിയെന്നത് അടിസ്ഥാനരഹിതമാണ്. സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. വിധി അംഗീകരിക്കുന്നു എന്നതാണ് ബോര്‍ഡ് നിലപാട്. അതു കോടതിയെ അറിയിച്ചു. മണ്ഡലമകരവിളക്ക് സീസണില്‍ കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ സൗകര്യം ഒരുക്കാനുള്ള പ്രയാസം മുന്‍നിര്‍ത്തിയാണ് സാവകാശ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം പരിഗണിച്ചത് സുപ്രീംകോടതി വിധി റിവ്യു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ്. അപ്പോള്‍ ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കി.
ജി. അരുണ്‍